17 October Wednesday
വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ 125ാം വാര്‍ഷികമാണ് ഇത്. 1892 നവംബര്‍ 27നാണ് വിവേകാനന്ദന്‍ മലബാറിലെത്തിയത്.

വിവേകോദയം കേരളത്തില്‍

രാജന്‍ ബാലുശേരിUpdated: Monday Dec 4, 2017

സമൂഹം ഇരുണ്ടകാലത്തിലൂടെ കടന്നുപോകുമ്പോള്‍ നെയ്ത്തിരിനാളംപോലെ ചില പ്രതിഭകളെത്തും. ജ്വലിക്കുന്ന ആ പ്രകാശനാളം ഇരുട്ടിനെ അകറ്റും. പിന്നെ ചക്രവാളസീമയില്‍ സൂര്യതേജസ്സായി കാലത്തെ നയിക്കും. സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ കേരളത്തെ പ്രചോദിപ്പിച്ച മഹത്വ്യക്തിത്വമാണ്.
1890മുതല്‍ 1893 വരെയുള്ള കാലയളവില്‍ വിവേകാനന്ദന്‍ നടത്തിയ പരിവ്രാജക യാത്രയുടെ അവസാന ഘട്ടത്തിലായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. ഉത്തരേന്ത്യന്‍ യാത്രയ്ക്കുശേഷം ദക്ഷിണേന്ത്യയിലേക്ക് പ്രവേശിച്ച് മൈസൂരിലെത്തിയ സ്വാമിക്ക് മൈസൂര്‍ മഹാരാജാവ് നല്‍കിയ രണ്ടാംക്ളാസ് ട്രെയിന്‍ ടിക്കറ്റിലായിരുന്നു പാലക്കാട്ടെത്തിയത്. 1892 നവംബര്‍ 27ന് പാലക്കാട്ടുനിന്ന് ഷൊര്‍ണൂരിലെത്തിയതായാണ് കരുതപ്പെടുന്നത്. കേരളത്തിന്റെ ജാത്യാചാരങ്ങളെപ്പറ്റി ബാംഗ്ളൂരില്‍വച്ച് ഡോ. പല്‍പുവില്‍നിന്ന് കേട്ടറിഞ്ഞശേഷമായിരുന്നു യാത്ര.
മലയാളക്കരയിലെ ഓരോസ്ഥലത്തുകൂടി സഞ്ചരിക്കുമ്പോഴും ഡോ. പല്‍പു വിവരിച്ച ജാതീയതയുടെ ഭീകരാവസ്ഥ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. യാത്രാമധ്യേ തൃശ്ശൂരിലും കൊടുങ്ങല്ലൂരിലും സ്വാമിജിക്ക് താമസിക്കേണ്ടിവന്നു. കൊടുങ്ങല്ലൂരിലെ താമസത്തിനിടയില്‍ ജാതിവിവേചനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും ദുരനുഭവം അദ്ദേഹത്തിനുണ്ടായി. ജാതി അറിയാത്തതിനാല്‍ ക്ഷേത്രപ്രവേശനം മാത്രമല്ല ഭക്ഷണംപോലും ലഭിക്കാതെ കൊടുങ്ങല്ലൂരിലെ ആല്‍ത്തറയില്‍ മൂന്നുദിവസം കഴിയേണ്ടിവന്ന അവസ്ഥയും വിവേകാനന്ദനുണ്ടായി. കേരളീയ സ്ത്രീകളുടെ സംസ്കൃതപാണ്ഡിത്യത്തെക്കുറിച്ചുള്ള അറിവില്‍ സ്വാമിജി അത്ഭുതപ്പെട്ടതും കൊടുങ്ങല്ലൂരില്‍വച്ചായിരുന്നു.
'ഭ്രാന്താലയം'
അന്ധവിശ്വാസത്തിന്റെയും അസമത്വത്തിന്റെയും കൂരിരുട്ട് നിറഞ്ഞ ഒരു കാലം കേരളത്തിനുണ്ടായിരുന്നു. ജാതിയുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ അകറ്റിനിര്‍ത്തിയ കാലം. കേരളത്തില്‍ നിലനിന്നിരുന്ന ജാത്യാനാചരങ്ങളെയും അന്ധവിശ്വാസങ്ങളെയും വിവേകാനന്ദന്‍ വിമര്‍ശിച്ചു.  'ഭാരതത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ ചെന്നൈയിലെ ട്രിപ്ളിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ പ്രഭാഷണം നടത്തവെ, അദ്ദേഹം ഇങ്ങനെ പറഞ്ഞു:  "മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ കവിഞ്ഞ വിഡ്ഢിത്തം ഇതിനുമുമ്പ് ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണര്‍ നടക്കുന്ന തെരുവില്‍കൂടി പാവപ്പെട്ട പറയന് നടന്നുകൂടാ. പക്ഷേ, മിശ്രമായൊരു ഇംഗ്ളീഷ് നാമം അല്ലെങ്കില്‍ ഒരു മുഹമ്മദീയനാമം സ്വീകരിച്ചാല്‍ മതി എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്. അവരുടെ വീടുകളത്രയും ഭ്രാന്താലയങ്ങളും. അവര്‍ നടത്തം നന്നാക്കുകയും അറിവ് മെച്ചപ്പെടുത്തുകയും ചെയ്യുംവരെ അവരോട് ഭാരതത്തിലുള്ള മറ്റുവംശക്കാരെല്ലാം അറപ്പോടും വെറുപ്പോടും കൂടി പെരുമാറണമെന്നൊക്കെയല്ലാതെ മറ്റെന്ത് അനുമാനത്തിലാണ് നിങ്ങള്‍ക്കെത്താവുന്നത്?''. (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം  വാള്യം 3 പേജ് 186) അന്നത്തെ മലബാറില്‍നിന്നായിരുന്നു വിവേകാനന്ദന്‍ കേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ കേരളത്തെ മലബാര്‍ എന്നായിരുന്നു സ്വാമിജി വിവക്ഷിച്ചത്.

