19 July Thursday
ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനം.

പുലരട്ടെ പട്ടിണിയില്ലാത്ത ലോകം

വെബ് ഡെസ്‌ക്‌Updated: Saturday Oct 14, 2017

ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മനുഷ്യരുടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ചേക്കേറലാണല്ലോ കുടിയേറ്റം. കൂടുതല്‍ അവസരങ്ങളിലും ഈ കൂടുമാറ്റം അവികസിതമായ സ്ഥലങ്ങളില്‍നിന്ന് വികസിതമായ സ്ഥലത്തേക്കാവും. മെച്ചപ്പെട്ട ഭക്ഷണം, താമസം, ജീവിത സുരക്ഷിതത്വം എന്നിവയ്ക്കുവേണ്ടി ഇങ്ങനെ മനുഷ്യര്‍ നടത്തിയ കുടിയേറ്റങ്ങളാണ് ഇന്നത്തെ ലോകത്തെ സൃഷ്ടിച്ചത്. സ്വന്തം പ്രദേശത്ത് തങ്ങള്‍ ആഗ്രഹിക്കുന്ന വിധമുള്ള ജീവിതം അസാധ്യമാകുമ്പോഴാണ് കുടിയേറ്റത്തിന് മനുഷ്യര്‍ തയ്യാറാവുന്നത്.


രാജ്യാന്തര കുടിയേറ്റങ്ങള്‍, ആഭ്യന്തര കുടിയേറ്റങ്ങള്‍ എന്നിങ്ങനെ കുടിയേറ്റത്തെ പൊതുവേ രണ്ടായി നിരീക്ഷിക്കാറുണ്ട്. 2015ലെ കണക്കനുസരിച്ച് ലോകത്ത് 240 ദശലക്ഷം രാജ്യാന്തര കുടിയേറ്റക്കാരുണ്ട്. ആഭ്യന്തര കുടിയേറ്റ ജനതയുടെ എണ്ണം 760 ദശലക്ഷവുമാണ്.


മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത് ഒന്നാം വിഭാഗത്തിനും ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് ആഭ്യന്തര കുടിയേറ്റത്തിനും ഉദാഹരണമാണ്. മ്യാന്‍മറില്‍ ഇപ്പോള്‍ നടക്കുന്നതുപോലെ നിര്‍ബന്ധിത കുടിയേറ്റവും നടക്കാറുണ്ട്.  മറ്റു ചിലരാകട്ടെ ചില സ്ഥലങ്ങളില്‍ ആകര്‍ഷകത്വംതോന്നി അവിടേക്ക് കുടിയേറുന്നു.
കുടിയേറ്റത്തിന് ചില ഗുണവശങ്ങളുണ്ട്. സ്വന്തം നാട്ടിലേക്ക് വിദേശ പണം എത്തിക്കാന്‍ കഴിയും. സാങ്കേതികമായ നൂതന ആശയങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം മനുഷ്യവിഭവശേഷി ശരിയായി വിനിയോഗിക്കുന്നതിനും കഴിയും.
എന്നാല്‍ ഇന്ന്  കുടിയേറ്റംമൂലം അനവധി പ്രശ്നങ്ങളുമുണ്ട്.
ചില പ്രദേശങ്ങളിലെ ജനസംഖ്യ വര്‍ധിക്കുന്നു. ഇതുമൂലം വിഭവ ദൗര്‍ലഭ്യമുണ്ടാകുന്നു. ഡല്‍ഹിയടക്കമുള്ള ഇന്ത്യയിലെ വന്‍നഗരങ്ങളിലെ ജനസാന്ദ്രത ഇതിനുദാഹരണം. വര്‍ധിച്ച കുടിയേറ്റം ചേരികളുടെ രൂപീകരണത്തിനുമിടയാക്കും. സ്ത്രീ പുരുഷ അനുപാതത്തെ സ്വാധീനിക്കും. മലിനീകരണവും പകര്‍ച്ചവ്യാധികളുടെ വ്യാപനവും വന്‍കുടിയേറ്റത്തിന്‍റെ തിക്തഫലങ്ങളാണ്.ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് അഭ്യസ്തവിദ്യരായ യുവജനതയുടെ സാന്നിധ്യവും സഹായവും രാജ്യാന്തര കുടിയേറ്റം മൂലം ഇല്ലാതാകുന്നു. ലോകത്ത് ഏഴു പേരില്‍ ഒരാള്‍ കുടിയേറ്റക്കാരനാണ്. ബഹുഭൂരിപക്ഷവും 14 35 വയസ് പ്രായത്തിലുള്ളവരാണ്!


എന്തുകൊണ്ടാണ് കുടിയേറ്റം ഉണ്ടാകുന്നത്? നാടുവിട്ട് ജീവിക്കാന്‍ കുടിയേറ്റത്തിന് ഒരുങ്ങുന്നവരെ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ എന്താവാം?

