18 July Wednesday

അഗസ്ത്യകൂടയാത്ര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2017

അഗസ്ത്യകൂടം

വിതുര > അഗസ്ത്യകൂടത്തിലേക്കുള്ള തീര്‍ഥാടകരുടെ സാഹസികയാത്രയ്ക്ക് ശനിയാഴ്ച തുടക്കമായി. രാവിലെ ബോണക്കാട്ട്ു നിന്ന് ആദ്യസംഘം മലകയറും. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൈര്‍ഘ്യമേറിയ ട്രക്കിങ്ങാണിത്. 23 കിലോമീറ്റര്‍ കാല്‍നടയായിട്ടാണ് യാത്ര. സമുദ്രനിരപ്പില്‍നിന്ന് 1869 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യകൂടം ആനമുടി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളില്‍ ഒന്നാണ്. മലമുകളിലെ അഗസ്ത്യമുനിയുടെ വിഗ്രഹം കാണാനും പൂജചെയ്യാനുമാണ് തീര്‍ഥാടകരെത്തുന്നത്.

ബോണക്കാട്ടുനിന്ന് അതിരാവിലെ തുടങ്ങുന്ന യാത്ര സന്ധ്യയോടെ അതിരുമലയിലെത്തും. ഇവിടെ തമ്പടിച്ച ശേഷം പുലര്‍ച്ചെ വീണ്ടും യാത്ര ആരംഭിക്കും. ദിവസം നൂറുപേര്‍ക്കാണ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു ബുക്കിങ്. 15 പേരുള്‍പ്പെട്ട  യാത്രാസംഘത്തിന് ഒരു ഗൈഡ് വീതം ഉണ്ട്. ഇവര്‍ക്കുള്ള പരിശീലനങ്ങള്‍ നല്‍കിക്കഴിഞ്ഞു. ലഹരി ഉല്‍പ്പന്നങ്ങളും പ്ളാസ്റ്റിക് സാധനങ്ങളും നിരോധിച്ചിട്ടുണ്ട്. വിശ്രമകേന്ദ്രങ്ങളും ലഘുഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും മകരവിളക്കാരംഭിച്ച് ശിവരാത്രിയില്‍ സമാപിക്കുന്ന തരത്തില്‍ വനംവകുപ്പ് ഇവിടേക്ക് ട്രക്കിങ്ങിനുള്ള സൌകര്യമൊരുക്കുന്നുണ്ട്. എന്നാല്‍, ഈ ദിവസങ്ങളില്‍ തീര്‍ഥാടനത്തിന്റെ പേരില്‍ പാസെടുക്കാതെയുള്ള അനധികൃത മലകയറ്റവും സന്ദര്‍ശകബാഹുല്യവും നെയ്യാര്‍, കല്ലാര്‍, അടയാര്‍, കരമനയാര്‍, മോതയാര്‍, കാവിയാര്‍ എന്നിവയ്ക്ക് ഭീഷണിയാകുന്നുണ്ട്. ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള അഗസ്ത്യകൂടത്തിന്റെ ജൈവവൈവിധ്യപ്രാധാന്യം കണക്കിലെടുത്ത് സന്ദര്‍ശകരില്‍ കര്‍ശനപരിശോധനയുണ്ടാകുമെന്നും അനധികൃത മലകയറ്റം തടയുമെന്നും വനം അധികൃതര്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top