21 May Monday

പ്രണയവും പോരാട്ടവും

ഇറോം ഷര്‍മിള/ബഷീര്‍ മാടാലUpdated: Friday Oct 14, 2016

ഫോട്ടോ: അക്മല്‍ അക്കു

‌മണിപ്പൂരിലെ പട്ടാളനിയമം 'അഫ്‌സ്‌പ' പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  നടത്തിയ 16 വര്‍ഷം നീണ്ട ഐതിഹാസികമായ നിരാഹാരസമരം ആഗസ്ത് ഒമ്പതിന് ഇറോം ഷര്‍മിള അവസാനിപ്പിച്ചു. ലോകശ്രദ്ധ പിടിച്ചുപറ്റിയ തന്റെ സമരത്തെക്കുറിച്ചും സമരം നിര്‍ത്തിയതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഇറോം ഷര്‍മിള മനസ്സുതുറക്കുന്നു...

ജയിലില്‍നിന്ന് പുറത്തിറങ്ങി ഒന്നരമാസത്തിന് ശേഷമാണ് ഇറോം ഷര്‍മിളയെ കാണാന്‍ സാധിച്ചത്. അവര്‍ താമസിക്കുന്ന ഇംഫാലിനടുത്ത ഒരു ഗ്രാമത്തിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വച്ച് ഇംഫാലിലെ മാധ്യമ സുഹൃത്തുക്കള്‍ക്കൊപ്പം. ഒരവയവംപോലെ അവരുടെ മൂക്കിലൂടെ ഇട്ടിരുന്ന പ്ളാസ്റ്റിക് കുഴല്‍ അഴിച്ചുമാറ്റിയിരുന്നു. അതുകൊണ്ടുതന്നെ ഇറോമിന്റെ മുഖത്തിന് പുതിയൊരു ഭാവം കൈവന്നിരിക്കുന്നു. 16 വര്‍ഷം നീണ്ട പോരാട്ടത്തിന്റെ തീക്ഷ്ണമായ ഭാവവും രൂപവും അവരിപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ അല്‍പ്പം സമയം ആവശ്യമാണെങ്കിലും ഒന്നും മറന്നിട്ടില്ല. 16 വര്‍ഷം കിടന്ന ജയിലിനെ ഓര്‍മപ്പെടുത്തുന്ന രീതിയിലുള്ള കെട്ടിടത്തിന്റെ മുകളിലെ മുറിയിലേക്ക് ഇറോമിനെ കാണാനായി ചെല്ലുമ്പോള്‍ അവര്‍ സുഹൃത്തുക്കളുമായി ഭാവിപദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. മുമ്പ് രണ്ടുമൂന്നു തവണ കണ്ടിട്ടുണ്ടെങ്കിലും ഓര്‍മയില്ലെന്ന് പറഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയ ഇറോമിന് അവരെക്കുറിച്ചുള്ള വാര്‍ത്തകളും ഫീച്ചറുകളും വന്ന പത്രങ്ങളും വീക്കിലികളും മാസികകളും നല്‍കിയപ്പോള്‍ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു. എന്നെക്കുറിച്ച് ഇത്രയധികം എഴുത്തുകളോ എന്ന ചോദ്യത്തിന് മലയാളികള്‍ നിങ്ങളിലെ പോരാളിയെ അറിയുന്നവരാണ് എന്ന മറുപടിയില്‍ അവര്‍ അത്ഭുതം കൂറി. രാജ്യത്ത് ഒരിടത്തും ലഭിക്കാത്ത അംഗീകാരമാണ് ഒരു പോരാളി എന്ന നിലയില്‍ കേരളത്തില്‍ ലഭിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷം. ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ട് ഒന്നരമാസത്തിലധികം ആയെങ്കിലും ശരീരം പൂര്‍വസ്ഥിതിയില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. കൂടുതല്‍ സംസാരിക്കുമ്പോള്‍ നാവ് കുഴയുകയും ശരീരം ഒരുവശത്തേക്ക് ചരിഞ്ഞുപോവുകയും ചെയ്യുന്നുണ്ട്. അതിനാല്‍ എല്ലാം ചിരിയിലൊതുക്കി തന്റെ സ്നേഹവും സന്തോഷവും സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. ഇറോമിന്റെ സമയത്തിനനുസരിച്ച് രണ്ട് ദിവസങ്ങളിലായി ചെലവഴിച്ചാണ് എല്ലാം ചോദിച്ചറിഞ്ഞത്. മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്ത നിരാഹാരസമരം നടത്തിയ ഇറോം ശാരീരികമായി അവശയാണെങ്കിലും മാനസികമായി കരുത്തുനേടി യഥാര്‍ഥ ഉരുക്കുവനിതയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സംസാരത്തില്‍ നിന്ന് മനസ്സിലായി. 

