19 October Friday

മാവ് വളര്‍ത്തിയ കുട്ടി

മൈന ഉമൈബാന്‍Updated: Sunday Nov 12, 2017
സ്കൂള്‍ വിദ്യാര്‍ഥികളായ പെണ്‍മക്കളെയും കൂട്ടി ആ അമ്മ ജോലി തേടി പോകുമ്പോള്‍ രണ്ടരവയസ്സുമാത്രം പ്രായമുള്ള മകന്‍ വലിയൊരു വീട്ടില്‍ തനിച്ചായിരിക്കും. നഗരമധ്യത്തിലെ വീടിന് വലുപ്പംമാത്രമേയുള്ളൂ. അടുപ്പില്‍ തീ പുകയുക പ്രയാസം, അതിനാല്‍ അമ്മയ്ക്ക് എന്തെങ്കിലും തൊഴില്‍ചെയ്ത് വറ്റിന് വകയുണ്ടാക്കിയേ പറ്റൂ. പെണ്‍കുട്ടികളെ സ്കൂളിലാക്കി അടുത്തുള്ള സമാന്തരവിദ്യാലയത്തിലേക്ക്. അവിടെ ക്ളാസെടുക്കും. പിന്നെ കിട്ടുന്ന ജോലികളെന്തും ചെയ്യും. 
ഇളയകുഞ്ഞിനെ ഏല്‍പ്പിച്ചുപോകാന്‍ ആരും ഇല്ല. വീട്ടുമുറ്റത്ത് വലിയൊരു  മാവുണ്ട്. പടിയിറങ്ങുംമുമ്പ് അമ്മ മാവിനോട് പറയും. "എന്റെ കുഞ്ഞിനെ നീ നോക്കിക്കോണം.''
മൃഗങ്ങള്‍ വളര്‍ത്തിയ കുട്ടികളെക്കുറിച്ചൊക്കെ നമ്മള്‍ പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട്. കാട്ടില്‍ വളര്‍ന്ന മൌഗ്ളിയുടെ കഥ റുഡ്യാര്‍ഡ് ക്ളിപ്ളിങ്ങിന്റെ അനശ്വരമായ ബാലസാഹിത്യ രചനയാണ്. പക്ഷേ, മാവ് വളര്‍ത്തിയ കുട്ടിയെപ്പറ്റി കേട്ടിട്ടുണ്ടോ? എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അവന്‍. ഇപ്പോള്‍ വളര്‍ന്നു. 32 വയസ്സായി. അവനെക്കുറിച്ച് എനിക്ക് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. തെറ്റിദ്ധരിക്കണ്ട. അവന്റെ നന്മകളെക്കുറിച്ചായിരുന്നു സംശയം. നഗരത്തില്‍ ജനിച്ചുവളര്‍ന്നിട്ടും നഗരതിന്മകളൊന്നും അവനെ തീണ്ടിയില്ല. പരമ സാത്വികന്‍. തികഞ്ഞ പ്രകൃതിസ്നേഹി. തീര്‍ന്നില്ല, ഏത് ചെടിയെപ്പറ്റിയും നല്ല ധാരണ. നഗരംമാത്രം കണ്ട് വളര്‍ന്ന ഒരു ചെറുപ്പക്കാരന് എങ്ങനെ സസ്യവിജ്ഞാനത്തില്‍ ഇത്ര ആധികാരികത കൈവന്നു. കണക്കും അക്കൌണ്ടന്‍സിയും പഠിച്ച ഒരു ചെറുപ്പക്കാരനില്‍നിന്ന് പ്രതീക്ഷിക്കാവുന്നതിന്റെ എത്രയോ മടങ്ങ് വലുതായിരുന്നു അവന് സസ്യങ്ങളെക്കുറിച്ചുള്ള അറിവ്. പ്രകൃതിസ്നേഹം അയാള്‍ക്ക് ഫാഷനല്ല, ജീവിതചര്യയായിരുന്നു. വൈദ്യപാരമ്പര്യമുള്ള ഞാന്‍ സസ്യജ്ഞാനത്തില്‍ അവന്റെ പിന്നിലായിരുന്നു. സസ്യശാസ്ത്രം പഠിച്ചവര്‍പോലും അവന്റെ സഹജവിജ്ഞാനത്തിനടുത്തെത്തിയിരുന്നുമില്ല. ഇതെങ്ങനെ എന്ന് ഞാന്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ട്. 
സത്യത്തില്‍ അമ്മയുടെ കഥ കേട്ടപ്പോള്‍ എനിക്ക് അവനെപ്പറ്റിയുള്ള ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം കിട്ടുകയായിരുന്നു. അവന്‍ സാധാരണ കുട്ടിയല്ല. അവന്‍ മരം വളര്‍ത്തിയ കുട്ടിയാണ്. മരമാണ് അവന്റെ പോറ്റമ്മ.
