18 October Thursday

നല്ല പതിയായാല്‍ നല്ല പാതിക്ക് പാതി ശമ്പളം!

കൃഷ്ണ പൂജപ്പുരUpdated: Sunday Nov 19, 2017
കിടുക്കി... തിമിര്‍ത്തു... പൊളിച്ചു... (കുറച്ചുകൂടി സാത്വികമായ ആഹ്ളാദവാക്കുകള്‍ പറഞ്ഞാല്‍ പോരായിരുന്നോ എന്നായിരിക്കും സാറ് ചോദിക്കാന്‍ ഒരുങ്ങുന്നത്. ഗംഭീരംഭേഷ് ബലേഭേഷ് അങ്ങനെയൊക്കെ... പോര സാര്‍. എന്റെ സന്തോഷത്തിന്റെ ഗ്രാവിറ്റി വച്ചാണെങ്കില്‍ കിടുക്കലും തിമിര്‍ക്കലുംതന്നെ ചെറുതായിപ്പോയി എന്നാണ് തോന്നുന്നത്) സംഗതി എന്താണെന്നോ? ബില്ല് വരാന്‍ പോകുന്നു സാര്‍ ബില്ല്. ബില്ലെന്നുവച്ചാല്‍ ക്യാഷ് ബില്ലല്ല. ലോക്സഭയില്‍ നിയമം പാസാക്കുന്ന ബില്ലില്ലേ? ആ ബില്ല്. എന്ത് നിയമം ആണെന്നോ? പറയാം. പക്ഷേ അത് കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നുന്ന ഈ ഉത്സാഹവും ആഹ്ളാദവുമൊക്കെ സാറിനുണ്ടാകുമോ എന്നറിഞ്ഞുകൂടാ. സംഗതി എന്താണെന്നുവച്ചാല്‍, വീട്ടമ്മയായ, എന്നുവച്ചാല്‍ മറ്റ് വരുമാനമൊന്നും ലഭിക്കാത്ത, വീട്ടുജോലികള്‍മാത്രം ചെയ്യുന്ന വീട്ടമ്മയായ ഭാര്യക്ക്, ഭര്‍ത്താവ് ഒരു മിനിമം ശമ്പളം നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ഒരു ബില്‍ കൊണ്ടുവരാനുള്ള പ്രാഥമിക ഒരുക്കങ്ങളൊക്കെ തുടങ്ങിയത്രേ. ആ വാര്‍ത്ത വായിച്ചതുമുതല്‍ തുടങ്ങിയതാണ് ഈ ഒരു ആന്ദോളനം. ബില്ലിന്റെ ന്യായാന്യായങ്ങള്‍, ലോജിക്കല്‍ നിലനില്‍പ്പ് ഇതൊന്നും പറഞ്ഞ് തര്‍ക്കിക്കാന്‍ വരണ്ട സാര്‍. അതൊന്നും ഇപ്പോള്‍ എന്റെ തലയില്‍ കയറില്ല. നിലാവുണ്ടെന്നു കരുതി വെളുക്കുന്നതുവരെ കക്കുന്ന ഭര്‍തൃവേഷങ്ങളില്ലേ അവര്‍ക്ക് ഇതുതന്നെ വരണം. കിടക്കപ്പായയില്‍ കിടന്ന് 'ഇതുവരെ ചായ റെഡിയായില്ലേ?'' അല്ലെങ്കില്‍ 'ശ്ശെ! ചോറ് വെന്തിട്ടില്ലല്ലോ'' എന്നൊക്കെ ഭാര്യയോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനുമുമ്പ് ആ മാസത്തെ ശമ്പളം തീര്‍ത്തുകൊടുത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടിവരും. കണ്ടാലറിയാത്തവര്‍ കൊണ്ടാലേ അറിയൂ. 'നിന്റെ ഭര്‍ത്താവ് എങ്ങനാടീ'' എന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് 'കുഴപ്പമില്ല. രണ്ടാംതീയതിതന്നെ ശമ്പളം തരും'' എന്ന് സ്വന്തം ഭാര്യ പറയുന്നതുകേട്ട് സഹിക്കേണ്ടിവരും. വരുമാനമില്ലാത്ത ഭാര്യമാര്‍ക്ക് ഉണ്ടായേക്കാവുന്ന പരാശ്രയബോധം ഒക്കെ മാറ്റാനുദ്ദേശിച്ചിട്ടാണത്രേ നിയമം വരുന്നത്.
