14 November Wednesday

കാവല്‍ക്കാരുടെ മനോവിചാരങ്ങള്‍

കെ ഗിരീഷ്Updated: Sunday Jul 16, 2017

കാവല്‍ക്കാരന്‍ എന്ന നാടകത്തില്‍നിന്ന്

വാര്‍ധക്യം വിശ്രമത്തിന്റേതും സ്വാസ്ഥ്യത്തിന്റേതുമെന്ന സങ്കല്‍പ്പങ്ങള്‍ പഴയതായിക്കഴിഞ്ഞു. അവസാനനിമിഷംവരെ ജീവിതത്തെ കൊണ്ടുചെന്നെത്തിക്കണമെങ്കില്‍ വിശ്രമത്തെ മറക്കണം. സ്വാസ്ഥ്യത്തെ മറക്കണം. എടുക്കുന്ന പണിയില്‍നിന്ന് ഏതു നിമിഷവും എടുത്തെറിയപ്പെടുന്ന കാലമാണ്. വാര്‍ധക്യം കുറ്റവും കുറവുമാകുന്ന കോര്‍പറേറ്റ് കാലത്ത് ലഭിക്കുന്ന വരുമാനത്തിനും ചെയ്യുന്ന തൊഴിലിനും സുരക്ഷിതത്വമില്ല. പിന്നെ ആശ്രയം കാവല്‍ക്കാരനാകലാണ്. കാലത്തിന്റെ, സ്വപ്നങ്ങളുടെ, പണപ്പെട്ടികളുടെ കാവല്‍ക്കാരന്‍.

ഷാജി കരിപ്പായി

ഷാജി കരിപ്പായി

എടിഎം യന്ത്രങ്ങള്‍ക്കുമുന്നില്‍, ഇടപാടുകാരെ ക്ഷണിച്ചുകൊണ്ട് ഹോട്ടലുകള്‍ക്കു മുന്നില്‍ എവിടെയും കാണുന്ന വൃദ്ധമുഖങ്ങളിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ ഭൂതകാലത്തിന്റെ ചിരികളും വര്‍ത്തമാന ദൈന്യതയുടെ വരകളും കാണാം. വാര്‍ധക്യം മഹാപരാധമായതിന്റെ ഉണങ്ങിയ കണ്ണുനീര്‍ കാണാം.
കൊച്ചിന്‍ തിയറ്റര്‍ മൂവ്മെന്റിനുവേണ്ടി ഷാജി കരിപ്പായി രചനയും സംവിധാനവും നിര്‍വഹിച്ച് ചൊവ്വര ബഷീര്‍ അവതരിപ്പിക്കുന്ന ഒറ്റയാള്‍ നാടകം 'കാവല്‍ക്കാരന്‍' സെക്യൂരിറ്റി ജീവനക്കാരനായ രാമന്‍കുട്ടിയുടെ ജീവിതമാണ് പറയുന്നത്. എടിഎം കാവല്‍ക്കാരനായ രാമന്‍കുട്ടി വാര്‍ധക്യത്തില്‍ എത്തിച്ചേര്‍ന്ന തൊഴിലാണിത്. എന്നാല്‍, അതിനപ്പുറം തെരുവില്‍ പാതിരായ്ക്ക് കണ്‍തുറന്നിരിക്കുമ്പോള്‍ അയാള്‍ കാണുന്ന ജീവിതക്കാഴ്ചകള്‍ സമൂഹത്തിന്റെ നേര്‍ചിത്രവുമാണ്.
നിരവധി ചോദ്യങ്ങളാണ് എടിഎമ്മിനു മുന്നില്‍ നില്‍ക്കുമ്പോള്‍ രാമന്‍കുട്ടിയുടെ ഉള്ളിലുയരുന്നത്. അതില്‍ പ്രധാനം മനുഷ്യത്വം എന്നതിനെ സംബന്ധിച്ചുതന്നെയാണ്. നിഷേധിക്കാനാകാത്ത സാന്നിധ്യമായി എടിഎം യന്ത്രം മനുഷ്യജീവിതത്തില്‍ മാറുമ്പോള്‍ അവിടെ നഷ്ടമാകുന്നതെന്തൊക്കെയാണ്. എല്ലാ ഇന്ദ്രിയങ്ങളും നിര്‍വികാരമായി മാറുകയും യന്ത്രം അതേറ്റെടുക്കയും ചെയ്യുന്ന കാലത്തെ ഉല്‍ക്കണ്ഠയോടെ നോക്കുന്നു രാമന്‍കുട്ടി. ഒപ്പം പണം എത്രത്തോളം ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും.
ഓരോ കാണിയോടും രാമന്‍കുട്ടി ചോദിക്കുന്ന ചോദ്യവും നാടകത്തില്‍ പ്രസക്തമാകുന്നു. 'വാര്‍ധക്യം കുറ്റമാണോ' എന്ന ചോദ്യം അയാളനുഭവിക്കുന്ന തിരസ്കരണത്തിന്റെ തിരയേറ്റത്തെ പുറത്തുകൊണ്ടുവരുന്നു. ഒപ്പം കാണിയുടെ മനസ്സിലേക്ക് നാളെ തങ്ങളും തിരസ്കരിക്കപ്പെട്ടേക്കാം എന്ന ഓര്‍മപ്പെടുത്തലും ഉണ്ടാക്കുന്നു.
ഒറ്റയാള്‍ നാടകത്തിലുണ്ടായേക്കാവുന്ന മടുപ്പിനെ മറികടക്കാന്‍ രചനയ്ക്കും സംവിധാനത്തിനുമായി. ഒപ്പം ചൊവ്വര ബഷീറിന്റെ മിതത്വമുള്ള അഭിനയത്തിനും. വിവിധ ഘട്ടങ്ങളില്‍ ഉപയോഗിച്ച പാട്ടുകളും വെളിച്ചവും നാടകത്തിന്റെ ശക്തി വര്‍ധിപ്പിച്ചു.
അനില്‍ പനച്ചൂരാന്‍, സിബി തോമസ്, ദിനേഷ് പുലിമുഖത്ത് എന്നിവരുടെ വരികള്‍ക്ക് സംഗീതം ശൈലേഷ് നാരായണനും നിയന്ത്രണം രാജു എടത്തലയും നിര്‍വഹിച്ചു. ജി രാജേന്ദ്രന്‍ തൃപ്പൂണിത്തുറയും രതീഷ് കൃഷ്ണയും സനു ഗോപിനാഥുമാണ് ആലാപനം. വെളിച്ചം നീലാംബരന്‍ മാഹിയാണ്.

പ്രധാന വാർത്തകൾ
Top