22 May Tuesday

വാസ്തുശില്‍പ്പത്തിന്റെ അമൃതമുദ്രകള്‍

ജി ശങ്കര്‍Updated: Sunday Mar 19, 2017

ജി ശങ്കര്‍

ജി ശങ്കര്‍

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരേപ്രില്‍മാസ പുലരി. ഒന്നാം തീയതി വിഡ്ഢിദിനമായതുകൊണ്ട്, ജാഗ്രതയോടെ, അമളികള്‍ പറ്റാതെ, ദിനചര്യകളിലേക്ക് വഴുതിവീഴുമ്പോഴാണ് ഒരശനിപാതംപോലെ ആ വാര്‍ത്ത കേട്ടത്. ഒരുവേള, തെറ്റായ സന്ദേശമായിരിക്കും എന്ന് ഓര്‍ത്ത് ആശ്വസിക്കുകയുംചെയ്തു. പതിയെ സ്ഥിരീകരണമെത്തി. ലാറി ബേക്കര്‍ കൂടുവിട്ട് പറന്നുപോയിരിക്കുന്നു.

തിടുക്കം കൂട്ടി 'ഹാംലറ്റി'ലേക്ക് കുതിച്ചെത്തുമ്പോള്‍, ശോകമൂകരായി കുറച്ചാള്‍ക്കാര്‍ കൂട്ടംകൂടി നില്‍പ്പുണ്ട്. അവരുടെയിടയിലൂടെ പിരിയന്‍കോവണി കയറി മുകളിലെത്തിയപ്പോള്‍ തൂവെള്ളവസ്ത്രങ്ങള്‍ ധരിച്ച്, ഉറക്കത്തിന്റെ സൌമ്യദീപ്തിയില്‍ നിശ്ചലനായി കിടക്കുന്ന ലാറി ബേക്കര്‍.

ഒരു പിടിവള്ളി കൈവിട്ടുപോയിരിക്കുന്നു. അതുതന്നെയാകണം കൂടിയിരുന്ന എല്ലാവരുടെയും മനസ്സില്‍. പോരാട്ടഭൂമിയില്‍ ഒറ്റയ്ക്ക് ജീവിതദൂരം താണ്ടിയ ഒരാളായിരുന്നു അദ്ദേഹം. ആദ്യം വഴിയില്‍ നടന്നവന്‍ ദുര്‍ഘടപാതയിലെ കല്ലുംമുള്ളും ഏറ്റുവാങ്ങി കടന്നുപോകുന്നു. പിന്നീടുള്ള യാത്രക്കാര്‍ക്ക് പാത സുഗമമാകുന്നു. ഇത് പറഞ്ഞത് വിഖ്യാതചിത്രകാരനായ പാബ്ളോ പിക്കാസ്സോ. അങ്ങനെ കടന്നുപോയ ഒരവധൂതനായിരുന്നു ലാറി ബേക്കര്‍.

പലരുടെയും ധാരണകള്‍ക്കു വിരുദ്ധമായ ഒരു കാര്യം ഞാന്‍ എടുത്തെഴുതട്ടെ. ഒരു കാലത്തും അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ജോലിചെയ്തിട്ടില്ല. എന്നും, ഒരു വിദൂരനക്ഷത്രംപോലെ, മനതാരില്‍ കാത്തുസൂക്ഷിച്ചിരുന്നു എന്നത് സത്യം.

ഞാന്‍ മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തിലാണ് ബേക്കര്‍നിര്‍മിതികള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഞങ്ങളുടെ നാട്ടില്‍, തിരുവല്ലയില്‍, വിചിത്രമായൊരു കെട്ടിടനിര്‍മാണം കാണെക്കാണെ ഉയര്‍ന്നുവരുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. വൃത്താകൃതിയിലുള്ള ഒരു കൂടാരപ്പള്ളി. അന്ന് ഞങ്ങളെല്ലാവരും, കാര്യസാധ്യത്തിനായി ദേവാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കും. ക്രിസ്ത്യാനികള്‍ അമ്പലങ്ങളില്‍ നിവേദ്യമൊരുക്കും. അതൊരു രമണീയകാലമായിരുന്നു.