 
കുറ്റംപറച്ചില്‍ എക്സ്പര്‍ട്ട്
ഭാര്യ എന്നുവച്ചാല്‍ നമുക്ക് ചുമ്മാ കുറ്റംപറയാനായിട്ട് കൈപിടിച്ച് ഏല്‍പ്പിക്കുന്ന ആളാണെന്നാണ് ചില ഭര്‍ത്താക്കന്മാരുടെ വിചാരം. ('ചില' എന്നുവച്ചാല്‍ ഭൂരിപക്ഷം). കണ്ണേ പൊന്നേ എന്ന് വീട്ടുകാര്‍ ഓമനിച്ചുവളര്‍ത്തിക്കൊണ്ടുവരുന്ന മകളെ, കൈയിലും കഴുത്തിലും പൊന്നും ബാങ്കില്‍ ഒരു ഡിപ്പോസിറ്റുമൊക്കെയായി ഇദ്ദേഹത്തോടൊപ്പം അയക്കുന്നു. ഇയാള്‍ ആ കൊച്ചിനെ, എരിവും ഉപ്പുമൊക്കെ കിറുകൃത്യമായി ശ്രദ്ധിച്ച് പാകംചെയ്ത് കൊടുക്കാനുള്ള ഒരു പാചകക്കാരിയായിട്ട് ക്രമേണ പരിവര്‍ത്തനപ്പെടുത്തുകയാണ്. 'എന്തുചെയ്താലും കുറ്റംതന്നെ'' എന്ന് ചില ഭാര്യമാര്‍ പറയുന്നത് വെറുതെയൊന്നുമല്ല. ഭാര്യയോട് എന്തെങ്കിലും പൂര്‍വകാലവൈരാഗ്യമോ ശത്രുതയോ വച്ചിട്ടല്ല ശ്രീമാന്റെ കുറ്റപ്പെടുത്തല്‍. ഭര്‍ത്താവായാല്‍ അങ്ങനൊക്കെ വേണം എന്നൊരു പരമ്പരാഗത ധാരണ എങ്ങനെയോ കയറിക്കൂടിയതാണ്.
'ശ്ശെ മീന്‍കറിക്ക് എരിവില്ല'' എന്ന് പുരികംചുളിച്ച് പറയും. എന്നുവച്ചാല്‍ തന്റെ നാവിന് എരിവ് കൂടുതലാണ് ഇഷ്ടമെങ്കില്‍ വീട്ടിലെ മറ്റുള്ളവരും ആ രീതിയില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന നിലപാട്. തനിക്ക് എരിവ് കൂടുതല്‍ ഇഷ്ടമാകുന്നതുപോലെ ഭാര്യക്ക് എരിവ് കുറവാണ് ഇഷ്ടമെങ്കില്‍ അവളുടെ ഇഷ്ടവുംകൂടി ഒന്ന് ശ്രദ്ധിക്കേണ്ടേ എന്ന ചിന്തയൊന്നുമില്ല. അല്ലെങ്കില്‍ എന്തുചെയ്യണം. കറിവയ്ക്കുമ്പോള്‍ അടുക്കളയിലേക്ക് ചെന്ന് രുചിച്ചുനോക്കി, 'കുറച്ചുകൂടി എരിവ് ഉണ്ടായാല്‍ നന്നായിരിക്കും അല്ലേ' എന്നൊക്കെ പറഞ്ഞ് താന്‍തന്നെ തനിക്കാവശ്യമുള്ള രീതിയില്‍ തന്റെ ഭാഗം പ്രിപ്പയര്‍ ചെയ്യണം. ങേ ഹേ! അടുക്കള എന്നത് പഴയകാല ആഫ്രിക്ക എന്നപോലെ ഇരുണ്ട