12 December Wednesday

വിവാഹപ്രായവും നിയമവും

അഡ്വ. കെ ആര്‍ ദീപUpdated: Wednesday Dec 4, 2013

 

 

പെണ്‍കുട്ടിയുടെ വിവാഹപ്രായം പലപ്പോഴും തര്‍ക്കവിഷയമാകും. മിക്കപ്പോഴും വ്യക്തിനിയമങ്ങള്‍ തന്നെ വില്ലന്‍. മുസ്ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം ഇല്ല. ഋതുമതി (attaining age of puberty)യായാല്‍ മതി കുട്ടിയെ കെട്ടിക്കാം. എന്നാല്‍, സംശയം വന്നാല്‍ 15 വയസ്സ് എന്നൊരു പരിധി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ തടസ്സമില്ലെന്ന വാദം പതിവ്. പലപ്പോഴും കോടതികള്‍ക്ക് ഇത് ശരിവയ്ക്കേണ്ടിവരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം  കേന്ദ്ര സര്‍ക്കാര്‍ ശൈശവ വിവാഹ നിരോധന നിയമമാക്കി പുതുക്കി. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തിലായ ഈ നിയമമനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാം. ഈ നിയമവും വ്യക്തിനിയമവും തമ്മില്‍ വൈരുധ്യം വന്നാല്‍ എന്തുചെയ്യും എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അക്കാര്യം കോടതിക്കേ പറയാനാകൂ. പറയേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി പറഞ്ഞേക്കും.

 

ഒരു കേസ് അവിടെയുണ്ട്. ദേശീയ വനിതാകമീഷന്‍ നല്‍കിയ ഹര്‍ജിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹം അംഗീകരിച്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധി വന്നിരുന്നു. 2005ല്‍ വന്ന വിധിക്കെതിരെ 2006ല്‍ കമീഷന്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതിയിലുള്ളത്. 13 തവണ കേസ് പരിഗണിച്ച കോടതി ഇനി ജൂലൈ 24 ന് പരിഗണിക്കും. അന്ന് തീരുമാനമായേക്കും. മുസ്ലിം വ്യക്തിനിയമത്തില്‍ മാത്രമല്ല മറ്റ് പല നിയമങ്ങളിലും പ്രായപൂര്‍ത്തിയുടെ നിര്‍വചനം പലതാണ്. ഇതെല്ലാം ഒരുപോലെയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ കേസ് കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം അനുവദിച്ചാല്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടും. ഇന്ത്യയിലാകെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണത്. സുപ്രീംകോടതിയില്‍നിന്ന് അന്തിമ ഉത്തരവ് വരാത്ത സ്ഥിതിക്ക് ഹൈക്കോടതി ഉത്തരവുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ബാധകം.

 

പല ഹൈക്കോടതികളും ശൈശവ വിവാഹങ്ങള്‍ സാധുവാണെന്ന് വിധിച്ചിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രാ ഹൈക്കോടതികള്‍ കേസുകള്‍ കൂട്ടത്തോടെ പരിഗണിച്ചാണ് ഇത്തരം വിധി നല്‍കിയത്. വിവാഹിതയായ സ്ത്രീ പ്രായപൂര്‍ത്തിയായ ശേഷം കോടതിയിലെത്തി അവരുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് പറഞ്ഞാല്‍ ആ വിവാഹം അസാധുവാകില്ലെന്നായിരുന്നു ഈ വിധികളുടെ സാരം. ഇപ്പോള്‍ കേരള സര്‍ക്കാര്‍ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവാദ ഉത്തരവിന് ആധാരമാക്കിയത് ഇത്തരമൊരു വിധിയാണ്. 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുവന്ന ഈ വിധിയാണ് വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

 

