13 November Tuesday

ഇന്ദ്രജാലത്തിന്റെ ‘ഭിന്ന’ഭാവങ്ങൾ

വിജേഷ് ചൂടൽUpdated: Sunday Feb 11, 2018

'ചോരി ചോരി സപ്‌നോം മേം ആതാ ഹെ കോയീ...' ഇല്ലാത്ത കൈകളിൽ കെട്ടിവച്ച കമ്പുകൾകൊണ്ട് ജാസ് ഡ്രംസിൽ ഗാനത്തിനൊപ്പം കുതിക്കുകയാണ് ഷിഹാബുദ്ദീൻ. ആ താളവിസ്മയത്തിനൊപ്പം താളമിട്ട് മുന്നിലിരിക്കുന്ന കുട്ടിക്കുറുമ്പുകളുടെ ഉത്സാഹം. സ്വന്തം പ്രകടനത്തിനുശേഷം ചക്രക്കസേരയുരുട്ടി വേദിക്ക് മുന്നിലേക്കെത്തുന്ന ഷിഹാബുദ്ദീൻ വിഷ്ണുവിനെ വേദിയിലേക്ക് സ്വാഗതംചെയ്യുന്നു. ചീട്ടുകൾകൊണ്ടുള്ള മായാജാലത്തിന് കുട്ടികളുടെ കൈയടി. തൊട്ടുപിന്നാലെ ശിൽപ്പയും ശ്രീലക്ഷ്മിയും വേദിയിലേക്ക്. മജീഷ്യൻ രാഹുൽ പലവർണത്തിലുള്ള റിബണുകൾ വീശുമ്പോൾ അവരുടെ വസ്ത്രങ്ങൾ പലനിറങ്ങളായി മാറിമറിയുന്നു. വേദിയിൽ പ്രകടനങ്ങൾ തുടരുകയാണ്. ഇവരാരും തങ്ങളുടെ ശാരീരികപരിമിതികളെക്കുറിച്ച് ഓർക്കുന്നതേയില്ല. സദസ്സിലിരിക്കുന്നവർക്കും മറ്റേതു കലാകാരന്മാരെയുംപോലെതന്നെയാണ് ഇവർ. 

എല്ലാം നിയന്ത്രിച്ച് ഷിഹാബുദ്ദീൻ ചക്രക്കസേരയിൽ ഓടിനടക്കുന്നു. ഇടയ്ക്ക് സദസ്സിന്റെ പ്രതികരണം അൽപ്പം മങ്ങുമ്പോൾ ഷിഹാബുദ്ദീൻ അവർക്കിടയിലേക്കെത്തും. എന്നിട്ട് സ്വന്തം ജീവിതകഥയിൽനിന്ന് ചില ഏടുകൾ പറയും. കുട്ടികളത് കൗതുകത്തോടെ കേട്ടിരിക്കും. 'കണ്ടില്ലേ, ഞാൻ കൈകൊട്ടിയാലും ശബ്ദം വരില്ല. പക്ഷേ, എനിക്ക് നിങ്ങൾ ശബ്ദം തരണം' പാതിയിൽ വളർച്ച നിലച്ചുപോയ കൈകൾ ചലിപ്പിക്കുന്ന താളത്തിനൊത്ത് കുട്ടികളുടെ കൈയടി. ഞങ്ങൾക്ക് ഇതൊക്കെ ചെയ്യാനാകുമെങ്കിൽ നിങ്ങൾക്ക് എത്രയോ കാര്യങ്ങൾ ചെയ്യാനാകുമെന്ന ചോദ്യത്തോടെ ഷിഹാബുദ്ദീൻ വിടവാങ്ങുന്നു. 

തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റിലെ    ടീമിന്റെ പ്രകടനത്തിൽനിന്നുള്ള രംഗമാണിത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സംരംഭമായ മാജിക് പ്ലാനറ്റ് ഭിന്നശേഷിക്കാരായ ഒരുകൂട്ടം കുട്ടികൾക്ക് പുതുജീവിതം സമ്മാനിക്കുന്നു. വീടകങ്ങളിൽ ഒതുങ്ങിപ്പോകുമായിരുന്ന അവരുടെ ജീവിതം ഇന്ന് വിസ്മയലോകത്താണ്. സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കുന്ന ഒന്നാംതരം ഇന്ദ്രജാലക്കാരായി അവരെ വാർത്തെടുക്കുകയാണ് മാജിക് പ്ലാനറ്റ്. ഭിന്നശേഷിക്കാർക്കായി ലോകത്ത് ഇത്തരമൊരു വേദി ആദ്യം. 

