21 May Monday

ഒത്തുതീര്‍പ്പാവാം, അതിനുവേണ്ടി നഗ്നനാവാനാവില്ല

ശ്രീകുമാരന്‍ തമ്പി/ഡോ. പി എസ് ശ്രീകലUpdated: Friday Mar 10, 2017

ശ്രീകുമാരന്‍ തമ്പിയും പി എസ് ശ്രീകലയും മുഖാമുഖത്തിനിടെ

സ്ത്രീകള്‍ക്ക് ആഭരണങ്ങളോടും വസ്ത്രങ്ങളോടുമുള്ള താല്‍പ്പര്യത്തെ ചൂഷണം ചെയ്യുകയാണ് സീരിയലുകള്‍. അതിനെ വികസിപ്പിച്ച് സീരിയലുണ്ടാക്കുന്നു. അതു മലയാളിസ്ത്രീയുടെ പൊതുസ്വഭാവമല്ല. എന്നാല്‍ അതാണ് പൊതുസ്വഭാവമെന്നനിലയില്‍ അവതരിപ്പിക്കുകയാണ്. അങ്ങനെ അത്യാസക്തിയുള്ളവരാക്കി മാറ്റുന്നു. ഒരുതരം അഡിക്ഷന്‍. നല്ല പ്രേക്ഷകര്‍ക്കു കാണാന്‍ സീരിയലില്ലാത്ത അവസ്ഥ.-മലയാളത്തിന്റെ ദൃശ്യകലാസംസ്കാരത്തെ മലിനീകരിക്കുന്ന ടെലിവിഷന്‍ സീരിയലുകളെക്കുറിച്ചും അവയുടെ പ്രേക്ഷകരെക്കുറിച്ചും കേരളസമൂഹത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പ്രതികരിക്കുന്നു.

മലയാളിയുടെ ദൃശ്യഭാവുകത്വത്തിന് കാല്‍പ്പനികതയുടെയും യാഥാര്‍ഥ്യത്തിന്റെയും സമന്വയമാര്‍ഗം പരിചയപ്പെടുത്തിയ കലാകാരനാണ് ശ്രീകുമാരന്‍ തമ്പി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം, ഗാനരചന തുടങ്ങിയ മേഖലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ പ്രതിബദ്ധത എക്കാലത്തും ശുദ്ധകലയോടാണ്. അതിനര്‍ഥം സമൂഹത്തെ മറക്കുന്നുവെന്നല്ല. ശുദ്ധകലയ്ക്ക് സമൂഹത്തിന്റെ പുരോഗതിയില്‍ നിര്‍ണായകസ്ഥാനമാണുള്ളതെന്നും കച്ചവടകല സമൂഹത്തെ അധഃപതിപ്പിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. നിലവാരത്തകര്‍ച്ച നേരിടുന്ന കച്ചവടകലയുടെ പ്രകടനമാണ് ടെലിവിഷന്‍ പരമ്പരകളെന്ന് ശ്രീകുമാരന്‍ തമ്പി നിരീക്ഷിക്കുന്നു. 13 ടെലിവിഷന്‍ പരമ്പരകള്‍ സംവിധാനംചെയ്ത അദ്ദേഹത്തിന്റെ ഈ നിരീക്ഷണത്തില്‍ വസ്തുനിഷ്ഠതയുണ്ട്. മലയാളത്തിന്റെ ദൃശ്യകലാസംസ്കാരത്തെ മലിനീകരിക്കുന്ന ടെലിവിഷന്‍ സീരിയലുകളെക്കുറിച്ചും അവയുടെ പ്രേക്ഷകരെക്കുറിച്ചും കേരളസമൂഹത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പ്രതികരിക്കുന്നു:

കേരളത്തെ സ്വതന്ത്രമാക്കിയത് കമ്യൂണിസ്റ്റ് പാര്‍ടി

മലയാളികള്‍ക്ക് സ്വാതന്ത്യ്രം  നേടിക്കൊടുത്തത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ലോകത്ത് കമ്യൂണിസം ഏറ്റവുമധികം വിജയിച്ച സമൂഹം കേരളമാണ്. ചൈന, പോളണ്ട്, ഹംഗറി, റഷ്യ തുടങ്ങിയിടങ്ങളിലൊന്നും കമ്യൂണിസം വിജയിച്ചിട്ടില്ല. വിജയിച്ചിരുന്നുവെങ്കില്‍ റഷ്യയിലെ സ്ത്രീകള്‍ ഇന്ന് ഗ്രീസിലും യൂറോപ്പിലും ഉപജീവനത്തിനായി വ്യഭിചരിക്കുന്ന അവസ്ഥയുണ്ടാവുമായിരുന്നില്ല. എന്നാല്‍, കേരളത്തില്‍നിന്ന് കമ്യൂണിസം തുടച്ചുനീക്കാനാവില്ല. അത്രമാത്രം അത് കേരളത്തിന്റെ ഹൃദയത്തില്‍ വേരോടിയിരിക്കുന്നു. കമ്യൂണിസം മലയാളിയുടെ സ്വഭാവമാണ്. അതൊരു ശീലമാണ്. കമ്യൂണിസ്റ്റ് ആശയത്തെ- സ്ഥിതിസമത്വത്തെ- സ്വാംശീകരിച്ചവരാണ് മലയാളികള്‍. സ്ഥിതിസമത്വമെന്ന സങ്കല്‍പ്പത്തെ കഥയാക്കി മാറ്റിയവരാണ് മലയാളികള്‍. അതാണ് ഓണം. സ്ഥിതിസമത്വം മലയാളിയുടെ മനസ്സിലെ സ്വപ്നമാണ്. ആ മനസ്സിനെയാണ് ശ്രീനാരായണഗുരു ഉഴുതുമറിച്ചത്. അവിടെയാണ് പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയവര്‍ വിത്ത് വിതച്ചത്. അത് നൂറുമേനി വിളഞ്ഞു. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നത്. ഇ എം എസിന്റെ ഗവണ്‍മെന്റാണ് കേരളത്തിലെ ജനങ്ങളെ സ്വതന്ത്രരാക്കിയത്. ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമല്ല. കമ്യൂണിസ്റ്റ് പാര്‍ടിക്കുവേണ്ടി പ്രസംഗിക്കാറുമില്ല. പക്ഷേ, ഇതു സത്യമാണ്. സത്യത്തിനുനേരെ എഴുത്തുകാര്‍ക്ക് കണ്ണടയ്ക്കാനാവില്ല.

ഒരുദാഹരണം പറയാം. ഞാന്‍ ഫോര്‍ത്ത് ഫോമില്‍ (ഇന്നത്തെ ഒന്‍പതാം ക്ളാസ്) പഠിക്കുമ്പോള്‍ ഒരുമാസം ആറ് രൂപയാണ് ഫീസ്. ഒരു പവന് അറുപതു രൂപയാണ് അന്ന്. ഇന്ന് ആ അവസ്ഥ തുടര്‍ന്നിരുന്നെങ്കില്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന കുട്ടിക്ക് രണ്ടായിരം രൂപ ഫീസ് കൊടുക്കണം. ഈ അവസ്ഥ ഇല്ലാതാക്കിയത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. അന്ന് ഒരു പറ നെല്ലിന് ഒന്നര രൂപയാണ്. ഒരു കുട്ടിക്ക് ഫോര്‍ത്ത് ഫോമില്‍ പഠിക്കണമെങ്കില്‍ നാലുപറ നെല്ലു വില്‍ക്കണം. അപ്പോള്‍ വ്യക്തമാണല്ലോ, ആര്‍ക്കാവും പഠിക്കാന്‍ കഴിയുകയെന്ന്. എല്ലാവര്‍ക്കും പഠിക്കാന്‍ അവസരമുണ്ടാക്കിയത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയാണ്. പത്താംക്ളാസ് വരെ ഫീസ് വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചത് കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണ്. വിദ്യാഭ്യാസബില്ലുപോലൊരു വിപ്ളവം ഇന്ത്യയിലൊരിടത്തുമുണ്ടായിട്ടില്ല. അധ്യാപകര്‍ക്ക് ഏതു സ്കൂളിലും ഒരേശമ്പളം. അതു നടപ്പിലാക്കിയത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ഭൂമി കര്‍ഷകന്, ഫാക്ടറി തൊഴിലാളിക്ക്. ഇതു യാഥാര്‍ഥ്യമാക്കിയത് കേരളമാണ്. ഭൂമി കര്‍ഷകനുകൊടുത്തു.

150 കൊല്ലമായി പാട്ടകൃഷി ചെയ്തിരുന്നവര്‍ക്കു ഭൂമി നഷ്ടപ്പെട്ടു. അക്കൂട്ടത്തില്‍ ഭൂമി നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. പക്ഷേ, എനിക്കതില്‍ വിഷമമില്ല. കാരണം അത് സ്ഥിതിസമത്വത്തിനുവേണ്ടിയായിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി എല്ലാം ചെയ്തു. തൊഴിലാളികള്‍ക്ക് അവകാശം നല്‍കി. സംഘടിക്കാന്‍ അവസരം നല്‍കി. സ്വാതന്ത്യ്രം ഉണ്ടായത് അതിലൂടെയാണ്. അതു മറക്കാന്‍ പാടില്ല. ജനങ്ങള്‍ അതു മറക്കില്ല. അതുകൊണ്ടാണ് പാര്‍ടിക്കിന്നും പിന്തുണയുള്ളത്. ഇവിടെ വര്‍ഗീയപാര്‍ടികള്‍ക്ക് വളരാനാവില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ട് പിടിച്ചെടുക്കാനാവില്ല. ഉദാഹരണത്തിന്, എന്റെ ജ്യേഷ്ഠന്‍ പി ജി തമ്പിയാണ് ആദ്യമായി ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ മത്സരിച്ചത്. അന്ന് ജ്യേഷ്ഠന് 45000 വോട്ടു കിട്ടി. ഇന്നും പാര്‍ടിക്ക് അവിടെ നാല്‍പ്പത്തിഅയ്യായിരത്തിനും അമ്പതിനായിരത്തിനുമിടയില്‍ വോട്ടുണ്ട്. അത് പാര്‍ടിക്കുള്ള വോട്ടാണ്. അതാണ് കേരളത്തിന്റെ രാഷ്ട്രീയബോധം.