ദേവാലയങ്ങളിലെ ഭക്തിനിര്‍ഭരത ഞാന്‍ ആദ്യമായി അനുഭവിക്കുന്നത് ഈ കൂടാരപ്പള്ളിയിലാണ്. ആകാശത്തേക്ക് ഉയര്‍ന്നുപോകുന്ന ആ നിര്‍മിതി കാഴ്ചകള്‍ക്കപ്പുറമുള്ള മാനങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിന് സ്കൂള്‍കുട്ടിയായിരുന്ന ഞാന്‍ നേര്‍സാക്ഷിയാണ്. ഏതോ ഒരു സായിപ്പിന്റെ കലാവിരുതെന്ന് ആരോ പറഞ്ഞറിഞ്ഞിരുന്നു. വാസ്തുശില്‍പ്പമാണ് എന്റെ ജീവിതവഴിയെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ലല്ലോ! തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ആ സായിപ്പ് ബേക്കര്‍ജിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഞങ്ങളുടെ കോളേജില്‍ അന്ന് പഠനഭാഗമായി പഠിപ്പിച്ചിരുന്നത് അതിരുകളില്ലാത്ത ഭൂമിയില്‍ എത്ര പണവും നിക്ഷേപിച്ച് പണിതുയര്‍ത്തുന്ന മണിമാളികകളുടെ രൂപകല്‍പ്പനയാണ്. അന്നും, അതല്ല ഇന്ത്യന്‍ യാഥാര്‍ഥ്യമെന്നും, അഞ്ചുസെന്റ് സ്ഥലവും 50,000 രൂപയും കുറെ വീടുസ്വപ്നങ്ങളുമാണ് ശരാശരി ഭാരതീയന്റെ ആവശ്യമെന്നും തിരിച്ചറിഞ്ഞ്, അതിനുവേണ്ടി അധ്യാപകരുമായി നിരന്തരം കലഹിക്കുമായിരുന്നു. അന്ന് വേലിക്കപ്പുറത്തുള്ള ബേക്കര്‍ജിയെ കോളേജില്‍ കൊണ്ടുവരാന്‍ വൃഥാ കുറെ ശ്രമങ്ങള്‍ നടത്തി. അവരുടെ കാഴ്ചപ്പാടില്‍ അങ്ങോര്‍ വെറും മേസ്തിരിമാത്രമായിരുന്നുവത്രേ! പില്‍ക്കാലത്ത് ഇംഗ്ളണ്ടില്‍ ഉപരിപഠനത്തിനായി പോകുന്ന വേളയില്‍ ബേക്കര്‍ജിയുടെ അനുഗ്രഹം വാങ്ങുവാനായി ഞാന്‍ പോയിരുന്നു. ഒരു പൂവ് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയത് വസന്തമായിരുന്നു. എന്റെ കൈയില്‍ തന്നുവിട്ട കുറിപ്പില്‍ അദ്ദേഹമിങ്ങനെ എഴുതി- "ഇന്ത്യയെപ്പോലുള്ള മൂന്നാംലോകരാഷ്ട്രങ്ങള്‍ ശങ്കറിനെപ്പോലുള്ള ചെറുപ്പക്കാരെ കാത്തിരിക്കുകയാണ്. അവരാണ് രാഷ്ട്രഭാവി രൂപകല്‍പ്പന ചെയ്യേണ്ടത്്. എനിക്കറിയാവുന്ന ഏറ്റവും സമര്‍ഥന്‍ ഈ കത്തുകൊണ്ടുവരുന്ന ഈ ചെറുപ്പക്കാരനാണ്.'' ബേക്കര്‍ജി പഠിച്ചതും അതേ വിദ്യാലയത്തിലായിരുന്നു എന്നത് യാദൃച്ഛികം. ആ യൂണിവേഴ്സിറ്റിയിലെ ഉന്നത വിദ്യാഭ്യാസ സമിതിയില്‍ വിദ്യാര്‍ഥി പ്രതിനിധിയായിരുന്നു ഞാന്‍. ആ നിലയില്‍ അധികാരികളോട് ആവശ്യപ്പെട്ട പ്രകാരം സെന്‍ട്രല്‍ ഇംഗ്ളണ്ട് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചത് പില്‍ക്കാല ചരിത്രം.

