Top
25
Sunday, June 2017
About UsE-Paper

അഡ്വെഞ്ചര്‍ ഓഫ് രോഹിത്

Sunday Jun 11, 2017
സി അജിത്
തിയറ്ററുകളില്‍ പോയി ടിക്കറ്റെടുത്ത് കണ്ടതും വീട്ടിലിരുന്ന് ടെലിവിഷനില്‍ കണ്ടതും മാത്രമാണ് രോഹിത്തിന്റെ ജീവിതത്തിലെ സിനിമാനുഭവം. പ്രമുഖ സംവിധായകര്‍ക്കുകീഴില്‍ സിനിമ പഠിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ഗോഡ് ഫാദര്‍മാരായി താരനിരയില്ല. സിനിമചെയ്യുകയെന്ന അതിയായ മോഹം എപ്പോഴോ കടന്നുകൂടി. പിന്നെ വിട്ടില്ല. അതിനുവേണ്ടി കഠിനാധ്വാനംചെയ്തു. സമാനചിന്താഗതിക്കാരായ കൂട്ടുകാരും ഒന്നിച്ചു. 'അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍' ഇരുപത്താറുകാരനായ രോഹിത്തിന്റെ അതിസാഹസികതകൂടിയാണ്. രോഹിത് വി എസ് തന്റെ ആദ്യചിത്രത്തിന്റെ അനുഭവം പങ്കുവയ്ക്കുന്നു.
 
സിനിമയെന്ന മോഹം
 
കോളേജ് പഠനകാലത്തുതന്നെ സിനിമയെന്ന മോഹം മനസ്സില്‍ കയറിയിരുന്നു. സ്കൂള്‍ പഠനകാലത്ത് ചില നാടകങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ടെന്നതല്ലാതെ ഒരു സിനിമാപശ്ചാത്തലവും ഇല്ല. എന്‍ജിനിയറിങ് കഴിഞ്ഞ് ഹൈദരാബാദില്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴും മനസ്സ് നിറയെ സിനിമയായിരുന്നു. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ പ്രമേയത്തില്‍ ഒരു ഷോര്‍ട്ട് ഫിലിമായി ചെയ്യാനായിരുന്നു ആദ്യ ആലോചന. പിന്നീട് അത് ഫീച്ചര്‍ ഫിലിമായി വികസിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ നിരവധിപേരുടെ അകമഴിഞ്ഞ പിന്തുണ ഇതിനുപിന്നിലുണ്ട്.
 
26-ാം വയസ്സില്‍ ആദ്യചിത്രം
 
സിനിമാരംഗത്തെ പരിചയക്കാരന്‍ എന്ന് പറയാവുന്ന ഏകയാള്‍ സൈജു കുറുപ്പാണ്. പ്രമേയത്തെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോള്‍ത്തന്നെ ഓമനക്കുട്ടനായി ആസിഫ് അലി വന്നാല്‍ നന്നാകും എന്ന് പറഞ്ഞു. അപ്പോള്‍ത്തന്നെ ആസിഫുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. സിനിമയുടെ ഉള്ളടക്കം പറഞ്ഞപ്പോള്‍ത്തന്നെ ആസിഫിന് താല്‍പ്പര്യമായി. ഹണി ബീ എന്ന ചിത്രം പൂര്‍ത്തിയാക്കിയ സമയമായിരുന്നു അത്. കൂടിക്കാഴ്ചയ്ക്ക് സമയം തന്നു. ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ആസിഫ് ഒകെ പറഞ്ഞു. 6-7 മാസം കഴിഞ്ഞ് വീണ്ടും ആസിഫിനെ കണ്ട് ഉറപ്പിച്ചു. നിര്‍മാതാവും ശരിയായി. 2014ലാണ് ഇത്. അന്ന് എനിക്ക് 23 വയസ്സാണ്.  25 വയസ്സിനുള്ളില്‍ ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചില സാങ്കേതിക കാരണങ്ങളാല്‍ കുറച്ച് വൈകി. ഇരുപത്താറാം വയസ്സിലാണ് സിനിമ തിയറ്ററിലെത്തിയത്.

പ്രതിഫലം കൈപ്പറ്റാതെ പിന്നണിക്കാര്‍
 
സിനിമയുടെ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ തുടക്കത്തില്‍ വലിയ ഒരു തള്ളിക്കയറ്റം ഓമനക്കുട്ടന്  ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് അറിയാമായിരുന്നു. അതിനാല്‍ വളരെ ചെലവുകുറച്ച് നിര്‍മാതാവിന് അമിതഭാരം അടിച്ചേല്‍പ്പിക്കാതെ ചിത്രം എങ്ങനെ പുറത്തിറക്കാമെന്നായിരുന്നു ചിന്ത. അതിനായി  ആത്മാര്‍ഥമായ പിന്തുണ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടായി. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ മിക്കവാറും എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. അവരെല്ലാം പ്രതിഫലം കൈപ്പറ്റാതെയാണ് പ്രവര്‍ത്തിച്ചത്. സിനിമാരംഗത്ത് മുന്‍പരിചയമില്ലാത്തവരാണ് പലരും. ക്യാമറ കൈകാര്യംചെയ്ത അഖില്‍ ജോര്‍ജ്, പശ്ചാത്തലസംഗീതം ചെയ്ത ഡോണ്‍ വിന്‍സെന്റ് തുടങ്ങിയവര്‍ ഫീച്ചര്‍ ഫിലിമില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്നവരാണ്. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച സമീര്‍ അബ്ദുള്ളയും എന്റെ സുഹൃത്ത്. ഇവരുടെയെല്ലാം ഗുണപരമായ നിര്‍ദേശങ്ങള്‍ സിനിമ മെച്ചപ്പെടുത്താന്‍ ഇടയാക്കി.
 