സാക്ഷരതകൊണ്ട് പ്രയോജനമില്ലാതെ പോയി


എന്നാല്‍, ഈ രാഷ്ട്രീയബോധത്തെ വിനോദബോധമാക്കി മാറ്റാന്‍ മലയാളിക്കായിട്ടില്ല. ഇതു പറയുമ്പോള്‍ രാഷ്ട്രീയനാടകങ്ങള്‍ വിജയിച്ച നാടാണ് കേരളമെന്നും ഓര്‍ക്കണം. തോപ്പില്‍ ഭാസി പാര്‍ടിക്കുവേണ്ടിയാണ് നാടകങ്ങള്‍ എഴുതിയത്. കേരളത്തെ കേരളമാക്കിയതില്‍ കെപിഎസിയുടെ നാടകങ്ങള്‍ക്കുള്ള പങ്ക് മറക്കാവുന്നതല്ല. തൊഴിലാളികളുടെ ജീവിതസംഘര്‍ഷങ്ങള്‍ കലയില്‍ അവതരിപ്പിക്കപ്പെട്ടു. അവിടെ നിന്ന് സംതൃപ്തിയുടെ കാലത്തേക്ക് കേരളം വന്നു. കമ്യൂണിസ്റ്റ് പാര്‍ടിയാണ് അതിനു കാരണമായത്. അതോടെ സാധാരണക്കാരുടെ ഉള്ളിലെ അവകാശത്തിനായുള്ള തീപ്പൊരി അടങ്ങി. ഇത് മലയാളികളെ നിസ്സംഗരാക്കിമാറ്റി. വിദ്യാഭ്യാസത്തെ ജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിയാതെപോയ സമൂഹമാണ് കേരളം.  അക്കാദമിക് നേട്ടങ്ങള്‍ ജ്ഞാനമായി പരിവര്‍ത്തിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല.

കല കരുണത്തെ കൈവെടിഞ്ഞപ്പോള്‍

ഏതു കലയുടെയും ആത്യന്തികമായ ലക്ഷ്യം സാംസ്കാരികവളര്‍ച്ചയാണെന്നു പറഞ്ഞാലും അതു വിനോദവും ലക്ഷ്യംവയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് കാളിദാസന്റെ മഹത്തായ നാടകങ്ങളില്‍ ഫലിതകഥാപാത്രങ്ങളെ കാണുന്നത്. നവരസങ്ങളിലൊന്ന് വിനോദത്തിനുവേണ്ടിയുള്ളതാണ്. എന്നാല്‍, പ്രേക്ഷകരെ ഏറ്റവുമധികം പിടിച്ചിരുത്തുന്നത് കരുണമാണ്. 'കരുണമൊരുരസംതാന്‍ ഹേതുഭേദേന നാനാ പരിണതിയെ വഹിക്കുന്നിതേ മാറി മാറി' എന്ന് ഭവഭൂതി പറയുന്നുണ്ടല്ലോ. സിനിമകളില്‍ കരുണരസത്തിന് പ്രാധാന്യമുണ്ടായിരുന്നു.

കലാംശമുള്ള എല്ലാത്തിലും കരുണമുണ്ട്. ക്രമേണ വിനോദമെന്നാല്‍ മറ്റെന്തോ ആണെന്ന ധാരണ വന്നു. ഫലിതം മാത്രമാകുന്ന സ്ഥിതിയായി. കരുണമില്ലാതായി. ഫലിതം മാത്രമായപ്പോള്‍ സ്ത്രീകള്‍ക്കു സ്ഥാനമില്ലാതായി. ആദ്യകാല സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കായിരുന്നു പ്രാധാന്യം. സത്യന്‍, മധു, നസീര്‍ എന്നൊക്കെ പറയുമെങ്കിലും കഥാപാത്രങ്ങളില്‍ സ്ത്രീകള്‍ക്കായിരുന്നു പ്രാധാന്യം. പി ഭാസ്കരന്‍, വിന്‍സന്റ് മാഷ്, സേതുമാധവന്‍ തുടങ്ങിയവരെല്ലാം നായികാപ്രാധാന്യമുള്ള സിനിമകള്‍ ചെയ്തവരാണ്. പെട്ടെന്ന് സ്ത്രീക്കൊരു പ്രാധാന്യവുമില്ലെന്ന അവസ്ഥ വന്നു. ഇത് സ്ത്രീകളെ അസ്വസ്ഥരാക്കി. അവര്‍ പ്രതികരിക്കുന്നില്ലെങ്കിലും അവരില്‍ ആ അസ്വസ്ഥതയുണ്ട്. സിനിമയില്‍ നമ്മുടെ ജീവിതമില്ലെന്ന തോന്നല്‍ വന്നു വീട്ടമ്മമാര്‍ക്ക്.