? 2000 നവംബര്‍ 2ന് മാലോം കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിനിറങ്ങുമ്പോള്‍ ഇത്രയധികം കാലം സമരം തുടരേണ്ടിവരുമെന്ന് കരുതിയിരുന്നോ.
= 2000 നവംബറില്‍ നടന്ന മാലോം സംഭവത്തിന് മുമ്പുതന്നെ മണിപ്പൂരില്‍ വിന്യസിക്കപ്പെട്ടിരുന്ന പട്ടാളത്തിനെതിരെ വ്യാപകമായ പരാതികളാണുണ്ടായിരുന്നത്. അക്കാലത്ത് ദിനംപ്രതി വെടിവയ്പ്പും ബോംബേറും കൊലപാതക പരമ്പരകളും അരങ്ങേറിയിരുന്നു. സര്‍ക്കാറും അണ്ടര്‍ഗ്രൌണ്ട് ഗ്രൂപ്പുകളും പട്ടാളവും കൂടിച്ചേര്‍ന്ന് മണിപ്പൂരികളെ വേട്ടയാടുകയായിരുന്നു. ഇന്നത്തെപ്പോലെയൊന്നുമല്ല, എവിടെയും ഭയവും നാളെയെക്കുറിച്ചുള്ള ആശങ്കയുമായിരുന്നു. എങ്കിലും പട്ടാളത്തിനെതിരായ ഒരു പൊതുവികാരം ഇവിടെ രൂപപ്പെട്ടിരുന്നു. പട്ടാളത്തിനെതിരെ ഒറ്റപ്പെട്ട സമരങ്ങളും നടന്നിരുന്നു. ഞാന്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ സംഘം പട്ടാളത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങള്‍ക്കെതിര സമരരംഗത്തുണ്ടായിരുന്നു. പെട്ടെന്നാണ് മാലോം ബസ്സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന പത്തുപേരെ പട്ടാളക്കാര്‍ വെടിവച്ചുകൊന്നത്. ഈ സംഭവം മണിപ്പൂരിനെ ഇളക്കിമറിച്ചു. സ്ത്രീകള്‍ രംഗത്തിറങ്ങി. ഞങ്ങള്‍ ചിലര്‍ മരണം വരിക്കാന്‍ ഒരുങ്ങിത്തന്നെ സമരം ചെയ്യാന്‍ തീരുമാനിച്ചു. പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന 'അഫ്സ്പ' പിന്‍വലിക്കുന്നതുവരെ നിരാഹാരം കിടക്കാനാണ് തീരുമാനിച്ചത്. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലായിരുന്നു. ഇത്രയധികം കാലം സമരം ചെയ്യേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. കാരണം അന്ന് മണിപ്പൂര്‍  അത്രയധികം പ്രക്ഷുബ്ധമായിരുന്നു.

? ഗാന്ധിയന്‍ സമരരീതി തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടായിരുന്നു. ഗാന്ധിജി നടത്തിയ നിരാഹാരസമരങ്ങളെക്കുറിച്ച് അറിയാമായിരുന്നോ.  ഒടുവില്‍ സമരം പിന്‍വലിച്ചപ്പോള്‍ ഈ സമരരീതി തന്നെയായിരുന്നു ശരി എന്ന അഭിപ്രായമുണ്ടോ.
= അന്നത്തെ സാഹചര്യത്തില്‍ പട്ടാളത്തിനെതിരെ വ്യാപക പ്രതിഷേധം ആളിക്കത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും ഭരണകൂടം മണിപ്പൂരിലെ