മാജിക് പ്ലാനറ്റ് തുടങ്ങുന്നതുതന്നെ തെരുവ് മായാജാലത്തിന്റെ അടിത്തറയിലാണ്. തൊട്ടടുത്ത വർഷം സർക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിനായി ഇവിടെ സ്ഥിരം സർക്കസ് തമ്പ്  ഉയർന്നു. മൂന്നാംവർഷത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ മായാജാലപ്രകടനത്തിനായി 'എംപവർ' എന്ന പേരിൽ സ്ഥിരംവേദി സജ്ജമായത്. 2017 നവംബർ ഒന്നുമുതൽ ഇവിടെ സ്ഥിരമായി മായാജാലപ്രകടനം നടക്കുന്നു. ആയിരത്തോളം കുട്ടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്ക് ആറുമാസം പൂജപ്പുരയിൽ മാജിക് അക്കാദമിയിൽ പരിശീലനം. മികച്ച പ്രകടനം കാഴ്ചവച്ച അഞ്ചുപേർക്കാണ് മാജിക് പ്ലാനറ്റിൽ നിയമനം. ഒരാളുടെ അമ്മയെയും ഇവരെ നോക്കുന്ന ജോലിയിൽ നിയമിച്ചു. അരമണിക്കൂർ നീളുന്ന മായാജാല വിസ്മയമാണ് ഇവർ കാഴ്ചവയ്ക്കുന്നത്. 

മാജിക് പ്ലാനറ്റിലെ  എംപവർ ടീമിന്റെ പ്രകടനം ആസ്വദിക്കുന്ന സ്‌കൂൾ വിദ്യാർഥികൾ

മാജിക് പ്ലാനറ്റിലെ എംപവർ ടീമിന്റെ പ്രകടനം ആസ്വദിക്കുന്ന സ്‌കൂൾ വിദ്യാർഥികൾ

കോഴിക്കോട്ട് ഒരു സംഘടനയുടെ മോട്ടിവേഷൻ ക്ലാസിനിടെയാണ് മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ സി പി ഷിഹാബുദ്ദീനെ ഗോപിനാഥ് മുതുകാട് പരിചയപ്പെടുന്നത്. ജന്മനാ കൈകാലുകൾക്ക് വളർച്ചയില്ല. ചലനം വീൽചെയറിൽ. എങ്കിലും എല്ലാ പരിമിതികളെയും മറികടക്കുന്ന ഊർജസ്വലനായ ആ ചെറുപ്പക്കാരനെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാർക്കായുള്ള പ്രകടനത്തിന്റെ ചുമതലയിലേക്ക് എത്തിച്ചത് ആ സൗഹൃദമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ഡ്രംസും വയലിനും ചിത്രരചനയും പുസ്തകങ്ങളുമായി സ്വന്തം ലോകം കൂടുതൽ വിസ്തൃതമാക്കി ഷിഹാബുദ്ദീൻ ഇവിടെ സന്തുഷ്ടനാണ്. 

അർഹമായ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ആരുടെയും പിന്നിലാകില്ല തങ്ങളെന്ന് എംപവറിലെ കുട്ടികൾ ലോകത്തോട് വിളിച്ചുപറയുന്നു. എല്ലാദിവസവും രാവിലെ അവർ പ്ലാനറ്റിലെത്തും. സന്ദർശകരുടെ തിരക്കനുസരിച്ച് മൂന്നോ നാലോ ഷോയ്ക്കുശേഷം വൈകിട്ട് വീട്ടിലേക്ക് മടങ്ങും. ഇവിടെ മറ്റേതൊരു ജീവനക്കാർക്കും ഉള്ളപോലുള്ള സൗകര്യവും പ്രതിഫലവുമെല്ലാം   ലഭിക്കുന്നു. പുതിയ മായാജാലങ്ങൾ അഭ്യസിക്കുന്നു. ഓട്ടിസം ഉൾപ്പെടെ ബാധിച്ച കുട്ടികൾ ഇവിടെ എത്തിയശേഷം നല്ല മാറ്റം ഉണ്ടാക്കിയെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. അവർക്ക് കൂടുതൽ ആത്മബോധമുണ്ടായി. സാമ്പത്തികമായി കഷ്ടപ്പെടുന്ന കുടുംബത്തിന് സ്ഥിരവരുമാനംകൂടിയാവുകയാണ് ഈ കുട്ടികൾക്ക് മാജിക് പ്ലാനറ്റിലെ ജോലി. 