സ്ത്രീയുടെ മനസ്സിന് പ്രാധാന്യമില്ലാത്ത അവസ്ഥ വന്നു. നായകനുവേണ്ടിയായി മാറി തിരക്കഥ. ഈ വിടവിലേക്കാണ് ടെലിവിഷന്‍ പരമ്പരകള്‍ കടന്നുവന്നത്. 1990 കള്‍ മുതല്‍ സീരിയലുകള്‍ വ്യാപകമായി. സീരിയലില്‍ സ്ത്രീകഥാപാത്രത്തിനു പ്രാധാന്യം വന്നു. അത് ഏതുതരത്തിലുള്ളതെന്നത് മറ്റൊരു വിഷയമാണ്. എന്തായാലും ഞങ്ങള്‍ സീരിയലിലുണ്ടെന്ന് സ്ത്രീകള്‍ക്ക് തോന്നിത്തുടങ്ങി. സിനിമയില്‍ കിട്ടിയിരുന്നത് വീട്ടില്‍ കിട്ടുന്ന സ്ഥിതി വന്നു.തുടര്‍ക്കഥയില്‍നിന്ന് ടെലിവിഷന്‍ പരമ്പരയിലേക്ക്

വായനസംസ്കാരത്തില്‍ വന്ന മാറ്റമാണ് മറ്റൊരു സവിശേഷത. എഴുത്തിലും വന്നു ആ മാറ്റം. ആഴ്ചപ്പതിപ്പുകളില്‍ വന്ന തുടര്‍ക്കഥകള്‍. വലിയ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കു വായിക്കാവുന്ന സാധാരണ എഴുത്ത് വ്യാപകമായി. ഞാന്‍ അതിനെ പൈങ്കിളിസാഹിത്യം എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകളെ വായനയിലേക്കു കൊണ്ടുവന്നത് മുട്ടത്തുവര്‍ക്കിയാണ്. സിനിമയാക്കി പരാജയപ്പെടാത്ത നോവലുകള്‍ വര്‍ക്കിയുടേതുമാത്രമാണ്. അവ പൈങ്കിളിയല്ല, ജനകീയമാണ്. ആ വഴി കൂടുതല്‍ പേര്‍ സഞ്ചരിച്ചു.
തുടര്‍ച്ചയായി കഥ വായിക്കുന്ന സ്വഭാവം മലയാളി സ്ത്രീകള്‍ക്കുണ്ടായി. ഉദ്വേഗജനകമായ ആ വായനയുടെ ഇടം പരമ്പരകള്‍ ഏറ്റെടുത്തു. സിനിമപോലെ സ്ത്രീകള്‍ക്കതു സ്വീകാര്യമായി. വായിച്ചിരുന്നതുപോലെ തുടര്‍ച്ചയായി കാണാനാവുന്നത് കൂടുതല്‍ ആകര്‍ഷകമായി. ടെലിവിഷന്‍ സീരിയലുകള്‍ വ്യാപകമായി.

പരമ്പരകളില്‍ ഞാന്‍ കണ്ട സാധ്യത

സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധം ഇല്ലാതായത് വാസ്തവത്തില്‍ ദുരന്തമായിരുന്നു.  അതു തിരിച്ചുകൊണ്ടുവരാനാണ് പരമ്പരകളിലൂടെ ഞാന്‍ ശ്രമിച്ചത്. എനിക്ക് സിനിമയില്‍ ചെയ്യാനാവാത്തത് സീരിയലുകളിലൂടെ ചെയ്യാമെന്ന് കരുതി. മാത്രമല്ല, സിനിമയില്‍ താരമേധാവിത്വത്തിന് അടിമപ്പെടണം. സീരിയലില്‍ അതു വേണ്ടെന്നത് സൌകര്യമായി ഞാന്‍ കരുതി. അതില്‍ സ്ത്രീകളുടെ മനസ്സ് കൊണ്ടുവരാന്‍ ശ്രമിച്ചു. ചട്ടമ്പിക്കല്യാണി പോലെയുള്ള സിനിമകള്‍ എന്റെ ഒത്തുതീര്‍പ്പിന്റെ ഭാഗമായിരുന്നു. അത് സീരിയലില്‍ വേണ്ടിവരില്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു.

