20 November Tuesday

തമ്പുരാക്കന്മാരുടെ പതനം

കെ ഗിരീഷ്Updated: Sunday Jan 7, 2018

നഗ്നനായ തമ്പുരാൻ എന്ന നാടകത്തിൽനിന്ന്‌

എല്ലാ തമ്പുരാക്കന്മാർക്കും ഒരു പതനമുണ്ട്. ധാർഷ്ട്യത്തിന്റെ ഉത്തുംഗത്തിൽനിന്നുള്ള മാരകമായ പതനം. ഈ വീഴ്ചയുടെ ഘട്ടത്തിലാണ് അവന്റെ കണ്ണുതുറക്കുന്നത്. അവൻ ലോകത്തെ, ജീവിതത്തെ നോക്കിക്കാണുന്നതും സ്വയം തിരിച്ചറിയുന്നതും മറ്റുള്ളവരെ അറിയുന്നതും ഈ ഘട്ടത്തിലാണ്. 
 
അതുവരെ ഇക്കാണുന്നതിന്റെയെല്ലാം സ്രഷ്ടാവ് താനെന്ന ഭാവത്തിൽ ലോകത്തെ മുഴുവൻ അടക്കിവാഴുകയാണവർ, തമ്പുരാക്കന്മാർ. അവർക്ക് ഓരോ കാലത്തും ഓരോ രൂപം. എന്നാൽ, സൂക്ഷിച്ചുനോക്കിയാൽ കാലത്തിനപ്പുറവും ഇപ്പുറവും എല്ലാ തമ്പുരാക്കന്മാർക്കും ഒരേ  ഛായ കണ്ടെത്താനാകും. മണ്ണ് ചവിട്ടാത്തവരാണവർ എന്നതാണ് മുഖ്യസവിശേഷത. ഫ്യൂഡലിസത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് വരുമ്പോഴും അവരുടെ അടിസ്ഥാനരൂപഭാവങ്ങൾക്ക് മാറ്റമില്ല. തൃശൂർ ജില്ലയിൽ വാണിയംപാറ ചങ്ങമ്പുഴ കലാകായികവേദിയുടെ നാടകം ‘നഗ്നനായ തമ്പുരാൻ' ഇത്തരം  തമ്പുരാക്കന്മാരുടെ കഥയാണ് പറയുന്നത്. 
 
അരുൺ പ്രിയദർശൻ

അരുൺ പ്രിയദർശൻ

ജനാധിപത്യകാലത്തും ഇത്തരം  തമ്പുരാക്കന്മാരുണ്ട്. ദേശീയതയുടെയും ജനാധിപത്യത്തിന്റെയും വക്താക്കളായി നിലകൊള്ളുമ്പോഴും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവർ. ജനാധിപത്യത്തിന്റെ ജന്മിയായ തമ്പുരാനെ കേന്ദ്രീകരിച്ചാണ് നാടകം.  റോഡും വൈദ്യുതിയും ഉൾപ്പെടെ നാട്ടിലെ സകല വികസനങ്ങളുടെയും പിതൃത്വം സ്വയമേറ്റെടുക്കുന്ന തമ്പുരാൻ പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തുകളുംകൊണ്ട് ജനതയെ തെറ്റിദ്ധരിപ്പിക്കുന്ന ‘ഭരണാധിപന്മാരുടെ മാതൃകയാണ്.
 
ധാർഷ്ട്യത്തിന്റെ ഗോപുരമുകളിൽനിന്ന് അടിയാളക്കുടിയിൽ എത്തി, ഒടുവിൽ  കൃമികീടങ്ങളോടൊത്ത് കൊടിയ പട്ടിണിയിൽ കഴിയേണ്ടിവന്ന തമ്പുരാന്റെ ഗതികേട് ആഴത്തിൽ സ്പർശിക്കും. ജീവിതത്തിലെ വലിയ പതനത്തിൽനിന്ന് രക്ഷപ്പെട്ടെത്തുന്ന തമ്പുരാന്റെ തിരിച്ചറിവുകളാണ് നാടകത്തിന്റെ സന്ദേശം.
 
ലളിതവും മൂർച്ചയുള്ളതുമാണ് രംഗഭാഷ. അഭിനേതാക്കളെ കേന്ദ്രീകരിച്ച് സാങ്കേതികതയുടെ തള്ളിച്ചയില്ലാതെ നാടകം വലിയ രാഷ്ട്രീയം പറഞ്ഞുപോകുന്നു. റിയലിസ്റ്റിക് തിയറ്റർ ഭാഷയുടെ സാധ്യത വെളിവാക്കുന്നു നാടകത്തിന്റെ രംഗഭാഷ.
 
എം മുകുന്ദന്റെ ‘നഗ്നനായ തമ്പുരാൻ' എന്ന ചെറുനോവലിന് രംഗരൂപം നൽകി സംവിധാനംചെയ്തത് അരുൺ പ്രിയദർശൻ. സംഗീതനിയന്ത്രണം: രാജേന്ദ്രൻ, ദീപവിതാനം: നിധീഷ് കുമാർ, രവീന്ദ്രൻ. സി കെ രാജേഷ്., മനോഹരൻ, അഖിലേഷ് കുമാർ, വിജയൻ ടി, അജേഷ്, ഉണ്ണിക്കൃഷ്ണൻ, കാർത്തിക, സംഗീത ജയൻ, അഭിനവ്, ജോജി എസ് ബാബു, പ്രണവ്, സൗരവ് എന്നിവരാണ് അരങ്ങിൽ.
 
 
 
 
 
 
 
പ്രധാന വാർത്തകൾ
Top