24 September Monday

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് എട്ടിന്; എസ്എഫ്‌ഐ സഖ്യത്തില്‍ ഗീതാ കുമാരി പ്രസിഡന്റ് സ്ഥാനാര്‍ഥി

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2017

ന്യൂഡല്‍ഹി > രാജ്യത്ത് ഉയര്‍ന്നുവരുന്ന സങ്കുചിത ദേശീയവാദത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരായ വിദ്യാര്‍ഥി പോരാട്ടത്തിന്റെ മുഖമായി മാറിയ ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് എട്ടിന് നടക്കും. 11ന് ഫലം പ്രഖ്യാപിക്കും. നജീബിന്റെ തിരോധാനവും യുജിസി വിജ്ഞാപനത്തെതുടര്‍ന്ന് ഗവേഷണ കോഴ്‌സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. എസ്എഫ്‌ഐ എഐഎസ്എ ഡിഎസ്എഫ് സഖ്യം ശക്തമായ സാന്നിധ്യമറിയിച്ച് പ്രചരണ രംഗത്ത് സജീവമാണ്.

എസ്എഫ്‌ഐ സഖ്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗീതാ കുമാരി(എഐഎസ്എ), വൈസ് പ്രസിഡന്റായി സിമന്‍ സോയ ഖാന്‍ (എഐഎസ്എ), ജനറല്‍ സെക്രട്ടറിയായി ദുഗ്ഗിരാല ശ്രീകൃഷ്ണ(എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി സുഭാന്‍ഷു സിങ്ങ് (ഡിഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്. സര്‍വകലാശാലയ്ക്കുള്ളില്‍ സ്വതന്ത്ര അഭിപ്രായവും പ്രതിഷേധവും രേഖപ്പെടുത്താനുള്ള അവകാശം ഹനിയ്ക്കുന്നതിനെതിരെ ശക്തമായ പോരാട്ടം ഉയര്‍ന്നുവരുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ഗീതാകുമാരി പറഞ്ഞു. അഭിപ്രായങ്ങളെ അടിച്ചമര്‍ത്താനും ചര്‍ച്ചകള്‍ക്കുള്ള പൊതുവേദി ഇല്ലാതാക്കാനുമാണ് ആര്‍എസ്എസ് അജണ്ട പിന്തുടരുന്ന വൈസ് ചാന്‍സിലര്‍ ശ്രമിക്കുന്നത്. നജീബിന്റെ തിരോധാനം നീറുന്ന വിഷയമായി തുടരുകയാണ്. എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറച്ച നടപടിയിലുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധവും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണെന്ന് രണ്ടാം വര്‍ഷ എംഫില്‍ വിദ്യാര്‍ഥിയായ ഗീതാ കുമാരി പറഞ്ഞു.

വിവിധ സംഘടനകളില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥികളായും ഏഴുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി എല്ലാ സംഘടനകളില്‍നിന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പെണ്‍കുട്ടികളാണ് രംഗത്തുള്ളത്. ഗീതാ കുമാരി (ഇടത് സഖ്യം), നിധി തൃപാദി (എബിവിപി), വൃഷ്ണിക (എന്‍എസ്‌യുഐ), അപരാജിത രാജ(എഐഎസ്എഫ്), ഷബ്‌ന അലി(ബിഎപിഎസ്എ), മുഹമ്മദ് ഫറൂഖ് ആലം(സ്വതന്ത്രന്‍), ഗൗരവ് കുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രക്രീയ ആരംഭിച്ചത്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ആറിന് നടക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top