17 October Wednesday

കട്ടപ്പുറത്താണ് ജീവിതം

കൃഷ്ണ പൂജപ്പുരUpdated: Sunday Nov 5, 2017

വായു, ജലം, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ പ്രയോറിറ്റിലിസ്റ്റ് ഏതാണ്ട് ഈ വിധത്തിലായിരുന്നു ഇതുവരെ. എന്നാല്‍, ഇതിലിപ്പോള്‍ പുനഃക്രമീകരണം വന്നിരിക്കുകയാണ്. വായു, മൊബൈല്‍, ചാര്‍ജര്‍, പ്ളഗ് പോയിന്റ്, പവര്‍ ബാറ്ററി എന്നതാണ് ഇപ്പോഴത്തെ ഓര്‍ഡര്‍. മൊബൈല്‍ ഒരെണ്ണം കൈയിലുണ്ടെങ്കില്‍ പിന്നെ ഭക്ഷണവും വേണ്ട, പാര്‍പ്പിടവും വേണ്ട. മഹാഭാരതത്തെക്കുറിച്ച് പറയുന്നത് ഇതിനും ചേരും. "ഇതിലില്ലാത്തത് മറ്റൊരിടത്തും കാണില്ല.'' എത്ര പറഞ്ഞാലും അവസാനവുമില്ല. സെല്‍ഫിയില്‍, മറ്റൊരു വിഷയം പിടിക്കാമെന്നു കരുതി എഴുത്തുപലകയും പേപ്പറും ഒരുക്കി എഴുതാനിരുന്നപ്പോഴാണ് 'അയ്യോ കിടക്കുകയല്ലേ പത്തു ടണ്‍ ഇനിയും മൊബൈലിനെപ്പറ്റി എഴുതാന്‍' എന്ന് ഉള്‍വിളി വന്നത്.

ചാര്‍ജറിന്റെ പ്രസക്തി

മുമ്പ് ഒരു ഹോട്ടലില്‍ മുറിയെടുത്താല്‍, റൂം വൃത്തിയുള്ളതാണോ, ബെഡ് എങ്ങനെയാണ്, ടേബിള്‍ എങ്ങനെയാണ് എന്നതൊക്കെയാണ് ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ചാര്‍ജര്‍ കുത്താനുള്ള പ്ളഗ് പോയിന്റ് എവിടെയാണെന്നും അത് ചാര്‍ജറിന് സ്യൂട്ടാണോ എന്നതുമാണ് ശ്രദ്ധ. ചാര്‍ജറും കൈയില്‍ പിടിച്ചാണ് കതക് തുറക്കുന്നതുതന്നെ. കുടുംബമായിട്ടാണ് വരുന്നതെങ്കില്‍, ഭര്‍ത്താവ് ഒരു പ്ളഗ് പോയിന്റ് പിടിക്കുമ്പോള്‍ അടുത്ത പ്ളഗ് പോയിന്റിനുവേണ്ടി ഭാര്യയും പിള്ളാരും തല്ലാണ്. ട്രെയിനില്‍, ബസില്‍, ഷോപ്പിങ് സ്ഥലങ്ങളില്‍ ഇപ്പോള്‍ മനുഷ്യന്റെ കണ്ണുകള്‍ പരതുന്നത് ചാര്‍ജ് ചെയ്യാനുള്ള സ്പേസാണ്. മുമ്പ് യാത്രികര്‍ക്കും അതിഥികള്‍ക്കും വായിക്കാന്‍ പത്രങ്ങളും മാസികകളും വച്ചിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ ചാര്‍ജ് ചെയ്യാനുള്ള വയറുകളും മറ്റുമാണ്.

