20 November Tuesday

രാജസ്ഥാനില്‍ ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിര്‍ബന്ധം

സ്വന്തം ലേഖകന്‍Updated: Sunday Oct 29, 2017

ന്യൂഡല്‍ഹി > ചരിത്രത്തെ വളച്ചൊടിച്ചുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്ന കേന്ദ്ര സര്‍ക്കാരിനുപിന്നാലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാരും. കോളേജുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഉദയ്പുരിലെ പ്രതാപ് ഗൌരവ് കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തണമെന്നാണ് ഉത്തരവ്.

മേവാര്‍ രാജാവ് മഹാറാണ പ്രതാപിന്റെ ചരിത്രം വിവരിക്കുന്ന ആര്‍എസ്എസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുവര്‍ഷംമുമ്പ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതാണ് ഉദ്ഘാടനം ചെയ്തത്. 1576ല്‍ നടന്ന ഹാല്‍ഘാട്ടി യുദ്ധത്തില്‍ റാണ പ്രതാപ്, അക്ബറിനെ പരാജയപ്പെടുത്തിയെന്ന് ചരിത്രപുസ്തകം തിരുത്തിയെഴുതിയതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കം.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകായ സോഹന്‍സിങ്ങാണ് പ്രതാപ് ഗൌരവ് കേന്ദ്രത്തിന് രൂപംനല്‍കിയത്. ആഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. നിര്‍മാണത്തിന് നൂറുകോടി രൂപ ചെലവിട്ടെന്നാണ് ആര്‍എസ്എസ് അവകാശവാദം. ഒരു വിദ്യാര്‍ഥിയില്‍നിന്ന് പ്രവേശനഫീസായി 50 രൂപയാണ് ഈടാക്കുന്നത്.
ഹാല്‍ഘാട്ടി യുദ്ധത്തില്‍ റാണ പ്രതാപിനെ അക്ബര്‍ പരാജയപ്പെടുത്തിയിരുന്നു.

എന്നാല്‍, പത്താംക്ളാസ് പാഠപുസ്തകത്തിലെ ഇക്കാര്യം വ്യക്തമാക്കുന്ന ഭാഗത്ത് യുദ്ധത്തില്‍ റാണ പ്രതാപ് സമ്പൂര്‍ണവിജയം നേടിയെന്ന് ബിജെപി സര്‍ക്കാര്‍ തിരുത്തിച്ചു. പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുമെന്നും ചാണകത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രഖ്യാപിച്ച നേതാവാണ് വാസുദേവ് ദേവ്നാനി.

ദേശീയ തീര്‍ഥാടന ടൂറിസം കേന്ദ്രം എന്നാണ് പ്രതാപ് ഗൌരവ് കേന്ദ്രത്തെ വിശേഷിപ്പിച്ചത്. പദ്ധതിക്ക് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും 23ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മജിസ്ട്രേട്ടുമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ പരാതികളില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷണം പാടില്ലെന്ന വിവാദ ക്രിമിനല്‍ നിയമഭേദഗതി ബില്‍ കഴിഞ്ഞദിവസമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

ഒഡിഷയില്‍ 1817ല്‍ നടന്ന പൈക പ്രക്ഷോഭത്തെ (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്യ്രസമരമായി ഇനിമുതല്‍ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുമെന്ന് കേന്ദ്ര മാനവവിഭവവികസനമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതും വിവാദമായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top