എന്നാല്‍, വളരെ ശക്തവും കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നുള്ളതുമായ വിധികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ഉള്‍പ്പെടെ പിന്നീടുണ്ടായി. ഏറ്റവും ശ്രദ്ധേയം ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ 2012 ജൂലൈ 28ലെ വിധിയാണ്. പ്രത്യേക ലക്ഷ്യത്തോടെയുള്ള നിയമം എന്ന നിലയില്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ പ്രാബല്ല്യം വ്യക്തിനിയമങ്ങള്‍ക്ക് മുകളിലാണെന്ന് ആ വിധിയില്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയും സമാനമായുണ്ടായി. അത് 2013 ഫെബ്രുവരി 26 നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നത്. അതില്‍ പറയുന്നത് 18 വയസ്സില്‍ താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ്. അതായത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ ഒരു ചെയ്തിക്ക് കുട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ "കര്‍ശന നിര്‍ദേശം" നല്‍കുന്നു. അതിനായി എട്ടുകൊല്ലം മുമ്പത്തെ ഒരു ഹൈക്കോടതി വിധി ആധാരമാക്കുന്നു. അതിനുശേഷം അടുത്തിടെ വരെ വന്ന മറ്റ് കോടതിവിധികള്‍ തമസ്കരിക്കുന്നു. ഇത്തരത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനേക്കാള്‍ ആധികാരികത ഒരു മതനിയമത്തിലെ വിവാദ വ്യവസ്ഥയ്ക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. ഇവിടെയാണ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആകുന്നത്.

 

നടന്നുപോയ വിവാഹങ്ങള്‍ അംഗീകരിക്കാനാണ് ഉത്തരവെന്നൊരു വ്യാഖ്യാനം സര്‍ക്കാര്‍ വക്താക്കളില്‍ നിന്നുണ്ടായി. ഇത് കൂടുതല്‍ നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ആശ്വാസം എത്തിക്കല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്യേണ്ടതല്ല. കുറ്റം ചെയ്തവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം. കോടതി ഓരോ കേസിലും അതിന്റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനിക്കും, അതാണ് വേണ്ടതും. കേരളത്തില്‍ത്തന്നെ അത്തരം രണ്ട് കേസുകളില്‍ രജിസ്ട്രേഷന്‍ ഹൈക്കോടതി അടുത്തിടെ അനുവദിച്ചിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ശൈശവവിവാഹങ്ങളെല്ലാം മുസ്ലിം സമുദായത്തിലാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ശൈശവവിവാഹ നിരോധന നിയമത്തിനെതിരെ ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയതും ഇപ്പോഴും ഉയര്‍ത്തുന്നതും രാജസ്ഥാനിലെ ഖാപ് പഞ്ചായത്തുകളാണ്. അധികൃതരുടെ ഒത്താശയോടെ ശൈശവവിവാഹങ്ങള്‍ ഇവിടെ നടക്കുന്നു. ഹിന്ദുവിവാഹ നിയമത്തിലെ ചില പഴുതുകള്‍ ചൂണ്ടിക്കാട്ടി ഇവയുടെ രജിസ്ട്രേഷനുവേണ്ടിയും വാദങ്ങള്‍ ഉയരുന്നു. സുപ്രീംകോടതി  പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കരുതാം.

 

ശൈശവ വിവാഹം

കേരളത്തില്‍ 6.8 ശതമാനം

 

ശൈശവ വിവാഹം കേരളത്തിലും തുടരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 2010ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ  (District Level Household Survey) ജില്ലാതല സര്‍വ്വേ കണക്കനുസരിച്ച് കേരളത്തില്‍ 6.8 ശതമാനം പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നിയമ പ്രകാരം തികയേണ്ട 18 വയസ്സിനു മുമ്പാണ്. 1.2 ശതമാനം ആണ്‍കുട്ടികളുടെ വിവാഹം 21 വയസ് തികയും മുമ്പാണെന്നും പഠനം പറയുന്നു. 2007-08ല്‍ നടത്തിയ സര്‍വ്വേ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്.

 

മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുംമുമ്പാണ്. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ: പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0, പത്തനംതിട്ട-0.

 

ജൂണ്‍ 25, 2013

 

 

പ്രധാന വാർത്തകൾ
Top