എന്‍ മോഹനന്റെ കഥകളാണ് ആദ്യം ഞാന്‍ പരമ്പരയാക്കിയത്. എം ടി കഴിഞ്ഞാല്‍ കഥാലോകത്ത് എന്നെപ്പോലുള്ളവരുടെ മനസ്സിലുള്ളത് എന്‍ മോഹനനാണ്. ഞാന്‍ ഏറ്റവുമിഷ്ടപ്പെടുന്ന ചെറുകഥാകൃത്താണദ്ദേഹം. ആ ചെറുകഥകള്‍ സത്ത ചോരാതെ പരമ്പരയാക്കാനാണ് ഞാന്‍ ശ്രമിച്ചത്. 'മോഹനദര്‍ശനം' എന്ന പേരില്‍ അര മണിക്കൂര്‍ വീതമുള്ള എപ്പിസോഡുകളായിരുന്നു. അതിനുശേഷമാണ് 'മേളപ്പദ'മെന്ന സീരിയല്‍ ചെയ്തത്. കലാമണ്ഡലം ഹൈദരലിയെ മനസ്സില്‍ വച്ചാണ് അതു ചെയ്തത്. ഒരു മുസ്ളിമിന് സോപാനസംഗീതത്തില്‍ താല്‍പ്പര്യം. അതുപഠിക്കാന്‍ അയാളൊരു ക്ഷേത്രഗ്രാമത്തില്‍ വരുന്നു. അവിടെ സോപാനസംഗീത വിദ്വാനായിരുന്ന വ്യക്തിയുടെ വീടു തേടിപ്പിടിക്കുന്നു. അദ്ദേഹം മരിച്ചുപോയിരുന്നു. അതൊരു ചെറിയ വാര്‍ത്തയേ ആയള്ളൂ പത്രങ്ങള്‍ക്ക്. അയാളുടെ ദരിദ്രകുടുംബത്തെ മുസ്ളിം രക്ഷിക്കുകയാണ്.

മതനിരപേക്ഷമൂല്യം വെളിപ്പെടുത്തുന്ന പ്രമേയമായിരുന്നു അത്. 'മോഹനദര്‍ശന'വും 'മേളപ്പദ'വും വിജയിച്ചു. പ്രേക്ഷകര്‍ അതു സ്വീകരിച്ചു. അഗതികളായ ഹിന്ദുകുടുംബത്തെ രക്ഷിക്കുന്ന മുസ്ളിമിനെ മലയാളി അംഗീകരിച്ചു. മുസ്ളിമിന്റെ സോപാനസംഗീത താല്‍പ്പര്യം മലയാളി അംഗീകരിച്ചു. മലയാളിയുടെ കലാസ്വാദനനിലവാരത്തെ ഇകഴ്ത്തിക്കാണിക്കുകയാണ് ഇന്ന്. പ്രേക്ഷകരാവശ്യപ്പെടുന്നത് നല്‍കുന്നു എന്നു പറയുന്നു. അതു ശരിയല്ല. മൂല്യമുള്ളതു നല്‍കിയാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും.

കച്ചവടകലയുടെ ആധിപത്യം


ചന്ദ്രക്കല എസ് കമ്മത്തിന്റെ 'ഭിക്ഷ' എന്ന നോവല്‍ 'അക്ഷയപാത്ര'മെന്ന പേരില്‍ ഞാന്‍ പരമ്പരയാക്കി. ഏഷ്യാനെറ്റിലുണ്ടായിരുന്ന ശശികുമാര്‍ ആവശ്യപ്പെട്ടിട്ടാണ് അതു ചെയ്തത്. കൈരളിയുടെ പിന്നണിയില്‍ ശശികുമാര്‍ പ്രവര്‍ത്തിക്കുന്ന സമയമാണത്. എന്നാല്‍ അത് സമര്‍പ്പിച്ചപ്പോള്‍ പി ടി കുഞ്ഞുമുഹമ്മദ്, വി കെ  ജോസഫ്, കെ ആര്‍ മോഹനന്‍, സിദ്ധാര്‍ഥ്മേനോന്‍ തുടങ്ങിയവര്‍ അതു സ്വീകരിച്ചില്ല, 99 ലാണ്. കെ ആര്‍ മോഹനന്‍ പറഞ്ഞു, ഓവര്‍ സെന്റിമെന്റലായിപ്പോയെന്ന്.

