22 September Saturday

ഈ ഓർമകളെന്നും നിലനിൽക്കും, ഇതേ പ്രസരിപ്പോടെ

എ എസ് ജിബിനUpdated: Monday Aug 6, 2018



കൊച്ചി
‘ഞാനെന്റെ സ്വത്വം വെളിപ്പെടുത്തിയതിനുശേഷം ബിനീഷേ... എന്നവൻ ഒരിക്കൽപ്പോലും വിളിച്ചിട്ടില്ല. ബി.. എന്ന ശബ്ദം പുറത്തുവന്നാലും അവനത് തിരുത്തി സഖാവ് തനു  എന്നുവിളിക്കും’ എറണാകുളം മഹാരാജാസ് കോളേജിൽ തീർഥയ്ക്കും പ്രവീണിനും ദയ ഗായത്രിയ്ക്കും മുമ്പെ ‘ട്രാൻസ്‌ജെൻഡർ’ സ്വത്വം വെളിപ്പെടുത്തി പഠിക്കുന്ന തനു തംബുരു പ്രിയ സഖാവ് അഭിമന്യുവിനെ ഓർത്തെടുത്തു.

കഴിഞ്ഞ വർഷം ബി എ പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയ തനു അഭിമന്യുവിനൊപ്പമാണ് മഹാരാജാസിലെ എംസിആർവി ഹോസ്റ്റലിലേക്കെത്തുന്നത്. ഒരേ മുറിയിൽ നാലുമാസം താമസിച്ചു. ഏപ്രിലിൽ ട്രാൻസ്‌ജെൻഡർ സ്വത്വം വെളിപ്പെടുത്തിയതോടെ തനു ഹോസ്റ്റൽ വിട്ട് കാക്കനാട് സഹജയിൽ താമസമാക്കി പഠനം തുടർന്നു. അപ്പോഴും തനുവിന്റെ പ്രിയപ്പെട്ട ‘വട്ടവട’യായി അഭിമന്യു തുടർന്നു.

മെസ്സ് പ്രവർത്തിക്കാതിരുന്ന സമയങ്ങളിൽ ശനിയാഴ്ചയായാൽ എങ്ങനെ ഭക്ഷണം കഴിക്കുമെന്നാണ് ഹോസ്റ്റലിലെ ഭൂരിഭാഗവും ചിന്തിച്ചിരുന്നത്. ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലെത്തിയോ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽനിന്നോ ഭക്ഷണം കഴിക്കും. ക്ഷേത്രത്തിൽനിന്നാണ് ഭക്ഷണമെങ്കിൽ അഭിമന്യു രണ്ട് കൂപ്പൺ വാങ്ങും. ഞാൻ ചെല്ലുകയാണെങ്കിൽ എനിക്കും കൂപ്പൺ തരും’ തനുവിന് അഭിമന്യുവിനെക്കുറിച്ച് പറയാനേറെ.

ബീനിഷായിരുന്ന കാലത്തെ തനുവിന്റെ സ്വത്വപ്രതിസന്ധികളൊക്കെ അഭിമന്യുവിനറിയാമായിരുന്നു. സ്വത്വം വെളിപ്പെടുത്താൻ തനു തീരുമാനിച്ചപ്പോൾ ആശങ്ക പ്രകടിപ്പിച്ചെങ്കിലും മരണംവരെ തനുവിനുവേണ്ട എല്ലാവിധ പിന്തുണയും അഭിമന്യു നൽകിയിരുന്നു. അഭിമന്യുവിനോടുള്ള സൗഹൃദവും ഒന്നാംവർഷ വിദ്യാർഥിയായിട്ടും ഏവരുടെയും സ്വീകാര്യതയിൽ  അഭിമന്യു ഹോസ്റ്റൽ സെക്രട്ടറിയായതും അടിപൊളിയെന്നോ തകർപ്പനെന്നോ അർഥത്തിൽ അഭിമന്യുവിന്റെ ‘ഓജി’എന്ന പദപ്രയോഗവും  പ്രസംഗവും പാട്ടും കവിതയുമെല്ലാം ഇപ്പോഴും തനു ഹൃദയത്തോട് ചേർക്കുന്നു.

ജാതി ‐ മത വർഗ ‐ ലിംഗ വ്യത്യാസം നോക്കാതെ എല്ലാവരോടും ഒരേ പോലെ ഇടപെഴുകിയിരുന്ന അഭിമന്യുവിന്റെ ഓർമകളിൽനിന്ന് മഹാരാജാസ് കോളേജ് ഇന്നും മോചിതരായിട്ടില്ല. ആ ഓർമകളെന്നും ഇതേ പ്രസരിപ്പോടെ നിലനിൽക്കും തനു പറഞ്ഞു.

80 ശതമാനം മാർക്കോടെയാണ് തനു ബി എ പൊളിറ്റിക്‌സിൽ പ്രവേശനം നേടിയത്. ചെറുപ്പം മുതലെ സ്വത്വ പ്രതിസന്ധി അനുഭവിച്ചിരുന്നെങ്കിലും ആൺകുട്ടിയായി ജീവിക്കാൻ ശ്രമം നടത്തി. അത് പരാജയപ്പെട്ടതോടെയാണ് സമൂഹത്തിനുമുന്നിൽ പ്രഖ്യാപിക്കാൻ തനു തംബുരു ധൈര്യം പ്രകടിപ്പിച്ചത്. ഈ വർഷം മഹാരാജാസിൽ പ്രവേശനം നേടിയ ട്രാൻസ്‌ജെൻഡർമാരായ ദയ ഗായത്രിയുടെയും തീർഥയുടെയും പിന്തുണ തനുവിനുണ്ടായിരുന്നു. ഡിഗ്രി പഠനത്തിനുശേഷം എംഎ പൊളിറ്റിക്‌സെടുത്ത് നെറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്നാണ് തനുവിന്റെ ആഗ്രഹം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top