കിരാതനിയമം പിന്‍വലിക്കുമെന്ന് ആരും വിശ്വസിച്ചില്ല. മറ്റ് സമരപരിപാടികളെക്കുറിച്ച് ചിന്തിച്ചെങ്കിലും ഗാന്ധിയന്‍ സമരമുറകൊണ്ട് ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് കരുതി. രാജ്യത്തിന് സ്വാതന്ത്യ്രം നേടിത്തരാന്‍ ഗാന്ധിയന്‍ സമരത്തിന് കഴിഞ്ഞതുപോലെ പട്ടാളക്കാരില്‍നിന്നുള്ള സ്വാതന്ത്യ്രത്തിന് ഈ സമരരീതി ഗുണംചെയ്യുമെന്ന് വിശ്വസിച്ചു. അങ്ങനെയാണ് മുമ്പ് ഇത്തരം സമരരീതിയെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത ഞാന്‍ ഗാന്ധിയന്‍ സമരരീതി പിന്തുടര്‍ന്നത്. എനിക്കുമുമ്പ് മണിപ്പൂരില്‍ ഈ സമരരീതി ആരും പ്രയോഗിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ അറിഞ്ഞു; 66 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ ജീവന്‍ വെടിഞ്ഞ ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മിയുടെ ബോബി സാന്റ്സിനെക്കുറിച്ച്. 1981ല്‍ 27 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഐറിഷ് റിപ്പബ്ളിക്കന്‍ ആര്‍മിയുടെ ബോബി സാന്റ്സ് തന്റെ അനിശ്ചിതകാല നിരാഹാര സമരം 66 ദിവസത്തിനപ്പുറം കൊണ്ടുപോയില്ല. ബോബി സാന്റ്സിനെ പോലെ ഞാനും 28 വയസ്സിലാണ് മരണം വരെയുള്ള ഉപവാസ സമരം തുടങ്ങിയത്. ജീവന്‍ പോകാതെ 16 വര്‍ഷം പിടിച്ചുനിന്നത് മനക്കരുത്ത് കൊണ്ടുമാത്രമാണ്. എന്നാല്‍ ഈ സമരം വിജയിച്ചു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. കാരണം മണിപ്പൂരിലെ പട്ടാള ഇടപെടലുകള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണല്ലോ.

? സമരത്തിന്റെ തുടക്കത്തില്‍ മണിപ്പൂരിലെ ജനസമൂഹം പൂര്‍ണമായും താങ്കള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു. താങ്കളെ പാര്‍പ്പിച്ചിരുന്ന ജയിലിലേക്ക് ആര്‍ക്കും പ്രവേശനവും ഉണ്ടായിരുന്നില്ല. പുറത്തുനടക്കുന്ന സമരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് വല്ല ധാരണയും ഉണ്ടായിരുന്നോ.
= നിരാഹാര സമരം തുടങ്ങി ഏതാനും ദിവസം പിന്നിട്ടതോടെ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. അവിടെയും സമരം തുടര്‍ന്നതിന് ശേഷമാണ് എന്റെ പേരില്‍  ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ടത്. അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ ആയതോടെ  പുറത്തുനടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ കഴിയാത്ത നിലയിലായി. ഇതിനിടയില്‍ എന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഭരണകൂടം നിര്‍ബന്ധിത ഫീഡിങ്ങിന് വിധേയമാക്കാന്‍ തുടങ്ങി. മൂക്കിലൂടെ ട്യൂബിട്ട് ദ്രവരൂപത്തിലുള്ള മരുന്നുകള്‍ നല്‍കാന്‍ തുടങ്ങി. വളരെ വേദന നിറഞ്ഞ നാളുകളായിരുന്നു അതെല്ലാം. ഇതേസമയം എന്നെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. എന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായി പൊതുജനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നതായി പിന്നീടറിഞ്ഞു. എന്റെ ആശുപത്രിയിലെ ജയില്‍വാസത്തിനിടയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആശുപത്രിക്ക് പുറത്തും മണിപ്പൂരിലാകമാനവും ശക്തമായ സമരങ്ങളാണ് നടന്നുവന്നത്. ഈ നില നാലഞ്ച് വര്‍ഷക്കാലം തുടര്‍ന്നു.

