20 September Thursday

ടിസിസിക്ക് നഷ്ടം പഴങ്കഥ

പി ജി സുജUpdated: Friday May 11, 2018

കൊച്ചി
പീഡിതവ്യവസായമായി പ്രഖ്യാപിക്കുമെന്ന പീഡനാവസ്ഥയിൽനിന്ന് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്ന ടിസിസി കരകയറിക്കഴിഞ്ഞു. ഇതിന് ആർക്കാണ് നന്ദിപറയേണ്ടത്. എല്ലാം ശരിയാകുമെന്ന എൽഡിഎഫിന്റെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ചവർക്ക് മറിച്ചൊരുത്തരമില്ല. 2015‐16വരെ തുടർച്ചയായി നഷ്ടംമാത്രം രേഖപ്പെടുത്തിയ  ടിസിസി ഇപ്പോൾ ലാഭക്കുതിപ്പിലാണ്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ 30 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ലാഭം. തുടർച്ചയായ നഷ്ടം മൂലധനച്ചോർച്ചയുണ്ടാക്കിയ കമ്പനിയെ പീഡിതവ്യവസായമായി പ്രഖ്യാപിക്കുമെന്ന അവസ്ഥയിലയാണ് എൽഡിഎഫ് ഭരണത്തിൽ വന്നതും പ്രത്യക്ഷമായ മാറ്റങ്ങൾക്ക് അടിവാരമിട്ടതും. 

2015‐16ലെ മാത്രം നഷ്ടം  7.37 കോടിയായിരുന്നു. യുഡിഎഫ് സർക്കാർ നൽകിയ വായ്പയും അതിന്റെ പലിശയുംചേർത്ത് 20 കോടി രൂപയ്ക്കുമേൽ ടിസിസി സർക്കാരിന് കടക്കാരായിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ വന്നതോടെ ഈ കടം ഓഹരിയായി മാറ്റുന്നതിന് തീരുമാനിച്ചു. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്്. 2016‐2017 സാമ്പത്തികവർഷംതന്നെ ടിസിസി ലാഭത്തിലേക്ക് നീങ്ങി.

വൈദ്യുതി ചെലവാണ് കമ്പനിയുടെ ഉൽപ്പാദനച്ചെലവിന്റെ 45‐50 ശതമാനവും.  നേരത്തെ എവിടെനിന്നും വൈദ്യുതി വാങ്ങാനുള്ള ഓപ്പൺ ആക്സസ് ലൈസൻസ് ഉണ്ടായിരുന്നു. 2013 മുതൽ അത് സാധ്യമായിരുന്നില്ല. അത് നഷ്ടത്തിന് ഒരു കാരണമായി. എൽഡിഎഫ് സർക്കാർ ഓപ്പൺ ആക്സസ് പുനഃസ്ഥാപിച്ച്ലാഭത്തിലേക്കുള്ള വഴി തുറന്നു. ഇതിനകം കെഎസ്ഇബി, കെഎഫ്സി എന്നിവയ്ക്കുണ്ടായിരുന്ന ഭീമമായ കുടിശ്ശികയും തൊഴിലാളികൾക്ക് കൊടുക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശികയുമൊക്കെ കൊടുത്തുതീർത്തു.

ടിസിസിയുടെ പദ്ധതികൾക്ക് വേഗത്തിൽ അനുമതിയും പിന്തുണയും നൽകി സർക്കാർ ഒപ്പമുള്ളതിനാൽ ആത്മവിശ്വാസത്തോടെ വൈവിധ്യവൽക്കരണ ‐ വിപുലീകരണ മേഖലകളിലേക്ക് ചുവടുവയ്ക്കാൻ കമ്പനിക്ക് ഇപ്പോൾ കഴിയുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ റയോൺ ഗ്രേഡ് കാസ്റ്റിക് സോഡ ഉൽപ്പാദകരായ കമ്പനിയിൽ അടുത്ത 18 മാസത്തിനുള്ളിൽ രണ്ട് പദ്ധതികൾ പ്രവർത്തനസജ്ജമാകും. വിപുലീകരണത്തിന്റെഭാഗമായി ഹൈഡ്രോക്ലോറിക് സിന്തസൈസ് പ്ലാന്റും വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഹൈഡ്രജൻ പെറോക്സൈഡ് പ്ലാന്റും.

പ്രധാന വാർത്തകൾ
Top