17 January Thursday

2018 വായിക്കാൻ 2017 എഴുതുന്നത്

കൃഷ്ണ പൂജപ്പുരUpdated: Sunday Dec 24, 2017

ഹലോ അനിയാ രണ്ടായിരത്തി പതിനെട്ടേ,

ഏതാനും ദിവസംകൂടി കഴിഞ്ഞാൽ കാലത്തിന്റെ കലണ്ടർവർഷം നിന്നിൽകൂടെയാണല്ലോ 365 ദിവസത്തേക്ക് അറിയപ്പെടാൻ പോകുന്നത്. ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും നീ ചുമരിൽ തൂങ്ങാൻ ഒരുങ്ങുന്നത്. നിന്നേക്കാൾ നേരത്തേ ഓണമുണ്ട കക്ഷി എന്ന നിലയ്ക്ക് അനുഭവത്തിൽനിന്ന് കുറച്ച് ഉപദേശങ്ങൾ നിനക്ക് തരാനുദ്ദേശിച്ചിട്ടാണ് ബ്രോ പെട്ടിയൊക്കെ തയ്യാറാക്കി കതക് പൂട്ടി ഇറങ്ങാനൊരുങ്ങുന്നതിനിടയിൽ ഞാനീ കത്തെഴുതുന്നത്.

വരവേൽപ്പ്

നിന്നെ വരവേൽക്കാൻ ലോകം ഒരുങ്ങുകയാണെന്നതിന്റെ സൂചനകൾ നിനക്ക് കിട്ടിക്കാണുമല്ലോ. മൊബൈൽഫോണുകളിൽ ചാക്കുചാക്കായിട്ടാണ് ആശംസകൾ നിറയുന്നത്. നിനക്ക് ഇത് കാണുമ്പോൾ ആവേശമാണെങ്കിൽ എനിക്ക് ചിരിയാണനിയാ. കണ്ടറിയുന്നവനേക്കാൾ കൊണ്ടറിഞ്ഞവനാണല്ലോ ആധികാരികത. “പുതിയവർഷം, പുതിയ പ്രതീക്ഷകൾ... നന്മയും സ്‌നേഹവും എങ്ങും വിരിയട്ടെ''. ‘വിട്ടുവീഴ്ചയും സ്‌നേഹവും പരസ്പരവിശ്വാസവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു'. “പരസ്പരസ്‌നേഹമാണ് ജീവിതം. അന്യജീവനുതകി സ്വയം തിളങ്ങാൻ പുതുവർഷം ശക്തിനൽകട്ടെ'' എന്നൊക്കെ ഷേക്‌സ്പിയർ ഇപ്പോഴാണ് ജീവിച്ചിരുന്നതെങ്കിൽ ഇവരിൽനിന്ന് ഡയലോഗുകൾ ചൂണ്ടി തന്റെ നാടകങ്ങളിൽ ചേർക്കത്തക്കവിധമുള്ള എമണ്ടൻ വാചകങ്ങളാണ്. നമ്മൾ കരുതും ഹൊ! പുതിയവർഷംമുതൽ ഇവന്മാരിതാ (സോറി ഇവരിതാ, ഇവരുടെ ചില രീതി കാണുമ്പോൾ അറിയാതെ പ്രയോഗത്തിൽ അൽപ്പം ആവേശം ചേർത്തുപോയി) നന്നാകാൻപോണു. നല്ല കാര്യം. മെസേജുകളിൽ പ്രതീക്ഷയും സ്‌നേഹവും നിറയുകയാണല്ലോ. പക്ഷേ, അനിയാ, ചൊട്ടയിലേ ശീലം ഏതെങ്കിലും ഒന്നാംതീയതി മാറ്റാൻ പറ്റുമോ? പുതിയവർഷവും ഇവർ ഇവരുടെ വീട്ടിലെ വേസ്റ്റ് കിറ്റ് കെട്ടി പൊതുവഴിയിലോ അയൽപക്കക്കാരന്റെ പറമ്പിലോ ഇടും. (അന്യജീവനുതകി മെസേജിച്ച കക്ഷിയാണ്) പൊതുവഴിയിൽ തുപ്പും, കാര്യം നടക്കാൻ കൈക്കൂലി വാങ്ങും. പത്തുമണിക്ക് ഓഫീസിൽ എത്തേണ്ടവർ പതിനൊന്നുമണിക്കെത്തി അറ്റൻഡൻസ് ഒപ്പിടും. (എല്ലവരുടെയും കാര്യമല്ല കേട്ടോ) എന്നുവച്ചാൽ നമ്മൾ അതായത് കലണ്ടർ വർഷങ്ങൾ മാറുന്നെന്നേയുള്ളൂ. ഇവരിൽ പലരും മാറുന്നില്ല.

