20 January Sunday

ജൂലന്‍ ഗോസ്വാമി; കാല്‍പ്പന്തിന്റെ നാട്ടില്‍ നിന്നൊരു മീഡിയം പേസ് ബൗളര്‍

പി ആര്‍ അജിലUpdated: Wednesday Feb 14, 2018

1997 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ബെലിൻഡ ക്ലാർകിന്റെ വിക്ടറി ലാപുകണ്ട് ആവേശംകൊണ്ട ഒരു ബംഗാളി പെൺകുട്ടിയുണ്ട്. അന്നത്തെ ചരിത്ര മൂഹൂർത്തത്തിന് സാക്ഷിയാകുമ്പോൾ താൻ സ്വയം ഒരു ചരിത്രമാകാൻ പോകുകയാണെന്ന് അവൾ കരുതിയിരിക്കില്ല. കാൽപ്പന്ത് കളിയെയാണ് അവൾ അതിരറ്റ് സ്‌നേഹിച്ചത്. പശ്ചിമബംഗാളുകാരിക്ക് ഫുട്‌ബോളിനോട് പ്രണയം തോന്നാതിരിക്കാൻ തരമില്ലല്ലോ. ഫുട്‌ബോൾ കളിക്കാരിയാവാൻ മോഹിച്ച അവൾ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളാണ്. റെക്കോർഡുകൾക്ക് പഞ്ഞമില്ലാത്ത ലോക ക്രിക്കറ്റിൽ തന്റെ വലംകൈയിലെ പന്തുകൊണ്ട് ഇതിഹാസം രചിക്കുന്ന തിരക്കിലാണവർ. ഭൂഗോളം എത്രത്തോളം ചെറുതായാലാണ് ഭംഗിയുണ്ടാവുകയെന്ന് ചോദിച്ചാൽ ജൂലൻ ഗോസ്വാമിയുടെ കൈയിലെ പന്തിനോളം എന്നാണുത്തരം.  എന്തൊരു മാസ്മരികതയും അഴകുമാണ് അവൾ ലക്ഷ്യത്തിലേക്ക് തൊടുത്തുവിടുന്ന പന്തിന്.

പശ്ചിമബംഗാളിലെ നദിയ ജില്ലയിലെ  ചക്ദാഹയിൽ പിറന്ന ഈ 35കാരി മീഡിയം പേസ് ബൗളർ കരിയറിലെ 200ാം വിക്കറ്റ് കൊയ്‌തെടുത്താണ് ചരിത്രത്തിന്റെ നെറുകയിലെത്തിയത്. ദക്ഷിണാഫ്രിക്കൻ അരങ്ങേറ്റക്കാരി ലോറ വോൾവാട്ടിനെ പവലിയനിലേക്ക് മടക്കിയായിരുന്നു ജൂലൻ ക്രിക്കറ്റ് ബൈബിളിലേക്ക് പുതിയ വചനമെഴുതിച്ചേർത്തത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ വനിതാ ക്രിക്കറ്റർ. വ്യക്തിപരമായ നേട്ടങ്ങൾക്കായല്ല, ടീമിനുവേണ്ടിയാണ് ഞാൻ ക്രീസിലിറങ്ങുന്നതെന്നാണ് ലോകം നമിച്ച നേട്ടത്തിലും പ്രതികരിച്ചത്.


