Top
18
Monday, December 2017
About UsE-Paper
മണ്‍സൂണ്‍ ടൂറിസം സജീവം

മനംനിറച്ച് തുഷാരഗിരി

Tuesday Jul 5, 2016
ജിജോ ജോർജ്
തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് > ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ്. ഇതെല്ലാം ആസ്വദിച്ച് മഴയുടെ സൌന്ദര്യം നുകര്‍ന്നുള്ള യാത്ര. മഴ കനത്തതോടെ മലബാറില്‍ മണ്‍സൂണ്‍ ടൂറിസത്തിന് പ്രിയമേറുന്നു. ദിവസവും നൂറുകണക്കിന് പേരാണ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിലെ നിറഞ്ഞൊഴുകുന്ന പുഴകളെ കേന്ദ്രീകരിച്ചാണ് മഴക്കാല ടൂറിസം സജീവമായത്. മലബാറിലാണ് മഴക്കാല ടൂറിസത്തിന് എറ്റവുമധികം സാധ്യതയുള്ളത്.

മഴക്കാലത്ത് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍ പറഞ്ഞു. മഴക്കാലത്ത് സാഹസിക ടൂറിസമാണ് അധികം ആളുകള്‍ക്കും ഇഷ്ടം. മലബാറില്‍ ഇതിനുപറ്റിയ നിരവധി പ്രദേശങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം തുഷാരഗിരിയില്‍ റാഫ്റ്റിങ്ങും വൈറ്റ് വാട്ടര്‍ കയാക്കിങ്ങും ഉള്‍പ്പെടെ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഇനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് വയനാട് ജില്ലകള്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറെ യോജിച്ച സ്ഥലങ്ങളാണ്. തുഷാരഗിരിയും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളുമാണ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ വൈതല്‍മല, ആറളം ഫാം, പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച്, വയനാട് ജില്ലയിലെ മീന്‍മുട്ടി, സൂചിപ്പാറ, ബാണാസുര അണക്കെട്ട്, പൂക്കോട് താടകം, കോഴിക്കോട് ജില്ലയിലെ താമരശേരി ചുരം, വയലട, തുഷാരഗിരി, പുലിക്കയം, പതങ്കയം, അരിപ്പാറ, വനപര്‍വം, ആനക്കാംപൊയില്‍, കക്കാടംപൊയില്‍, കോഴിപ്പാറ, പുല്‍മേട്, ഉടുമ്പ്പാറ, തേവര്‍മല, ഒലിച്ചുച്ചാട്ടം, വെള്ളരിമല, മുത്തപ്പന്‍പുഴ, കിളികല്ല്, കാലമാന്‍പാറ, കുറിക്കയം, കൂമ്പിടാംകയം, കക്കയം, പെരുവണ്ണാമൂഴി, മീന്‍തുള്ളിപ്പാറ, കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം മഴക്കാല ടൂറിസത്തിന് അനുയോജ്യമായ പ്രദേശങ്ങളാണ്.

സാഹസിക യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയാണ്. വനംവകുപ്പിന്റെ നിയന്ത്രണമുള്ളതിനാല്‍ ഡിടിപിസി നേതൃത്വത്തില്‍ കാട്ടിലൂടെ സംഘടിപ്പിക്കുന്ന മഴക്കാല യാത്ര ഈ വര്‍ഷമില്ല. എങ്കിലും തുഷാരഗിരിയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ഷന്തോറും വര്‍ധനവാണ്. ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. കോടമഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം കാണാനും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പുഴയിലൂടെ യാത്രചെയ്യാനും ദിവസവും നിരവധിപേര്‍ എത്തുന്നു. ഈദുല്‍ഫിത്തര്‍ കഴിയുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് ഡിടിപിസിയുടെ പ്രതീക്ഷ.

മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ തുഷാരഗിരി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അകംപൊള്ളയായ താന്നി മുത്തശ്ശി മരം, ആര്‍ച്ച്പാലം, മിനി ജലവൈദ്യുതി പദ്ധതി, പുലിക്കയത്തെ ചെക്ക് ഡാം, നാടന്‍ ഭക്ഷണവിഭവങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ക്ക് മറക്കാനാവത്ത നിമിഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. തുഷാരഗിരിയുടെ താഴെഭാഗമായ ചാലിപ്പുഴയുടെ ഓളങ്ങളില്‍ ആവേശത്തിമിര്‍പ്പുണ്ടാക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കയാക്കിങ് താരങ്ങളും എത്തിയിട്ടുണ്ട്. ഈ മാസം അവസാനം നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

താമരശേരി ചുരത്തില്‍ നിരവധിപേരാണ് മഴയാത്ര നടത്താറുള്ളത്. മഴക്കാലത്ത് വയനാട്ടില്‍ എത്തുന്ന സഞ്ചാരികളില്‍ അധികവും പ്രകൃതിചികിത്സ, ആദിവാസി ചികിത്സ, ഫാം ടൂറിസം, ആദിവാസി ഭക്ഷണങ്ങള്‍ തുടങ്ങിയവക്കായി എത്തുന്നവരാണ്. ആയുര്‍വേദ ചികിത്സക്കായി എത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.