ഇറോം ഷര്‍മ്മിളയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നു

ഇറോം ഷര്‍മ്മിളയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നു

? പിന്നീട് ആ സമരത്തിന് എന്താണ് സംഭവിച്ചത്.
= ജയിലിലെ എന്റെ ആദ്യ അഞ്ച് വര്‍ഷവും പുറത്ത് സമരത്തിന്റെ വേലിയേറ്റങ്ങളുടെ കാലമായിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരസംഘങ്ങള്‍ സജീവമായി നിലകൊണ്ടു. ഈ സമയത്തും പട്ടാളത്തിന്റെ അതിക്രമങ്ങള്‍ മണിപ്പൂരില്‍ അരങ്ങേറിക്കൊണ്ടിരുന്നു. ഇടക്ക് ജയിലില്‍നിന്ന് പുറത്തുവിടുന്ന എന്നെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കും. ജയിലില്‍നിന്ന് പുറത്തുവരുന്ന ദിവസം മാത്രമാണ്  എല്ലാവരുമായും ബന്ധപ്പെടാറുള്ളത്. ജയിലിന് മുമ്പില്‍ സ്ത്രീകളുടെ സമരപ്പന്തലില്‍ എത്താറുള്ളതും അപ്പോള്‍ മാത്രമാണ്. എന്റെ സമരം പുറത്ത് ഏറ്റെടുത്ത് നടത്തിയിരുന്നത് ചില മനുഷ്യാവകാശ സംഘടനകളായിരുന്നു. അവരൊക്കെ ഇപ്പോഴും കൂടെയുണ്ടെങ്കിലും ആദ്യകാലത്തെ പിന്തുണ പിന്നീട് ലഭിച്ചില്ല. ജയിലിലെ ആദ്യ അഞ്ച് വര്‍ഷം പിന്നിട്ടതിന് ശേഷമാണ് മണിപ്പൂരിന് പുറത്തും രാജ്യത്താകമാനവും എന്റെ സമരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സമരം ഏറെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് രണ്ടാംഘട്ട സമരങ്ങളില്‍നിന്ന് പലരും പിന്മാറിയ വിവരം  അറിഞ്ഞത്.

? ആശുപത്രി ജയിലിലെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ എങ്ങനെ ആയിരുന്നു.

= ജീവന്‍ പണയം വച്ചുള്ള സമരമായിരുന്നു. ഏകാന്തത, ഒറ്റപ്പെല്‍... ആരെയും കാണാന്‍ അനുവദിച്ചില്ല. ഇന്നത്തെപ്പോലെ മാധ്യമസ്വാതന്ത്യ്രം ഉണ്ടായിരുന്നില്ല. എന്റെ സമരവാര്‍ത്തകള്‍പോലും അപൂര്‍വമായി മാത്രമാണ് അച്ചടിച്ചുവന്നത്. പുറത്തുനടക്കുന്ന  വിവരങ്ങള്‍ അറിയാന്‍ മാര്‍ഗം ഉണ്ടായിരുന്നില്ല. പുറത്ത് പട്ടാളക്കാരുടെ കാവല്‍, ഇടക്കിടക്ക് കര്‍ഫ്യൂ, ദിവസങ്ങളോളം നീണ്ടുനിന്നിരുന്ന ബന്ദുകള്‍– ഇതിനിടയിലൊക്കെ ജീവിതം തികച്ചും ഏകാന്തമായി, ഏകാഗ്രമായി കൊണ്ടുപോവുകയായിരുന്നു.

? അക്കാലത്ത് താങ്കളെക്കുറിച്ച് ഉയര്‍ന്ന ആരോപണം ഇറോം ഷര്‍മിള വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആളെന്നായിരുന്നു.
= അത് ഇന്ത്യന്‍ പട്ടാളം കെട്ടിച്ചമച്ച ഒരു കഥ മാത്രമായിരുന്നു. ഞാനൊരിക്കലും വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചില്ല. അന്നും ഇന്നും എനിക്ക് ഒരു നിലപാട് മാത്രമാണുള്ളത്. മണിപ്പൂരില്‍ ധാരാളം വിഘടനവാദ ഗ്രൂപ്പുകളുണ്ട്. ഇവര്‍ക്കാവശ്യമായ സഹായവും ആയുധങ്ങളും എവിടെനിന്ന് ലഭിക്കുന്നു എന്ന് അന്വേഷിക്കേണ്ടത് ഭരണകൂടമാണ്. വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് ഇനി മണിപ്പൂരില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. വിഘടനവാദം ഉയര്‍ത്തുന്നവരുടെ നിലപാടുകളെ ഇവിടത്തുകാര്‍ ഒരിക്കലും അംഗീകരിക്കാനിടയില്ല.

? എന്നുമുതലാണ് താങ്കളുടെ സമരം ലോകശ്രദ്ധയില്‍ വന്നുതുടങ്ങിയത്.
= 2005ന് ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകള്‍ എത്തിത്തുടങ്ങിയത്.

