10 December Monday

അഭിനയ ദേവി

ഡോ. രാധിക സി നായര്‍Updated: Sunday Feb 25, 2018

എണ്‍പതുകളുടെ തുടക്കം. യൌവനത്തിലേക്ക് ഞങ്ങള്‍ പദമൂന്നാന്‍ തുടങ്ങുമ്പോഴാണ് കേരളത്തില്‍ ടെലിവിഷന്‍ യുഗം ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1982 നവംബര്‍ 19ന് ലോ പവര്‍ ട്രാന്‍സ്മിഷന്‍. ഫിലിം മാഗസിനുകളിലൂടെ, വല്ലപ്പോഴും മാത്രം കാണുന്ന ചലച്ചിത്രങ്ങളിലൂടെ, പത്രവാര്‍ത്തകളിലുടെ, റേഡിയോയിലൂടെ പരിചിതമായ സാംസ്കാരിക-രാഷ്ട്രീയ ചലച്ചിത്ര നായകര്‍ വീട്ടിനുള്ളിലെ നിത്യസന്ദര്‍ശകരാകാന്‍ തുടങ്ങി. ചിത്രഹാറും ഹിന്ദി-തമിഴ് ചലച്ചിത്രങ്ങളുംകൂടി ഞങ്ങളെ താര ആരാധകരാക്കി. ഫിലിം മാഗസിനില്‍ കണ്ട ചിത്രങ്ങള്‍ പൊടുന്നനെ ചലിക്കാന്‍ തുടങ്ങിയതും അവരെ തുടരെത്തുടരെ കാണാനായതും കൌമാര-യൌവനകാലം പ്രണയസ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറംപകര്‍ന്നു. തമിഴ് ചന്തമുള്ള, വിടര്‍ന്ന കണ്ണും തടിച്ച ചുണ്ടും കുസൃതിനിറഞ്ഞ മുഖവുമുള്ള ശ്രീദേവിയായിരുന്നു ഞങ്ങളുടെ ഹീറോയിന്‍. കമല്‍ഹാസന്‍-ശ്രീദേവി കൂട്ടുകെട്ട് ഭാഗ്യതാരങ്ങളും. അവര്‍ തമ്മില്‍ വിവാഹിതരാകുമെന്നും, ആകില്ലെന്നും, ആകട്ടെയെന്നും കണക്കുകൂട്ടി. അവ തെറ്റിയപ്പോള്‍ നിരാശരാവുകയോ സന്തോഷിക്കുകയോ ചെയ്തു.

പൂജപ്പുരയിലെ എന്റെ ബന്ധുവിന്റെ തുന്നല്‍ക്കടയില്‍ തൂക്കിയ കലണ്ടറിലെ മോഡല്‍ ഇടത്തേക്കു മുഖം ചരിച്ച് പ്രണയകടാക്ഷമെറിയുന്ന ശ്രീദേവിയായിരുന്നു. ഇടതുതോളിലൂടെ അലസമായി അഴിച്ചിട്ട മുടി മുന്നിലേക്കിട്ട് പിങ്ക് നിറമുള്ള ഫ്രോക്കണിഞ്ഞ രൂപം എത്രയോകാലം എന്റെ ഹൃദയത്തെ മഥിച്ചു. ബ്യൂട്ടിപാര്‍ലറുകളോ സൌന്ദര്യവര്‍ധക വിപണനശാലകളോ ഇല്ലാത്ത, മുടിവെട്ടണമെങ്കില്‍ തയ്ക്കുന്ന ചേച്ചിമാരുടെ കത്രികകളെ ശരണം പ്രാപിച്ച കാലത്ത് അറ്റം മുറിച്ച, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സ്മൂത്തന്‍ ചെയ്ത മുടിയുള്ള ആ മോഡല്‍ സ്വത്വബോധത്തെക്കുറിച്ചുള്ള തിരിച്ചറിവ് വരാത്ത പ്രായത്തില്‍ ഞങ്ങളുടെ അപകര്‍ഷതാബോധത്തിന് ആക്കംകൂട്ടി. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ചലച്ചിത്രങ്ങളിലെ തിളക്കമാര്‍ന്ന ആ താരം എന്റെ അസൂയയുടെ, കുശുമ്പിന്റെ ഉത്ഭവകേന്ദ്രംകൂടിയായി. ദൂരദര്‍ശനിലൂടെയാണ് ശ്രീദേവിയുടെ ഒട്ടുമുക്കാല്‍ ചിത്രവും കണ്ടത്. പതിനാറ് വയതനിലെ, മീണ്ടും കോകില, പ്രേമാഭിഷേകം, മൂന്നാംപിറ എന്നീ തമിഴ് ചിത്രങ്ങളും ഹിമ്മത്വാല, തോഫ, മക്സദ്, നസ്റാന, മി. ഇന്ത്യ, സദ്മ, നാഗിന, ജൂഡായി തുടങ്ങി 'ഇംഗ്ളീഷ് വിംഗ്ളീഷ്' വരെയും അവസാനം 'മോം' അടക്കം കണ്ടത് ദൂരദര്‍ശനിലും മറ്റുചാനലുകളിലുമാണ്.
നാലാം വയസ്സില്‍ അഭിനയരംഗത്തെത്തിയ ശ്രീദേവിയുടെ 'തുണൈവന്‍' എന്ന ആദ്യചിത്രം കണ്ടിട്ടില്ല. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ 'പൂമ്പാറ്റ' കാണാന്‍ അവസ രമുണ്ടായി. കുട്ടിയായിരിക്കുമ്പോള്‍ അഭിനയിച്ച അതില്‍ അവര്‍ പ്രകടിപ്പിച്ച കൈയടക്കം അതിശയിപ്പിക്കുന്നത്. സംവിധായകന്റെ ചിട്ടകള്‍ക്കപ്പുറത്തേക്ക് കടക്കാതെ, ഫ്രെയിമിനുള്ളില്‍ ഒതുക്കുന്ന അഭിനയമായിരുന്നില്ല ശ്രീദേവിയുടേത്. അനായാസാമായിരുന്നു ചലനങ്ങള്‍. കണ്ണുകളില്‍ കുസൃതിയും ഭാവവും നിറഞ്ഞുകവിഞ്ഞു.കുമാരസംഭവത്തിലെ മുരുകന്റെ വേഷം തുടങ്ങി ദേവരാഗത്തിലെ നായികഥാപാത്രംവരെ എത്ര ചടുലമായിരുന്നു അഭിനയത്തികവ്. 