ഗോപിനാഥ് മുതുകാട് പത്തുവർഷമായി മനസ്സിൽകൊണ്ടുനടക്കുന്ന ആഗ്രഹത്തിന്റെയും ഏറെക്കാലത്തെ സ്വപ്‌നങ്ങളുടെയും സാക്ഷാൽക്കാരമാണ് മാജിക്കുമാത്രം പ്രമേയമാക്കിയ ലോകത്തിലെ ആദ്യ പാർക്കിന്റെ പിറവി. 2014 ഒക്ടോബർ 31ന്റെ സായാഹ്നത്തിൽ പ്രവേശനകവാടത്തിനുമുകളിൽ കൈവീശി എത്തിയ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ പെൺകുട്ടിയെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയ ജാലവിദ്യയിലൂടെയാണ് മാജിക് പ്ലാനറ്റ് തുറന്നത്. മായാജാലമെന്തെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയും പഠിപ്പിക്കുകയുംചെയ്ത ഇന്ത്യൻ മാജിക്കിന് അർഹിക്കുന്ന അംഗീകാരവും മാന്യതയും ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് ഈ സംരംഭത്തിലേക്ക് നയിച്ചത്. ജാലവിദ്യാരംഗത്തെ നാൽപ്പത്തൊന്നാം വർഷത്തിൽ മുതുകാടിന്റെ സ്‌പെഷ്യൽ മാജിക്കായിരുന്നു തലസ്ഥാനത്ത് കഴക്കൂട്ടം കിൻഫ്ര ഫിലിം വീഡിയോപാർക്കിലെ 'മാജിക് പ്ലാനറ്റ്'. 

എംപവർ ടീം അംഗത്തിന്റെ  പ്രകടനത്തിൽനിന്ന്

എംപവർ ടീം അംഗത്തിന്റെ പ്രകടനത്തിൽനിന്ന്

ഇവിടെ എല്ലാറ്റിലും ഒരു മാജിക് ടച്ചുണ്ട്. മാജിക്കിന്റെ തുടക്കം തെരുവിലാണെന്ന് ഈ കാഴ്ചകൾ നമ്മെ ഓർമപ്പെടുത്തുന്നു. 25 മജീഷ്യന്മാർക്ക് ഒരേസമയം പ്രകടനം നടത്താനുള്ള സൗകര്യം മാജിക് പ്ലാനറ്റിലുണ്ട്. തൊട്ടടുത്തുനിന്ന് കണ്ടും തൊട്ടും അനുഭവിച്ചറിയാവുന്ന 'ഇന്റിമേറ്റ് മാജിക്' സെഷൻമുതൽ 'ഷാഡോ മാജിക്', 'ഫാമിലി വാല്യൂ ടണൽ', 'പ്രോസ്‌പെറോ മജീഷ്യൻ തിയറ്റർ', ജാലവിദ്യയുടെ ചരിത്രം അനാവരണംചെയ്യുന്ന ഗുഹാമ്യൂസിയം, 'ഹിസ്റ്ററി ഓഫ് മിസ്റ്ററി' തുടങ്ങിയവ ഈ ജാലഗ്രഹത്തിലെ മായക്കാഴ്ചകൾ. 

'സ്റ്റെപ് ഇൻ ആസ് എ ചൈൽഡ്, സ്റ്റെപ്പ് ഔട്ട് ആസ് എ ജീനിയസ്' മാജിക് പ്ലാനറ്റിലേക്ക് സ്വാഗതംചെയ്യുന്ന വാക്കുകൾ ഇതാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠനത്തിനും ഉതകുന്ന മാജിക് കളികളും ഏറെയുണ്ട് പ്ലാനറ്റിൽ. സൈക്കോ മാജിക്, മെമ്മറി ബ്ലോക്‌സ്, മൈൻഡ് ബാലൻസിങ്... ഇങ്ങനെ നീളുന്നു ഈ വിഭാഗം. കുട്ടികൾക്കൊപ്പം അവരിലൊരാളായി ഈ ജാലക്കാഴ്ചകൾ കണ്ടിറങ്ങുമ്പോൾ ആരിലും നിറയുന്നത് ബാല്യത്തിന്റെ നന്മയും ഊർജവും. 

1996ൽ പൂജപ്പുരയിൽ ആരംഭിച്ച മാജിക് അക്കാദമിക്കുശേഷം കേരളത്തിന് മുതുകാട് സമ്മാനിക്കുന്ന അമൂല്യമായൊരു മായാവസന്തമാണ് മാജിക് പ്ലാനറ്റ്. എന്റർടൈൻമെന്റ് എന്നതിനപ്പുറം 'എജ്യൂടൈൻമെന്റ്' എന്ന സങ്കൽപ്പത്തിലൂന്നിയാണ് മാജിക് പ്ലാനറ്റ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ മാജിക്കിനെക്കുറിച്ചുള്ള ഗവേഷണത്തിനുകൂടി സൗകര്യമൊരുക്കി സ്ഥാപനത്തെ മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്തിലേക്ക് ചുവടുവയ്ക്കുകയാണ് മുതുകാട്. അതിനിടയിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ലോകത്തിലെ ആദ്യ സ്ഥിരം മായാജാലപ്രകടനവേദി മാജിക് പ്ലാനറ്റിൽ ഒരുക്കിയത്.

പ്രധാന വാർത്തകൾ
Top