കാലാവസ്ഥാമാറ്റം


പരിസ്ഥിതിക്കുമേലുള്ള മനുഷ്യരുടെ കടന്നുകയറ്റം വന്‍തോതിലുള്ള കാലാവസ്ഥാമാറ്റം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതിന്‍റെ ഭാഗമായ പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്‍റെ ആരോഗ്യവും സമ്പത്തും ഇല്ലാതാക്കുന്നു. രണ്ടായിരത്തി പതിനഞ്ചിനുശേഷം ഉണ്ടായ കുടിയേറ്റങ്ങളില്‍ പത്തൊന്‍പത് ദശലക്ഷവും ഏതെങ്കിലും പ്രകൃതിദുരന്തത്തിന്‍റെ ഭാഗമായാണ്. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, വനവാസികള്‍. കാലി വളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ചവര്‍ എന്നിവരെയാണ് ഈ പ്രകൃതിദുരന്തങ്ങള്‍ ഏറെയും ബാധിക്കുന്നത്. ഇതിനൊപ്പം ആഗോള താപനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന കൃഷി നാശവും കുടിയേറ്റത്തിന് കാരണമാകുന്നു.

വിശപ്പ്രഹിത സമൂഹം സൃഷ്ടിക്കല്‍, ദാരിദ്ര്യം ഇല്ലാതാക്കല്‍ എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനാചരണവും നടക്കുന്നത്. ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്ന ലോക ഭക്ഷ്യ കാര്‍ഷികസംഘടന നിലവില്‍വന്ന ഒക്ടോബര്‍ 16നാണ് ഭക്ഷ്യദിനമായി ആചരിക്കുന്നത്. 1945 ലാണ് ഈ ദിവസം എഫ്എഒ (ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍) എന്ന ഐക്യരാഷ്ട സംഘടനയുടെ ഘടകം നിലവില്‍ വന്നത്.


ലോകത്ത് ഒന്‍പത് പേരില്‍ ഒരാള്‍ കൊടും പട്ടിണിയിലാണ്. എണ്‍പത് കോടിയിലധികംവരും ഇവരുടെ ആകെ എണ്ണം. കുടിയേറ്റമുയര്‍ത്തുന്ന പ്രശ്നങ്ങള്‍ ദാരിദ്ര്യത്തിന്‍റെ തോത് വര്‍ധിപ്പിക്കുന്നുവെന്നാണ് കരുതുന്നത്.
ദുരന്തങ്ങള്‍, കലാപങ്ങള്‍ മൂലമുണ്ടാകുന്നത് ഒഴികെയുള്ള കുടിയേറ്റങ്ങളില്‍ പലതും അനിവാര്യമല്ല.


ഗ്രാമീണ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും അവിടെ ഭക്ഷ്യ സുരക്ഷയൊരുക്കിയും സ്വന്തം നാട്ടില്‍ മനുഷ്യര്‍ക്ക് നിലനില്‍ക്കുന്നതിനുള്ള അവസരം ഉണ്ടാവണം. ദാരിദ്ര്യം, പട്ടിണി, കാലാവസ്ഥാവ്യതിയാനം, ദുരന്തങ്ങള്‍ എന്നിവ മൂലമുള്ള കുടിയേറ്റങ്ങള്‍ ഇല്ലാതാവേണ്ടതുണ്ട്. ഇതിനു വേണ്ടി ഭക്ഷ്യ കാര്‍ഷിക സംഘടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷികവൃത്തിക്ക് കാലാനുസൃതമായ ഉപകരണങ്ങള്‍ നല്‍കി ശാസ്ത്രീയമായ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നു. ഇതു വഴി കൃഷി ലാഭകരമാക്കി  കര്‍ഷകര്‍ക്ക് സാമ്പത്തികാഭിവൃദ്ധി ഉറപ്പാക്കുന്നു. ഗ്രാമീണ റോഡുകളുടെ വികസനത്തിനും പുതിയ തലമുറയെ കൃഷിയിലേക്ക് നയിക്കുന്നതിനും ഈ ലോക സംഘടന യത്നിക്കുന്നു. സ്ഥിരമായി പ്രകൃതിദുരന്തങ്ങളുടെ കേന്ദ്രമാകുന്ന ജനവാസ ഇടങ്ങളില്‍ കാലാവസ്ഥാ സൗഹൃദമായ കൃഷി രീതികള്‍ പരിചയപ്പെടുത്തിയും ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളൊരുക്കിയും ഭക്ഷ്യ കാര്‍ഷിക സംഘടന സജീവമായ ഇടപെടല്‍ നടത്തുന്നു.


കലാപബാധിത പ്രദേശങ്ങളിലെ കൃഷിയുടെ പുനര്‍നിര്‍മാണത്തിന് അവസരമൊരുക്കിയും എഫ്ഐഒ നടത്തുന്ന ശ്രമങ്ങള്‍ക്ക് ലോകവ്യാപകമായ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഭക്ഷ്യ സുരക്ഷയിലും ഗ്രാമീണ വികസനത്തിലും നിക്ഷേപിക്കണമെന്നും പട്ടിണിമൂലമുള്ള കുടിയേറ്റമൊഴിവാക്കാന്‍ പ്രവര്‍ത്തിക്കണമെന്നുമാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിന സന്ദേശത്തില്‍ പറയുന്നത്.

പ്രധാന വാർത്തകൾ
Top