21 April Saturday

മിന്നും മിനുങ്ങ്

ടി ആര്‍ അനില്‍കുമാര്‍Updated: Sunday Apr 16, 2017

സുരഭി ലക്ഷ്മി ഫോട്ടോ: എം എ ശിവപ്രസാദ്

മിന്നാമിനുങ്ങിലെ അമ്മ കഥാപാത്രം ഒരു സിനിമയെ ഒറ്റയ്ക്ക്  ചുമലിലേറ്റി കൊണ്ടുപോയി എന്നാണ്  സുരഭിയെ മികച്ച  നടിയായി തെരഞ്ഞെടുത്ത ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി  അഭിപ്രായപ്പെട്ടത്. സുരഭി ലക്ഷ്മി എന്ന സുരഭി പറഞ്ഞുതുടങ്ങിയാല്‍  പിന്നെ കോഴിക്കോടന്‍ വര്‍ത്തമാനത്തിന്റെ  കെട്ടഴിച്ചുവിടലാണ്.  ജീവിതത്തിന്റെ, അഭിനയത്തിന്റെ കൊച്ചുകൊച്ചു വിശേഷങ്ങള്‍

ഒരു നിമിഷംകൊണ്ടല്ലേ സംഭവം ആകെ കൈവിട്ടുപോയത്. സലാലയില്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയപ്പോഴല്ലേ സംഗതി അറിഞ്ഞത്. പിന്നെ ചാനലുകാരായി. ഫോണ്‍കോളുകളായി. അതുവരെ ഒരുമാതിരി എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന തിരക്കുള്ള ഒരു ജീവിതാരുന്നു. പിന്നൊന്നും പറയണ്ട. അവാര്‍ഡിന്റെ ന്തെങ്കിലും സൂചന കിട്ടീങ്കി ഞാന്‍ ഇവിടെത്തന്നെ നിന്നേനെ.

അവിടെനിന്ന് പ്രോഗ്രാം കഴിഞ്ഞ് കോഴിക്കോട് നരിക്കുനിയിലെ വീട്ടിലേക്ക് തിരിഞ്ഞപ്പോഴല്ലേ അത്ഭുതങ്ങള്‍. മുന്‍നിരയില്‍ നാട്ടിലുള്ള ബൈക്കുള്ള ചെറുപ്പക്കാരൊക്കെ നിരനിരയായിങ്ങനെ വന്നേക്ക്ണ്. അതിനുപിന്നില്‍ അനൌണ്‍സ്മെന്റ്. ഐശ്വര്യറായിയുമായി മത്സരിച്ച് ദേശീയ അവാര്‍ഡ് കൊണ്ടുവന്ന നരിക്കുനിയുടെ രാജകുമാരി ഇതാ വരുന്നേ. പിന്നെ പുര നിറച്ച് ആളുകള്. പാര്‍ടിക്കാരും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും കുടുംബശ്രീക്കാരും.  ഒന്നുമറിയാത്തവരുപോലും മോള്‍ക്ക് വലുത് ഏതാണ്ട് കിട്ടീലേ എന്നു പറഞ്ഞാണ് സന്തോഷത്തോടെ ഓടീക്കൂടണത്. ന്ക്ക് കരയണോ, ചിരിക്ക്ണോന്നറിയാത്ത അവസ്ഥ.

ലോക സുന്ദരിപ്പട്ടം കിട്ടിയപ്പോള്‍ വെള്ള നീളന്‍ ഫ്രോക്കിട്ട  ഐശ്വര്യറായിയെ വെള്ളക്കുതിരകള്‍ വലിക്കുന്ന തേരില്‍ സ്വീകരിച്ച് കൊണ്ടുപോകുന്ന വീഡിയോ കണ്ടിട്ടില്ലേ. അതുപോലെ നമുക്കൊക്കെ പോകാന്‍ പറ്റോ എന്ന് അന്നു വെറുതെ കിനാവുകണ്ടിട്ടുണ്ട്. എന്റെ നാട്ടുകാരുടെ സ്വീകരണം കണ്ടപ്പോ മനസ്സില്‍ മുഴുവന്‍ അതാരുന്നു. 