ബേക്കര്‍ കെട്ടിടങ്ങളുടെ പ്രവാചകശബ്ദം നമ്മെ വിസ്മയിപ്പിക്കും. വരാനിരിക്കുന്ന വറുതിയുടെ കാലത്തെ വാസ്തുശില്‍പ്പത്തിലൂടെ എങ്ങനെ പ്രതിരോധിക്കാമെന്ന് കൃത്യമായി അവ അടയാളപ്പെടുത്തുന്നു. കാറ്റിന്റെയും വെളിച്ചത്തിന്റെയും വഴികള്‍ കെട്ടിടങ്ങളുടെ ഉള്‍ത്തളങ്ങളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുട്ടും ഉഷ്ണവും കുറഞ്ഞ ഒരു നിര്‍മാണരീതി നമുക്ക് പരിചിതമായി. മാത്രമല്ല, മുറ്റത്തെയും പറമ്പിലെയും നിര്‍മാണവസ്തുക്കള്‍ കണ്ടെത്തി അവ നിര്‍മാണപദാവലിയില്‍ ചേര്‍ത്തു എന്നതും നാം ഓര്‍ത്തെടുക്കേണ്ടതുണ്ട്. നാടന്‍ ഇഷ്ടികകളും മണ്ണും കുമ്മായവും മാവിന്‍തടിയും മുളയും അരിക് പൊട്ടിയ ഓടുകളും ഉടഞ്ഞ കുപ്പിക്കഷണങ്ങളും എന്നുവേണ്ട, പാഴ്വസ്തുക്കള്‍പോലും അവധാനതയോടെ വാസ്തുശില്‍പ്പത്തില്‍ വിളക്കിച്ചേര്‍ത്തതുവഴി ഈടിന്റെയും ബലത്തിന്റെയും സൌന്ദര്യത്തിന്റെയും മാമൂല്‍സങ്കല്‍പ്പങ്ങള്‍ക്ക് പുതിയൊരു ഭാഷ്യം രചിച്ചു.

ലാറി ബേക്കര്‍ സാധാരണക്കാരുടെ പെരുന്തച്ചനായിരുന്നു. വാസ്തുശില്‍പ്പത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. വരേണ്യവര്‍ഗത്തിന്റെ പിണിയാളുകളായി അധഃപതിക്കാതെ, സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും ആദിവാസിയുടെയും ചേരിനിവാസിയുടെയും ഭവനസങ്കല്‍പ്പങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ ചാരുതയേറ്റുക എന്നത് കാലം ആവശ്യപ്പെടുന്ന വെല്ലുവിളിയാണ്. അതാണ് അക്ഷരാര്‍ഥത്തില്‍ ലാറി ബേക്കര്‍ ഏറ്റെടുത്തത്. ചുരുങ്ങിയ ചെലവില്‍, നാടന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൌഹാര്‍ദ, ഊര്‍ജം സംഭരിക്കുന്ന വീടുകള്‍ നാടിന് പ്രതീക്ഷയായി ഉയര്‍ന്നുവന്നു. അതിന് പ്രധാനപ്പെട്ട രണ്ട് കാരണക്കാര്‍ ഉണ്ടായിരുന്നു. ഒന്ന് ബനഡിക്ട് തിരുമേനി. രണ്ട് അന്തരിച്ച കേരള മുഖ്യമന്ത്രി സി അച്യുതമേനോന്‍. ഇവരുടെ കരുത്തുറ്റ പിന്തുണയിലാണ് കേരളത്തില്‍ ബേക്കര്‍ജിക്ക് കാലുറപ്പിക്കാന്‍ സാധിച്ചത്. 1970ല്‍ അദ്ദേഹം പണിഞ്ഞ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആസ്ഥാനമന്ദിരം, ലയോള സ്കൂളിനുവേണ്ടി ചെയ്ത കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ ഇവയൊക്കെ വാസ്തുശില്‍പ്പത്തിന്റെ അമൃതമുദ്രകളായി. നര്‍ത്തകനും വര്‍ത്തകനും നാടോടിയും ഏകാകിയും ആ വൈഭവം ഏറെ ആസ്വദിച്ചുകാണും.

