13 November Tuesday

കേരളത്തിനെതിരെ നുണയുദ്ധവുമായി ആര്‍എസ്എസ്: തുണയ്ക്കായി ദേശീയ മാധ്യമങ്ങളും

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

കൊച്ചി> തൊടുപുഴയില്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയത് സിപിഐ എം കാരാണെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി പാര്‍ലമെണ്ടില്‍ പറയുന്നു കണ്ണൂരില്‍ കെ വി സുധീഷിനെ കൊന്നത് ആര്‍എസ്എസ് അല്ലെന്നും അത് സിപിഐഎമ്മിന്റെ നുണയാണെന്നും മറ്റൊരു ബിജെപി വക്താവ് ജി വി എന്‍ നരസിംഹറാവു ദേശീയ ചാനലില്‍ ഉറപ്പിക്കുന്നു. കേരളത്തിനെതിരെ നുണകൊണ്ട് പൊരുതുകയാണ് ആര്‍എസ്എസ്. അതിനായി സ്വാധീനിക്കാവുന്ന 'ദേശീയ' മാധ്യമങ്ങളെയെല്ലാം അണിനിരത്തുകയാണ്. നാല് ചാനലുകളാണ് വെള്ളിയാഴ്ച അന്തിച്ചര്‍ച്ചയ്ക്ക് കേരളത്തിലെ 'സിപിഐഎം അക്രമം' ചര്‍ച്ചചെയ്തതത്. പലതും ഏകപക്ഷീയ ചര്‍ച്ചകള്‍.

 

അരുണ്‍ ജയ്റ്റ്ലിയുടെ സന്ദര്‍ശനത്തിന് അരങ്ങൊരുക്കാനും വാര്‍ത്തകള്‍ വേണം. അതിനായി ഒറ്റയ്ക്കും കൂട്ടായും ആര്‍എസ്എസിന്റെ സ്വാധീനത്തിലുള്ള മാധ്യമ പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് ഇറങ്ങികൊണ്ടിരിക്കുന്നു. ടൈംസ് നൌവിന്റെ രാഹുല്‍ ശിവശങ്കര്‍, ഇന്ത്യ ടുഡേയുടെ രാഹുല്‍ കന്‍വാള്‍, സിഎന്‍എന്നിനുവേണ്ടി ഭുപേന്ദ്ര ചൌബേ തുടങ്ങിയവരൊക്കെ തിരുവനന്തപുരത്തേക്കെത്തുകയാണ്. സ്വന്തം ട്വീറ്റുകളില്‍പോലും പച്ചയായ ബിജെപി പക്ഷപാതം പുലര്‍ത്തുന്നവരാണ് ഇവരില്‍ പലരും. ഇതിനൊക്കെ പുറമെ ആര്‍എസ്എസിനായി വിഷം ചീറ്റാനായി മാത്രം തുടക്കമായ റിപ്പബ്ളിക്ക് ചാനലും രംഗത്തുണ്ട്. അവിടെ വോട്ടെടുപ്പാണ്. കേരളത്തില്‍ ഇടതുപക്ഷം ആര്‍എസ്എസിനെ വേട്ടയാടുകയാണോ എന്ന ചോദ്യമിട്ടാണ് അര്‍ണാബ് ഗോസ്വാമി ആര്‍എസ്എസ് അക്രമപരമ്പരയ്ക്ക് നുണമതില്‍ തീര്‍ക്കുന്നത്.

സ്മൃതി ഇറാനിയാണ് മാധ്യമങ്ങളില്‍ ആര്‍എസ്എസിനും ബിജെപിക്കും വേണ്ടി ഇടപെട്ടിരിക്കുന്നതെന്നാണ് സൂചന. കേരളത്തിലെ സംഭവങ്ങള്‍ കൂടുതലായി വാര്‍ത്തയാക്കാന്‍ പല സീനിയര്‍ എഡിറ്റര്‍മാരോടും അവര്‍ നേരിട്ടു ബന്ധപ്പെട്ടു തന്നെ ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന്റെ ഭാഗമാണ് ആര്‍എസ്എസ് സഹസംഘ ചാലക് ദത്താത്രേയ ഹൊസാബലെയുടെ വ്യാഴാഴ്ചത്തെ പത്രസമ്മേളനം. ഹൊസബലെയ്ക്കൊപ്പം പങ്കെടുത്ത മലയാളി കൂടിയായ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് കേരളത്തിലെ നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ഇസ്ളാം തീവ്രവാദികളും സിപിഐഎമ്മും ചേര്‍ന്ന് ആര്‍എസ്എസിനെ ആക്രമിക്കുന്നു എന്ന ഹൊസബെലയുടെ ആരോപണം നുണ പ്രചാരണതിന് അന്തര്‍ദേശീയതലത്തില്‍ കൂടി പ്രചാരണം ഒരുക്കാനാണ്.

എന്നാല്‍ ബിജെപിയുടെ നുണപ്രചാരണങ്ങള്‍ക്ക് മറുപടിയായി nammudekeralam ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ ഒഴുകുകയാണ്.

'നമ്മുടെ കേരളം'; സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് സോഷ്യല്‍മീഡിയയുടെ മറുപടി

പ്രധാന വാർത്തകൾ
Top