അവതരണത്തിലെ പരീക്ഷണം
 
മലയാള സിനിമയുടെ പൊതുവായ കാഴ്ചശീലത്തോടും ആസ്വാദനരീതിയോടും ചേര്‍ന്നുനില്‍ക്കുന്നതല്ല ഓമനക്കുട്ടന്റെ അവതരണം. ഒരു പരീക്ഷണംതന്നെയായിരുന്നു. ഓമനക്കുട്ടനെന്ന വ്യക്തിയുടെ വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങളിലൂടെയും മാനസികാവസ്ഥയിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്്. യഥാര്‍ഥജീവിതത്തിലെ ഓമനക്കുട്ടനെയും സിനിമാറ്റിക്ക് ആയ ഓമനക്കുട്ടനെയും വേര്‍തിരിച്ച് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ വേഗക്കുറവുണ്ടെന്ന് ചില കോണില്‍നിന്ന് അഭിപ്രായമുണ്ടായി. എന്നാല്‍, സിനിമയുടെ ആത്മാവ് ആദ്യപകുതിയാണെന്നാണ് സംവിധായകന്‍ എന്ന നിലയില്‍ പറയാനുള്ളത്. എന്റര്‍ടൈന്‍മെന്റിനുവേണ്ടി ബോധപൂര്‍വം ഏച്ചുകൂട്ടലൊന്നും നടത്തിയിട്ടില്ല. എന്നിട്ടും എന്റെ മനസ്സിലുണ്ടായ ചിത്രത്തിന്റെ 50-60 ശതമാനംമാത്രമേ സ്ക്രീനില്‍ വന്നിട്ടുള്ളൂ. ആസിഫ് അലി എന്ന നടന്‍ ശരിക്കും അത്ഭുതപ്പെടുത്തി. പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു പ്രകടനം. ഓമനക്കുട്ടന്റെ ചേഷ്ടകള്‍ രൂപപ്പെടുത്തുന്നതില്‍ ആസിഫിന്റെ ഇടപെടല്‍ സഹായകമായി.
 
സാമൂഹ്യമാധ്യമങ്ങള്‍ സഹായിച്ചു
 
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനില്‍ ഭാവനയും ആസിഫ് അലിയുംഅഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനില്‍ ഭാവനയും ആസിഫ് അലിയും
സിനിമ ഫലപ്രദമായി മാര്‍ക്കറ്റ് ചെയ്യുന്നതില്‍ ചില പോരായ്മ ഉണ്ടായിട്ടുണ്ട്. പിന്നെ, ആളുകള്‍ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയൊന്നുമല്ല ഇത്. ആദ്യദിനങ്ങളില്‍ വലിയ ചലനവും ഉണ്ടായില്ല. മറ്റ് സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തവരാണ് ഓമനക്കുട്ടന് തുടക്കത്തില്‍ കയറിയത്. ആസിഫ് അലിയെയും ഭാവനയെയും കണ്ട് മുഴുനീള കോമഡിയാകുമെന്ന ധാരണയിലെത്തിയ ഇക്കൂട്ടര്‍ നിരാശരായതില്‍ അത്ഭുതമില്ല. എന്നാല്‍, പിന്നീട് സിനിമ കണ്ട് ഇഷ്ടപ്പെട്ടവര്‍ സാമൂഹ്യമാധ്യമങ്ങള്‍വഴി നടത്തിയ വലിയതോതിലുള്ള പ്രചാരണം ഉണര്‍വേകി. സിനിമ ഗൌരവമേറിയ ചര്‍ച്ചകള്‍ക്ക് വിധേയമായി. വീണ്ടും തിയറ്ററുകളില്‍ ആളുകള്‍ എത്തി ത്തുടങ്ങി. റിലീസ്ചെയ്ത ആദ്യ ആഴ്ച സംസ്ഥാനമെമ്പാടും 110 പ്രദര്‍ശനമാണ് ഉണ്ടായതെങ്കില്‍ മൂന്നാം ആഴ്ച അത് 180 പ്രദര്‍ശനമായി ഉയര്‍ന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമ സംബന്ധിച്ച് ഉണ്ടായത്. മികച്ച സിനിമയാണെന്ന് ഒരുവിഭാഗം പറഞ്ഞപ്പോള്‍ അത്ര പോരാ എന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും ആദ്യചിത്രം നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. പോരായ്മ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സിനിമയുമായി വരുകയെന്നതാണ് ലക്ഷ്യം.