ഞാന്‍ അത് ഏഷ്യാനെറ്റിനു കൊടുത്തു. ഇപ്പോള്‍ മാതൃഭൂമിയിലുള്ള മോഹനന്‍നായരായിരുന്നു അന്ന് ഏഷ്യാനെറ്റിന്റെ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍. മോഹനന്‍നായര്‍ അതു സ്വീകരിച്ചു. ആഴ്ചയിലൊരിക്കല്‍ പോരാ, എല്ലാ ദിവസവും സംപ്രേഷണം വേണമെന്ന് എന്നോട് ആവശ്യപ്പെട്ടു. കൂടുതല്‍ എപ്പിസോഡ് ചെയ്യാന്‍ പൈസയില്ലെന്ന് ഞാന്‍ പറഞ്ഞു. മോഹനന്‍നായര്‍ അപ്പോള്‍ത്തന്നെ അഡ്വാന്‍സ് തന്നു. സ്ത്രീ എന്ന സീരിയല്‍ ഏഷ്യാനെറ്റ് പിടിച്ചടക്കിയിരിക്കുന്ന കാലമാണത്. എന്റെ പരമ്പര നോണ്‍ പ്രൈം ടൈമില്‍ പെടുത്താന്‍ പോകുകയാണെന്ന് മോഹനന്‍ നായര്‍ പറഞ്ഞു. പ്രേക്ഷകരെ കിട്ടില്ലെന്ന് ഞാന്‍ ആശങ്കപ്പെട്ടു. പക്ഷേ, 6.30നു സംപ്രേഷണം ചെയ്ത ആ സീരിയല്‍ നമ്പര്‍ വണ്‍ ആയി.

500 എപ്പിസോഡ് വേണമെന്ന് ഏഷ്യാനെറ്റിലെ മാധവന്‍ ആവശ്യപ്പെട്ടു. ഒരു നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന സീരിയല്‍ തോന്നുന്നതുപോലെ നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. 104 ല്‍ തീരേണ്ടതാണ്, വേണമെങ്കില്‍ 110 ആക്കാമെന്ന് ഞാന്‍ അറിയിച്ചു. 110 ല്‍ അവസാനിപ്പിച്ചു.

എന്റെ അടുത്ത സീരിയല്‍ 'സപത്നി' ആയിരുന്നു. അതും ചന്ദ്രക്കലയുടെ നോവല്‍ തന്നെയാണ്. അപ്പോഴേക്കും സീരിയലുകളുടെ സ്വഭാവം പൂര്‍ണമായും മാറിയിരുന്നു. സൂര്യാടിവിയിലെ 'പൊരുത്ത'വും 'സപത്നി'യും തമ്മിലായിരുന്നു മത്സരം. സപത്നിക്ക് ഒരാഴ്ച റേറ്റിങ് ഒരു പോയിന്റ് കുറഞ്ഞു. ഏഷ്യാനെറ്റിന്റെ സ്വഭാവം മാറി. റേറ്റിങ് കൂട്ടാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഏഷ്യാനെറ്റ് പറഞ്ഞു. 'പൊരുത്തം' പോലൊരു സീരിയലെടുക്കാന്‍ എനിക്കാവില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ 45 എപ്പിസോഡില്‍ അര്‍ധവിരാമത്തില്‍ 'സപത്നി' അവസാനിച്ചു. ഒത്തുതീര്‍പ്പാവാം. അതിന്റെ പേരില്‍ നഗ്നനാവാനാവില്ല. അതെന്റെ നയമാണ്. അതുകൊണ്ട് മാറ്റം വരുത്താനാവില്ല, നിര്‍ത്തിത്തരാമെന്ന് ഞാന്‍ പറഞ്ഞു.
കുറച്ചുനാളുകള്‍ക്കുശേഷം മാധവന്‍ വീണ്ടും പറഞ്ഞു. മറ്റൊരു സീരിയല്‍ വേണമെന്ന്. സപത്നി തുടരാമെന്ന് ഞാന്‍ പ്രതികരിച്ചു. അതു റിപ്പീറ്റ് ആണെന്നു കരുതുമെന്ന് മാധവന്‍. അതുകൊണ്ട് 'അക്കരപ്പച്ച' എന്ന പേരില്‍ 'സപത്നി' തുടര്‍ന്നു. ബ്രാക്കറ്റില്‍ സപത്നി രണ്ടാം ഭാഗം എന്നുകൊടുത്തു.

അടുത്ത സീരിയല്‍ 'ദാമ്പത്യഗീതങ്ങള്‍' ആയിരുന്നു. ഒരു കലാകാരിക്ക് നേരിടേണ്ടിവരുന്ന ദാമ്പത്യപ്രശ്നങ്ങള്‍ ആയിരുന്നു പ്രമേയം. കലാകാരി മാത്രമല്ല, കുടുംബവൃത്തത്തിനപ്പുറം പോകുന്ന ഏതൊരു മേഖലയിലുള്ള സ്ത്രീക്കും ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളെ നേരിടേണ്ടിവരും. അത് ഞാനെഴുതിയ കഥയായിരുന്നു. മകനാണ് സംവിധാനം ചെയ്തത്. എന്റെ കഥകള്‍ നിലവാരം കൂടുതലായതുകൊണ്ട് പ്രേക്ഷകരെ കിട്ടുന്നില്ലെന്ന് ചാനലുകള്‍ പറഞ്ഞുതുടങ്ങി.

