12 December Wednesday

‘അനുഭവങ്ങളിലെ ശബരിമല അവർണനീയം'

സ്വന്തം ലേഖകൻUpdated: Thursday Nov 22, 2018


ശബരിമല
ഡൽഹിയിൽനിന്നെത്തിയ കന്നിമാളികപ്പുറങ്ങൾ സന്നിധാനത്ത് മാധ്യമങ്ങളെ അന്വേഷിച്ചെത്തി, വാർത്തകളിലെ ശബരിമലയെക്കുറിച്ചും നേരിട്ടനുഭവിച്ച ശബരിമലയെക്കുറിച്ചുമാണ് അവർക്ക‌് പറയാനുണ്ടായിരുന്നത്. ഡൽഹിയിൽ ജോലി ചെയ്യുന്ന ജയശ്രീ, സഹോദരി ചന്ദ്ര, അവരുടെ പിതൃസഹോദരിമാർ എന്നിവരടങ്ങിയ സംഘമാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത്. ‘ഇവിടെ പൊലീസ് ഭരണമാണ്, വേട്ടയാടലാണ് എന്നൊക്കെ ചില ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വന്ന വാർത്തകൾ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇവിടെ വന്നപ്പോൾ അതൊന്നുമല്ല. എത്ര സൗഹൃദവും ഭക്തിനിർഭരവുമാണിവിടം. നാല് തവണയാണ് ഞങ്ങൾക്ക് ദർശനത്തിന് അവസരം നൽകിയത്. പടികയറാൻ ബുദ്ധിമുട്ടിയപ്പോഴും സഹായിച്ചത് പൊലീസാണ്. എത്ര ബഹുമാനത്തോടെയാണ് പൊലീസ് ഭക്തരോട് പെരുമാറിയത്. കുഴപ്പമുണ്ടാക്കുന്നത് മാധ്യമങ്ങളാണ് '–- - ജയശ്രീ പറഞ്ഞു.

‘ഞങ്ങൾക്ക‌് രാഷ്ട്രീയമൊന്നുമറിയില്ല, പക്ഷേ ഭക്തർക്കുവേണ്ടി സർക്കാർ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ മറ്റെവിടെയും കിട്ടിയിട്ടില്ല. ഒരുദിവസം താമസിക്കാൻ മുറി ബുക്ക് ചെയ്താണ് ഞങ്ങൾ വന്നത്. പക്ഷേ ഇത്രയും ഭംഗിയായി കാര്യങ്ങൾ വേഗത്തിൽ അവസാനിച്ചതിനാൽ താമസം ഒഴിവാക്കി മലയിറങ്ങുകയാണ് -–-ചന്ദ്രപറഞ്ഞു. ചന്ദ്രയും ജയശ്രീയും മുംബൈ സ്വദേശികളാണ്.

ഡൽഹിയിൽ ജോലി ചെയ്യുന്ന ഇവർ ഡൽഹിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ വെങ്കിടാചലം ( ചെന്നൈ), രാജ് മോഹൻ ( ചെന്നൈ), ലക്ഷ്മൺ ( രാജസ്ഥാൻ), മൗലി (ഡൽഹി) തുടങ്ങിയവരോടൊപ്പമാണ് വന്നത്.


പ്രധാന വാർത്തകൾ
Top