19 October Friday

ഇനി കേക്കിന്റെ കാലം; ഇതാ അഞ്ച് തരം കേക്കുകള്‍ വീട്ടില്‍ തയ്യാറാക്കാം

ഡോ. ലൈലാറാണി വിUpdated: Thursday Dec 21, 2017

ക്രിസ്‌മസ് വരവായി. ഇനി കേക്കിന്റെ കാലം. ക്രിസ്‌മസ് കാലത്ത് വിരുന്നെത്തുന്ന അതിഥികളെ സല്‍ക്കരിക്കുന്നതിനും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സമ്മാനിക്കുന്നതിനുമായി കേക്കുകള്‍ തയാറാക്കാം.

മിക്‌സഡ് ഫ്രൂട്ട് കേക്ക്

മൈദ 200 ഗ്രാം
പഞ്ചസാര 50 ഗ്രാം
ടൂട്ടി ഫ്രൂട്ടി 50 ഗ്രാം
പാൽപൊടി 50 ഗ്രാം
ഖോവ 50 ഗ്രാം
കസ്റ്റാർഡ് പൗഡർ 25 ഗ്രാം
ബേക്കിംഗ് പൗഡർ ഒന്നര ടീസ്‌പൂൺ
ഏലക്കാപൊടി 5 ഗ്രാം
വാനിലാ എസ്സൻസ് അര ടീസ്‌പൂൺ
ജാതിക്കാ പൊടി കാൽ ടീസ്‌പൂൺ
വെണ്ണ 150 ഗ്രാം
വെണ്ണയും പഞ്ചസാരയും പാൽപൊടിയും കസ്റ്റാർഡ് പൗഡറും ഖോവയും കൂടി ഒരു ബ്ലെൻഡർ കൊണ്ട് യോജിപ്പിക്കുക. ടൂട്ടി ഫ്രൂട്ടി ഒഴികെയുള്ള ചേരുവകളും യോജിപ്പിക്കുക. ഓറഞ്ച്, പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലെ ടൂട്ടി ഫ്രൂട്ടി ചേർത്ത് യോജിപ്പിക്കുക. നെയ്യ് തടവിയ ഒരു ബേക്കിംഗ് ട്രേയിലേക്ക് പകർന്ന് നേരത്തെ ചൂടാക്കിയ ഓവനിൽ 190 ഡിഗ്രി സെന്റിഗ്രേഡിൽ 4550 മിനിറ്റ് ബേക്ക് ചെയ്‌ത് എടുക്കുക.

പ്ലം കേക്ക്

മൈദ 200 ഗ്രാം
വെണ്ണ 150 ഗ്രാം
പഞ്ചസാര 150 ഗ്രാം
കശുവണ്ടി പരിപ്പ് 50ഗ്രാം
കിസ്മിസ് 50ഗ്രാം
ബദാം 50 ഗ്രാം
ടൂട്ടിഫ്രൂട്ടി 20 ഗ്രാം
വാൾനട്ട് 20 ഗ്രാം
ഗ്രാമ്പൂ പൊടിച്ചത് 2 ഗ്രാം
ജാതിക്കാ പൊടിച്ചത് 2 ഗ്രാം
പട്ട പൊടിച്ചത് 5 ഗ്രാം
മുട്ട 3 എണ്ണം
കാരമലൈസ്ഡ് പഞ്ചസാര 5 ഗ്രാം
ബേക്കിംഗ് പൗഡർ 2 ടീസ്‌പൂൺ
വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ പതപ്പിച്ചതും ബ്ലെൻഡർ കൊണ്ട് യോജിപ്പിക്കുക. ഇതിലേക്ക് മൈദായും ബേക്കിംഗ് പൗഡറും ചേർത്ത് തെള്ളിയത് കുറേശ്ശേ യോജിപ്പിക്കുക. മുട്ട വെള്ളയും പൊടികളും ഫ്രൂട്ടും നട്‌സും ചെറുതായി മുറിച്ചതും ചേർത്തിളക്കി ബേക്കിംഗ് ടിന്നിലാക്കി നേരത്തെ ചൂടാക്കിയ ഓവനിൽ 200 ഡിഗ്രി സെന്റിഗ്രേഡിൽ 4550 മിനിറ്റ് ബേക്ക് ചെയ്യുക.