ആഘോഷരാവ്

എന്റെനിയാ അഞ്ചാറുദിവസംകൂടി കഴിഞ്ഞാൽ നീ കാണാൻ പോകുന്ന ഒരു കാഴ്ചയുണ്ട്. നിന്നെ സ്വാഗതം ചെയ്തുകൊണ്ട് ഡിസംബർ മുപ്പത്തൊന്നാംതീയതിയുള്ള ഒരു ആഘോഷം. 2016ഡിസംബർ 31ന് ഇതുപോലെ എന്നെ സ്വാഗതം ചെയ്തുള്ള ആഘോഷംകണ്ട് ഞാനടിച്ച ത്രിൽ എന്തുമാത്രമാണെന്ന് ആലോചിക്കുമ്പോൾ എനിക്കിപ്പോൾ ചിരിയാണോ കരച്ചിലാണോ വരുന്നതെന്ന് അറിയാൻവയ്യ. ഹോട്ടൽ, ബീച്ച്, പെരുവഴികൾ എന്നിവിടങ്ങളാണ് ആഘോഷകേന്ദ്രങ്ങൾ. പുതിയവർഷത്തെ നന്മനിറഞ്ഞ മനസ്സോടെ വരവേൽക്കാൻ ഇവർ ഒത്തുകൂടുമ്പോഴുള്ള കൗതുകക്കാര്യം എന്താണെന്നോ? ഏതാണ്ടത്രയുംതന്നെ പൊലീസിനെയും വിന്യസിക്കേണ്ടിവരുന്നു. റോഡിലും ബീച്ചിലുമൊക്കെ പൊലീസ് പട്രോളിങ്. അതായത്, നന്മനിറഞ്ഞ പുതുലോകം കാണാൻ ഒത്തുകൂടുന്ന എല്ലവരുടെയും മനസ്സ് അത്രയ്ക്ക് നന്മ നിറഞ്ഞതാകണമെന്നില്ല എന്ന്. വൈകിട്ടുമുതൽ എരിപൊരി സഞ്ചാരമാണ്. പാതിരാത്രി പതിനൊന്ന് അമ്പത്തൊമ്പതൊക്കെയാകുമ്പോൾ പിന്നെ ലോകാവസാനമോ എന്നുതോന്നുന്ന തരത്തിലെ പരവേശമാണ്. ഒരുവശത്ത് കൂട്ടുകാരെ വിളിച്ച് ഹാപ്പി ന്യൂഇയർ പറയുന്നു. വേറൊരു വശത്ത് പടക്കങ്ങൾ പൊട്ടുന്നു, ഇനിയൊരിടത്ത് റോഡുനീളെ തെക്കുവടക്കായി ബൈക്കുകളിൽ ഹാപ്പി ന്യൂ ഇയർ വിളിച്ചുകൂകി പറക്കുന്നു. അങ്ങനെ നീ പിറക്കുന്നു. തീർന്നു. പിറന്ന് പത്തുമിനിറ്റുകഴിഞ്ഞാൽ നിന്റെ കാര്യവും സ്വാഹ. കഴിഞ്ഞു. അവർ നിന്നെ മറന്നുകഴിഞ്ഞു. പിന്നെ 2019 ആഘോഷിക്കാനുള്ള കാത്തിരിപ്പാണ്. ഇതിനിടയിൽ 'ഹൊ! വർഷം എത്ര പറന്നാണ് പോകുന്നത് 2018 ഇന്നലെ ആഘോഷിച്ചതുപോലെ ഇരിക്കുന്നു എന്നൊക്കെ ചില ഡയലോഗുകളിലൂടെയാകും നീ പിന്നെ നോട്ട് ചെയ്യപ്പെടുന്നത്.

