Top
19
Thursday, October 2017
About UsE-Paper

കൈപ്പുണ്യം കവിതയിലും

Saturday Sep 20, 2014
ടി ആര്‍ ശ്രീഹര്‍ഷന്‍

തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണശാല നടത്തുന്ന ശാലിനി ദേവാനന്ദിന്റെ മൂന്ന് കവിതാ സമാഹാരങ്ങള്‍ ഇതിനകം പുറത്തുവന്നു. ഒ എന്‍ വി യും സുഗതകുമാരിയും എം ടിയുമാണ് ഈ പുസ്തകങ്ങളുടെ മുന്‍കുറിപ്പുകള്‍ എഴുതിയത്

"ശാലിനിയുടെ കവിത വായിച്ചപ്പോള്‍ അവര്‍ക്ക് ജീവിതത്തെക്കുറിച്ച് ചിലത് പറയാനുണ്ട് എന്ന് മനസ്സിലായി. അത് ചെറിയ കാര്യമല്ലല്ലോ'. സാക്ഷാല്‍ എം ടി വാസുദേവന്‍നായര്‍ പറഞ്ഞതാണിത്. ശാലിനിയുടെ മൂന്നാമത്തെ കവിതാ സമാഹാരമായ "അക്ഷരത്തുട്ടുകള്‍'ക്ക് എഴുതിയ അവതാരികയിലാണ് എം ടി ഇതു പറഞ്ഞത്. ശാലിനിയുടെ കവിതകളിലൂടെ മനസ്സോടിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാക്കാം. അവര്‍ പറയുന്നത് ജീവിതത്തെക്കുറിച്ചുതന്നെയാണ്. ജീവിതത്തിന്റെ ശബളിമയെക്കുറിച്ചല്ല, ഇരുട്ടുനിറഞ്ഞ അതിന്റെ ആഴങ്ങളെക്കുറിച്ച്, ചതി മറഞ്ഞുകിടക്കുന്ന ചതുപ്പുകളെക്കുറിച്ച്, വറ്റിപ്പോയ പ്രണയത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും കൈവിട്ടുപോയേക്കാവുന്ന അതിന്റെ സന്തുലിതാവസ്ഥയെക്കുറിച്ച്.

എങ്ങനെയാണ് ഇവരുടെ കവിതയില്‍ ജീവിതത്തിന്റെ ചവര്‍പ്പ് ഇത്ര ഉള്‍ച്ചേര്‍ന്നുപോയത്. ഒരു അവതാരിക എഴുതണമെന്ന് അഭ്യര്‍ഥിച്ച് എം ടിക്കെഴുതിയ കത്തില്‍ അവര്‍തന്നെ ഇതിന്റെ ഉത്തരം തരുന്നുണ്ട്. "ഞാനധികം പഠിച്ചിട്ടില്ല. വളരെക്കുറച്ചേ വായിച്ചിട്ടുള്ളൂ. ഒരു ചെറിയ പുസ്തകം വായിച്ചുതീര്‍ക്കാന്‍ ചിലപ്പോള്‍ രണ്ടാഴ്ച വേണ്ടിവരും. കാരണം, ഞാന്‍ ഒരു ചെറിയ ഹോട്ടല്‍ നടത്തുകയാണ്'. ഈ വരികള്‍ അവരുടെ ആകെ ജീവിതത്തിന്റെ ചുരുക്കെഴുത്താണ്.

തിരുവനന്തപുരം നഗരത്തില്‍ ബേക്കറി ജങ്ഷനില്‍ ഭക്ഷണശാല നടത്തുന്ന ശാലിനി ദേവാനന്ദിന്റെ പേര് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. വെള്ളിവെളിച്ചത്തില്‍ അവരെ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. ശാലിനിയുടെ മൂന്ന് കവിതാ സമാഹാരങ്ങള്‍ ഇതിനകം പുറത്തുവന്നു. മഹാവൃക്ഷങ്ങളായ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും എം ടിയുമാണ് ഈ പുസ്തകങ്ങളുടെ മുന്‍കുറിപ്പുകള്‍ എഴുതിയത്. ഒരെഴുത്തുകാരിക്ക് അത് ചില്ലറക്കാര്യമല്ലല്ലോ.

നേരം പുലരുന്നതുമുതല്‍ അര്‍ധരാത്രിവരെ കഠിനാധ്വാനം ചെയ്ത് വിയര്‍പ്പൊഴുക്കിയാണ് കച്ചവടക്കാരിയായ ഈ എഴുത്തുകാരി ജീവിതം കരുപ്പിടിപ്പിക്കുന്നത്. ഹോട്ടലിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അവരുടെ തലയില്‍ത്തന്നെയാണ്. തന്റെ ജീവിതം സര്‍ഗാത്മകമായ വിപ്ലവമാണ്. അതില്‍ വാക്കുകളില്ല, പ്രവൃത്തിയേ ഉള്ളൂവെന്നാണ് ശാലിനിയുടെ ജീവിതസിദ്ധാന്തം. "അരക്ഷിതത്വത്തിന്റെ അസഹിഷ്ണുതയേക്കാള്‍ അനാഥത്വത്തിന്റെ ചൂടാണ് എനിക്കിഷ്ടം' എന്ന അവരുടെ വരികള്‍ കുറച്ചൊന്നുമല്ല പൊള്ളിക്കുന്നത്. അതേസമയം, എഴുതുന്നതിലെല്ലാം ആത്മാംശം കാണുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ശാലിനി പറയുന്നു.

