13 November Tuesday

വിശക്കുന്നവരെ തേടി..

കെ ജി സൂരജ്Updated: Wednesday Dec 4, 2013

വലിയൊരു പാത്രം നിറയെ ചോറും അവിയല്‍, സാമ്പാര്‍, കിച്ചടി, തീയല്‍, പുളിശേരി തുടങ്ങിയ കറികളും തയ്യാറാക്കിവച്ചിരിക്കുന്നു. വൃത്തിയുള്ള ഇലകളില്‍ പൊതിഞ്ഞ് അത് 20 പൊതിച്ചോറാക്കി. തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള വിജി ഭവനില്‍ അശ്വതിയാണ് നേതൃത്വം. അനുജത്തി രേവതിയും അമ്മ വിജയകുമാരിയും അമ്മൂമ്മ ജാനകിയും സഹായിക്കാനുണ്ട്. പൊതിയുമെടുത്ത് ഇരുചക്രവാഹനത്തില്‍ പതിവുയാത്ര തുടങ്ങി.

 

നേരം പതിനൊന്നാകുന്നു. പരിസരത്തെ അഞ്ച് അമ്മമാര്‍ക്ക് പൊതി നല്‍കിയശേഷം പടിഞ്ഞാറെകോട്ടയിലെ സ്വാതിനഗറിലേക്ക്. വഴിയരികില്‍ കാത്തിരുന്ന മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്കന്‍ ആര്‍ത്തിയോടെ പൊതി വാങ്ങി. ഇനി എസ്പി ഫോര്‍ട്ട് ആശുപത്രിക്കരികിലെ കടവരാന്തയില്‍, ജീവിതം കണ്ടെത്തിയ രാജേന്ദ്രന്‍ ചേട്ടനിലേക്ക്. ആരോഗ്യാന്വേഷണങ്ങളും സമാശ്വാസങ്ങളും പകര്‍ന്ന്, ശ്രീകണ്ഠേശ്വരം, കൈതമുക്ക്, ജനറല്‍ ആശുപത്രി ജങ്ഷന്‍ വഴി തമ്പാനൂരിലെത്തുമ്പോഴേക്കും ആ വലിയ കവറിലെ പൊതിയെല്ലാം ഒഴിഞ്ഞിരുന്നു.

 

തിരുവനന്തപുരം ലോ കോളേജിലെ ഈവനിങ് ബാച്ച് വിദ്യാര്‍ഥിനി അശ്വതിയുടെ ഒരുദിവസം ആരംഭിച്ചുകഴിഞ്ഞു. മെഡിക്കല്‍ റെപ്രസന്റേറ്റീവ് ജോലിചെയ്ത് ഭക്ഷണമുണ്ടാക്കാനുള്ള പണം സമാഹരിക്കുന്നു. മാത്രമല്ല, തെരുവില്‍ രോഗപീഡകളാല്‍ കഷ്ടപ്പെടുന്നവരെ ജനറല്‍ ആശുപത്രിയിലെ ഒമ്പതാംവാര്‍ഡില്‍ എത്തിക്കുകയെന്നതും അശ്വതി ഏറ്റെടുക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ജീവിതം? ""കുഞ്ഞുന്നാളില്‍ ഭക്ഷണത്തിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അച്ഛന്‍ നേരത്തെ മരിച്ചു. വീട്ടുജോലിക്ക് പോയാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. വിശപ്പറിഞ്ഞ് വളര്‍ന്നു, വിശന്നിരിക്കുന്നവരെ കണ്ടാലുമറിയാം. സ്വയംപര്യാപ്തമാകുന്ന നാളില്‍ ആരുമില്ലാത്തവരുടെ വിശപ്പുമാറ്റാന്‍ ശ്രമിക്കുമെന്ന് അന്ന് തീരുമാനിച്ചിരുന്നു.

 

 

\"/\"

അശ്വതി

 

