23 September Sunday

എബിവിപിക്കു മുന്നിൽ നിവർന്നുനിന്ന് സഖാവ് സരിത

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

സ: അജയ പ്രസാദ്‌ നഗർ (കൊല്ലം) > സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധി സഖാക്കളിൽ ആവേശമായി തൃശൂരിൽനിന്ന‌് കെ യു സരിതയുമുണ്ട്. തൃശൂർ കുന്നംകുളത്തെ വിവേകാനന്ദ കോളേജിൽ എബിവിപി അക്രമികളോട് നേർക്കുനേർ നിന്ന് ‘എസ്എഫ്ഐയുടെ പരിപാടി എബിവിപി അല്ല തീരുമാനിക്കുന്നത്' എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ അതേ വനിതാ സഖാവ്. എബിവിപിക്ക് ആധിപത്യമുള്ള വിവേകാനന്ദ കോളേജിൽ വളരെക്കുറച്ച് വനിതാ സഖാക്കളുടെ പിൻബലത്തിലാണ് സരിത എബിവിപിക്കെതിരെ നിവർന്നു നിൽക്കുന്നത്.
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ മരം നടാൻ എസ്എഫ്ഐ പ്രവർത്തകർ സരിതയുടെ നേതൃത്വത്തിൽ എത്തിയപ്പോൾ എബിവിപിക്കാർ അത് തടയുകയും പെൺകുട്ടികളുടെ നേർക്ക് അക്രമാസക്തരായി പാഞ്ഞടുക്കുകയുമായിരുന്നു. പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങിയാണ് മരം നടുന്നതെന്ന പെൺകുട്ടികളുടെ വാദം കേട്ട് എബിവിപി അക്രമത്തിനൊരുങ്ങുന്നതാണ് വീഡിയോയിൽ കാണാനാകുന്നത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഘപരിവാർ വിദ്യാർഥി സംഘടനയുടെ അക്രമത്തിനെതിരെ വലിയ ചർച്ച സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു. മന്ത്രി തോമസ് ഐസക‌് അടക്കം സംഭവത്തിൽ അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. വീഡിയോ കണ്ടെന്നും എബിവിപിക്കാരുടെ ആക്രോശത്തിന് ഒരിഞ്ചു പോലും വഴങ്ങാതെ എത്ര ശക്തമായ വാദം ആണ് സരിത നടത്തിയതെന്നും വീഡിയോ കണ്ടിട്ട് തനിക്ക് അസൂയ തോന്നുന്നെന്നും മന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
 
 സോഷ്യൽ മീഡിയയിലൊക്കെ വൈറലായ ഈ വീഡിയോ യാദൃച്ഛികമായി പുറത്തുവന്നതാണ്. ഇത്തരത്തിൽ എബിവിപി ആദ്യമായിട്ടൊന്നുമല്ല അവിടെ പ്രവർത്തിക്കുന്നത്. ‘ക്യാമ്പസിലെത്തുന്ന ഓരോ വിദ്യാർഥിയെയും മർദിച്ചും ഭീഷണിപ്പെടുത്തിയും പ്രവർത്തകരാക്കുന്നതാണ് അവിടത്തെ എബിവിപി രീതി. പെൺകുട്ടികളെപ്പോലും ശാരീരികമായി ഉപദ്രവിക്കാൻ അവർക്കു മടിയില്ല. എസ്എഫ്ഐ പ്രവർത്തകരായി നാലോ അഞ്ചോ ആൺകുട്ടികൾ മാത്രമാണ് ക്യാമ്പസിലുള്ളത്. ബാക്കിയെല്ലാം പെൺകുട്ടികളാണ്. ചുവരെഴുതുമ്പോൾ ഇനിയിവിടെ എഴുതരുതെന്നു പറഞ്ഞ് എബിവിപി പ്രവർത്തകർ വനിതാ സഖാക്കളുടെ കൈപിടിച്ച് തിരിച്ചിട്ടുണ്ട് ഈയടുത്ത്. പക്ഷേ, ഇതിനെ അതിജീവിച്ചാണ് വിവേകാനന്ദയിൽ സംഘടനാപ്രവർത്തനം’﹣ സരിത പറയുന്നു. എടവള്ളി സ്വദേശിയായ സരിത കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top