നിരവധി പേര്‍ സന്ദര്‍ശകരായി എത്തിത്തുടങ്ങിയതും 2005ന് ശേഷമാണ്.  നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ചില കൂടിച്ചേരലുകള്‍ നടക്കാറുണ്ട്. വിയറ്റ്നാമിലെ ഒരു സ്ത്രീ പ്രവര്‍ത്തക വര്‍ഷത്തിലൊരിക്കല്‍ ഏഴ് ദിവസം എനിക്കുവേണ്ടി നിരാഹാരസമരം നടത്താറുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സമരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തിത്തുടങ്ങിയത് 2005ന് ശേഷം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്.

? പിന്നീടുള്ള വര്‍ഷങ്ങള്‍ എങ്ങനെയായിരുന്നു.
= യഥാര്‍ഥത്തില്‍ ആശുപത്രി ജയിലിലെ 16 വര്‍ഷങ്ങള്‍ ഒരേപോലെ ആയിരുന്നു. എങ്കിലും കാലം കഴിയുന്തോറും പ്രായം കൂടിവരികയും ഞാനാകെ മാറിവരികയും ചെയ്തതുപോലെ തോന്നി. പുറത്തുനടക്കുന്ന സമരത്തിന്റെ തീക്ഷ്ണത കുറഞ്ഞുകൊണ്ടു വരികയായിരുന്നു. മണിപ്പൂരികള്‍ പട്ടാളക്കാരോട് സന്ധിയായതുപോലെ തോന്നി. ഒറ്റപ്പെട്ട സംഭവങ്ങള്‍ മണിപ്പൂരില്‍ ഉണ്ടാകാറുണ്ടെങ്കിലും മുമ്പുണ്ടായിരുന്ന ആവേശം ഉണ്ടായിരുന്നില്ല. പുറത്തുനടന്നിരുന്ന സമരത്തിന്റെ സ്ഥിതിഗതികള്‍ എന്നെ ആരും അറിയിച്ചിരുന്നില്ല. ഒരു അഭിപ്രായവും എന്നോടാരും ചോദിച്ചില്ല. ഒരു സ്ത്രീ ആക്ടിവിസ്റ്റ് എന്ന നിലയില്‍ ഞാന്‍ സമരം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇടക്ക് ഡല്‍ഹിയില്‍ പോയി. പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചു; പരാജയപ്പെട്ടു. മണിപ്പൂരില്‍ പ്രധാനമന്ത്രിമാര്‍ വന്നുപോയി. എന്നെ കാണാന്‍ അവരെത്തിയില്ല. ഇതിനിടെ മണിപ്പൂരിലെ 'അഫ്സ്പ'യെക്കുറിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ഒരുപക്ഷേ, എന്നെങ്കിലും ഈ നിയമം പിന്‍വലിച്ചേക്കാം. വായനയും എഴുത്തും മുറപോലെ നടന്നു. ജയില്‍മുറിയില്‍ എനിക്ക് കൂട്ടുകാരായി കുറച്ച് വളര്‍ത്തെലികളും പൂച്ചയുമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് ചിലര്‍ കാണാന്‍ വരാറുണ്ട്. സന്ദര്‍ശകര്‍ക്ക് അനുവാദം ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ താണ്ടണം. അതുകൊണ്ടുതന്നെ പല പ്രമുഖരും എന്നെ കാണാതെ തിരിച്ചുപോയി. കഴിഞ്ഞ ചില വര്‍ഷങ്ങ ളായി ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. ആശയക്കുഴപ്പത്തിലൊടുവിലാണ് ഞാന്‍ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്.

? മനുഷ്യചരിത്രത്തില്‍ ഇന്നേവരെ ആരും നടത്തിയിട്ടില്ലാത്ത സമരത്തെ താങ്കള്‍ എങ്ങനെയാണ് അതിജീവിച്ചത്. ഒരു ട്യൂബിലൂടെ നല്‍കുന്ന മരുന്ന് മാത്രം മതിയായിരുന്നോ അത്തരം ഒരു അതിജീവനത്തിന്.
= സമരത്തിന്റെ ആദ്യനാളുകളില്‍ എനിക്ക് മരണം വിധിച്ചവരുണ്ടായിരുന്നു. ഒട്ടും വൈകാതെ മരിക്കുമെന്ന് പിന്നെയും ചിലര്‍  പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഭരണകൂടത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രമാണ് ഞാന്‍ നിര്‍ബന്ധിത ഫീഡിങ്ങിന് വിധേയയായത്. പിന്നീട് അത് ഒരാവരണംപോലെ എന്റെ ശരീരത്തില്‍ ഇഴുകിച്ചേരുകയായിരുന്നു. മരണം മുന്നില്‍ കണ്ട ദിനങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്; കരച്ചിലൊടുങ്ങാത്ത ദിവസങ്ങളും. എല്ലാം അതിജീവിച്ചതിന് പിന്നിലെ ത്യാഗം ഇന്ന് പലരും തിരിച്ചറിയുന്നില്ല. ധൈര്യവും മനക്കരുത്തും തന്നെയായിരുന്നു എനിക്ക് തുണയായത്. കാരണം മരണം മുന്നില്‍ കണ്ടിട്ട് തന്നെയാണല്ലോ സമരത്തിനിറങ്ങിയത്. ഒരിറ്റുവെള്ളം ചുണ്ടിലൂടെ കടന്നിറങ്ങാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ല. 16 വര്‍ഷം മുമ്പുള്ള പൂര്‍വസ്ഥിതി പ്രാപിക്കാന്‍ ഇനിയും സമയം വേണ്ടിവരും.