ജീവിതത്തിന്റെ പെരുവഴിയില്‍ പെട്ടെന്ന് ഒറ്റയ്ക്കായിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്. അതുവരെ ചേര്‍ത്തുപിടിച്ച കൈകളെല്ലാം ഉരുകുന്ന മഞ്ഞുകട്ടകളായി തീരുന്ന സന്ദര്‍ഭങ്ങള്‍! അങ്ങനെയൊരു പ്രതിസന്ധിയെ അവന്റെ അമ്മയ്ക്ക് നേരിടേണ്ടിവന്നു. അപ്രതീക്ഷിതമായി ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചുപോയി. വൃദ്ധരായ മാതാപിതാക്കളെയും കാലം കവര്‍ന്നെടുത്തു. പഴയ പ്രതാപത്തിന്റെ ശേഷിപ്പായി കൊട്ടാരവലുപ്പമുള്ള വീട് നഗരമധ്യത്തില്‍. 
വിദ്യാസമ്പന്നയായിരുന്നു അവര്‍. ദില്ലി സര്‍വകലാശാലയില്‍നിന്ന് ബിഎ ഓണേഴ്സ്. പക്ഷേ, വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി നടന്ന വിവാഹത്തോടെ ജീവിതം നാല് ചുവരുകള്‍ക്കുള്ളില്‍. തീര്‍ത്തും അന്തര്‍മുഖനായിരുന്നു ഭര്‍ത്താവ്. ഭാര്യ ജോലിക്കുപോകുന്നതൊന്നും ഇഷ്ടമല്ല. അയാളുടെ മനസ്സ് ആര്‍ക്കും വായിക്കാന്‍ സാധിച്ചില്ല. ഭര്‍ത്താവ് എങ്ങോട്ടേക്കോ പോയെങ്കിലും അവര്‍ക്ക് തന്റെ മക്കളെ വളര്‍ത്തേണ്ടതുണ്ടായിരുന്നു. പലപ്പോഴും വീട്ടുമുറ്റത്തെ കറിവേപ്പില പറിച്ച് ചന്തയില്‍ കൊണ്ടുപോയി വിറ്റ് തുച്ഛമായ ആ പണംകൊണ്ട് എന്തെങ്കിലും ചിലത് വാങ്ങി വരും. അങ്ങനെയിരിക്കെയാണ് പാരലല്‍ കോളേജില്‍ ജോലി ലഭിക്കുന്നത്. അവരിലൂടെയാണ് ഞാന്‍ മകനെ പരിചയപ്പെടുന്നത്. എനിക്കന്ന് ബാങ്കിലാണ് ജോലി. അവന്‍ പഠിച്ചത് അക്കൌണ്ടന്‍സി. അതില്‍ സമര്‍ഥന്‍. കണക്കിന്റെ കുരുക്കുകള്‍ക്ക് അവനെ പെടുത്താനാകില്ല. കണക്കുകള്‍ കൈയിലിട്ട് അമ്മാനമാടി പിടിക്കും. പക്ഷേ, ഗണിതത്തിന്റെ വരള്‍ച്ച അവന്റെ മനസ്സിനുണ്ടായിരുന്നില്ല. അത് ഇലകളുടെ പച്ചപ്പ് നിറഞ്ഞതായിരുന്നു.
നമ്മുടെ കുട്ടികള്‍ സ്നേഹവും നന്മയുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിന് ഒരു കുറുക്കുവഴിയും ആവശ്യമില്ല. പ്രകൃതിക്കൊപ്പം ജീവിച്ചാല്‍മാത്രംമതി. മണ്ണില്‍ തൊടുന്നവന്‍ നന്മയെ തൊടുന്നു. ചെടിയെ പരിചരിക്കുന്നവന്‍ സ്നേഹിക്കാന്‍ പഠിക്കുന്നു. 
മാവ് വളര്‍ത്തിയ കുട്ടി എന്റെ മനസ്സില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഞാനത് എഴുതുകയാണ്; അല്‍പ്പം നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കിലും. കുട്ടികളാണ് ഈ കഥ കൂടുതലായി അറിയേണ്ടത് എന്നതുകൊണ്ട് കുട്ടികളുടെ ഭാഷയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ദാര്‍ശനിക നിഗൂഢതകളൊന്നും ചേര്‍ത്തുവയ്ക്കാത്ത ലളിതമായ ഒരു ചെറുപുസ്തകം; കുഞ്ഞുമക്കള്‍ക്ക് വായിക്കാന്‍. പ്രകൃതിയോടുള്ള ആഭിമുഖ്യം അവരറിയാതെ ഉള്ളില്‍ വളരുക എന്ന ലക്ഷ്യത്തോടെതന്നെയാണ് അതെഴുതിയിരിക്കുന്നത്. നഷ്ടപ്പെട്ടുപോയ ചെടികളെപ്പറ്റി, പുതുതായി കാണുന്ന സസ്യലതാദികളെപ്പറ്റി ഒക്കെ നമ്മുടെ കുഞ്ഞുങ്ങള്‍ അറിയേണ്ടതുണ്ട്. പ്രകൃതിയെ പാഠപുസ്തകമാക്കാനല്ല ചങ്ങാതിയായി കിട്ടാന്‍ അവന്‍ കൊതിക്കണം. അതിന് ഈ പുസ്തകം പ്രേരണയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
പ്രധാന വാർത്തകൾ
Top