19 November Monday

മയിലുകള്‍ക്ക് മധുവിധുകാലം; നാട്ടിടങ്ങളില്‍ നടന ചാരുത

സി എ പ്രേമചന്ദ്രന്‍Updated: Sunday Aug 6, 2017

വെള്ളാനിക്കരയില്‍ പീലിവിടര്‍ത്തിയാടുന്ന ആണ്‍മയില്‍

തൃശൂര്‍ > മഴക്കുറവും കാലാവസ്ഥയിലെ മാറ്റങ്ങളും കൃഷിക്കും കുടിവെള്ള ലഭ്യതയ്ക്കും വിനയായപ്പോള്‍ മയിലുകള്‍ക്ക് ഇത് മധുവിധു കാലമായി. നാട്ടിടവഴികളില്‍ മയിലുകള്‍ പീലി വിരിച്ചാടുന്നത് ഇന്ന് ഒരു അപൂര്‍വകാഴ്ചയല്ല. നാട്ടിന്‍പ്രദേശങ്ങളിലും മയിലുകളുടെ പ്രജനനം വ്യപകമാകുന്നതിന്റെ ലക്ഷണമാണിതെന്ന് പക്ഷിശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാംവിധം കാലാവസ്ഥയില്‍വന്ന മാറ്റമാണിതിന് കാരണം. ഒപ്പം മയില്‍ വേട്ട കുറഞ്ഞതും.

മഴ മടിച്ചുനിന്നതോടെ മയിലുകള്‍ നാട്ടിടവഴികളില്‍ ഇറങ്ങുന്നത് പതിവായി. കുഞ്ഞുങ്ങളടക്കമാണ് ഇവയെ കാണപ്പെടുന്നത്. ഇതോടെയാണ് പ്രജനനം സ്ഥിരീകരിച്ചത്. ആള്‍പാര്‍പ്പില്ലാത്ത കശുമാവ്, റബര്‍  തോട്ടങ്ങളിലാണ് കൂടുതലായും പ്രജനനം നടക്കുന്നത്.
കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മാടക്കത്തറയിലെ കശുമാവിന്‍തോപ്പുകള്‍ മയില്‍ സങ്കേതമാണ്. സ്കൂള്‍ ബസുകളും മറ്റും ഇതുവഴി കടന്നുപോവുമ്പോള്‍ വണ്ടിനിര്‍ത്തി കുട്ടികളെ കാണിക്കാറുണ്ട്. വെള്ളാനിക്കരയിലെ ഫോറസ്ട്രി കോളേജ് കോമ്പൌണ്ടും ഇവരുടെ സുരക്ഷിത താവളമാണ്.

കോയമ്പത്തൂര്‍, സേലം, പാലക്കാട് വഴി തൃശൂരിലേക്കും ഉഷ്ണക്കാറ്റ് കടന്നുവരുന്ന പ്രദേശങ്ങളിലാണ് മയിലുകള്‍ കൂടുതലുള്ളത്. സംസ്ഥാനത്ത് മരങ്ങള്‍ വെട്ടിനശിപ്പിച്ചതോടെ ഉഷ്ണക്കാറ്റിന്റെ തീവ്രത വര്‍ധിച്ചു. മണ്ണെടുപ്പുമൂലം മണ്ണിന്റെ ആര്‍ദ്രതയും കുറഞ്ഞു. ഇതാണ് ഉഷ്ണപ്പക്ഷിയെന്നറിയപ്പെടുന്ന മയിലുകള്‍ കേരളത്തില്‍ വര്‍ധിക്കാന്‍ കാരണമെന്ന് കരുതുന്നതായി പക്ഷിനിരീക്ഷണ സംഘടന സൌത്ത് ഏഷ്യ കോ- ഓര്‍ഡിനേറ്ററും കാര്‍ഷിക സര്‍വകലാശാല ഫോറസ്ട്രി കോളേജ് വന്യമൃഗ പഠനവിഭാഗം മേധാവിയുമായ ഡോ. പി ഒ നമീര്‍ പറഞ്ഞു.

മയില്‍ പീലി വിരിച്ചാടുന്നത് ആരോഗ്യത്തിന്റെ കൂടി ലക്ഷണമാണ്. ചുറ്റുപാടുമുള്ള പെണ്‍ മയിലുകളെ ആകര്‍ഷിക്കാനാണ് ചുവടുവച്ച് തിരിയുന്നത്. പ്രജനനത്തിന് വഴിയൊരുക്കുന്ന മയില്‍ നൃത്തം ഇണയോടുള്ള പ്രേമപ്രകടനമാണ്.  മഴക്കാറു കാണുമ്പോള്‍ പീലി വിടര്‍ത്തുന്നുവെന്നത് ശാസ്ത്രീയ വീക്ഷണമല്ല. മഴക്കാലമാണ് മയിലുകളുടെ പ്രജനനകാലം. 

1990നുമുമ്പ് പാലക്കാടും വയനാടുമാണ് മയിലുകളെ കൂടുതലായി കണ്ടിരുന്നത്. കൊല്ലം, പുനലൂര്‍, തിരുവനന്തപുരം എന്നീ തമിഴ്നാടിനോട് ചേര്‍ന്ന ഭാഗങ്ങളിലും ദൃശ്യമായിരുന്നു. 2015ലെ ബേര്‍ഡ്്സ് കൌണ്ട് ഇന്ത്യ (ഇ- ബേര്‍ഡ്) കണക്കുപ്രകാരം പാലക്കാടും തൃശൂരുമാണ് മയിലുകള്‍ ഏറ്റവും കൂടുതലുള്ളത്. കോട്ടയം, കണ്ണൂര്‍, കാഞ്ഞങ്ങാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും വ്യാപിച്ചിട്ടുണ്ട്. പാലക്കാടന്‍ ചുരം, വയനാട് ചുരം, ചെങ്കോട്ട ചുരം എന്നിവിടങ്ങള്‍ക്ക് സമീപമാണ് കൂടുതല്‍ മയിലുകളെ കാണുന്നത്.

പ്രധാന വാർത്തകൾ
Top