സുരഭി ലക്ഷ്മി എന്ന സുരഭി പറഞ്ഞുതുടങ്ങിയാല്‍ പിന്നെ കോഴിക്കോടന്‍ വര്‍ത്തമാനത്തിന്റെ കെട്ടഴിച്ചുവിടലാണ്. ജീവിതത്തിന്റെ, അഭിനയത്തിന്റെ കൊച്ചുകൊച്ചു വിശേഷങ്ങള്‍.

നാട്ടിലെത്തി പിറ്റേന്ന് കൊച്ചിയില്‍ മീറ്റ് ദ പ്രസിനെത്തിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ ഫ്ളാഷിനുമുന്നിലും സുരഭി മനസ്സുതുറന്നു. അടിച്ചുമോനെ. ഇത്രയധികം ക്യാമറ ഫ്ളാഷിനുമുന്നില്‍ ഒന്നുനില്‍ക്കാന്‍ കൊതിച്ചിട്ടുണ്ട്. അവസാനം അതും സാധിച്ചേ എന്നു പറയുമ്പോഴും ഇതൊക്കെ പറയാമോ എന്ന് ചോദിച്ച് എം 80 മൂസയിലെ പാത്തു നാണം ചിരിയില്‍ മറയ്ക്കും.

ആദ്യ അവാര്‍ഡ് ഒരു പായ്ക്കറ്റ് കടല

മീറ്റ് ദ പ്രസ് കഴിഞ്ഞ് നടക്കുമ്പോള്‍ അവാര്‍ഡ് വിശേഷങ്ങള്‍ ചോദിച്ചപ്പോഴും സുരഭി ആദ്യം പറഞ്ഞത് ദേശീയ അവാര്‍ഡിനെക്കുറിച്ചല്ല. ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന ആദ്യ അംഗീകാരത്തെക്കുറിച്ചാണ്. എളേറ്റില്‍ വട്ടോളിയില്‍ അച്ഛന്റെ കൈയില്‍ തൂങ്ങി നാടന്‍സര്‍ക്കസ് കാണാന്‍ പോയ മൂന്നരവയസ്സുകാരി സര്‍ക്കസ് വേദിയില്‍ നൃത്തമാടിയത്. അതുകണ്ട് സര്‍ക്കസുകാര്‍ക്ക് ഒരുപാട് കാശ് കിട്ടിയത്. അവസാനം നാട്ടുകാര്‍ സമ്മാനമായി നല്‍കിയ ഒരു പായ്ക്കറ്റ് കടലയും വത്തയ്ക്ക കഷ്ണവും. അതാണ് തന്റെ ജീവിതത്തിലെ ആദ്യ അവാര്‍ഡ്.

അച്ഛന്‍ കെ പി ആണ്ടി ഒരു കലാസ്വാദകനായിരുന്നു. നാട്ടില്‍ എന്ത് കലാപരിപാടിക്കും ഉത്സവത്തിനും സഹായിയായി കൂടും. അങ്ങനെ സര്‍ക്കസ്വേദിയിലെ ആ സമ്മാനക്കാരിക്ക് വേദികളായി. സിങ്കിള്‍ ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്. മുക്കാല മുക്കാബല,  മോഹന്‍ലാലിന്റെ ജുംബ, ജുംബ, രാമായണക്കാറ്റേ... ഈ പാട്ടിനൊക്കെയായിരുന്നു ഞാന്‍ നൃത്തമാടിയത്. നാട്ടിലെ കലാപരിപാടികളില്‍ അനൌണ്‍സ് ചെയ്യുന്ന വിജയന്‍ ചേട്ടന്‍ കുട്ടിക്ക് താളബോധമുണ്ടെന്നു പറഞ്ഞതുകേട്ട് അച്ഛന്‍ കലാമണ്ഡലം സത്യവ്രതന്‍മാഷിന്റടുത്ത് നൃത്തം പഠിക്കാന്‍ വിട്ടു. കാശൊന്നും ഉണ്ടായിട്ടല്ലാട്ടോ. ചെറിയ ചെറിയ ജോലികള്‍ചെയ്ത് കഷ്ടപ്പെട്ടിട്ടാണ്. പിന്നെ പുന്നശ്ശേരി രാമന്‍കുട്ടിമാഷിന്റെ അടുത്ത് ഓട്ടന്‍തുള്ളലും പഠിപ്പിച്ചു. നാട്ടില്‍ നാടകങ്ങള്‍ ചെയ്തിരുന്ന മുകുന്ദേട്ടന്‍ ഉത്സവപ്പറമ്പിലെ നാടകങ്ങളില്‍ ചെറിയവേഷങ്ങള്‍ തന്നു.

