21 November Wednesday

ലോകനെറുകയിലെ മതേതര ഭൂമി

വെബ് ഡെസ്‌ക്‌Updated: Sunday Oct 21, 2018

തിരുവനന്തപുരം
സ‌്ത്രീപ്രവേശം സംബന്ധിച്ച വിവാദം ചൂടുപിടിച്ച‌് നിൽക്കുമ്പോഴും ലോകത്തിന‌് മുന്നിൽ മതേതര ഭൂമി എന്ന നിലയ‌്ക്കാണ‌് ശബരിമല തലയുയർത്തി നിൽക്കുന്നത‌്. മത വിശ്വാസികൾക്കും അല്ലാത്തവർക്കും മറ്റു മതങ്ങളിലുള്ളവർക്കും തുല്യതയോടെ പ്രവേശനമുള്ള ചുരുക്കം ആരാധനാലയങ്ങളുടെ പട്ടികയിലാണ‌് ശബരിമല. ലോക പൈതൃക പട്ടികയിലും ശബരിമലയുടെ സ്ഥാനം ഇതാണ‌് സൂചിപ്പിക്കുന്നത‌്. നിരവധി വിദേശ രാജ്യങ്ങ‌ളിൽനിന്ന‌് ഇവിടെ തീർഥാടകർ എത്തുന്നു.

‘പ്രവേശനം ഹിന്ദുമത വിശ്വാസികൾക്ക‌ുമാത്രം’ എന്ന ബോർഡ‌് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലുമുണ്ട‌്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇൗ മുന്നറിയിപ്പ‌് പ്രദർശിപ്പിച്ചിട്ടുണ്ട‌്. എന്നാൽ, ശബരിമലയിൽ ഇങ്ങനെയൊരു ബോർഡ‌് ഇല്ല. മാത്രമല്ല ശ്രീകോവിലിന‌് തൊട്ടുമുമ്പായി മുസ്ലിം ആരാധനാ ക്രമമുള്ള വാവർ പീഠവും ശബരിമലയുടെമാത്രം പ്രത്യേകതയാണ‌്.  

ശ്രീകോവിലിന്റെ നെറുകയിൽ ‘അത‌് (പരമാത്മാവ‌്) നീയാകുന്നു’ എന്ന‌് അർഥം  വരുന്ന ‘തത്വമസി’ എന്ന ഉപനിഷദ‌് വാക്യം എഴുതിവച്ചിട്ടുണ്ട‌്. ദൈവം, പ്രധാനമായ ആത്മാവ‌്, ശ്രേഷ‌്ഠമായ ചൈതന്യശക്തി, സർവചരാചരങ്ങൾക്കും ജീവനായിരിക്കുന്ന ചൈതന്യം എന്നിവയാണ‌് തത്വമസിക്ക‌് നിഘണ്ടുവിലുള്ള വ്യാഖ്യാനം. മലകയറി ക്ലേശിച്ച‌് എത്തുന്നവരോട‌് തേടിവന്ന ചൈതന്യം നീ തന്നെയാണെന്ന‌്  ബോധ്യം പകരുന്നതാണ‌് ഇത‌്. ആചാര സംരക്ഷണ കോലാഹലങ്ങൾക്കിടയിൽ പലരും ഇത‌് വിസ‌്മരിക്കുകയാണ‌്.

മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസ‌് ഉൾപ്പെടെ നിരവധി പ്രമുഖർ ശബരിമലയിലെ സന്ദർശകരാണ‌്. വിവിധ മതങ്ങളിൽപ്പെട്ട പ്രശസ‌്തരടക്കം വൻനിര തന്നെ ഇവിടെ പതിവായി എത്താറുണ്ട‌്. അയ്യപ്പന്റെ ഉറക്കുപാട്ട‌് എന്നറിയപ്പെടുന്ന ‘ഹരിവരാസനം’ യേശുദാസിന്റെ സ്വരത്തിലാണ‌് ഇവിടെ ഇപ്പോഴും കേൾക്കുന്നത‌്.

മലേഷ്യ, സിംഗപ്പൂർ, ഉസ‌്ബക്കിസ്ഥാൻ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ തീർഥാടന കാലത്ത‌് ശബരിമലയിൽ വന്നതായി  ദേവസ്വം ബോർഡിന്റെ രേഖകളിലുണ്ട‌്. 1996 ൽ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത‌് മലേഷ്യൻ മന്ത്രിയുടെ നേതൃത്വത്തിൽ ശബരിമല സന്ദർശിച്ച ഉന്നതതല സംഘം ശബരിമലയുടെ വികസനത്തിന‌് സഹായം വാഗ‌്ദാനം ചെയ‌്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top