ഭൂഖണ്ഡമാണ് ഇങ്ങേര്‍ക്ക്. അവിടെ അടുപ്പ് അല്ലെങ്കില്‍ ഗ്യാസ്സ്റ്റൌ, പാത്രം കഴുകാനുള്ള സിങ്ക്, കറിക്കൂട്ടുകള്‍ വയ്ക്കുന്ന ചില ഏരിയകള്‍ ഒക്കെ ഉണ്ടെന്ന് കേട്ടറിവുള്ളതല്ലാതെ അകത്തേക്ക് പ്രവേശിച്ച് ഒന്നും നേരിട്ട് കണ്ടിട്ടില്ല. മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും തമ്മില്‍ തിരിച്ചറിഞ്ഞുകൂടാ. ഗ്യാസ്കുറ്റിയുടെ നോബ് മുകളിലേക്കാണോ താഴേക്കാണോ തിരിച്ച് ഓണാക്കേണ്ടതെന്നും സംശയമാണ്. വീടിന്റെ വടക്കുപുറത്തിന്റെ ഫോട്ടോ എടുത്ത് ഭര്‍ത്താവിനെ കാണിച്ചാല്‍ 'ഇതേത് വീട്'' എന്നുചോദിക്കും ചില ഭര്‍ത്താക്കന്മാര്‍. ആ ഏരിയയില്‍ കാലെടുത്തുവച്ചത് വീടിന്റെ പാലുകാച്ചല്‍ ദിവസമാണ്. പിന്നെ ആ വഴിക്ക് പോയിട്ടില്ല (ഇതൊക്കെ അതിശയോക്തിയാണ്. ഇങ്ങനുള്ള ഭര്‍ത്താക്കന്മാര്‍ ഇപ്പോഴില്ല എന്നൊക്കെയാണ് സാറ് പറയുന്നതെങ്കില്‍ സാറ് ലോകം ഇനിയും കാണാന്‍ കിടക്കുന്നു എന്നേ മറുപടി പറയാനുള്ളൂ. ഉണ്ട് സാര്‍ ഉണ്ട്. കൈയിലെ മൊബൈല്‍ 4ജി ആണെങ്കിലും മനസ്സുകൊണ്ട് ഇപ്പോഴും ബിസിയിലെ ഭര്‍ത്താവാണ്).
 
തനിക്കെന്തുമാകാം
ചില ടിവി ഷോകളില്‍ യുവാക്കളോട് ഭാവി ഭാര്യ എങ്ങനെയാകണം എന്നുള്ള ചോദ്യത്തിന് അവരുടെ ഉത്തരം കേള്‍ക്കേണ്ടതാണ്. പുളിയിലക്കര നേര്യത് ധരിക്കുന്നവളാകണം, നെറ്റിയില്‍ സിന്ദൂരം വേണം അല്ലെങ്കില്‍ കുരിശുമാല വേണം. മോഡേണ്‍ ഒന്നും ആകരുത്. പറയുന്ന യൂത്തനെ ഒന്നു കാണണം. അവിടവിടെ കീറിയ അള്‍ട്രാട്രെന്‍ഡി ജീന്‍സും ഫ്രീക്ക് തലമുടിയുമൊക്കെയാണ്. അവന് എന്തുമാകാം. പക്ഷേ, കെട്ടാന്‍ പോകുന്ന പെണ്ണ് പുളിയിലക്കരതന്നെ ഉടുക്കണം. ഭാര്യയും ജീന്‍സ് ധരിച്ചാല്‍ അടുക്കളയില്‍ കയറ്റാന്‍ അല്‍പ്പം ബുദ്ധിമുട്ടാകും എന്ന ചിന്തയും കൂടിയാകാം.