സ്കൂളില്‍ പഠിക്കുമ്പോഴേ താരമായല്ലോ എന്ന്  സുരഭിയോട് പലരും ചോദിക്കാറുണ്ട്. അതു ശരിയാന്നു പറഞ്ഞ് തല കുലുക്കി സുരഭി പിന്നെയും കഥയുടെ കെട്ടഴിച്ചു. സ്കൂള്‍പഠനകാലത്ത് ഉപജില്ലയിലും ജില്ലയിലുമൊക്കെ നൃത്തത്തിലും ഓട്ടന്‍ തുള്ളലിലും മോണോ ആക്ടിലുമൊക്കെ സമ്മാനം കിട്ടിയപ്പോഴും കലാതിലകമായപ്പോഴും പത്രത്തില്‍ ഫോട്ടോ വന്നിട്ടുണ്ട്. എന്നാല്‍, വാര്‍ത്ത വന്നത് പ്ളസ്ടുവിനു പഠിക്കുമ്പോഴാ. അന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലിന് പക്കമേളക്കാരില്ലാത്തതുകൊണ്ട് മൂന്നാംസ്ഥാനമേ കിട്ടിയുള്ളൂ. അച്ഛന്‍ മരിച്ച് സാമ്പത്തികപ്രയാസമായി ഇരിക്കുന്ന സമയമായിരുന്നു. മത്സരത്തിനു വിടാന്‍ അമ്മ രാധ ഒത്തിരി കഷ്ടപ്പെട്ടു.  വേഷം മാഷ് സൌജന്യമായി നല്‍കി. ചേച്ചി സുമിതയാണ് മത്സരത്തിനു കൊണ്ടുപോയത്. പക്കമേളമില്ലാത്തതുകൊണ്ടാ മൂന്നാംസ്ഥാനമെന്ന് ജഡ്ജസ് പറഞ്ഞു.  കരഞ്ഞുപോയി. പിറ്റേന്ന് പത്രങ്ങളില്‍ ഈ വാര്‍ത്തവന്നത് സംവിധായകന്‍ ജയരാജ് സാര്‍ കണ്ടു. പിറ്റേന്ന് മോണോ ആക്ടില്‍ എന്റെ അഭിനയം ശ്രദ്ധിക്കാന്‍ ഭാര്യ സബിതയോട്  പറഞ്ഞു.  അങ്ങനെയാണ്  ബൈ ദി പീപ്പിളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. അതാണ് ആദ്യ സിനിമ. അവിടന്നങ്ങോട്ട് സഹോദരങ്ങളായ സുമിതയും സുബിതയും സുധീഷുമൊക്കെയാട്ടോ എല്ലായിടത്തും കൊണ്ടുപോയി എന്നെ പ്രോത്സാഹിപ്പിച്ചത്.

മിന്നാമിനുങ്ങും എം 80 മൂസയും

മകള്‍ക്കുവേണ്ടി സ്വന്തം ജീവിതം മറന്ന സ്ത്രീ. അവള്‍ ചിലര്‍ക്ക് അമ്മ, ചിലര്‍ക്ക് ചേച്ചി, മറ്റു ചിലര്‍ക്ക് മകള്‍. ഒരു പേരുപോലുമില്ലാത്തവള്‍.  മിന്നാമിനുങ്ങിലെ  അമ്മ കഥാപാത്രം ഒരു സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റി കൊണ്ടുപോയി എന്നാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടത്. അതേക്കുറിച്ചും സുരഭിക്ക് പറയാന്‍ നൂറുവിശേഷങ്ങള്‍.

