15 November Thursday

തീവ്രമായ പ്രണയകഥയാണ് മായാനദി പറയുന്നത്, ഞങ്ങള്‍ ഇതിനുമുമ്പ് സമീപിക്കാത്ത മേഖല: ആഷിഖ് അബു

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Dec 17, 2017

 മായാനദിയെക്കുറിച്ച് അവകാശവാദങ്ങൾ ഒന്നുമില്ല. എന്നാൽ, ശുഭപ്രതീക്ഷയുണ്ട്. സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം പുറത്തിറങ്ങി. അതിനോടുള്ള പ്രേക്ഷകരുടെ താൽപ്പര്യം പ്രതീക്ഷ നൽകുന്നതാണ്. ആത്യന്തികമായി പ്രേക്ഷകരാണ് തീരുമാനം എടുക്കേണ്ടത്. തീവ്രമായ പ്രണയകഥയാണ് സിനിമ പറയുന്നത്. ഞാനോ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌കരനോ ദിലീഷ്‌നായരോ മുമ്പ് സമീപിക്കാത്ത മേഖല. സംഭവിച്ച കാര്യങ്ങൾതന്നെയാണ് സിനിമയ്ക്ക് ആധാരം. വർഷങ്ങൾക്കുമുമ്പ് അമൽ നീരദാണ് സിനിമയുടെ ആശയം പങ്കുവച്ചത്.  ശ്യാം പുഷ്‌കരനും ദിലീഷും അതിന് സിനിമാരൂപമുണ്ടാക്കി. കുറെക്കാലത്തെ ചർച്ചകൾക്കൊടുവിലാണ് മായാനദി ഒഴുകിത്തുടങ്ങിയത്. എല്ലാ പ്രണയസിനിമകളിലുമെന്നപോലെ മായാനദിയിലും പാട്ടുകളുണ്ട്.  റെക്‌സ് വിജയൻ ഒരുക്കിയ നാല് പാട്ട്. ചിലത് ഇതിനോടകം പ്രേക്ഷകർക്ക് മുന്നിലെത്തി. അങ്ങേയറ്റം സത്യസന്ധവും ആത്മാർഥവുമായി വിഷയത്തെ സമീപിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അതുകൊണ്ട് ശുഭപ്രതീക്ഷയുണ്ട്.

 

ഒന്നിച്ചുവളർന്നവർ

 
സിനിമയെക്കുറിച്ച് സമാനമായ പ്രതീക്ഷകളും ചിന്തകളും പങ്കുവച്ചവരാണ് ഞാനും ശ്യാംപുഷ്‌കരനുമെല്ലാം അടങ്ങുന്ന കൂട്ടായ്മ. സിനിമയിൽ ഒന്നിച്ചുവളർന്നവർ. സാൾട്ട് ആൻഡ് പെപ്പറിന്റെ കാലത്തുനിന്ന് ശ്യാം പുഷ്‌കരൻ സർഗാത്മകമായി ഏറെ വളർന്നു. ഇന്ത്യയിലെതന്നെ ഏറ്റവും ബ്രില്യന്റായ തിരക്കഥാകൃത്തുക്കളിൽ ഒരാൾ. വളരെ എൻകറേജിങ്ങായ വളർച്ചയാണ് ശ്യാമിന്റേത്. സൗഹൃദത്തിന്റെ ഊഷ്മളത ഞങ്ങളുടെ ജോലിക്ക് രസം പകരാറുണ്ട്.   
 

സാൾട്ട് ആൻഡ് പെപ്പറിനുശേഷം 

 
സാൾട്ട് ആൻഡ് പെപ്പർ പുറത്തിറങ്ങി ആറുവർഷം കഴിയുമ്പോഴും ചലച്ചിത്രവ്യവസായരംഗത്ത് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന് സിനിമയ്ക്ക് ടാഗ് ലൈൻ ഇടാൻ അന്നത്തെ നടപ്പുശീലങ്ങളോട് കലഹിക്കേണ്ടിവന്നു. നിയന്ത്രണങ്ങളെ പൊട്ടിച്ചെറിയാൻ ഞങ്ങളിൽ കുറെപ്പേർക്കായി. പ്രേക്ഷക പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക്  സർഗാത്മക സ്വാതന്ത്രം നൽകി.  പ്രതീക്ഷകളുമായി  സിനിമയിലെത്തുന്ന എല്ലാവർക്കും എപ്പോഴും ഇത്തരം സ്വാതന്ത്രങ്ങൾ ലഭിച്ചെന്നുവരില്ല. സമകാലികരിൽ പലരും ഇപ്പോഴും പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. ഒത്തുതീർപ്പ് നടത്തുകയാണ് പലരും. ശീലങ്ങളുടെ പിടിയിൽനിന്ന് കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്. സ്വന്തമായി ചലച്ചിത്രനിർമാണക്കമ്പനികൾ രൂപീകരിച്ചതുകൊണ്ടാണ് പൂർണ സ്വാതന്ത്രത്തോടെ ചലച്ചിത്രമൊരുക്കാൻ ഞങ്ങളെപ്പോലുള്ളവർക്ക് സാഹചര്യമുണ്ടാകുന്നത്. അത്തരം പ്രതിരോധത്തിന്റെ ഭാഗമായിത്തന്നെയാണ് നിർമാണത്തിനും വിതരണത്തിനും കമ്പനികൾ രൂപീകരിച്ചതും. 
 