കളിയാക്കല്‍
കുറ്റംപറച്ചില്‍പോലെതന്നെയാണ് ചിലര്‍ക്ക് ഭാര്യമാരെ കളിയാക്കലും. കളിയാക്കല്‍ എന്നുവച്ചാല്‍ നിമിഷങ്ങള്‍ ആഹ്ളാദകരമാക്കാന്‍ വേണ്ടിയുള്ള നര്‍മം നിറഞ്ഞ കളിചിരിയല്ല. ഭാര്യമാര്‍ എന്നുവച്ചാല്‍ ജന്മനാ മണ്ടിമാരാണെന്നൊക്കെയുള്ള രീതിയിലുള്ള സ്ത്രീകളെ മൊത്തത്തില്‍ കൊച്ചാക്കുന്ന ഡയലോഗുകളാണ്. ഭാര്യമാര്‍ക്ക് ആഭരണഭ്രമം എന്നാണ് ഇവരുടെ കാലാകാലങ്ങളായുള്ള കളിയാക്കല്‍. എന്നാല്‍, കല്യാണസമയത്ത് ഒരു ഭര്‍ത്താവും ഭാര്യവീട്ടുകാരോട് പറഞ്ഞിട്ടില്ല 'ഞാന്‍ പുരുഷനാണ്. എനിക്ക് ആഭരണഭ്രമം തീരെയില്ല, അതുകൊണ്ട് എന്റെ ഭാര്യയാകാന്‍പോകുന്ന നിങ്ങളുടെ മകളെ ആഭരണങ്ങളൊന്നും അണിയിക്കണ്ട''എന്ന്. അതൊക്കെ ഗ്രാം കുറയാതെ പറഞ്ഞുവാങ്ങിയിട്ടാണ് ആഭരണഭ്രമം എന്നൊക്കെയുള്ള കളിയാക്കല്‍. ഭാര്യ ആഭരണത്തെ ആഭരണമായിട്ടേ കാണുന്നുള്ളൂ. ഇങ്ങേര്‍ പക്ഷേ അതിനെ കാശിന്റെ പര്യായമായിട്ടാണ് അളക്കുന്നത്. വിറ്റാല്‍ പവന് എത്ര കിട്ടും പണയംവച്ചാല്‍ എത്രകിട്ടും വില്‍ക്കലാണോ പണയപ്പെടുത്തലാണോ ലോങ്ടേമില്‍ ആദായകരം എന്നൊക്കെ കാണാപ്പാഠമാണ്. പണയംവയ്ക്കാന്‍ ഭാര്യയുടെ ആഭരണം ചോദിക്കുമ്പോഴുള്ള ആ ഭീഷ്മശപഥങ്ങള്‍ കേള്‍ക്കണം. അടുത്ത പതിനഞ്ചിന് ചിട്ടി കിട്ടുമ്പോള്‍ നിന്നാണെ ഇത് ഞാന്‍ തിരിച്ചെടുത്തിരിക്കും എന്നൊക്കെയാണ് ഭാര്യയുടെതന്നെ തലയില്‍ കൈവച്ചിട്ടുള്ള സത്യംചെയ്യല്‍ (അതും തന്റെതന്നെ തലയില്‍തൊട്ട് പറയാന്‍ പേടിയാണ്. പറയുന്ന തീയതിയൊക്കെ വെറുതെ ഒരു പഞ്ചിനുവേണ്ടിയിട്ടാണെന്ന് ആശാനറിയാം). പിന്നീട് പണയപ്പണ്ടം തിരിച്ചെടുക്കാന്‍ നോട്ടീസ് വരുന്നു. ശേഷം ലേലം ചെയ്യുന്നതായി അറിയിപ്പ്. അത് ഇങ്ങിനി തിരിച്ചുകിട്ടാത്തവിധം പോയിമറഞ്ഞുവെന്ന് ഭാര്യ മനസ്സിലാക്കുന്നു. ഇതൊക്കെ ചെയ്തുകൂട്ടിയിട്ടാണ് നാലാള് കൂടുമ്പോള്‍ ഭാര്യമാരുടെ ആഭരണപ്രേമം കളിയാക്കി ആളാകുന്നത്. 
ചിലര്‍ക്ക് ഭാര്യമാര്‍ ടിവി കാണുന്നതും കളിയാക്കല്‍ വിഷയമാണ്. സീരിയല്‍ കണ്ട് കരയുന്നവര്‍ എന്നൊക്കെയാണ് ആക്ഷേപം. വൈകുന്നേരങ്ങളില്‍ ക്ളബ്ബിലും ബിവറേജസിലുമൊക്കെ ചെന്നിരുന്ന് കള്ളുകുടിച്ച് കരയുന്നതിന് കുഴപ്പമില്ല. ബിവറേജസിന്റെ ക്യൂവിലും ബാറിനുള്ളിലും ഒക്കെ കയറിനോക്കണം എത്ര സ്ത്രീകളുണ്ടെന്ന്. ഒരു ഭാര്യയും വസ്തു എഴുതിവിറ്റ് സാരി വാങ്ങുകയോ ടിവി വാങ്ങി സീരിയല്‍ കാണുകയോ ചെയ്ത ചരിത്രമില്ല. നേരെമറിച്ച് വീടും പറമ്പും വിറ്റ് കള്ളുകുടിച്ചും ധൂര്‍ത്തടിച്ചും തീര്‍ത്ത എത്രയോ പുരുഷന്മാരെ നമുക്കറിയാം. സീരിയല്‍ കണ്ട് ലിവര്‍സിറോസിസും സ്ത്രീകള്‍ക്ക് വന്നിട്ടില്ല. സീരിയല്‍ കണ്ട് ഓടയില്‍ വീണുകിടക്കുകയോ നാട്ടുകാര്‍ പൊക്കി വീട്ടില്‍ കൊണ്ടുവരികയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും കളിയാക്കലുകള്‍ക്ക് കുറവില്ല.