തേന്‍ രുചിച്ച് ഇറോം ഷര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു

തേന്‍ രുചിച്ച് ഇറോം ഷര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു

? ഒരു സ്ത്രീ എന്ന നിലയില്‍ ഏതു തരത്തിലുള്ള ശാരീരിക മാനസിക വെല്ലുവിളികളെയാണ് ഈ കാലത്ത് അഭിമുഖീകരിക്കേണ്ടിവന്നത്.
= മാനസികമായി എനിക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.  ശാരീരികമായി ഞാനാകെ തളരുകയായിരുന്നു. രക്തം  ശരീരത്തില്‍ ദിനംപ്രതി കുറഞ്ഞുവന്നു. വിളറിയ ശരീരവുമായി ഞാന്‍ ജീവിച്ചു എന്നത് എനിക്കുപോലും അത്ഭുതമായി തോന്നിയിട്ടുണ്ട്. നീണ്ട സമരത്തിനിടയില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. എന്റെ ആര്‍ത്തവരക്തം നിലച്ചുപോയി. ആ കുറച്ചുകാലം ഞാന്‍ ജീവിച്ചോ മരിച്ചോ എന്ന് അറിയില്ലായിരുന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് എനിക്ക് നഷ്ടപ്പെട്ട എന്റെ പിരീയഡ്സ് തിരിച്ചുകിട്ടിയത്. ഇതൊരു വെല്ലുവിളിയുടെ കാലമായിരുന്നു. എന്തായാലും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിഞ്ഞു എന്നത് ഈശ്വരാനുഗ്രഹമായി കരുതുന്നു.

? ഒരു കവികൂടിയായ താങ്കളുടെ പ്രണയം വളരെ പ്രസിദ്ധമാണല്ലോ. എങ്ങനെയാണ് പ്രണയത്തെയും സഹനസമരത്തെയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്നത്.
=  എനിക്കിപ്പോള്‍ പ്രായം 44 ആയി. 28–ാം വയസ്സിലാണ് സമരത്തിനിറങ്ങിയത്. ഏറ്റവും നല്ല പ്രായമാണ് ജയിലില്‍ ജീവിച്ചുതീര്‍ന്നത്. പ്രണയം എനിക്കെപ്പോഴും ഉണ്ടായിരുന്നു. എന്തിനോടും  പ്രണയം തോന്നാറുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ ഞാനൊരാളെ പ്രണയിക്കുന്നു. നിങ്ങളുടെയെല്ലാം ചിന്തകള്‍ക്കപ്പുറത്തെ പ്രണയമാണത്. അദ്ദേഹം ബ്രിട്ടീഷ് പൌരനാണ്. പേര് ഡസ്മണ്ട് കുടിനോ. എന്നെ വായിച്ചറിഞ്ഞാണ്  ജയിലില്‍ എത്തിയത്. ഒടുവില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടത് 2014ല്‍ ആണ്. അതിനുമുമ്പ് മൂന്നോ നാലോ തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്. 2007ല്‍ ആണ് ഡസ്മണ്ട് എന്നെക്കുറിച്ച് അറിഞ്ഞത്. അന്നുമുതല്‍ ഞങ്ങള്‍ എഴുത്തുകളിലൂടെയും ഇപ്പോള്‍ മൊബൈല്‍ ഫോണിലൂടെയും പരസ്പരം സ്നേഹം കൈമാറാറുണ്ട്. അദ്ദേഹം ഇവിടെ വരുമെന്നും ഇപ്പോഴുള്ള ആശങ്കകളെല്ലാം മാറി ഒന്നിച്ച് ജീവിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു. കുട്ടികള്‍, കുടുംബജീവിതം എന്നതൊക്കെ ഏതൊരു മനുഷ്യസ്ത്രീയും ആഗ്രഹിക്കുന്ന കാര്യമല്ലേ. എന്റെ പ്രണയത്തെ ആരും വിവാദമാക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ 16 വര്‍ഷത്തെ സഹനസമരം പോലെ ഡസ്മണ്ടിനായി കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു.