ലാറി ബേക്കറിന്റെ ജീവിതപാത അതീവസങ്കീര്‍ണവും ദുഷ്കരവുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു 'പകുതി' ഡോക്ടറായി ചൈനയില്‍ സന്നദ്ധസേവനത്തിന് മുതിര്‍ന്ന അദ്ദേഹത്തിന്റെ മടക്കയാത്രയില്‍ ഇന്ത്യയില്‍ കുറച്ചുനാള്‍ തങ്ങാനിടയായി. അക്കാലത്ത് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ശ്രവിച്ചത് ജീവിതത്തിന്റെ വഴിത്തിരിവായി. ഹിമാലയന്‍ അടിവാരങ്ങളില്‍ പാവപ്പെട്ടവരുടെ വാസ്തുശില്‍പ്പിയാകാനുള്ള നിയോഗം നല്‍കിയത് ആ വാക്കുകളാണ്. പിന്നീട് നീണ്ട 25 വര്‍ഷങ്ങള്‍ അവരുടെകൂടെ തൊഴിലാളിയായും വാസ്തുശില്‍പ്പിയായും ജോലിചെയ്തു. മണ്ണുമായുള്ള ജൈവബന്ധം അദ്ദേഹം സ്ഥാപിച്ചത് അക്കാലത്താകണം. പിന്നീട് അവിടെവച്ചാണ് ഡോ. എലിസബത്ത് ബേക്കറിന്റെ ജീവിതസഖിയാകുന്നത്. ആ യാത്രയാണ് കേരളത്തിലേക്ക് പില്‍ക്കാലത്ത് അദ്ദേഹത്തെ എത്തിച്ചത്. ശേഷം ബേക്കറിന്റെ കര്‍മജീവിതം ഭാരതത്തിന്റെ ഭവനനിര്‍മാണ സാമൂഹ്യചരിത്രത്തിലെ വിലയേറിയ ഏടുകളായി. കേരളത്തിലേക്ക് ബേക്കര്‍ജി എത്തുന്ന കാലത്തുതന്നെ തനത് വാസ്തുശില്‍പ്പശൈലിയില്‍നിന്ന് സമൂഹം വ്യതിചലിച്ചുതുടങ്ങിയിരുന്നു. നമ്മുടെ പച്ചപ്പ് മുഴുവന്‍ അഹങ്കാരത്തിന്റെയും ആര്‍ഭാടത്തിന്റെയും വികലരൂപങ്ങള്‍ നിറഞ്ഞുതുടങ്ങിയിരുന്നു. ആ ദുഷിച്ച വ്യവസ്ഥിതിയോടാണ് അദ്ദേഹത്തിന് നിരന്തരം കലഹിക്കേണ്ടിവന്നത്.

‘വളരുന്ന വീടുകള്‍ തനത് മലയാള സങ്കല്‍പ്പമാണ്. അതിന്റെ സാമ്പത്തികമാനം പില്‍ക്കാലത്ത് ലോകം ഏറ്റെടുത്തു. ആ ആശയത്തെ, തിരികെ ശക്തിയായി അദ്ദേഹം കെട്ടിടങ്ങളിലൂടെ അവതരിപ്പിച്ചു. ആവശ്യങ്ങളും അത്യാവശ്യങ്ങളും സ്വപ്നങ്ങളും വേര്‍തിരിപ്പിക്കാനും പഠിപ്പിച്ചു. കേരളം നിര്‍മാണവസ്തുക്കളുടെ അനര്‍ഘഖനിയാണെന്നും മലയാളിതൊഴിലാളികളുടെ കരവൈദഗ്ധ്യം ലോകത്തിലേക്കും മേന്മയേറിയതാണെന്നും സ്വന്തംനിര്‍മിതികളിലൂടെ വിളംബരം ചെയ്യുകയും ചെയ്തു.

വാസ്തുശില്‍പ്പത്തിന്റെ മലയാളിത്തം ആദ്യമായി വീണ്ടെടുത്ത ഒരാളായും ചരിത്രത്തില്‍ ബേക്കര്‍ജി വാഴ്ത്തപ്പെടും. ചാരുതയാര്‍ന്ന തനത് വാസ്തുശില്‍പ്പമാതൃകകള്‍ അദ്ദേഹത്തിലൂടെ കൂടുതല്‍ മിഴിവാര്‍ന്ന് പ്രകാശിതമായി. അദ്ദേഹത്തിന്റെ മാതൃകകളില്‍ ജനാലകളുടെ അരിക് ഇരിപ്പിടമായും കിടപ്പറയായും രൂപാന്തരം പ്രാപിച്ചു. തട്ടിന്‍പുറങ്ങള്‍ പുനര്‍ജനിച്ചു. വാസ്തുശില്‍പ്പത്തിനുതന്നെ പുത്തന്‍ സൌന്ദര്യഭാഷ്യമുണ്ടായി.

ലാറി ബേക്കറിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2017. മറ്റേതു കാലത്തേക്കാളും അദ്ദേഹത്തിന്റെ അതുല്യമായ കലാസൃഷ്ടികള്‍ വര്‍ത്തമാനകാലത്തോട് അസുഖകരമായ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. സുഖലോലുപതയില്‍ വരേണ്യവര്‍ഗം ആടിയുലയുമ്പോഴും ആര്‍ഭാടത്തിലും അഹങ്കാരത്തിലും മുങ്ങിത്താഴുമ്പോഴും ലാളിത്യമാണ് വേണ്ടതെന്ന് ബേക്കര്‍നിര്‍മിതികള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഓര്‍മകള്‍ കാത്തുസൂക്ഷിക്കണം എന്ന് ഒരാവര്‍ത്തികൂടി ആ കെട്ടിടങ്ങള്‍, കൈയൊപ്പുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

പ്രധാന വാർത്തകൾ
Top