 
ആരോപണങ്ങള്‍ വേറെയും
സ്ത്രീകള്‍ പരദൂഷണക്കാരാണ്, മറ്റൊരു സ്ത്രീയെക്കുറിച്ച് കുറ്റം പറയുക എന്നതാണ് ഹോബി എന്നൊക്കെയാണ് വേറെ ചില ആരോപണങ്ങള്‍. ഹൊ! എന്ത് യോഗ്യന്മാര്‍. ഓഫീസില്‍ സഹപ്രവര്‍ത്തകനെതിരെ മേലോഫീസര്‍ക്ക് എഴുതുന്ന ഊമക്കത്തിലെ പരദൂഷണങ്ങള്‍ ഒന്ന് വായിക്കണം. സ്ത്രീകള്‍ നൂറുജന്മം ജനിച്ചാലും അത്രയും സാമര്‍ഥ്യത്തോടെ പാരവയ്ക്കാനും കാലുവാരാനും കഴിയില്ല. അമ്മായിമരുമകള്‍ ബന്ധത്തെക്കുറിച്ച് ഹാസ്യനുറുങ്ങുകള്‍ ഇഷ്ടംപോലെ ചമയ്ക്കും. ഇനി അഥവാ അമ്മായിമരുമകള്‍ പോര് ഉണ്ടെങ്കില്‍ത്തന്നെ അത് അടുക്കളയില്‍ തീരും. സ്ത്രീധന ബാക്കിക്കുവേണ്ടിയുള്ള അമ്മാവന്‍മരുമകന്‍ സംഘര്‍ഷങ്ങളുടെ ഏഴയലത്തുവരില്ല അത്.
ഇങ്ങനെയുള്ള ദുരാരോപണങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും കുറ്റം കണ്ടുപിടിക്കലുകള്‍ക്കുമുള്ള കണ്‍കണ്ട ഔഷധമായി മാറും ആ 'ശമ്പളചികിത്സ.' ബില്ല് പാസായാല്‍ ഇനി ചില വീടുകളില്‍ ഒന്നാംതീയതി ഇങ്ങനെയൊക്കെ കേള്‍ക്കാം.
'പകുതി ജോലി ഞാന്‍ ചെയ്യാം. അപ്പോള്‍ പകുതി ശമ്പളം തന്നാല്‍ പോരേ.'' 'ജോലി നമുക്ക് ഷെയര്‍ ചെയ്യാം'' 'ഇപ്പോള്‍ പകുതി ശമ്പളം തരാനുള്ള കാശേ ഉള്ളൂ. ബാക്കിപകുതി പത്താംതീയതി തരാം. പ്ളീസ് പ്രശ്നമുണ്ടാക്കരുത്.'' 'ഈ മാസത്തെ ശമ്പളവുംകൂടി ചേര്‍ത്ത് അടുത്തമാസം തന്നാല്‍ പോരേ.''
വാല്‍ക്കഷണം: 'നിന്നെപ്പോലൊരു മണ്ടി ലോകത്ത് വേറെ കാണില്ല'' എന്ന് കളിയാക്കിയ ഒരു ഭര്‍ത്താവിന് ഭാര്യ കൊടുത്ത മറുപടി സുപ്രസിദ്ധമാണല്ലോ. അതിങ്ങനെ: 'നേരാ ചേട്ടാ. അല്‍പ്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ചേട്ടനെ കല്യാണം കഴിക്കുമായിരുന്നോ.''
സെല്‍ഫി, കൃഷ്ണ പൂജപ്പുര
പ്രധാന വാർത്തകൾ
Top