ഇന്റർനെറ്റിന് സ്തുതി

 
വിവരസാങ്കേതിക മുന്നേറ്റവും ഇന്റർനെറ്റുമാണ് ഞങ്ങൾക്കു മുന്നിൽ പുതുവഴി തുറന്നത്. കേരളത്തിലെ ചലച്ചിത്രവ്യവസായത്തിൽ പുരോഗമനപരമായ മാറ്റം ഉണ്ടായതിൽ അവയ്ക്ക് പങ്കുണ്ട്. സിനിമവാരിക എഡിറ്റർമാർക്കും പിആർഒമാർക്കും മുന്നിൽ ഓച്ഛാനിച്ചുനിന്ന ചലച്ചിത്രകാരന്മാർ സിനിമയെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ തുടങ്ങിയത്  ഇന്റർനെറ്റ് വിപ്ലവത്തിലൂടെയാണ്. പ്രേക്ഷകർക്കും ഇടനിലക്കാരില്ലാതെ സംവദിക്കാമെന്നായി.  സാങ്കേതികസംവിധാനങ്ങളുടെ ദുരൂഹത നീക്കാനും ഡിജിറ്റൽ വിപ്ലവത്തിനായി. അത് സിനിമയിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തി. എന്നാൽ, സിനിമാവ്യവസായത്തിന്റെ കെട്ടുപിണഞ്ഞുകിടക്കുന്ന പലതരം ശൃംഖലകളിൽ അഞ്ചോ പത്തോ ശതമാനം മാത്രമേ ഇപ്പോഴും മാറിയിട്ടുള്ളൂ. വിതരണരംഗത്തടക്കം കുത്തക സമീപനം നിലനിൽക്കുന്നുണ്ട്. എന്നാൽ, സിനിമയിലെ സംഘടനകളിൽ ജനാധിപത്യത്തിന്റെ കാറ്റ് കയറിയിട്ടില്ല. 
 

സോഷ്യൽ മീഡിയ ചീത്തവിളി

 
ചിലതെല്ലാം തുറന്നുപറയുന്നത് ദോഷമുണ്ടാക്കുമെന്നു ഭയന്ന് മിണ്ടാതിരിക്കാൻ ആകില്ല. മനസ്സുകൊണ്ട് അംഗീകരിക്കാൻ പറ്റാത്തതുമായി ഒത്തുപോകാനാകില്ല. നിലപാടുകൾ പൊതുജനങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ട്. സോഷ്യൽ മീഡിയയിലെ ശത്രുക്കളെ തീരെ ഗൗരവത്തിൽ എടുക്കുന്നില്ല. 
 

സിനിമയിലെ ഇടതുപക്ഷം

 
ഇടതുപക്ഷ രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമകൾ പുതിയ തലമുറ സിനിമക്കാരിൽനിന്ന് ഇപ്പോൾ ഉണ്ടാകുന്നുണ്ട്. മുമ്പും അതുണ്ടായിരുന്നു. കേരളത്തിന്റെ സാംസ്‌കാരികമായ പാരമ്പര്യത്തിന്റെ ഭാഗമാണത്. ശക്തമായ ഇടതുപക്ഷ നിലപാടുള്ള ചലച്ചിത്രകാരന്മാർ ഇവിടെയുണ്ടായിരുന്നു. എഴുതുകയും വായിക്കുകയും ലോകത്തെ അറിയുകയും ചെയ്യുന്നവർക്ക് വിഭിന്നമായ നിലപാടുകൾ സ്വീകരിക്കാനാകില്ല. ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാർ ഇടതുപക്ഷ ആശയം ഉൾക്കൊള്ളുന്ന ശക്തമായ രചനകൾ നടത്തുന്നു. അതിന്റെ പ്രതിഫലനം മലയാള സിനിമയിലുമുണ്ടാകുന്നു.

 
മായാനദിയുടെ പോസ്റ്റര്‍

മായാനദിയുടെ പോസ്റ്റര്‍

പ്രകാശ് രാജ് പറഞ്ഞത്

 
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ പ്രകാശ് രാജ് ധീരമായ നിലപാടുകൾ തുറന്നുപറഞ്ഞു. അദ്ദേഹത്തോട് ബഹുമാനമുണ്ട്. കമൽ ഹാസനും നിലപാട് വെട്ടിത്തുറന്നു പറയാൻ ഭയമില്ല. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ താരങ്ങൾ നിലപാടുകൾ വെളിപ്പെടുത്തുന്നില്ല എന്ന് ചോദിക്കുന്നതിൽ അർഥമില്ല. അത് വ്യക്തിസ്വാതന്ത്രത്തിന്റെ പ്രശ്‌നം. ചിലർക്ക് നിലപാടുണ്ടാകും. എന്നാൽ, അതുറക്കെ പറയാൻ മടിക്കും.  ചിലർ തരംപോലെ നിലപാട് സ്വീകരിക്കും. സ്വന്തം നിലപാട് അറിയിക്കാത്തതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. എല്ലാവരും എല്ലായ്‌പ്പോഴും പ്രതികരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നതെന്തിനാണ്. അലൻസിയറെപ്പോലുള്ള താരങ്ങൾ സ്വന്തം രാഷ്ട്രീയനിലപാടുകൾ തീവ്രമായിത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തെപ്പോലുള്ള കലാകാരന്മാർ വലിയ പ്രതീക്ഷയാണ്. പത്മാവതിക്കെതിരെ വാളോങ്ങിയപ്പോഴും സിനിമകളെ ഗോവൻമേളയിൽനിന്ന് പുറത്താക്കിയപ്പോഴുമെല്ലാം പലരും പ്രതികരിച്ചു. അമിതാഭ് ബച്ചനോ രജനികാന്തോ പ്രതികരിച്ചാലേ വാർത്തയാകൂ. ഈ വിഷയത്തിൽ സംസ്ഥാനത്തെമ്പാടും ചലച്ചിത്രകാരന്മാരും കലാകാരന്മാരും നിലപാടുകൾ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, അതൊന്നും മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top