Top
23
Thursday, November 2017
About UsE-Paper

ഗണിതശാസ്ത്ര നോബലിന് പെണ്‍തിളക്കം

Thursday Aug 14, 2014
സംഗീത ചേനംപുല്ലി

പുരുഷന്മാര്‍ക്ക് മേല്‍ക്കൈയുള്ള ഗണിത ശാസ്ത്രമേഖലയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഒരു വനിത. ഇറാനിയന്‍ വംശജയും സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറുമായ മറിയം മിര്‍സാഖാനി യാണ് 2014 ലെ ഫീല്‍ഡ്സ് മെഡല്‍ പങ്കിട്ടത്. ഗണിതശാസ്ത്ര മേഖലയിലെ എറ്റവും വലിയ പുരസ്കാരമാണ് ഗണിതശാസ്ത്ര നോബല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്സ് മെഡല്‍. 40 വയസ്സില്‍ താഴെയുള്ള ഗണിത ശാസ്ത്രജ്ഞര്‍ക്കാണ് അന്താരാഷ്ട്ര ഗണിതശാസ്ത്ര യൂണിയന്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം സമ്മാനിക്കപ്പെടുന്നത്. ഫീല്‍ഡ്സ് പുരസ്കാരത്തിന്‍റെ 78 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പുരസ്കാരത്തിന് അര്‍ഹയാകുന്നത്.

വക്രതയുള്ള പ്രതലങ്ങളിലെ സമമിതി സംബന്ധിച്ച പഠനങ്ങളാണ് അവരെ ഈ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഗണിതശാസ്ത്രത്തില്‍ അഭാജ്യ സംഖ്യകളുടെ പഠനത്തിലും ക്രിപ്റ്റൊഗ്രഫിയിലും കൂടാതെ എങ്ങിനീയറിങ്ങിലും പദാര്‍ത്ഥ വിജ്ഞാനത്തിലും പ്രയോഗ സാധ്യതകളുള്ളതാണ് ഇവരുടെ പഠനങ്ങള്‍. ഭൌതികശാസ്ത്രത്തില്‍ പ്രപഞ്ചവിജ്ഞാനീയമേഖലയില്‍ ക്വാണ്ടം ഫീല്‍ഡ് സിദ്ധാന്തത്തിലും മറ്റും പല നിര്‍ദ്ധാരണങ്ങള്‍ക്കും മറിയത്തിന്റെ സംഭാവനകള്‍ മുതല്‍ക്കൂട്ടാകും എന്നു കരുതപ്പെടുന്നു.

ഇറാനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ മിര്‍സാഖാനി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. തന്റെ പഠനങ്ങളുടെ പ്രായോഗ സാധ്യതകള്‍ക്കുപരി അവയുടെ ചാരുതയും കാലിക പ്രധാന്യവുമാണ് താന്‍ ആസ്വദിക്കുന്നത് എന്ന് മറിയം അഭിപ്രായപ്പെടുന്നു. ടെഹ്റാന്‍ നഗരത്തില്‍ ജനിച്ച അവര്‍ ഒരെഴുത്തുകാരിയാവാന്‍ ആഗ്രഹിച്ചുവെങ്കിലും പിന്നീടു ഗണിതശാസ്ത്രത്തില്‍ ഉള്ള തന്റെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞ് ആ മേഖലയില്‍ സജീവമാവുകയായിരുന്നു. 1994 ലേയും 1995 ലേയും അന്താരാഷ്ട്ര ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് വിജയിയായ മിര്‍സാഖാനി ക്ലേ റിസര്‍ച്ച് അവാര്‍ഡ് തുടങ്ങി ഗണിതശാസ്ത്രത്തിലെ ഒട്ടേറെ പുരസ്കാരങ്ങള്‍ക്കും ഫെല്ലോഷിപ്പുകള്‍ക്കും അര്‍ഹയായിട്ടുണ്ട്.

അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ശാസ്ത്ര ഗണിതശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമാകും ഈ നേട്ടം. ഒട്ടേറെ വ്യത്യസ്തതകളാണ് ഫീല്‍ഡ്സ് മെഡലിന്റെ ചരിത്രത്തിലേക്ക് ഈ വര്‍ഷം എഴുതിച്ചേര്‍ക്കപ്പെടുന്നത്. ആദ്യമായി ഒരു ഇന്ത്യന്‍ വംശജനും (മഞ്ജുള്‍ ഭാര്‍ഗ്ഗവ) ലാറ്റിന്‍ അമേരിക്കക്കാരനും (ആര്‍തര്‍ അവില) മെഡല്‍ നേടിയ വര്‍ഷമാണ് 2014. യൂറോപ്പിലെയും വടക്കേ അമേരിക്കയിലേയും ശാസ്ത്രജ്ഞരും സ്ഥാപനങ്ങളുമാണ് മുന്‍വര്‍ഷങ്ങളില്‍ മെഡല്‍ നേടിയവരില്‍ ഏറെയും . ശാസ്ത്രരംഗത്തെ ഗുണപരമായ മാറ്റങ്ങളുടെ സൂചകമാവട്ടെ ഈ പുരസ്കാര ലബ്ധികള്‍ എന്നാശിക്കാം.

(കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയാണ് ലേഖിക.)

Related News

കൂടുതൽ വാർത്തകൾ »