ചാര്‍ജ് തീരുമ്പോള്‍

പണ്ട് ഭക്ഷണം കുറയുമ്പോഴാണ് മനുഷ്യര്‍ക്ക് ടെന്‍ഷനും സങ്കടവുമൊക്കെ വരുന്നതെങ്കില്‍, ഇപ്പോള്‍ മൊബൈലിന്റെ ചാര്‍ജ് തീരാറാകുമ്പോഴാണ്. ഹൊ! അപ്പോഴത്തെ വെപ്രാളവും പരവേശവുമൊക്കെ ഒന്നുകാണണം. "എനിക്ക് ഒരു കട്ടയേ ഉള്ളൂ'' എന്നൊക്കെയുള്ള വിലാപങ്ങള്‍ സര്‍വസാധാരണമാണ്. അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിച്ചെടുക്കാന്‍ വെന്റിലേറ്ററില്‍ കയറ്റുമ്പോലെ, ചാര്‍ജ് തീരാറാകുമ്പോള്‍ പവര്‍സേവിങ് മോഡിലിടുക തുടങ്ങിയ ഇന്റന്‍സീവ് കെയര്‍ ശുശ്രൂഷ ഒക്കെയുണ്ട്. 'എന്റെ ഫോണില്‍ രണ്ടുദിവസം ചാര്‍ജ് നില്‍ക്കും' എന്നൊക്കെ പറയുമ്പോഴുള്ള ആ ഒരു ആവേശം ആയിരം കോടി രൂപ ലോട്ടറി അടിച്ചാലും കിട്ടിയെന്നുവരില്ല. മക്കളെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥരാക്കുമ്പോഴും അവര്‍ക്ക് നല്ല വിവാഹജീവിതം ലഭിക്കുമ്പോഴുമൊക്കെയാണ് പണ്ടുകാലങ്ങളില്‍ മനുഷ്യര്‍ ജീവിതവിജയം കൈവരിച്ചതായി കരുതിയിരുന്നതെങ്കില്‍, ഇപ്പോള്‍ രണ്ടുദിവസം ചാര്‍ജ് പോകാതെ നില്‍ക്കുന്ന ഫോണ്‍ കൈയിലുള്ളവരാണ് ജീവിതവിജയം അനുഭവിക്കുന്നത്.

റേഞ്ച്

ചാര്‍ജിന്റെ ഇരട്ടസഹോദരനാണ് മൊബൈല്‍ മേഖലയില്‍ റേഞ്ച്. ചാര്‍ജുണ്ടായിട്ടും റേഞ്ചുണ്ടായില്ലെങ്കില്‍ കാര്യമില്ല. അതുപോലെതന്നെ ഫുള്‍ റേഞ്ചുള്ള ഇടത്തില്‍ ചാര്‍ജ് ഇല്ലാതിരിക്കുമ്പോഴും. മുമ്പ് നല്ല കൃഷിഭൂമി, നല്ല കാഴ്ചഭംഗിയുള്ള സ്ഥലം എന്നിവയ്ക്കാണ് ഡിമാന്‍ഡുണ്ടായിരുന്നതെങ്കില്‍, ഇന്നിപ്പോള്‍ റേഞ്ചുള്ള സ്ഥലത്തെയാണ് ഉത്തമസ്ഥലമായി ജനം അംഗീകരിച്ചിട്ടുള്ളത്. നിങ്ങള്‍ അഞ്ചുകോടി രൂപ മതിപ്പുള്ള വീട് വച്ചു. പക്ഷേ, അവിടെ നെറ്റ്വര്‍ക്ക് കവറേജില്ലെങ്കില്‍ സ്വാഹ. വാടകയ്ക്കുപോലും ആരും അങ്ങോട്ടുവരില്ല താമസിക്കാന്‍. മൊബൈല്‍ ടവര്‍ വരാനും പാടില്ല എന്നാല്‍, മൊബൈല്‍ ഫുള്‍റേഞ്ച് വേണവുംതാനും എന്ന ആറ്റിറ്റ്യൂഡാണ് പൊതുജനത്തിന്. മുമ്പ്, റേഞ്ച് പിടിച്ചുനടക്കല്‍ ഒരു കലാരൂപംപോലെ കണ്ടാസ്വദിക്കാന്‍ പറ്റിയ ഒരിനമായിരുന്നു. റേഞ്ച് പിടിച്ച് ഒരു റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ഒരാളെ തീവണ്ടി ഇടിച്ചുതെറിപ്പിക്കുന്നത് ഈയിടെ വളരെ വൈറലായ വീഡിയോ ആയിരുന്നല്ലോ. മുമ്പ് ഭൂമിയെ കരയും കടലും എന്നു രണ്ടായി തിരിച്ചിരുന്നു. ഇന്നും രണ്ടായിത്തന്നെ തിരിച്ചിട്ടുണ്ട്. റേഞ്ചുള്ള സ്ഥലവും റേഞ്ചില്ലാത്ത സ്ഥലവും.