നാല്‍പ്പതോളം സിനിമ ചെയ്തെങ്കിലും ഒരു സ്ക്രിപ്റ്റ് മുഴുവനായി വായിക്കാന്‍ കിട്ടുന്ന സന്തോഷമായിരുന്നു ആദ്യം. തിരക്കഥാകൃത്ത് മനോജ് റാംസിങ്ങിന്റെ ബന്ധു നിഷയാണ് എന്നെ ഈ സിനിമയിലേക്ക് നിര്‍ദേശിക്കുന്നത്. കോഴിക്കോടന്‍ ശൈലി വേണ്ടെന്ന് സംവിധായകന്‍ അനില്‍തോമസ് ആദ്യമേ പറഞ്ഞു. പിന്നെ ഓര്‍ത്തത് സംസ്കൃത സര്‍വകലാശാലയില്‍ എന്റെ ഹോസ്റ്റലിലെ മീന മേട്രണെയാണ്. മേട്രന്റെ തിരുവനന്തപുരം ശൈലി ഞാനങ്ങ് കടംകൊണ്ടു.

ചിത്രത്തില്‍ കൂടെ അഭിനയിച്ച പ്രേംപ്രകാശ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ കഥാപാത്രത്തിന്റെ വിജയത്തിന് ഏറെ സഹായിച്ചു. സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് പരിമിതികളറിഞ്ഞ്   പ്രതിഫലം വാങ്ങാതെ ചെലവുമാത്രം സ്വീകരിച്ച് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഔസേപ്പച്ചന്‍ സാറിനെയും മറക്കാനാകില്ല. ഈ കഥാപാത്രത്തിന് നിനക്ക് അവാര്‍ഡ് കിട്ടുമെന്ന് സിനിമ കണ്ട് ഔസേപ്പച്ചന്‍സാര്‍ പറഞ്ഞ വാക്കുകളാണ്  ആദ്യ അവാര്‍ഡ്. അതുകഴിഞ്ഞാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും അവസാനം ദേശീയ അവാര്‍ഡും.

എം 80 മൂസയാണ് സുരഭിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അതേക്കുറിച്ചും സുരഭിക്ക് പെരുത്തു പറയാനുണ്ട്. നാട്ടിന്‍പുറത്തെ ചേച്ചിമാരുടെ നാട്ടുവര്‍ത്തമാനം കേള്‍ക്കാന്‍ കൊച്ചുന്നാളിലേ എനിക്കിഷ്ടമായിരുന്നു. അവരുടെ തമാശയും കാര്യവും കലര്‍ന്ന വര്‍ത്തമാനം കേട്ട് ഞാനങ്ങു രസിച്ചിരിക്കും. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശീലം അന്നു കിട്ടിയതാണെന്നു തോന്നുന്നു. എം 80 മൂസയിലെ പാത്തു നാലാം ക്ളാസില്‍ നാലുവട്ടം തോറ്റതാന്നാ വയ്പ്. അതുകൊണ്ട് എന്തും പറയാന്‍ ലൈസന്‍സുണ്ടല്ലോ. മുത്തശി ലക്ഷ്മി പറഞ്ഞുകേട്ട (മുത്തശി ന്യൂജന്‍ ആണെട്ടോ) പഴയ നാടന്‍ വാക്കുകളും തുണയായി. ഷാജി അസീസിന്റെ സംവിധാനത്തില്‍ വിനോദ് കോവൂരിനൊപ്പമാണ് ഈ വേഷം ചെയ്യുന്നത്. പിന്നെ അഭിനയത്തിന്റെ മുയുവന്‍ ട്രിക്ക് ങ്ങക്ക് പറഞ്ഞുതരൂല്ലാട്ടാ.

