Top
22
Thursday, February 2018
About UsE-Paper

അഴകായ് ചുട്ടിപ്പാറ

Monday Feb 12, 2018
സി ജെ ഹരികുമാർ

പത്തനംതിട്ട > പത്തനംതിട്ടയിൽ ആദ്യമെത്തുന്ന ആരും അത്ഭുതത്തോടെ നോക്കിപ്പോകുന്ന ഒന്നാണ് നഗരമധ്യത്തിൽ തലയെടുത്തുനിൽക്കുന്ന ചുട്ടിപ്പാറ. കറുത്തിരുണ്ട ഗജവീരൻമാർ എഴുന്നള്ളത്തിന് നിൽക്കുകയാണെന്ന് തോന്നും. പത്തനംതിട്ട നഗരത്തിന്റെ വശ്യ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യസ്ഥലവും ചുട്ടിപ്പാറ തന്നെ. കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെവേണം ചുട്ടിപ്പാറയുടെ മുകളിലെത്താൻ. വഴി പകുതി ദൂരം പിന്നിടുമ്പോൾ പിന്നീട് പടിക്കെട്ടുകളാണ്. ഇവയിലാകട്ടെ, നിർമാണ സമയത്ത് സമർപ്പിച്ചവരുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നതും കൗതുകമാണ്.

ചുട്ടിപ്പാറ കാക്കും മഹാദേവൻ
ജില്ലയിലെ കരിങ്കൽ ക്വാറി മാഫിയ പലതവണ കണ്ണുവച്ച ചുട്ടിപ്പാറയെ തനത് രൂപത്തിൽ കാക്കുന്നത് ചുട്ടിപ്പാറ മഹാദേവനാണന്നാണ് ഭക്തരുടെ വിശ്വാസം. വനവാസക്കാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് മലമുകളിൽ ഉള്ള വിഗ്രഹവും ക്ഷേത്രവുമെന്നാണ് ഐതിഹ്യം. നിലവിൽ ചുട്ടിപ്പാറ ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ് പാറയും ക്ഷേത്രത്തിന്റെ പരിപാലനവും. നിരവധി വികസന വാഗ്ദാനങ്ങൾ പലപ്പോഴായി ലഭിച്ചുവെങ്കിലും ക്ഷേത്രത്തിന്റെ പരിപാവനതയെ ദോഷമായി ബാധിക്കുമെന്നു പറഞ്ഞ് നിരസിക്കുകയായിരുന്നു.കണ്ണിനും മനസിനും കുളിരായി ചേലവിരിച്ചപാറയും കാറ്റാടിപ്പാറയും
ചുട്ടിപ്പാറയുടെ ഭാഗമായ ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ. കാറ്റാടിപ്പാറയിൽ നിന്നു നോക്കിയാൽ മാത്രമേ ചേലവിരിച്ചപാറയുടെ സൗന്ദര്യം അറിയാൻ സാധിക്കൂ. വനവാസകാലത്ത് സീത ചേല ഉണക്കാൻ വിരിച്ചിരുന്നത് ഈ പാറയിലായിരുന്നത്രേ. ചേലവിരിച്ചപാറ എന്ന പേരു കിട്ടാൻ കാരണം ഇതുതന്നെ. ഇപ്പോഴും ചേലവിരിച്ചിട്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന പാടുകൾ  ഇവിടെ കാണാം. എന്നാൽ ചില പാടുകൾ തേരു സഞ്ചരിച്ചിരുന്നതിന്റേതാണെന്നും വിശ്വാസികൾ പറയും.
ചുട്ടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കാറ്റാടിപ്പാറയാണ്. പേരിലും നിറയുന്ന കാറ്റുതന്നെ കാരണം. എപ്പോഴും ഈ പാറയിൽ ശക്തമായ കാറ്റാണ്. ഹനുമാൻപാറ എന്നും ഇതിനു പേരുണ്ട്.  ഹനുമാൻ വിശ്രമിച്ചിരുന്നത് ഈ പാറയിലായിരുന്നു. ഹനുമാന്റെ സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ പിതാവായ വായുഭഗവാൻ ഇവിടെ നിറഞ്ഞു നിൽക്കുകയാണ് എന്നും വിശ്വസിക്കപ്പെടുന്നു.  സ്ഥിരമായി കുരങ്ങുകളുടെ സാന്നിധ്യവും ഇവിടെ ഉണ്ടാകുന്നു.