ഇനിയുമേറെ ചെയ്യണമെന്നുണ്ട്. നിരാശ്രയത്വം വിശപ്പ് സമ്മാനിച്ചവരുടെ എണ്ണം ഈ 20 പൊതിച്ചോറില്‍ തീരില്ല. വിശപ്പില്‍ വളര്‍ന്നതിനാലാണ്; ഇപ്പോള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത്."" അടുത്ത വീട്ടിലെ അമ്മൂമ്മയ്ക്ക് ആഹാരം കൊടുത്താണ് ആരംഭിച്ചത്. പിന്നീട് നാല് അമ്മമാര്‍ക്കുകൂടി. ഒരിക്കല്‍ ഒരു പൊതി ബാക്കിവന്നു. ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനില്‍ ഇരിക്കുന്ന മാനസികരോഗിയായ ഒരു സ്ത്രീക്ക് നല്‍കി. സമാനനിലയുള്ള ഒരു പുരുഷന്‍ പൊതി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പരസ്പരം തല്ലായി. പ്രശ്നം തീര്‍ക്കാന്‍ അശ്വതി ഹോട്ടലില്‍നിന്ന് പൊതിച്ചോറ് വാങ്ങിക്കൊടുത്തു. ഇരുവരും ശാന്തമായി അത് കഴിച്ചു. വിശപ്പ് ഏതു മാന്യനെയും ഭ്രാന്തനാക്കുമെന്നിരിക്കെ, മാനസികാസ്വാസ്ഥ്യമുള്ളവരുടെ സ്ഥിതിയോ? ""ഇതോടെ അഞ്ച് പൊതി എന്നത് ഞാന്‍ പത്താക്കി. പിന്നീട്, 20 പൊതിയായി. എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് സമയം നോക്കി കാത്തിരിക്കുന്നവരുടെ എണ്ണം കൂടിവന്നു.""

 

""വളരെ ദയനീയമാണ് ഓരോരുത്തരുടെയും അവസ്ഥ! പലതരം രോഗങ്ങള്‍ക്ക് കീഴ്പെട്ടവര്‍. ഉറ്റവരും ഉടയവരുമുണ്ടായിട്ടും പുറന്തള്ളപ്പെട്ടവര്‍. ഭക്ഷണം എത്തിക്കുന്നതിനിടയിലാണ് വിവിധ രോഗാവസ്ഥകളെക്കുറിച്ച് മനസ്സിലാക്കിയത്. ആശുപത്രികളില്‍ കയറ്റാത്തതുകൊണ്ടോ ആശുപത്രിവരെ എത്താന്‍ ശാരീരികസ്ഥിതി അനുവദിക്കാത്തതുകൊണ്ടോ വേദന തിന്ന് ജീവിക്കുന്നവരാണവര്‍. ഇങ്ങനെയുള്ളവരെ ആശുപത്രിയിലാക്കാറുണ്ട്. അട്ടക്കുളങ്ങര ജങ്ഷനില്‍ ആരാലും തിരിഞ്ഞുനോക്കാതെ കിടന്ന നാല്‍പ്പത്തഞ്ചുകാരന്‍ സലിമിനെ ഒമ്പതാംവാര്‍ഡിലേക്കും പിന്നീട് പുലയനാര്‍കോട്ട ടിബി സെന്ററിലേക്കും എത്തിച്ചെങ്കിലും കൂട്ടിരിക്കാന്‍ ആളില്ലാത്തത് പ്രശ്നമായി. പുറത്താക്കാന്‍ ശ്രമം നടന്നു. വിഷയം മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നാണ് തുടര്‍ന്ന് ചികിത്സിക്കാനായത്.

 

ഒട്ടേറെ നിയമപ്രശ്നവും ഇതിന്റെ ഭാഗമായി ഉയരുന്നുണ്ടെന്നാണ് അശ്വതിയുടെ അനുഭവം. അനീതികള്‍ക്കെതിരായ പോരാട്ടത്തില്‍ തുണയാകുമെന്ന് കണക്കിലെടുത്തുതന്നെയാണ് ഐച്ഛികമായി നിയമം പഠിക്കാന്‍ അശ്വതി തീരുമാനിച്ചത്. ഈവനിങ് ബാച്ചായതിനാല്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുമില്ല."" ""എന്റെയും അനുജത്തിയുടെയും വരുമാനത്തില്‍നിന്നാണ് ഇതെല്ലാം നടന്നുപോകുന്നത്. ഇപ്പോഴത്തെ ഭഭക്ഷണവിതരണം മുടങ്ങാതെ നടത്താനും കുറച്ചുകൂടി വ്യാപിപ്പിക്കാനും ആഗ്രഹമുണ്ട്. തെരുവിലെ രോഗികളെയും കഴിയുന്നത്ര സംരക്ഷിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുകയാണല്ലോ. ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്ന സമാനമനസ്കര്‍ക്കൊപ്പം യോജിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടായ്മ എന്ന രൂപത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.""- ഭാവിപദ്ധതിയെക്കുറിച്ച് നിശ്ചയദാര്‍ഢ്യത്തോടെയുള്ള അശ്വതിയുടെ വാക്കുകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്, അവ നടപ്പാകുമെന്ന്.

പ്രധാന വാർത്തകൾ
Top