മലയാളിയെ മറക്കുന്ന മലയാളപരമ്പരകള്‍


മലയാള സീരിയലുകള്‍ക്ക് മലയാളസംസ്കാരം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. അവ ഹിന്ദിസീരിയലുകളെ അനുകരിക്കാന്‍ തുടങ്ങി. മലയാളിയുടെ സംസ്കാരമല്ല അതിലുള്ളത്. ഉദാഹരണത്തിന്, ഉത്തരേന്ത്യയിലാണ് മരുമകളെ കൊല്ലുന്ന അമ്മായിയമ്മമാരുള്ളത്. കേരളത്തിന്റെ സംസ്കാരമല്ല അത്. ഇന്ന് മലയാളം സീരിയലുകള്‍ അവതരിപ്പിക്കുന്നത് ശത്രുത നിറഞ്ഞ സ്ത്രീബന്ധങ്ങളെയാണ്.

അതുപോലെ, സ്ത്രീകള്‍ക്ക് ആഭരണങ്ങളോടും വസ്ത്രങ്ങളോടുമുള്ള താല്‍പ്പര്യത്തെ ചൂഷണം ചെയ്യുകയാണ് സീരിയലുകള്‍. അതിനെ വികസിപ്പിച്ച് സീരിയലുണ്ടാക്കുന്നു. അതു മലയാളിസ്ത്രീയുടെ പൊതുസ്വഭാവമല്ല. എന്നാല്‍ അതാണ് പൊതുസ്വഭാവമെന്നനിലയില്‍ അവതരിപ്പിക്കുകയാണ്. അങ്ങനെ അത്യാസക്തിയുള്ളവരാക്കി മാറ്റുന്നു. ഒരുതരം അഡിക്ഷന്‍. നല്ല പ്രേക്ഷകര്‍ക്കു കാണാന്‍ സീരിയലില്ലാത്ത അവസ്ഥ.

ലാഭത്തിനുവേണ്ടി അടിമയാവാനില്ല


ഞാന്‍ ലാഭം നോക്കിയല്ല സിനിമയും സീരിയലുകളും ചെയ്തത്. ഇപ്പോള്‍ ചാനലുകള്‍ എനിക്ക് സ്ളോട്ട് തരാറില്ല. പ്രേക്ഷകരില്ല എന്റെ സീരിയലുകള്‍ക്ക് എന്നാണ് പറയുന്നത്. എനിക്ക് മദ്യക്കച്ചവടത്തിന് താല്‍പ്പര്യമില്ല. സീരിയല്‍ രംഗത്ത് മദ്യക്കച്ചവടമാണ് നടക്കുന്നത്. എന്നിട്ട് പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നു. അതു ശരിയല്ല. പാല്‍ കുടിച്ചുകൊണ്ടിരുന്നവര്‍ക്ക് മദ്യം നല്‍കി അവരെ മദ്യത്തിന് അടിമകളാക്കി. എന്നിട്ടു പറയുന്നു, അവര്‍ പാല്‍ കുടിക്കുന്നില്ലെന്ന്. വാസ്തവത്തില്‍ മലയാളിയുടെ കാഴ്ചാസംസ്കാരം നശിപ്പിച്ചത് ഇവിടത്തെ ചാനലുകളാണ്. എല്ലാ ചാനലിനും അതില്‍ പങ്കുണ്ട്.

അത്യന്തം ദയനീയമാണത്. നോക്കൂ, 'പെരുന്തച്ചന്‍' എന്ന സിനിമ നിര്‍മിച്ച ആളാണ് ഇപ്പോള്‍ 'ചന്ദനമഴ'യും 'കറുത്തമുത്തും' നിര്‍മിക്കുന്നത്. അതിന് നിര്‍ബന്ധിതരാവുകയാണ്. അതില്‍ വീഴാന്‍ ഞാനില്ല. ചന്ദനമഴ പോലൊരു സീരിയലെടുത്ത് എനിക്ക് പണക്കാരനാവണ്ട. നിലവാരമുള്ള പരമ്പര വേണ്ടെന്ന് ചാനലുകള്‍ പറഞ്ഞാല്‍ ചെറിയ ഷോര്‍ട്ട്ഫിലിം എടുത്ത് യു ട്യൂബിലിടും. അവിടെ റേറ്റിങ് ഇല്ലല്ലോ. ഞാന്‍ കലാമൂല്യം വാരി വിതറി എന്നൊന്നും പറയുന്നില്ല. എന്നാല്‍, ചാനലിന്റെയും നായകന്റെയും അടിമയായി നില്‍ക്കാന്‍ ഞാനില്ല.