ശപഥങ്ങൾ

 

പുതുവർഷത്തോടനുബന്ധിച്ച് ഭയങ്കരകോമഡികളും ഉണ്ടാകാറുണ്ട് രണ്ടായിരത്തി പതിനെട്ടേ. ശപഥമെടുക്കലാണ് ഇതിൽ പ്രധാനം. ജീവിതത്തിലെ അത്ര പോസിറ്റീവല്ലാത്ത കാര്യങ്ങൾ പുതുവർഷംമുതൽ മാറ്റിക്കളയും എന്നൊക്കെയുള്ള ദൃഢപ്രതിജ്ഞകളെടുക്കൽ. പുതുവർഷംമുതൽ തമ്മിൽ വഴക്കുകൂടാൻ പാടില്ലെന്ന് ശപഥമെടുക്കുന്ന ഭാര്യാഭർത്താക്കന്മാർ, ഞാനല്ല സ്ഥിരം വഴക്കുണ്ടാക്കുന്നത് എന്നതിനെച്ചൊല്ലി ശപഥത്തോടനുബന്ധിച്ചുതന്നെ ഒരു വഴക്കുണ്ടാകാറുണ്ട്. ഒന്നാംതീയതിമുതൽ ധൂർത്ത് കുറയ്ക്കണം, സമ്പാദ്യം തുടങ്ങണം, കൃത്യം ആറുമണിക്ക് വീട്ടിലെത്തണം എന്നിങ്ങനെ നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ഉറപ്പുകൾ എടുക്കപ്പെടും. പക്ഷേ, ശപഥങ്ങളിൽ 90 ശതമാനവും വെള്ളമടി, പുകവലി എന്നിങ്ങനെയുള്ള രണ്ട് കുഴപ്പക്കാരെ തന്റെ ജീവിതത്തിൽനിന്ന് തൂത്തെറിയും എന്ന ശപഥമാണ്. സത്യത്തിൽ ‘ശപഥം' എന്നത് കൈയും കാലും ഒക്കെയുള്ള ഒരു വ്യക്തിയോ ജീവിയോ ആണെങ്കിൽ ശപഥക്കാരന്റെ പല്ലടിച്ച് കൊഴിച്ചേനെ പുതുവർഷം അഞ്ചാം തീയതിക്കകംതന്നെ. കാരണം, മൂന്നാംതീയതിയോടെതന്നെ ശപഥമങ്ങ് തെറ്റിക്കുകയാണ്. ''ഈ വർഷംമുതൽ കള്ള് തൊടില്ലെന്നു പറഞ്ഞതല്ലേ'' എന്ന് ഭാര്യ കണ്ണുനിറച്ച് ചോദിക്കുമ്പോൾ ‘രാമേന്ദ്രൻ സാറിന് പ്രൊമോഷൻ കിട്ടി' എന്നോ ‘പറ്റിപ്പോയി' എന്നോ ‘ഇനി നിറുത്തി' എന്നോ എത്രയോ വർഷങ്ങളായി കേട്ടുവരുന്ന സ്റ്റോക്ക് മറുപടികളുമായി ശപഥിസ്റ്റ് കട്ടിലിൽ വീഴുകയാണ്.

എന്നും പുതുവർഷം

അനിയാ ഞാൻ പറഞ്ഞുപറഞ്ഞ് നിന്റെ ഉന്മഷം കുറയ്ക്കുകയല്ല കേട്ടോ. ആഘോഷം ഒന്നും ഇല്ലാതെതന്നെ എന്നും പുതുവർഷമായി ജീവിതത്തെ കാണുന്ന ഒരുപാടുപേർ ഉണ്ടെന്നുള്ളതും പറയേണ്ടിയിരിക്കുന്നു. വഴിയിൽ അപകടംപറ്റിക്കിടക്കുന്നവനെ, സ്വന്തംകാര്യം മാറ്റിവച്ച് ആശുപത്രിയിലാക്കുന്നവർ, അവയവദാനം നടത്തുന്നവർ, ഉയർന്നജോലി വലിച്ചെറിഞ്ഞ് സമൂഹത്തിലെ ദുർബലർക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുന്നവർ... 1000 വർഷങ്ങൾക്കപ്പുറവും ചിലപ്പോൾ അവരിലൂടെ നമ്മൾ അറിയപ്പെടും. ഇന്നാർ 2018ൽ സമൂഹത്തിൽ മാറ്റമുണ്ടാക്കിയ ഈ സംഭാവന ചെയ്തു എന്നൊക്കെ 3018ലും നീ അറിയപ്പെട്ടാൽ അതല്ലേ സുകൃതം. ഏതായാലും 2018ൽ കൂടുതൽ പ്രകാശം ലോകത്തിന് കിട്ടട്ടേ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ പടിയിറങ്ങാൻ തയ്യാറെടുക്കട്ടെ.

 

 

 

 

 
പ്രധാന വാർത്തകൾ
Top