Top
24
Tuesday, January 2017
About UsE-Paper

മീനാക്ഷി കടത്തനാടിന്റെ ഉണ്ണിയാര്‍ച്ച

Wednesday Oct 19, 2016
ലിബാസ് മങ്ങാട്

ഇടതുമാറി... ചവിട്ടിപ്പൊങ്ങി... വലിഞ്ഞമര്‍ന്ന്... നൂര്‍ന്ന്... തിരിഞ്ഞുമാറി... നിവര്‍ന്ന്.... പിഴയ്ക്കാതെ ഈ ചുവടുകള്‍ പറഞ്ഞുകൊടുക്കുന്നത് ഒരു സ്ത്രീയാണ്; മീനാക്ഷി ഗുരുക്കള്‍. ബാലികാ ബാലന്മാര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഈ ചുവടുകള്‍ക്ക് കാതോര്‍ത്ത് അരികിലുണ്ട്.

എഴുപത്തിനാലിലും കളരിവിളക്കിന്റെ ശോഭയോടെ ഇവര്‍ കച്ചമുറുക്കുന്നുണ്ട്. ഈ പ്രായത്തിലും യുവത്വത്തിന്റെ കരുത്തോടെയുള്ള അങ്കപ്പയറ്റ്. ഉയര്‍ന്നുപൊങ്ങി ചാടിയുള്ള അങ്കവഴക്കം. ഏഴാം വയസ്സില്‍ തുടങ്ങിയതാണ് കളരിപഠനം.

അതോടൊപ്പം കളരിചികിത്സയ്ക്കും ഗുരുക്കളെ സമീപിക്കുന്നവര്‍ നിരവധി. കടത്തനാടന്‍ കളരിസംഘത്തിന്റെ നൂറുകണക്കായ ശിഷ്യരുടെ ഗുരുവാണ് വീട്ടമ്മയായ മീനാക്ഷി. രാവിലെയും വൈകിട്ടും മണിക്കൂറുകളോളം കളരിച്ചുവടുകള്‍ അഭ്യസിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. മെയ്പ്പയറ്റ്, കോല്‍ത്താരി, അങ്കത്താരി എന്നുവേണ്ട എല്ലാ മുറകളും ഈ കരങ്ങളില്‍ ഭദ്രം.
രാഘൂട്ടി ഗുരുക്കളുടെ സഹധര്‍മിണിയായ മീനാക്ഷിയമ്മ ഭര്‍ത്താവിന്റെ മരണശേഷമാണ് കടത്തനാട് കളരിസംഘത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. സഹായത്തിന് രാഘൂട്ടി ഗുരുക്കളുടെ ശിഷ്യരുമുണ്ട്. രാവിലെ ആറുമുതല്‍ ആരംഭിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന് മറ്റു ഗുരുക്കന്മാരോടൊപ്പം മീനാക്ഷിയമ്മയുമുണ്ടാകും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിശീലനം പലപ്പോഴും രാത്രി വൈകുംവരെ തുടരും. 

ചെറിയപ്രായത്തില്‍തന്നെ കളരിപ്പയറ്റ് പരിശീലിക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുമെന്ന് മീനാക്ഷിയമ്മ പറയുന്നു. സ്ത്രീകളായാലും പുരുഷന്മാരായാലും കളരിപ്പയറ്റ് പരിശീലിക്കുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് ഇവര്‍ വ്യക്തമാക്കി.

ഇന്ന് സ്ത്രീകള്‍ പൊതുയിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധത്തിന്റെ ഭാഗമാവാന്‍ കളരിക്ക് കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഷുഗര്‍, പ്രഷര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ പലരും കളരിയില്‍ അഭ്യസിക്കാനെത്തുന്നുണ്ട്. മറ്റ് കളരി സംഘത്തിലെന്നപോലെ ഫീസ് വാങ്ങുന്ന രീതി കടത്തനാട് കളരിസംഘത്തിന് ഇല്ല. രാഘൂട്ടി ഗുരുക്കളുടെ നന്മയാണിത്. ശിഷ്യര്‍ നല്‍കുന്ന ദക്ഷിണമാത്രം. മക്കളായ സജീവ്കുമാര്‍, പ്രദീപ് കുമാര്‍, ചന്ദ്രപ്രഭ, റൂബി എന്നിവരെല്ലാം കളരിപഠിച്ചവര്‍.

 ശിഷ്യര്‍ക്കൊപ്പം കളരിസംഘം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കളരിയുടെ സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ട് ഇവര്‍ സഞ്ചാരം തുടരുകയാണ്. സ്പെയിനില്‍നിന്നെത്തിയ നൂറയാണ് മീനാക്ഷിയമ്മയ്ക്ക് ഏറ്റവുമൊടുവില്‍ ശിഷ്യയായെത്തിയത്. ഗോവയില്‍ അന്തര്‍ദേശീയ സമ്മേളനത്തിനുശേഷം തിരിച്ചെത്തിയ മീനാക്ഷിയമ്മ ബംഗളൂരുവില്‍ നടക്കുന്ന ദേശീയ കളരിപ്പയറ്റ് പരിശീലനത്തിന് പോകാനുള്ള ഒരുക്കത്തിലാണ്.