മാർബിൾസ് ഗീ കേക്ക്

ഗോതമ്പുപൊടി 200 ഗ്രാം
നെയ്യ് 200 ഗ്രാം
പഞ്ചസാര പൊടിച്ചത് രണ്ടേകാൽ കപ്പ്
മുട്ട 4 എണ്ണം
കൊക്കോപൊടി 2 ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ 1 ടേബിൾ സ്പൂൺ
സോഡാപൊടി 1 ടേബിൾ സ്പൂൺ
ഉപ്പ് ഒരു നുള്ള്
തൈര് 1 ടേബിൾ സ്പൂൺ
ഗോതമ്പുപൊടിയും ബേക്കിംഗ് പൗഡറും സോഡാപൊടിയും ഒന്നിച്ചാക്കി മൂന്നു തവണ തെള്ളിയെടുക്കുക. മുട്ടയുടെ മഞ്ഞയും  വെള്ളയും വേർതിരിക്കുക. മഞ്ഞ അടിച്ച് പതപ്പിച്ചതിലേക്ക് നെയ്യും പഞ്ചസാര പൊടിച്ചതും ഉപ്പും തൈരും ചേർത്ത് പതപ്പിക്കുക. ഇത് രണ്ടു ഭാഗം ആക്കുക. പകുതി ഗോതമ്പുപൊടി ചേർത്ത് മരത്തവി കൊണ്ട് വളരെ മൃദുവായി യോജിപ്പിക്കുക. മറ്റേ പകുതി കൂട്ടിൽ ഗോതമ്പുപൊടിയുടെ കൂടെ കൊക്കോ പൊടി ചേർത്ത് തെള്ളിയത് യോജിപ്പിക്കുക. മുട്ട വെള്ള പതപ്പിച്ചത് പകുതി വീതം രണ്ട് കൂട്ടിലും ചേർക്കുക. ആദ്യത്തെ കൂട്ട് കേക്ക് ടിന്നിലേക്ക് മാറ്റിയ ശേഷം രണ്ടാമത്തെ കൂട്ട് അതിനു മുകളിൽ ഒരു കൈ കൊണ്ട് സാവധാനം ഒഴിക്കുക. മറ്റേ കൈയിലെ ഫോർക്കുകൊണ്ട് മാർബിൾ ഇഫക്ട് കിട്ടത്തക്ക രീതിയിൽ പല ഭാഗത്തേക്കും  യഥാക്രമം വലിക്കുക. ഇത് ചൂടായ ഓവനിൽ വച്ച് 4050 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ഒരു കമ്പി കൊണ്ട് കുത്തി നോക്കിയാൽ ഒട്ടിപിടിക്കുന്നില്ലെങ്കിൽ കേക്ക് തയാറായി.

കേരളാ കേക്ക്

ചേരുവകൾ
ഏത്തപ്പഴം 1
(നന്നായി പഴുത്ത് തൊലി കറുത്തത്)
പാൽ 1 ടേബിൾ സ്പൂൺ
തേങ്ങാ തിരുമ്മിയത് 1 കപ്പ്
മൈദ 2 കപ്പ്
ബേക്കിംഗ് പൗഡർ അര ടീസ്പൂൺ
സോഡാപ്പൊടി അര ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
പഞ്ചസാര അര കപ്പ്
ശർക്കര ഉരുക്കിയത് അര കപ്പ്
തേൻ അര കപ്പ്
മുട്ട 4 എണ്ണം
വാനില എസ്സൻസ് അര ടീസ്പൂൺ
ഓറഞ്ച് തൊലി ചുരണ്ടിയത് 1 ടീസ്പൂൺ
റിഫൈൻഡ് ഓയിൽ അര കപ്പ്
വെണ്ണ 100 ഗ്രാം
കശുവണ്ടി പരിപ്പ് 20 എണ്ണം
തേൻ നെല്ലിക്ക മുറിച്ചത് 3 എണ്ണം

ടോപ്പിങ്ങിന്
തേങ്ങാ ചിരവിയത് അര കപ്പ്
കശുവണ്ടി പരിപ്പ് അര കപ്പ്
വെണ്ണ ഉരുക്കിയത് ഒന്നര ടേബിൾസ്പൂൺ
പഞ്ചസാര 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം;
ഏത്തപ്പഴം ചെറുതായി മുറിച്ച് പാല് ചേർത്ത് അരച്ചെടുക്കുക. ശർക്കര ഉരുക്കി തണുക്കാൻ വയ്ക്കുക. മൈദ, ബേക്കിംഗ് പൗഡർ, സോഡാപ്പൊടി, ഉപ്പ് എന്നിവ ഒന്നിച്ചാക്കി ഇടഞ്ഞെടുക്കുക. മുട്ടയുടെ മഞ്ഞ പതപ്പിച്ചതിൽ പൊടിച്ച പഞ്ചസാര ചേർത്തിളക്കുക. ഇതിലേക്ക് റിഫൈൻഡ് ഓയിലും വെണ്ണയും ചേർത്ത് പതപ്പിക്കുക. മൈദയും ശർക്കര ഉരുക്കിയതും ചേർത്തിളക്കുക. തേങ്ങ തിരുമ്മിയതും കശുവണ്ടി പരിപ്പും വാനില എസ്സൻസും ഓറഞ്ച് തൊലി ചുരണ്ടിയതും ചേർത്തിളക്കുക. മുട്ടയുടെ വെള്ള പതപ്പിച്ചതും ചേർത്ത് നേരത്തെ ചൂടാക്കിയ ഓവനിൽ 180 ഡിഗ്രി സെന്റിഗ്രേഡിൽ ബേക്ക് ചെയ്യുക. കേക്ക് ഏകദേശം ബേക്കായി വരുമ്പോൾ ടോപ്പിങ്ങിനുള്ള ചേരുവകൾ ഒന്നിച്ചാക്കി മുകളിൽ നിരത്തി ബ്രൗൺ നിറമാകുന്നതു വരെ വീണ്ടും ബേക്ക് ചെയ്യുക. ബേക്കിംഗ് സമയം ഏകദേശം 4550 മിനിറ്റ്.