'യഥാര്‍ഥ മനുഷ്യന്‍'
1892 ഡിസംബറില്‍ എറണാകുളത്തെത്തിയ വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി അത്ഭുതാദരവോടെ സ്മരിക്കുന്നുണ്ട്. അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ടത് ഇങ്ങനെയായിരുന്നു. 'മലബാറില്‍ ഞാനൊരു യഥാര്‍ഥ മനുഷ്യനെ കണ്ടു'. യോഗവിദ്യയിലെ ചിന്മമുദ്ര രഹസ്യം വിവേകാനന്ദ സ്വാമികള്‍ക്ക് അനുഭവപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളായിരുന്നു. രണ്ടു മഹാമനീഷികളുടെ സംഗമം കൂടിയായിരുന്നു ഈ കൂടിക്കാഴ്ച. 'സ്വാമിജിയും ഞാനും തമ്മിലുള്ള വ്യത്യാസം ഗരുഡനും കൊതുകും തമ്മിലുള്ളതിലുള്ളതിനേക്കാള്‍ കവിഞ്ഞതാണ്.' എന്നായിരുന്നു ചട്ടമ്പിസ്വാമികളുടെ അഭിപ്രായം.
'വിവേകാനന്ദപ്പാറ'
ഡിസംബര്‍ 13നായിരുന്നു വിവേകാനന്ദന്‍ തിരുവനന്തപുരത്തെത്തിയത്. ദക്ഷിണഭാരതത്തിലെ കന്യാകുമാരി കാണാനും ശ്രീപത്മനാഭനെ ദര്‍ശിക്കാനുമാണ് വന്നത് എന്നായിരുന്നു സ്വാമിജി പറഞ്ഞത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെയും കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. കോട്ടയ്ക്കത്തെ കൃഷ്ണവിലാസം കൊട്ടാരത്തില്‍ ഇളയതമ്പുരാനായ അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വാമിജിയുടെ ഫോട്ടോ എടുത്തു. മഹാരാജാവ് കോളേജിലെ (യൂണിവേഴ്സിറ്റി കോളേജ്) ഇംഗ്ളീഷ് പ്രൊഫസറായിരുന്ന സുന്ദരരാമയ്യരോടൊപ്പമായിരുന്നു വിവേകാന്ദന്‍  താമസിച്ചത്. തിരുവനന്തപുരത്തെ ഒമ്പത് ദിവസത്തെ താമസത്തിനിടയില്‍ കൊച്ചിയിലെയും തിരുവിതാംകൂറിലെ അയിത്തത്തിന്റെയും അനീതിയുടെയുംനീചമായ അവസ്ഥ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഡിസംബര്‍ 24, 25, 26 തീയതികളില്‍ കന്യാകുമാരിയിലെത്തിയ വിവേകാനന്ദന്‍ അവിടെ കടലിലെ പാറയില്‍ ധ്യാനനിരതനായി. 'വിവേകാനന്ദപ്പാറ' എന്ന പേരില്‍ ഈ പാറ അറിയപ്പെട്ടു.

പ്രധാന വാർത്തകൾ
Top