വറ്റാതെ  മണിക്കിണർ
ചുട്ടിപ്പാറയും പരിസരപ്രദേശവും മഴക്കാലത്ത് പോലും ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയാണ്. അച്ചൻകോവിലാറിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് ഇവിടുത്തുകാരുടെ ഏക ആശ്രയം. എന്നാൽ ഏത് കനത്ത വേനലിലും ചുട്ടിപ്പാറയ്ക്ക് ഒത്ത നടുവിലെ മണിക്കിണർ വറ്റില്ല. അധികം ആഴമില്ലെങ്കിലും പാറയിലെ ക്ഷേത്രത്തിന് ആവശ്യമായ ജലം ഈ കിണറ്റിൽനിന്നുതന്നെ.

മണിക്കിണർമണിക്കിണർ


വളഞ്ഞുപുളഞ്ഞ് അച്ചൻകോവിലാർ
നഗരത്തിന്റെ വിദൂര കാഴ്ച നൽകുന്നതോടൊപ്പം ചുട്ടിപ്പാറ നൽകുന്ന അധികദൃശ്യമാണ് വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അച്ചൻകോവിലാറിന്റെ രൂപം. കിലോമീറ്ററോളം അകലെയുള്ള അച്ചൻകോവിലാറിന്റെ വിദൂരദൃശ്യം ഏവരെയും ആകർഷിക്കും.

വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യത
ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിന് ഒരുവിധ കോട്ടവും തട്ടാതെ, ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ സാധ്യതകളാണ് ചുട്ടിപ്പാറ മുന്നോട്ടുവയ്ക്കുന്നത്. അടുത്തകാലത്ത് ടൂറിസം പദ്ധതിയിൽപെടുത്തി വമ്പൻ പ്രാജക്ട് ആലോചനയിൽ വന്നിരുന്നുവെങ്കിലും റോഡ് സൗകര്യമില്ലാതിരുന്നതാണ് തിരിച്ചടിയായത്.

വേണ്ടത് സുരക്ഷാ സംവിധാനങ്ങളും മികച്ച ക്ഷേത്രവും
നിരവധി വിനോദ സഞ്ചാരികൾ സമയവ്യത്യാസമില്ലാതെ എത്തുന്ന ചുട്ടിപ്പാറയ്ക്ക് അടിയന്തരമായി ആവശ്യം മികച്ച നിലവാരത്തിലുള്ള ക്ഷേത്രവും സുരക്ഷാസംവിധാനങ്ങളുമാണ്. ചെങ്കുത്തായ പാറയുടെ വശത്തെ ദൃശ്യങ്ങൾ കാണാനെത്തുവർക്ക് അത്യാഹിതം സംഭവിക്കാതിരിക്കാൻ വേണ്ട ഒരു മുൻകരുതലും  ഇവിടെ സ്വീകരിച്ചിട്ടില്ല. പാറയുടെ മുകളിലേക്കുള്ള നടപ്പാതയുടെ വശങ്ങളിൽ കൈവരി സ്ഥാപിച്ചതും രാത്രികാലങ്ങളിൽ വെളിച്ചം ഒരുക്കിയതും ക്ഷേത്രം ട്രസ്റ്റ് ഇടപെട്ടാണ്. മുകളിലെത്തുന്നവർക്ക് ആവശ്യത്തിന് കുടിവെള്ളവും വൈദ്യസഹായവും അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ.

Related News

കൂടുതൽ വാർത്തകൾ »