21 September Friday

വരയിലെ വേഗം

എം എസ് അശോകൻUpdated: Sunday Jan 14, 2018

നാലാൾ കൂടുന്നിടത്തെല്ലാം ചെന്നുനിന്ന് തത്സമയ കാരിക്കേച്ചർ ചിത്രങ്ങൾ വരയ്ക്കുകയാണ് രാഗേഷ് അൻസേര എന്ന ചിത്രകലാധ്യാപകൻ. അഞ്ചുവർഷത്തോളമായി മുടക്കമില്ലാതെ തുടരുന്ന സപര്യയിലൂടെ രാഗേഷ് നേടിയത് വരകളിലെ കൃത്യതയും രചനയിലെ വേഗവും. കടലാസും കറുത്ത മാർക്കറുമായി നിൽക്കുന്ന രാഗേഷിന് മുന്നിലെത്തുന്ന ഏതു മുഖവും രണ്ടു മിനിറ്റ് മുഴുമിക്കുംമുമ്പ് കുറഞ്ഞ, കണിശതയാർന്ന വരകളിൽ കാരിക്കേച്ചറായി പിറന്നുകഴിഞ്ഞിരിക്കും. 

ആലപ്പുഴയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ രാഗേഷ് എല്ലാ മീഡിയത്തിലും രചനാവൈഭവമാർജിച്ചിട്ടുണ്ട്. കെഎസ്ആർടിസി  ജീവനക്കാരനായിരുന്ന അച്ഛൻ ഗിരി അൻസേര ചിത്രകാരനും ചരിത്രകാരനുമായിരുന്നു. രചന ആരംഭിച്ച കാലത്ത് ജലച്ചായത്തിലും അക്രിലിക്കിലുമെല്ലാം രാഗേഷ് ചിത്രങ്ങൾ വരച്ചിരുന്നു. കാർട്ടൂണുകളും വരയ്ക്കുന്നു.

രാഗേഷ് അൻസേര

രാഗേഷ് അൻസേര

തത്സമയ ചിത്രകലയിലേക്ക് കടന്നതിൽപ്പിന്നെ കൂടുതൽ ശ്രദ്ധ അതിലാണ്. കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ 2014 ലെ കൊച്ചിമുസിരിസ് ബിനാലെക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ തത്സമയ ചിത്രരചനയിലൂടെയാണ് രാഗേഷ് ആ മേഖലയിൽ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്. വെല്ലുവിളികളുള്ള തത്സമയചിത്രരചനയിലേക്ക് കടന്നുവന്നത് പകപ്പോടെയായിരുന്നെന്ന് രാഗേഷ് പറയുന്നു. പത്തോ പതിനഞ്ചോ മിനിറ്റുകളെടുത്തായിരുന്നു ആദ്യമെല്ലാം ഒരു കാരിക്കേച്ചർ പൂർത്തിയാക്കിയിരുന്നത്. ധാരാളം വരകളുമുണ്ടായിരുന്നു.

രാഗേഷ് അൻസേര വരച്ച കാരിക്കേച്ചർ

രാഗേഷ് അൻസേര വരച്ച കാരിക്കേച്ചർ

അതൊരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തു. കാണുന്നവരുടെയെല്ലാം ചിത്രങ്ങൾ എവിടെനിന്നും വരയ്ക്കുന്ന ശീലമായി. എപ്പോഴും ബാഗിൽ കടലാസും മാർക്കറും കരുതി. രണ്ട് സ്‌കൂളുകളിൽ ചെയ്യുന്ന ചിത്രകലാധ്യാപകന്റെ ജോലിയും ഏറെ സഹായിച്ചു. ആയിരത്തഞ്ഞൂറോളം കുട്ടികളുമായി ദിവസേന ഇടപെടാനാകുന്നതും അതിൽ പത്തുപേരുടെയെങ്കിലും കാരിക്കേച്ചർ ദിവസവും മുടങ്ങാതെ വരയ്ക്കുന്നതും തത്സമയ രചനയുടെ വേഗം കൂട്ടി. വരകളുടെ എണ്ണം കുറഞ്ഞു. കൃത്യത കൂടി. ഇപ്പോൾ ഏത് ആൾക്കൂട്ടത്തിലുംനിന്ന് എത്രയാളുകളുടെയും കാരിക്കേച്ചർ വരച്ചുപൂർത്തിയാക്കാൻ തനിക്കാകുമെന്ന് രാഗേഷ് പറഞ്ഞു. തത്സമയചിത്രരചനയുടെ ഭാഗമായി രാഗേഷ് കേരള നിയമസഭയിൽ എത്തി സാമാജികരുടെ ചിത്രം വരച്ചിരുന്നു. ഇത്തരം രചനകളിലെ വൈഭവം കണ്ടറിഞ്ഞ് പലയിടത്തും തത്സമയരചനയ്ക്ക് ക്ഷണിക്കാറുണ്ട്. ഡെമോൺസ്‌ട്രേഷനുകളും നടത്തുന്നു. ആലപ്പുഴ വള്ളംകളി പോലുള്ള വലിയ ആഘോഷങ്ങൾക്കിടയിലേക്ക് കടലാസും മാർക്കറുമായി പോകുന്നതും പതിവ്. 

ആലപ്പുഴയിൽ ഈ വർഷം സവിശേഷമായൊരു ചിത്രപ്രദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. മറ്റു മീഡിയങ്ങൾ കൈകാര്യംചെയ്യുന്ന രണ്ട് ചിത്രകാരന്മാർക്കൊപ്പം തത്സമയ ചിത്രപ്രദർശനമാണത്. ഗ്യാലറിയിൽ ചിത്രങ്ങളൊന്നുമില്ലാതെ എത്തുന്ന ചിത്രകാരന്മാർ അവിടം സന്ദർശിക്കുന്നവരുടെ ചിത്രം വരച്ച് പ്രദർശിപ്പിക്കാനാണ് ആലോചിക്കുന്നത്. തന്റെ കറുത്ത, കനത്ത മാർക്കറും കണിശത നിറഞ്ഞ വരകളുമായി രാഗേഷും അവിടെയുണ്ടാകും. ചേർത്തലയ്ക്കടുത്താണ് താമസം. ഭാര്യ: രമ്യ. മകൾ: നന്ദന.

പ്രധാന വാർത്തകൾ
Top