? താങ്കളുടെ സമരത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ഡസ്മണ്ടിന് പങ്കുള്ളതായി കേള്‍ക്കുന്നു. മാത്രമല്ല ഇദ്ദേഹം താങ്കളുടെ സമരം ഇല്ലാതാക്കാന്‍ പട്ടാളം നിയോഗിച്ച ചാരനാണെന്നുപോലും മണിപ്പൂരികള്‍ കരുതുന്നു.
= ഡസ്മണ്ട് ചാരനാണെന്ന് ഞാന്‍ കരുതുന്നില്ല. സമരം ചെയ്യാന്‍ ഞാന്‍ എടുത്ത തീരുമാനംപോലെ അവസാനിപ്പിക്കാനും സ്വയം തീരുമാനം എടുക്കുകയായിരുന്നു. സമരത്തില്‍ ഡസ്മണ്ടിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ അതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ജയിലില്‍ കിടന്നിരുന്ന സമയത്ത് പുറത്ത് നടക്കുന്ന സമരങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ വിവരങ്ങള്‍ ഇല്ലായിരുന്നു. സ്ത്രീകളുടെ സമര പ്പന്തലില്‍ ഡസ്മണ്ട് ചെല്ലാറുണ്ടായിരുന്നുവെന്നും ഞാന്‍ അറിഞ്ഞിരുന്നു. അയാള്‍ക്ക് ചാരപ്പണി ചെയ്യേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ഭൂരിഭാഗം മണിപ്പൂരികളും ഇക്കാര്യത്തില്‍ എന്റെ നിലപാടുകള്‍ക്കൊപ്പമാണെന്നാണ് വിശ്വാസം.

? സമരം പിന്‍വലിക്കാനുള്ള പ്രധാന കാരണം വെറും ഒറ്റയാള്‍ സമരം എന്ന തോന്നല്‍ വന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ.
= യഥാര്‍ഥത്തില്‍ ഒറ്റയാള്‍ സമരം തന്നെയായിരുന്നല്ലോ. പത്തുവര്‍ഷം പിന്നിട്ടതിന് ശേഷം എന്റെ സമരത്തിന്റെ ജാഗ്രതയില്‍ സംശയം തോന്നിത്തുടങ്ങിയിരുന്നു. പുറത്തുനടക്കുന്ന സംഭവങ്ങള്‍ എന്നെ ധരിപ്പിക്കുന്നതില്‍ കൂടെയുള്ളവര്‍ വിമുഖത കാട്ടി. വീണ്ടും ഒരു ഒറ്റപ്പെടല്‍. ഇതിനിടയിലാണ് അഫ്സ്പയെക്കുറിച്ചുള്ള  സുപ്രീം കോടതി നിരീക്ഷണം ഉണ്ടായത്. മാത്രമല്ല ഇനിയും ഒരായുസ്സ് മുഴുവന്‍ ഇതിനകത്ത് പട്ടിണി കിടന്ന് മരിച്ചാലും മണിപ്പൂരില്‍നിന്ന് പട്ടാളത്തെ പിന്‍വലിക്കാന്‍ കേന്ദ്രഭരണകൂടം തയ്യാറാകുമെന്നും തോന്നിയില്ല. അങ്ങനെയാണ് രാഷ്ട്രീയ പ്രവേശനം എന്ന തോന്നല്‍ ഉണ്ടായത്. ഇനി മണിപ്പൂരിന് വേണ്ടി വാദിക്കാന്‍ രാഷ്ട്രീയരംഗത്ത് ഞാനുണ്ടാകും. അഴിമതിയും പട്ടാളത്തിന്റെ കടന്നുകയറ്റവും വിഷയമാക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ അവര്‍ അത് അംഗീകരിക്കും.