ഓറഞ്ച് കേക്ക് വിത്ത് കൊക്കോ

മൈദ 250 ഗ്രാം
വെണ്ണ 250ഗ്രാം
പഞ്ചസാര 250ഗ്രാം
മുട്ട 4
ഓറഞ്ച് 2
കശുവണ്ടിപരിപ്പ് 25ഗ്രാം
കിസ്മിസ് 25ഗ്രാം
വാനില എസ്സൻസ് അര ടീസ്പൂൺ
ജലാറ്റിൻ 3 ടീസ്പൂൺ
തൈര് 1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
ഉപ്പ് 1 നുള്ള്

ഐസിംഗിന്
വെണ്ണ 100ഗ്രാം
ഐസിംഗ് ഷുഗർ 100 ഗ്രാം
കൊക്കോ പൗഡർ 1 ടേബിൾ സ്പൂൺ
ഓറഞ്ച് തൊലി അരച്ചത് കാൽ ടീസ്പൂൺ
കശുവണ്ടി പരിപ്പും കിസ്മിസും ഒരു കഷണം ഓറഞ്ചിന്റെ തൊലിയും ചേർത്ത് അരച്ചെടുക്കുക. മൈദ ഉപ്പും ബേക്കിംഗ് പൗഡറും ചേർത്ത് മൂന്ന് പ്രാവശ്യം അരിപ്പയിലൂടെ തെള്ളിയെടുക്കുക. ഓറഞ്ചിന്റെ നീരെടുത്ത് മാറ്റിവയ്ക്കുക. പഞ്ചസാര പൊടിച്ചതും വെണ്ണയും ഒന്നിച്ചാക്കി പതപ്പിക്കുക. ഈ ക്രീമിൽനിന്ന് മൂന്ന് ടേബിൾസ്പൂൺ മാറ്റിവയ്ക്കുക. ബാക്കിയുള്ള ക്രീമിൽ മുട്ടയുടെ ഉണ്ണി പതപ്പിച്ചതും മൈദായും ഒരു ഓറഞ്ചിന്റെ നീരും കുറേശ്ശേ ചേർത്ത് വീണ്ടും പതപ്പിക്കുക. ഇതിലേക്ക് തൈരും ബേക്കിംഗ് പൗഡറും അരച്ച കശുവണ്ടിപരിപ്പ്, കിസ്മിസ് പരിപ്പും എസ്സൻസും ചേർത്തിളക്കി അവസാനം മുട്ടയുടെ  വെള്ള പതപ്പിച്ചതും ചേർത്ത് നേരത്തെ ചൂടാക്കിയ ഓവനിൽ 4045 മിനിറ്റ് ബേക്ക് ചെയ്യുക. തണുക്കുമ്പോൾ കേക്ക് രണ്ടായി മുറിക്കുക.

ഫില്ലിംഗിന്
ജലാറ്റിൻ ഒരു ഓറഞ്ചിന്റെ നീര് മാറ്റിവച്ചിരുന്നതിൽ അലിയിക്കുക. ഇത് 5 മിനിറ്റ് ഒരു പാത്രത്തിൽ വച്ച് മറ്റൊരു പാത്രത്തിൽ വെള്ളം ചൂടാക്കുന്നതിന്റെ മുകളിൽ വയ്ക്കുക. ഇത് ചൂടിൽനിന്ന് മാറ്റി പകുതി തണുക്കുമ്പോൾ മാറ്റിവച്ച ക്രീം ചേർത്ത് ഇളക്കുക. ഇത് രണ്ട് ഭാഗമാക്കിയ കേക്കിന്റെ ഇടയ്ക്ക് വച്ച് ചേർത്ത് ഒട്ടിക്കുക. ഐസിംഗിന് ചേരുവകൾ എല്ലാം ഒന്നിച്ചാക്കി ഇളക്കിയത് കൊണ്ട് ഐസിങ്ങ് ചെയ്യുക.




 

പ്രധാന വാർത്തകൾ
Top