Top
24
Wednesday, January 2018
About UsE-Paper

സോളാറില്‍ നാണം മറയ്ക്കാന്‍ മനോരമയുടെ പാഴ്‌വേല

Saturday Oct 14, 2017
എം രഘുനാഥ്


തിരുവനന്തപുരം > സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചതോടെ തുണി ഉരിഞ്ഞുപോയ കോണ്‍ഗ്രസ് നേതാക്കളുടെ നാണം മറയ്ക്കാന്‍ മലയാള മനോരമയുടെ നാണംകെട്ട കൈത്താങ്ങ്. നെറികെട്ട പൊതുജീവിതത്തിന്റെ കഥകള്‍ ഓരോന്നും സത്യമാണെന്ന് തെളിഞ്ഞതോടെ പിടിച്ചുനില്‍ക്കാനാകാതെ മുങ്ങിത്താഴുന്നവര്‍ക്ക് കച്ചിത്തുരുമ്പാകാന്‍ പച്ച നുണ പടച്ചുവിട്ടും വസ്തുതകളെ പൂര്‍ണമായും വളച്ചൊടിച്ചും മനോരമ അവസാന അടവും പയറ്റുകയാണ്.

സോളാര്‍ അന്വേഷണം ഏറ്റെടുക്കാന്‍ സംഘത്തലവനായ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനും ഐജി ദിനേന്ദ്രകശ്യപിനും മടിയെന്നാണ് ഒന്നാംപേജിലെ നുണ. എന്നാല്‍, മനോരമ ലേഖകര്‍ വിളിച്ചപ്പോള്‍ സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഏത് ജോലിയും ഏറ്റെടുക്കുമെന്നാണ് പ്രതികരിച്ചതെന്ന് രണ്ട് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.

'ആരോപണവിധേയര്‍ നിയമപോരാട്ടത്തിന്' എന്ന തലക്കെട്ടില്‍ എഴുതിയ വാര്‍ത്തയിലാകട്ടെ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് വിവരാവകാശപ്രകാരം അപേക്ഷ നല്‍കി, കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരും, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പ് ഉള്ളതിനാല്‍ അറസ്റ്റ് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടും തുടങ്ങിയ പുകമറ സൃഷ്ടിക്കലുകളാണ്. ഏത് കേസിലായാലും പ്രതികള്‍ സ്വീകരിക്കുന്ന സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണിത്്. ചരിത്രത്തിലാദ്യമായാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനുമുമ്പ് ഉള്ളടക്കം മുഖ്യമന്ത്രി പുറത്തുവിടുന്നതെന്ന് കുറ്റപ്പെടുത്തുമ്പോള്‍ത്തന്നെ മാറാട് റിപ്പോര്‍ട്ട് പുറത്തുവന്നത് വിവരാവകാശ കമീഷന്‍ ഇടപെടലിലൂടെയാണെന്ന പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് വാര്‍ത്തയിലാകെ. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ എന്താണ് നിയമവിരുദ്ധമായുള്ളതെന്ന് പറയാന്‍ മനോരമയ്ക്കാകുന്നുമില്ല. തികച്ചും നിയമാനുസൃതമായാണ് നടപടികളെന്ന് ഈ ഒളിച്ചോട്ടത്തില്‍ത്തന്നെ വ്യക്തം. സര്‍ക്കാര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ഭാഗം അടര്‍ത്തിയെടുത്ത് നടപടി പ്രഖ്യാപിച്ചെന്ന് ആക്ഷേപിക്കുന്നതിലൂടെ കമീഷന്‍ റിപ്പോര്‍ട്ടില്‍ അത്തരം ഭാഗങ്ങളുമുണ്ടെന്നും സമ്മതിക്കുന്നു. പരിഗണനാ വിഷയങ്ങളില്‍നിന്ന് കമീഷന്‍ വ്യതിചലിച്ചെന്ന 'കണ്ടെത്തലിലൂടെ' യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമീഷന്റെ വിശ്വാസ്യതയെപ്പോലും മനോരമ ചോദ്യം ചെയ്യുന്നു.

നിയമസഭയോടുള്ള അനാദരവാകുമോ എന്ന ശങ്ക പ്രകടിപ്പിച്ചുള്ള പെട്ടിക്കോളം വാര്‍ത്തയാണ് അടുത്ത തമാശ. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇരുപതോളം വിവരാവകാശ അപേക്ഷ ലഭിച്ചെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് സഭയോടുള്ള അനാദരവാകുമോ എന്ന ശങ്കയിലൂടെ ആദ്യവാര്‍ത്തയെ പാടെ നിഷേധിക്കുകയാണ് രണ്ടാം വാര്‍ത്തയില്‍. ആദ്യവാര്‍ത്തയില്‍ പറയുന്നത് ഉമ്മന്‍ചാണ്ടി നല്‍കിയ അപേക്ഷ പ്രകാരം റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ്. ഡിജിപി ഹേമചന്ദ്രന്റെ സത്യവാങ്മൂലമാണ് കമീഷനെ പ്രകോപിപ്പിച്ചതെന്ന വാര്‍ത്തയിലൂടെ കമീഷന്‍ നടപടികളെയാകെ ആക്ഷേപിച്ച് കോടതിയലക്ഷ്യംകൂടി നടത്തിയിരിക്കുകയാണ്.

സരിത പറഞ്ഞതില്‍ പാതി പതിരായി എന്ന വാര്‍ത്തയില്‍ 'പതിരായ ഭാഗങ്ങള്‍' വിശദീകരിക്കുന്നതിലൂടെ ബാക്കി പകുതി ഭാഗങ്ങളില്‍ കാര്യമുണ്ടെന്ന് സമ്മതിക്കുന്നു. ആ മൊഴികള്‍ വിശ്വാസത്തിലെടുത്താണ് കമീഷന്‍ റിപ്പോര്‍ട്ട് എന്നും മനോരമ സമ്മതിക്കുകയാണ്. പരിഗണനാവിഷയങ്ങള്‍ മാറിയെന്നാണ് അടുത്ത ദുഃഖം. അതില്‍ കൊടുത്ത ആദ്യവിഷയംതന്നെ മനോരമയ്ക്കുള്ള മറുപടിയാണ്. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും വന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നാണ് ആദ്യവിഷയം. അതുതന്നെയാണ് കമീഷന്‍ പരിശോധിച്ചതും അതിനെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാര്‍ നടപടിയെന്നും പകല്‍പോലെ വ്യക്തം.
സരിതയുടെ പേരില്‍ കത്തുകള്‍ പലത്, കോണ്‍ഗ്രസും യുഡിഎഫും പ്രതിരോധത്തിന്, നേതാക്കള്‍ ഡല്‍ഹിയില്‍ രാഹുലുമായി ചര്‍ച്ച തുടങ്ങിയ വാര്‍ത്തകളിലും മനോരമ നാണംകെട്ട ന്യായീകരണം നടത്തി നേതാക്കളെ വെള്ളപൂശാന്‍ പെടാപ്പാട് പെടുകയാണ്.