സംസ്കൃത സര്‍വകലാശാല കാലം

അങ്ങനെ നാട്ടില്‍ വല്യ കലാകാരിയായി നടക്കുമ്പോഴാ ഒരു ദിവസം നാട്ടിലെ ഇടവഴിയില്‍നിന്നു കിട്ടിയ ദേശാഭിമാനി പത്രത്തില്‍ (പത്രമൊന്നും വരുത്താന്‍ അന്നു കാശില്ലാട്ടാ) സംസ്കൃത സര്‍വകലാശാലയില്‍ ബിഎ ഭരതനാട്യത്തിന് അപേക്ഷ ക്ഷണിച്ചതു കണ്ടത്. അപേക്ഷയില്‍ ഉപവിഷയങ്ങള്‍ ടിക് ചെയ്ത് കൊടുക്കാന്‍ നേരത്താണ് പടച്ചോനെ ആകെ പരിഭ്രമമായത്. കൂടിയാട്ടം വേണോ, മോഹിനിയാട്ടം വേണോ, തിയറ്റര്‍ വേണോ. ഭരതനാട്യം മെയിനായോണ്ട് മോഹിനിയാട്ടം പഠിച്ചേ പറ്റൂ. അതുകൊണ്ട് ഉപവിഷയം തിയറ്റര്‍ ടിക് ചെയ്തു. നാട്ടിലെ ദിനേഷ് ടാക്കീസിലും രചന ടാക്കീസിലും സിനിമയ്ക്കുപോയ ഓര്‍മവച്ചാണ് തിയറ്റര്‍ ടിക് ചെയ്തത്്. അന്ന് ആ ബന്ധംമാത്രമായിരുന്നു എനിക്ക് തിയറ്റര്‍.

ചേര്‍ന്നപ്പോഴല്ലേ സംഗതി അറിയണത്. രമേശ് വര്‍മ, കെ വിനോദ്കുമാര്‍, ഗോപന്‍ ചിദംബരം എന്നീ വലിയ അധ്യാപകര്‍. കൂടിയാട്ടംമുതല്‍ ഷേക്സ്പിയര്‍ നാടകംവരെ പഠിപ്പിച്ചപ്പോ ഞാന്‍ അന്തംവിട്ടു. ബിഎ ഭരതനാട്യം ഒന്നാംറാങ്കോടെ പാസായെങ്കിലും അഭിനയം തലയ്ക്കുപിടിച്ചതിനാല്‍ എംഎ തിയറ്ററിനു ചേര്‍ന്നു. പിന്നെ എം ജി സര്‍വകലാശാലയില്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ എംഫിലിനു ചേര്‍ന്നപ്പോള്‍ ബാലചന്ദ്രന്‍സാറിന്റെ ശിക്ഷണവും കിട്ടി. ഇപ്പോള്‍ സംസ്കൃത സര്‍വകലാശാലയില്‍ ഗവേഷണത്തിലാണ്.

നാടകങ്ങളിലെ കോഴിക്കോടന്‍ ശൈലികണ്ട് ഇതു നീ കൈവിടണ്ട, ഇതു നന്നാകും എന്നു പറഞ്ഞ രമേശ്വര്‍മ സാറിന്റെ അഭിപ്രായവും എനിക്ക് തുണയായി.

അമൃത ടി വി ബെസ്റ്റ് ആക്ടര്‍ റിയാലിറ്റിഷോയില്‍ ഗോപന്‍ സാറൊക്കെ നിര്‍ബന്ധിച്ചാണ് പറഞ്ഞുവിട്ടത്. ആ ഷോയില്‍ ഞാനാണ് ബെസ്റ്റ് ആക്ടറായതും.

സംസ്കൃത സര്‍വകലാശാലയില്‍ കാലടി ക്യാമ്പസില്‍ എസ്എഫ്ഐ പാനലില്‍ മത്സരിച്ച് യൂണിയന്‍ ചെയര്‍പേഴ്സണായിട്ടുണ്ട്.

ആദ്യം തിളങ്ങിയത്  നാടകത്തില്‍

സുരഭിയോട് നാടകത്തിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചാല്‍ അത് വിനോദ്മാഷിനോട് ചോദിക്കാന്‍ പറയും. കെ വിനോദ്കുമാര്‍ വളാഞ്ചേരി എന്ന വിനോദ്മാഷ് സുരഭിയെ  നാടകം പഠിപ്പിച്ചു എന്നുള്ളത് മാത്രമല്ല, വിനോദിന്റെ മൂന്ന് നാടകങ്ങളിലൂടെയാണ് സുരഭിയുടെ അഭിനയസാധ്യതകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്.