യുക്തിരഹിതമായ സെന്‍സര്‍ഷിപ്പ്


പരമ്പരകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇവിടെ തലകീഴായ യുക്തിയാണ് പ്രവര്‍ത്തിക്കുന്നത്. തിയേറ്ററില്‍ കാണിക്കുന്ന സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് വേണം, കുടുംബത്തിനുള്ളില്‍, വീടിനുള്ളില്‍ കാണിക്കുന്ന സീരിയലില്‍ സെന്‍സര്‍ഷിപ്പില്ല! എന്തൊരു വൈരുധ്യമാണത്. സീരിയലില്‍ സെന്‍സര്‍ഷിപ്പ് പ്രായോഗികമല്ലെന്നാണ് പറയുന്നത്. ശരിയായിരിക്കാം. അതംഗീകരിക്കുന്നു. പക്ഷേ, അങ്ങനെയാകുമ്പോള്‍, സിനിമയുടെ സെന്‍സര്‍ഷിപ്പും വേണ്ടെന്നുവയ്ക്കണം. അല്ലാത്തപക്ഷം അത് യുക്തിരഹിതമല്ലേ? ഭീകരമായ വയലന്‍സ് ആണ് സീരിയലില്‍. ക്രൂരതകളാണ് നിറയെ. അതു തുടരാന്‍ അനുവദിക്കുകയും സിനിമയെ നിയന്ത്രിക്കുകയും ചെയ്യുന്നത് അര്‍ഥശൂന്യമാണ്.

വാര്‍ധക്യത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച എന്റെ സിനിമയായിരുന്നു 'അമ്മയ്ക്കൊരു താരാട്ട്'. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു അതില്‍ കഞ്ചാവ്, കറുപ്പ് എന്നീ പദങ്ങള്‍ വരുന്നുണ്ട്, അതു പാടില്ലെന്ന്. ഒഴിവാക്കി, അനുസരണശീലമുള്ള വിദ്യാര്‍ഥിയെപ്പോലെ ഞാന്‍ അത് ഒഴിവാക്കി. പക്ഷേ, ബോക്സോഫീസ് ഹിറ്റായ 'പുലിമുരുകനി'ലെ മുഖ്യപ്രമേയം കഞ്ചാവുകടത്തലാണ്! എന്തൊരു വൈരുധ്യമാണത്. അതുകൊണ്ട് പ്രായോഗികതയല്ല, യുക്തിയാണ് പ്രധാനം. യുക്തിരാഹിത്യത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.

മാധ്യമസാക്ഷരത അനിവാര്യം

ചാനലുകള്‍ സ്ത്രീകളെയും സമൂഹത്തെയും സ്വാധീനിക്കുന്നു. സ്ത്രീകളുടെ ദൌര്‍ബല്യങ്ങളെ വര്‍ധിപ്പിക്കാനാണ് ചാനലുകള്‍ ശ്രമിക്കുന്നത്. അവരെ ശാക്തീകരിക്കാനാണ് യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടത്. സ്ത്രീകളോടുള്ള സമീപനം മാറണം. അതിന് കേരളത്തില്‍ മാധ്യമസാക്ഷരത അനിവാര്യമാണ്.  നാലു സാഹിത്യകാരന്മാരോ കോളേജ് അധ്യാപകരോ ഒക്കെ ഒരുമിച്ചു ചേര്‍ന്നാല്‍ പെണ്ണിനെക്കുറിച്ചാണ് സംസാരിക്കുക. സ്ത്രീകളോട് ബഹുമാനമില്ല. സാക്ഷരതയുണ്ട്, വിദ്യാഭ്യാസമുണ്ട്. ഇതാണ് സ്ഥിതി. അതുകൊണ്ടാണ് ചാനലുകള്‍ക്ക് വര്‍ഗീയത വളര്‍ത്താന്‍ കഴിയുന്നത്. വര്‍ഗീയതയെ കലയിലൂടെ ചെറുക്കണം. അവാര്‍ഡ് തിരിച്ചുകൊടുക്കുന്നതാണ് വര്‍ഗീയതയ്ക്കെതിരായ പ്രതിരോധമെന്ന് ഞാന്‍ കരുതുന്നില്ല. അവാര്‍ഡിന് ഒരാഴ്ചയേ മൂല്യമുള്ളൂ. പിന്നെ അത് ഒരു ഉപഹാരം മാത്രമാണ്. ഒരു സാധനം. ആ ഉപഹാരം തിരിച്ചുകൊടുക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? .

 

ദേശാഭിമാനി വാരികയില്‍ നിന്ന്
  

പ്രധാന വാർത്തകൾ
Top