? സമരത്തില്‍ നിന്നുള്ള പിന്മാറ്റവും രാഷ്ട്രീയ പ്രവേശന വും ഇത് രണ്ടിനെയും മണിപ്പൂരി ജനത തള്ളുകയാണല്ലോ ചെയ്തത്.
= രണ്ട് തീരുമാനവും ഞാന്‍ ഒറ്റയ്ക്കെടുത്തതാണ്. ആരോടും കൂടിയാലോചന നടത്താതെ എടുത്ത തീരുമാനം. അതുകൊണ്ടായിരിക്കാം അവര്‍ അംഗീകരിക്കാത്തത്. എന്നാല്‍ സമരം അവ സാനിപ്പിച്ച ദിവസത്തെ നിലപാടുകളില്‍നിന്ന് അവരിപ്പോള്‍ വളരെയധികം മുന്നോട്ടുവന്നിരിക്കുന്നു. ഞാനവര്‍ക്കും കൂടിയാണ് 16 വര്‍ഷം ജയിലില്‍ കിടന്നത്. വൈകിയാണെങ്കിലും അവര്‍ എന്റെ  നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ തന്നെയാണ് സാധ്യത. എന്റെ വീട്ടുകാര്‍പോലും പ്രത്യേകിച്ച് എന്റെ അമ്മ പോലും ഇതുവരെ എന്നെക്കാണാന്‍ വന്നിട്ടില്ല. വൈകാതെ അവരെല്ലാം എന്നെ അംഗീകരിച്ച് രംഗത്തുണ്ടാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകുകയാണ് ഞാന്‍. അതിനുമുമ്പ് ശാരീരിക നില ശരിയാക്കണം. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാവുക എന്നത് നടക്കാത്ത കാര്യമൊന്നുമല്ല. ജനം വിചാരിച്ചാല്‍ എല്ലാം നടക്കും. പ്രതീക്ഷയുണ്ട്.

ഡസ്മണ്ട് കുടിനോയും ഇറോം ഷര്‍മ്മിളയും

ഡസ്മണ്ട് കുടിനോയും ഇറോം ഷര്‍മ്മിളയും

? ഒരു സമരനായിക എന്ന നിലയില്‍ രാജ്യത്തെ സമരമുന്നേറ്റങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നത്.
= രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന സമരമുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇവിടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ സര്‍ക്കാര്‍ നയമായി നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ്. ദളിതുകള്‍ക്കും മുസ്ളിങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. ഭരണകൂടം അതിന്റെ ഫാസിസ്റ്റ് പ്രവണതകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനെല്ലാം എതിരായി രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രക്ഷോഭ സമരങ്ങളില്‍ ഇനി മുതല്‍ എന്റെ സാന്നിധ്യം ഉണ്ടാകും. അതിന് മുന്നോടിയായി നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സമരരംഗ ത്തിറങ്ങും. ഇവിടത്തെ പ്രശ്ന ങ്ങള്‍ ദേശീയ സാര്‍വദേശീയ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് ഉദ്ദേശ്യം. അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നവരോടൊപ്പം നിന്ന് പോരാടുക എന്നതിലാണ് അവശേഷിക്കുന്ന  കാലം നീക്കിവയ്ക്കുക.

? കേരളത്തിലേക്ക് വരുന്നുണ്ടോ. കേരളീയര്‍ക്ക് താങ്കളുടെ സന്ദേശമെന്താണ്.
= രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കേരളം സുന്ദരഭൂമിയാണ്; ഒപ്പം പോരാട്ടങ്ങളുടെയും. വിദ്യാഭ്യാസ സാംസ്കാരിക, സാമൂഹ്യ രംഗങ്ങളില്‍ കേരളത്തിന്റെ സ്ഥാനം എന്നും മുന്നിലാണല്ലോ. ഇതെല്ലാം സമരം ചെയ്ത് നേടിയെടുത്തതാണെന്ന് ഞാന്‍ കരുതുന്നു. തുടര്‍ന്നും നിങ്ങളുടെ പോരാട്ടം തുടരുക. കേരളത്തില്‍ വൈകാതെ വരാന്‍ കഴിയുമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ ഉള്ളതുകൊണ്ട് ചിലപ്പോള്‍ വൈകിയേക്കാം. എന്തായാലും ഞാന്‍ വൈകാതെ കേരളം കാണാനെത്തും.
...................
കേരളത്തിലേക്ക് ഇറോമിനെ ക്ഷണിച്ച്  യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരുടെ പോരാട്ടം ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു എന്ന തോന്നലാണുണ്ടായത് .

(ദേശാഭിമാനി വാരികയില്‍ നിന്ന്)

പ്രധാന വാർത്തകൾ
Top