17 November Saturday

സജിയുടെ പ്രവർത്തനമികവ‌് തിളക്കമേറ്റി

ബി സുദീപ്Updated: Friday Jun 1, 2018

മധുരച്ചുവപ്പ്‌ / സജി െചറിയാന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ പ്രവർത്തകർ ലഡു വിതരണം ചെയ്യുന്നു



ചെങ്ങന്നൂർ
2006ൽ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ നാട്ടുകാരനായ സജി ചെറിയാനെ കൈവിട്ട ചെങ്ങന്നൂർ 2018 ൽ തെറ്റ് തിരുത്തി.  12 വർഷത്തിനുശേഷം രണ്ടാമങ്കത്തിൽ  യുഡിഫ്, ബിജെപി കോട്ടകൾ തകർത്ത് മുഴുവൻ പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ലീഡോടെ റെക്കോഡ് ഭൂരിപക്ഷത്തിനാണ‌് വിജയം. നാല‌് പതിറ്റാണ്ട‌് നീളുന്ന രാഷ‌്ട്രീയ ജീവതത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധിയായി സജി തന്റെ പ്രവർത്തനമികവും ജനകീയതയും തെളിയിച്ചിട്ടുണ്ട്. സാന്ത്വന പരിചരണ രംഗത്തെ മികച്ച പ്രവർത്തനവും ജനപ്രീതി വർധിക്കാൻ കാരണമായി. കൊഴുവല്ലൂർ തെങ്ങുന്തറയിൽ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ടി ടി ചെറിയാന്റെയും പുന്തല ഗവ. യുപി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ശോശാമ്മ ചെറിയാന്റെയും മകനായി 1965 ഏപ്രിൽ 12 നാണ് സജിയുടെ ജനനം. കൊഴുവല്ലൂർ സിഎംഎസ് എൽപി സ്കൂളിൽനിന്ന‌് പ്രാഥമിക വിദ്യാഭ്യാസം നേടി. വെണ്മണി ശാലേം യുപിഎസ്, അങ്ങാടിക്കൽ തെക്ക് ഗവ. ഹൈസ‌്കൂൾ, വെണ്മണി മാർത്തോമാ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും സെക്കൻഡറി, ഹയർ സെക്കന്ററി വിദ്യാഭ്യാസം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽനിന്ന‌് പ്രീഡിഗ്രിയും മാവേലിക്കര ബിഷപ‌് മൂർ കോളേജിൽനിന്ന് ബിരുദവുമെടുത്തു.

എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തിയ സജി ഡിവെഎഫ്ഐ, സിപിഐ എം പ്രസ്ഥാനങ്ങളുടെ താഴെ ഘടകംമുതൽ പ്രവർത്തിച്ചാണ് നേതൃസ്ഥാനത്തേക്ക് ഉയർന്നത്. 1992 മുതൽ ഡിവൈഎഫ്ഐ മുളക്കുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്, ആലപ്പുഴ ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം, നാല‌് വർഷം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995 മുതൽ ആറു വർഷം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 2001 മുതൽ എട്ട‌ു വർഷം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗം. 2014 മുതൽ  ആലപ്പുഴ ജില്ലാ സെക്രട്ടറി.

1995ൽ മുളക്കുഴ ഡിവിഷനിൽനിന്ന് 6500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാനായി. 2000ത്തിൽ ചെറിയനാട് ബ്ലോക്ക് ഡിവിഷനിൽനിന്ന‌് വിജയിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ചു. 2007ൽ ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്പ്രസിഡന്റായി. 2008 മുതൽ 2015 വരെ ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്.  ആലപ്പുഴ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ്, കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗം എന്നീ പദവികളും വഹിച്ചു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ചെയർമാനാണ്.   ജെസിഐ മാനവസേവാ അവാർഡ്, സാരംഗാ ഫൗണ്ടേഷൻ ആൻഡ് കൾച്ചറൽ പുരസ്കാരം, സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച ജൈവപച്ചക്കറിക്കൃഷിക്കുള്ള അവാർഡ്,   മികച്ച ജൈവപച്ചക്കറിക്കൃഷിക്കുള്ള ജില്ലാ അവാർഡ്, മികച്ച പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുരസ്കാരം, മികച്ച കാരുണ്യപ്രവർത്തനത്തിനുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടി.

ഭാര്യ: ക്രിസ്റ്റീന, മക്കൾ: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top