2017 വനിതാ ലോകകപ്പ്  മുതലാണ് മാധ്യമങ്ങൾപോലും വനിതാ ക്രിക്കറ്റ് താരങ്ങളിലേക്ക്  ശ്രദ്ധിച്ചു തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ലോകകപ്പിനൊരുങ്ങുന്ന വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനോട് നിങ്ങളുടെ പ്രിയപ്പെട്ട പുരുഷ ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിന് മുഖമടച്ച് മറുപടി കിട്ടിയതു മുതൽ. അപ്പോഴും മിതാലി രാജിന്റെ സൗന്ദര്യത്തിലും സ്മൃതി മന്ദാനയുടെ ചിരിയിലും പലപ്പോഴും ചർച്ചകൾ ഒതുങ്ങി. ജൂലൻ ഗോസ്വാമിയെന്ന ആൾറൗണ്ടറുടെ പേര് ആരും വലുതായി പരാമർശിച്ചു കണ്ടില്ല. പൊതുബോധത്തെ തൃപ്തിപ്പെടുത്താനുതകുന്ന സൗന്ദര്യശാസ്ത്രമല്ലായിരുന്നു അവരുടേത്. എന്നാൽ തന്റെ ആൾറൗണ്ടർ മികവിലൂടെ അവരപ്പോഴും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

കരിയറിലുടനീളം കളിമികവിനെപ്പറ്റിയുള്ള അവലോകനങ്ങളുണ്ടായിരുന്നില്ല. ഈ പരമ്പര ഇന്ത്യക്ക് കിട്ടുമോ എന്ന ചർച്ചകളും അന്ന്യം. ലോകകപ്പിൽ കാണികൾ അറിയുന്നതിനും മുമ്പ് നിശ്ശബ്ദമായി മറ്റൊരു നേട്ടം കൈവരിച്ചിരുന്നു. 2017 മെയ് ഒമ്പതിന്. അന്നാണ് കരിയറിലെ 181ാം വിക്കറ്റ് നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വനിതാ ക്രിക്കറ്ററായത്. ഓസ്‌ട്രേലിയയുടെ  കാതറീൻ ഫിറ്റ്‌സ്പാട്രിക് പതിറ്റാണ്ടുകൾ കൈവശം വച്ച റെക്കോഡിലാണ് അന്ന് ജൂലൻ സ്വന്തം പേരെഴുതിച്ചേർത്തത്. 2008 മുതൽ 11 വരെ ദേശീയ ടീമിന്റെ അമരക്കാരിയായിരുന്ന ജൂലൻ 2002 ജനുവരി ആറിന് ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലായിരുന്നു അരങ്ങേറിയത്. ഒന്നര പതിറ്റാണ്ടിലധികം നീണ്ട കരിയർ. അതിനിടക്ക് 2007ൽ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം, അതും ഇന്ത്യൻ പുരുഷക്രിക്കറ്റർമാർക്ക് ആ വർഷം ലഭിച്ചതുമില്ല.  2010ൽ അർജുന അവാർഡ്, 2012ൽ പദ്മഭൂഷൻ എന്നിവ ലഭിച്ചു. ക്രിക്കറ്റെന്നാൽ മതമാണെന്ന് കരുതുന്നൊരു രാജ്യത്ത് പുരുഷദൈവങ്ങൾക്ക് മാത്രമായിരുന്നു സ്ഥാനം .അതിനാൽ  ജൂലന്റെ നേട്ടങ്ങൾ അന്ന് ആരും കണ്ടില്ല. അവരുടെ ശരവേഗത്തിലുള്ള പന്തുകളെപ്പറ്റി ഒന്നും പറഞ്ഞില്ല. ലോകകപ്പില്ലാതെ സച്ചിന് കരിയർ അവസാനിപ്പിക്കേണ്ടി വരുമോ എന്ന് വേവലാതിപ്പെട്ടതുപോലെ ആരും ജൂലനെപ്പറ്റി ആശങ്കപ്പെട്ടില്ല. പക്ഷേ,ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. പെൺ ക്രിക്കറ്റിന് വേണ്ടി കൈയടിക്കാൻ കുറച്ചെങ്കിലും ആളുകളുണ്ട്. എന്നാൽ 16 വർഷം  മുമ്പ് ഒരു പത്തൊമ്പതുകാരി  പന്തെറിയുമ്പോൾ എത്രയാളുകൾ ആരവമുയർത്താൻ ഉണ്ടായിരുന്നിരിക്കണം?
 

പ്രധാന വാർത്തകൾ
Top