Top
23
Tuesday, January 2018
About UsE-Paper

പ്രകൃതി: അഭയവും പ്രണയവും

Sunday Dec 31, 2017
വീരാൻകുട്ടി
നൊമ്പരങ്ങളുടെ ഒരു കെട്ട് കൂട്ടിനുണ്ടായിരുന്നു, കുട്ടിക്കാലത്ത്. അവഗണനയുടെ ചൂടുകാറ്റ് കുടിച്ചുവളർന്നു. കൂലംകുത്തി ഒഴുകുമ്പോൾ ഇത്രയും ഊക്കെന്താണെന്ന് കവിതയിൽ ഞാൻ നദിയോട് ചോദിക്കുന്നുണ്ട്. കയ്പ് നിറഞ്ഞ ബാല്യത്തിന്റെ ഊക്കായിരിക്കാം എന്ന് ഇപ്പോൾ തോന്നുന്നു. കവിതകളിൽ നാം ചേർത്തുവയ്ക്കുന്ന അനുഭവങ്ങൾ ഏതെങ്കിലും ഒരൊറ്റ സംഭവത്തിൽനിന്നുള്ളത് ആകണമെന്നില്ല. ജീവിതത്തിന്റെ നീണ്ട വഴികളിൽനിന്ന് പെറുക്കിക്കൂട്ടുന്ന പലതരം അനുഭവങ്ങൾ, സഞ്ചിതാനുഭവങ്ങൾ, കവിതയിൽ കടന്നുവരികയാണ് ചെയ്യുന്നത്.
 
ഗൗരവപൂർവം എഴുത്തിലേക്ക് വരുന്നതുതന്നെ അത്തരം ഒരനുഭവത്തിലൂടെ ആണെന്നുപറയാം. മാവൂർ ഗ്വാളിയർ റയോൺസ് സമരത്തിന് നേതൃത്വംനൽകിയ  കെ എ റഹ്മാൻ എന്ന സാധാരണക്കാരിലെ അസാധാരണ  മനുഷ്യനെക്കുറിച്ച് എഴുതിക്കൊണ്ടാണ് ഞാൻ കവിതയിൽ ചുവടുറപ്പിക്കുന്നത്. കാണാതായ കോഴിയെക്കുറിച്ചൊക്കെ പഠിക്കുന്ന കാലത്ത് എഴുതിയതൊക്കെ അക്ഷരകൗതുകങ്ങൾ എന്നതിനപ്പുറം മറ്റൊന്നും ആയിരുന്നില്ല.
 
സമൂഹത്തിന്റെ തിളനില നമ്മിലും ചലനങ്ങൾ സൃഷ്ടിക്കും.  കവികൾക്ക് സാമൂഹ്യസ്പന്ദനങ്ങൾക്ക് പ്രതിസ്പന്ദം കേൾപ്പിക്കേണ്ടതായിവരും. അതുകൊണ്ടാണ് 'ഭൂസമരങ്ങൾ ഉണ്ടാകുമ്പോൾ എനിക്ക് കവിതയിലൂടെ ശബ്ദിക്കാൻ തോന്നുന്നത്. ഭൂമിയോട് മനുഷ്യൻ അനീതിചെയ്യുമ്പോൾ വേദന ഉറഞ്ഞ് ശക്തി നേടുന്നത്. 
 
ഭൂമിക്കടിയിൽ വേരുകൾ കൊണ്ട് 
കെട്ടിപ്പിടിക്കുന്നു
ഇലകൾ തമ്മിൽ തൊടുമെന്ന് 
പേടിച്ച് നാം 
അകറ്റിനട്ട മരങ്ങൾ 
 
ഇതൊക്കെ എഴുതുമ്പോൾ പരിസ്ഥിതി നിറഞ്ഞുവരാറുണ്ട്. ഏതു മനുഷ്യനിലും ഒരു പ്രാപഞ്ചികബോധം ഉണ്ടാകും. കവികളിൽ അതിന്റെ സാന്ദ്രത ഏറിയിരിക്കുമെന്നേയുള്ളൂ. മനുഷ്യൻ ഏറ്റവും അനീതിചെയ്യുന്ന പ്രകൃതി അവനെ ഏറ്റവുമധികം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഇടമാണെന്ന് തിരിച്ചറിയുന്നില്ല. ഏതു നാടും എന്റെ നാടാണെന്ന വികാരമാണ് ഉണ്ടാകേണ്ടത്. നമ്മുടെ ഏറ്റവും വലിയ അഭയം ഈ പ്രകൃതിതന്നെയെന്ന് വരുമ്പോൾ കവിതയിൽ അത്തരം ബിംബങ്ങൾ സ്വാഭാവികമായും ചേക്കേറും. അതുപോലെതന്നെയാണ്  പ്രണയാനുഭവങ്ങളും.
 