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നായിക. പ്രായത്തിനും കാലത്തിനും തോല്‍പ്പിക്കാനാവത്ത സൌന്ദര്യത്തികവോടെ അഭിനയത്തിലേക്ക് മടങ്ങിയെങ്കിലും ആ മുഖസൌന്ദര്യത്തിന് അലങ്കാരമായിരുന്നതും, അതല്ലായെന്ന് അവര്‍ക്കോ മറ്റാരാധകര്‍ക്കോ തോന്നിയതിനാല്‍ മാറ്റിവയ്ക്കപ്പെട്ട ചുണ്ടോടെയും മൂക്കോടെയും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതുമൊക്കെ വാര്‍ത്തകളായി. എന്നിട്ടും ശ്രീദേവി എന്ന സൌന്ദര്യം ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു. പുതുക്കിയ മൂക്കും ചുണ്ടും അവര്‍ക്കു ചേരുന്നില്ലല്ലോയെന്ന് ആശങ്കപ്പെട്ടു. 'ഇംഗ്ളീഷ് വിംഗ്ളീഷ്' പലതവണ കണ്ടു. മൂന്നാംപിറൈയിലെ ഗാനഗന്ധര്‍വന്‍ കേരളത്തെ പാടിയുറക്കിയ ആ താരാട്ടുപാട്ടില്‍ വിരലുണ്ടുമയങ്ങുന്ന പൊട്ടിപ്പെണ്ണിന്റെ കുസൃതിച്ചന്തം കണ്ട് വീണ്ടും കൊതിച്ചു. ദേവരാഗത്തിലെ ഹാഫ്സാരിച്ചുറ്റില്‍ എത്രമനോഹരമാണ് അവര്‍ എന്ന് അതിശയിക്കുകയും ചെയ്തു. അഞ്ചര മീറ്റര്‍ സാരിയുടുത്താലും മനോഹരമായി നൃത്തംചെയ്യാന്‍ കഴിയുന്ന ആ മിടുക്ക് കണ്ട് കൊതിച്ചു. ശരിക്കും ശ്രീദേവിയായിരുന്നു അവര്‍. ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ കുടുംബത്തിനുവേണ്ടി അഭിനയം മാറ്റിവച്ച ഒരുവള്‍. കലയ്ക്ക് നൂറുശതമാനവും സമര്‍പ്പിതമായിരുന്നു ആ ജീവിതം. സൌന്ദര്യമായിരുന്നു അവരുടെ സൌഭാഗ്യങ്ങളിലൊന്ന്. തികഞ്ഞ അഭിനേത്രിയായ ശ്രീദേവി മരണത്തിലും പ്രൌഢിയും അന്തസ്സും നിലനിര്‍ത്തി.

വിവാഹസത്കാരവേളയില്‍ സുന്ദരമായി അണിഞ്ഞൊരുങ്ങി ഏത് ക്യാമറയ്ക്കും വിഭവമായ സൌന്ദര്യത്തെ വെള്ളിവെളിച്ചത്തുനിര്‍ത്തി തിരശ്ശീലപ്പുറത്തേക്ക് ഒരു വിടവാങ്ങല്‍. മരണത്തിലും തന്റെ മനോഹാരിത ലോകത്തിന്റെ കണ്ണുകള്‍ക്ക് വിഷയമാക്കിയുള്ള ആ വിയോഗമുണ്ടല്ലോ-ശ്രീദേവി എന്നെ വിഷമിപ്പിക്കുന്നു; വീണ്ടുമൊരു അസൂയക്കാരിയാക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top