സുരഭിയുടെ കോഴിക്കോടന്‍ ശൈലി രൂപപ്പെട്ട ആദ്യ വേഷം 2008ല്‍ അവതരിപ്പിച്ച കണ്ണാടിയിലെ ആമിനയായിരുന്നു. 2010ല്‍  യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളിലും അതിശയിപ്പിക്കുന്ന അഭിനയം കാഴ്ചവച്ച് സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.

മനുഷ്യത്വമില്ലാത്ത ആഗോളവല്‍ക്കരണവും പുതിയ കാലത്തിന്റെ ഫാസിസ്റ്റ് ആക്രമണശൈലിയും തെരുവാധാരമാക്കിയ പീരുഭായ് എന്ന തയ്യല്‍ക്കാരന്റെ ഭാര്യ മുത്തുമൊഴിയുടെ പ്രണയവും ജീവിതസമരവും അവതരിപ്പിച്ച് ബോംബേ ടൈലേഴ്സ് എന്ന നാടകത്തിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് ഈ വര്‍ഷം രണ്ടാം വട്ടവും നേടി.

അവാര്‍ഡ് വാങ്ങാന്‍ റിഹേഴ്സലുണ്ടല്ലോ

അവാര്‍ഡ് വാങ്ങാന്‍ പോകാനുള്ള പരിഭ്രമവും സുരഭി തുറന്നുപറഞ്ഞു. ഹൌ ഓള്‍ഡ് ആര്‍ യു സിനിമിയിലെ നിരുപമയെപ്പോലെ തലകറങ്ങി വീഴോന്ന് ചെറിയ പേടിയുണ്ട്. എന്നാല്‍, മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍തോമസ് സാര്‍ പറഞ്ഞു. അവാര്‍ഡ് ചടങ്ങിന് റിഹേഴ്സലുണ്ടെന്ന്. മൂപ്പര്‍ക്ക് ഇതിനുമുമ്പ് ഇത് കിട്ടീട്ടുണ്ട്. കാലടിയില്‍ എന്റെ ക്ളാസില്‍ പഠിച്ച ദിലീഷ് പോത്തനും ഇത്തവണ ദേശീയ അവാര്‍ഡുണ്ട്.

പിന്നെ ഒരു രസംകൂടിയുണ്ട്. പഠിക്കുന്ന സമയത്ത് വീട്ടില്‍ തേങ്ങ പിരിക്കുന്ന ദിവസം അതു പെറുക്കിയിടാന്‍ സഹായിക്കും. പ്രതിഫലമായി കിട്ടുന്ന രണ്ടു തേങ്ങ വിറ്റാണ് ദിനേഷ്, രചന ടാക്കീസുകളില്‍ ഞങ്ങള്‍ സിനിമയ്ക്ക് പോകാറ്. അന്ന് അക്ഷയ്കുമാറിന്റെ സിനിമ കണ്ടിട്ടുണ്ട്. അക്ഷയ്കുമാറിനൊപ്പം ദേശീയ അവാര്‍ഡ് വാങ്ങാലോ എന്ന സന്തോഷവുമുണ്ട്.

ഒരു സങ്കടവുമുണ്ട്. ഞാന്‍ തിയറ്ററൊക്കെ പഠിച്ച് വല്യ സിനിമാ നടിയായപ്പോള്‍ നാട്ടില്‍ ഇപ്പോള്‍ സിനിമാ തിയറ്റര്‍ ഇല്ലാട്ടോ. അന്നത്തെ തിയറ്ററുകള്‍ പൂട്ടിപ്പോയി.


teeyaranil@gmail.com

സുരഭി മിന്നാമിനുങ്ങില്‍

സുരഭി മിന്നാമിനുങ്ങില്‍

പ്രധാന വാർത്തകൾ
Top