ബാലരാമപുരത്തുകാരിയായ ശാലിനി ചെറുപ്പംമുതലേ എഴുതുമായിരുന്നു. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം കോണ്‍വെന്റ് സ്കൂളിലാണ് പഠിച്ചത്. പത്താംതരത്തില്‍ 80 ശതമാനം മാര്‍ക്കുണ്ടായിരുന്നു. പ്രണയിച്ചായിരുന്നു വിവാഹം. വിവാഹശേഷം ജീവിതഭാരംകൂടി. രണ്ടറ്റവും കൂട്ടിമുട്ടാതെ വന്നപ്പോഴാണ് ഒരു ഭക്ഷണശാല തുടങ്ങിയത്. 15 വര്‍ഷമായി ഹോട്ടല്‍ തുടങ്ങിയിട്ട്. ഇവിടുത്തെ രാപ്പകലില്ലാത്തെ അധ്വാനത്തിനിടയില്‍ രാത്രി ഏറെ വൈകിയുള്ള ഉറക്കത്തിനുമുമ്പ് വല്ലപ്പോഴും കിട്ടുന്ന ഇത്തിരി സമയത്തിനിടയിലാണ് എഴുത്തും വായനയും. മൂത്തമകള്‍ ഗൗരി ജനിച്ചശേഷം പ്രീഡിഗ്രി ജയിച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയില്ല. പ്രൊഫ. അലിയാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുമായിരുന്നു. അദ്ദേഹംവഴിയാണ് നാടകകൃത്ത് പിരപ്പന്‍കോട് മുരളിയെ പരിചയപ്പെട്ടത്. കുത്തിക്കുറിച്ചതൊക്കെ ഒരു ദിവസം അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം തന്ന ധൈര്യത്തില്‍ പിന്നെയും എഴുതി.

"തേവിടിശ്ശി' എന്ന കവിത നമ്മുടെ യാഥാസ്ഥിതിക നോട്ടങ്ങള്‍ക്കുള്ള അടിയാണ്.

 ശാലിനി ഹോട്ടലില്‍

യാഥാസ്ഥിതികരുടെ നേര്‍ക്ക് വരികള്‍ അവര്‍ നീട്ടിത്തുപ്പുകയാണ്. "സംവാദം' എന്ന കവിത സൃഷ്ടിക്കുന്നത് മറ്റൊരു ചുറ്റുപാടുതന്നെയാണ്. "സത്യസന്ധമായ ഏറ്റുപറച്ചില്‍ വാങ്മയമാക്കാന്‍ ശാലിനിക്ക് കഴിയുന്നുവെന്ന് എം ടി അക്ഷരത്തുട്ടുകളുടെ അവതാരികയില്‍ പറയുന്നുണ്ട്. ഒരു സുഹൃത്ത് എം ടിയെ കാണാന്‍പോയപ്പോള്‍ പുസ്തകം കൊടുത്തുവിടുകയായിരുന്നു ശാലിനി. അസുഖമായിരുന്നതിനാല്‍ അന്ന് എം ടി നോക്കിയില്ല. കുറെ കഴിഞ്ഞ് ഒരു കത്തും ചേര്‍ത്തുവച്ച് വീണ്ടും പുസ്തകമയച്ചു. ശാലിനി എന്നെ ഒഴിവാക്കാന്‍ ഭാവമില്ലായിരുന്നു എന്നാണ് എം ടി പിന്നീട് പറഞ്ഞത്. ശാലിനിക്ക് എക്കാലത്തേക്കുമുള്ള വലിയ അനുഭവമായി എം ടി അവതാരിക എഴുതി. തിരുവനന്തപുരത്ത് വരുമ്പോള്‍ കാണാന്‍ വരാമെന്ന് പറയുകയും ചെയ്തു. ഒരിക്കല്‍പ്പോലും പ്രതീക്ഷിച്ചില്ല. പക്ഷേ, സ്വപ്നത്തെപ്പോലും തോല്‍പ്പിച്ച് എം ടി വന്നു. മാധ്യമപ്പട പിന്നാലെയും. വന്ന്, ഊണുകഴിച്ച്, കുറെ നല്ലവാക്കുകള്‍ പറഞ്ഞ് അദ്ദേഹം തിരിച്ചുപോയി. എം ടിയുടെ അവതാരികയോടെയുള്ള കവിതാസമാഹാരം പ്രകാശനംചെയ്തത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.

രണ്ട് മക്കളാണ്. ഗ്രീഷ്മയാണ് ഇളയ മകള്‍. ഭര്‍ത്താവ് ദേവാനന്ദ്. ജീവിതത്തില്‍ വലിയ സുഖങ്ങള്‍ അനുഭവിച്ചിട്ടില്ല. അതുകൊണ്ട് മക്കള്‍ക്ക് കഴിയാവുന്നതെല്ലാം നല്‍കണം. മക്കളാണ് എല്ലാം. നല്ല അമ്മയാവണം, ആണ്- ശാലിനി ജീവിതം പറഞ്ഞുനിര്‍ത്തി തിരക്കുകളിലേക്ക്. ഹോട്ടലില്‍ ഊണ് ഒരുങ്ങുന്നു. ആളുകള്‍ വന്നുതുടങ്ങുന്നുണ്ട്. വിളമ്പണം, കാശുവാങ്ങണം, അടുക്കളയിലേക്ക് ഇടയ്ക്കിടെ പാളിനോക്കണം. തിരക്ക് തീരുമ്പോള്‍ വൈകുന്നേരമാകും, ഇരുളും. പിന്നെയും...

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!