പ്രണയമില്ലെങ്കിൽ
ഉടലിനോളം കടുപ്പമുള്ള 
മരമില്ല വേറെ
ചുണ്ടുകൾ കൊണ്ടെത്ര കൊത്തിയിട്ടും
ശിൽപ്പമാകുന്നില്ല തീരെ' 
 
എന്ന് എഴുതുമ്പോൾ സ്‌നേഹരഹിതമായ ജീവിതത്തിന്റെ 'ഭീതിപ്പെടുത്തുന്ന അവസ്ഥയായിരുന്നു മനസ്സുനിറയെ. തികച്ചും വ്യക്തിപരമായ അനുഭവങ്ങളും കവിതിയിൽ കടന്നുവന്നിട്ടുണ്ട്. ഉമ്മയെക്കുറിച്ച്  ഞാൻ കവിതയൊക്കെ അത്തരത്തിൽപ്പെട്ടവയാണ്. 
 
വീടുവിട്ട് 
ഒളിവിൽ ഞാൻ
ഉമ്മയെ ഇനി കാണുമോ
ഉമ്മയ്ക്ക് എന്നെ കാണാതിരിക്കാനാവില്ല
കണ്ണാടിയില്ലാത്തതിനാൽ
മുഖം നോക്കി വച്ച
പൊട്ടിയ ജനൽച്ചില്ല്
കൂടെയെടുത്തിട്ടില്ല
അതിൽ ഉറ്റുനോക്കി 
ഉമ്മ എന്നെ
കണ്ടുപിടിക്കുമായിരിക്കും
നല്ല തല്ല് തരുമായിരിക്കും. 
 
പ്രകൃതിയോട് ഇണങ്ങിക്കൊണ്ടല്ലാതെ മനുഷ്യന് അസ്തിത്വമില്ല. നമ്മുടെ സ്വാഭാവികമായ ശാരീരിക ബലഹീനതകളെ മറികടക്കുന്നത് ചുറ്റുപാടിന്റെ പിന്തുണയിലാണ്. പുറമെ കാണുന്ന മണ്ണിനും മാറ്റങ്ങൾക്കും കാടിനും പുഴകൾക്കുമപ്പുറം ഓരോ മനുഷ്യനും ഉള്ളിൽ മറ്റൊരു പ്രകൃതിയെ കൊണ്ടുനടക്കുന്നു. നാടു വിട്ട് മറ്റൊരിടത്ത് ചേക്കേറുമ്പോൾ ആ  പ്രകൃതിബോധം കൂടുതൽ സജീവമായേക്കാം.  പക്ഷി തന്റെ കൂടിനെ ഓർക്കുംപോലെ മനസ്സിൽ തെളിഞ്ഞുവരാം. സ്വാഭാവികമായും കവിതയിലും ദേശത്തിന്റെ അടയാളങ്ങൾ വന്നുചേരും. അതെന്റെ ജന്മദേശംതന്നെ ആകണമെന്നില്ല. അല്ലെങ്കിൽ ഏതുദേശമാണ് ജന്മദേശം അല്ലാത്തത്. 
 
പണ്ടൊക്കെ കവിതയിൽ ദേശപ്രകൃതി കടന്നുവന്നിരുന്നത് തികച്ചും കാൽപ്പനികമായാണ്. എന്നാൽ, ഇന്ന് കുറ്റബോധത്തിൽ നിന്ന് ഉയിരെടുക്കുന്ന കാവ്യപ്രതികരണങ്ങൾ കാണാം. ഇവിടെയും സ്‌നേഹം എന്ന നിത്യവികാരത്തെ വിളക്കിച്ചേർക്കണം. സ്‌നേഹംകൊണ്ട് നോക്കിയാലല്ലാതെ ലോകം സംഗതമാണെന്ന്, പ്രസക്തമാണെന്ന് തോന്നുകയില്ല.