മൊബൈല്‍ കുശലങ്ങള്‍

വര: വാമനപുരം മണി

വര: വാമനപുരം മണി

എന്നുവച്ചാല്‍ മൊബൈലിലൂടെയുള്ള കുശലങ്ങള്‍ അല്ല. മൊബൈലിനെക്കുറിച്ചുള്ള കുശലങ്ങള്‍. മുമ്പ് രണ്ടുപേര്‍ തമ്മില്‍ കണ്ടാല്‍ 'കണ്ടിട്ടെത്ര നാളായി', 'വീട്ടിലെല്ലാവര്‍ക്കും സുഖമാണല്ലോ അല്ലേ', 'അല്‍പ്പം ക്ഷീണിച്ചിട്ടുണ്ടല്ലോ' എന്നൊക്കെ പരസ്പരം കുശലം ചോദിക്കുമ്പോലെ, ഇപ്പോള്‍ മൊബൈലിനെക്കുറിച്ചാണ് പരസ്പരം അന്വേഷണം. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ചൊല്ല് മൊബൈലുമായി ഘടിപ്പിച്ചുപറയാന്‍ പറ്റില്ല. വീട്ടിലാകെ ബുദ്ധിമുട്ടായിരിക്കും. മൂന്നുനേരത്തെ അരിയാഹാരംതന്നെ അല്‍പ്പം ടൈറ്റായിട്ടായിരിക്കും ഓടിക്കൊണ്ടിരിക്കുന്നത്. പക്ഷേ, കൈയിലെ മൊബൈല്‍ എഴുപത്തയ്യായിരത്തിന്റേതാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്ന് പറയുമ്പോലെ, വീട് വിറ്റും മൊബൈല്‍ വാങ്ങണമെന്നതാണ് പുതിയ ചൊല്ല്. പരമശിവന്റെ കഴുത്തില്‍ പാമ്പെന്നപോലെ, ഡോക്ടറുടെ കഴുത്തില്‍ സ്റ്റെതസ്കോപ്പെന്നപോലെ ഒട്ടുമുക്കാല്‍ മനുഷ്യജീവികളുടെയും കാതില്‍ ഇയര്‍ഫോണുണ്ട്. ഇപ്പോള്‍ ഫോണില്‍നിന്ന് ആരംഭിക്കുന്ന വള്ളി കാതിലേക്കങ്ങ് നീണ്ടുകിടക്കുകയാണ്. വള്ളിയിലെ സ്പീക്കര്‍ ചുണ്ടോടടുപ്പിച്ച് 'മുനുമുനാന്ന്' സംസാരിക്കുന്നത് കേട്ടാല്‍ വയര്‍ലെസ് സന്ദേശങ്ങള്‍ കൈമാറുകയാണെന്ന് തോന്നും.

ഓണ്‍ലൈന്‍

ഈയിടെ ജങ്ഷനിലൊന്നും കാണാനില്ലല്ലോ, എന്ന് മുമ്പ് കുശലം ചോദിക്കുമ്പോലെ, ഇപ്പോള്‍ ഓണ്‍ലൈനില്‍ കണ്ടിട്ട് രണ്ടുമൂന്ന് ദിവസമായല്ലോ എന്നാണ് അന്വേഷണം. 'ഇന്നലെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ ചാറ്റ് ചെയ്തിട്ട് റിപ്ളൈ തന്നില്ല' എന്നൊക്കെയാണ് പരിഭവം. നേരിട്ട് കണ്ടില്ലെങ്കിലും കുഴപ്പമില്ല എഫ്ബിയില്‍ കണ്ടില്ലെങ്കിലാണ് വെപ്രാളം. മകന്‍ നാലുമണിക്കേ എണീറ്റ് മൊബൈലും കുത്തിപ്പിടിച്ചിരിക്കുന്നത് കണ്ട് 'നീ നാലുമണിക്കേ എണീറ്റോ' എന്ന് അത്ഭുതപ്പെട്ട ഗൃഹനാഥനോട് അതിന് 'ഞാന്‍ കിടന്നെന്ന് ആരു പറഞ്ഞു' എന്നാണ് മകന്‍ തിരിച്ചുചോദിച്ചത്. അതങ്ങനെയാണ്. ഉറക്കമില്ലാത്ത തലമുറയാണ് ഓണ്‍ലൈന്‍ തലമുറ. 'നീ ആശുപത്രിയിലായെന്നറിഞ്ഞു... എന്താണ് കാര്യം?' എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് കൂട്ടുകാരന്റെ മറുപടി- 'ഒന്നുമില്ല. ഇന്നലെ രാത്രി പത്തുമണിക്ക് നെറ്റിന്റെ ഓഫര്‍ തീര്‍ന്നു. ചാര്‍ജ് ചെയ്യാനും പറ്റിയില്ല. നേരത്തെ കിടന്നു. ഞാന്‍ പത്തുമണിക്ക് കിടന്നത് വീട്ടുകാര്‍ക്ക് ആദ്യാനുഭവമായിരുന്നു. അവര്‍ കരുതി ഞാന്‍ ബോധംകെട്ട് വീണതാണെന്ന്. എന്നെ പൊക്കി ആശുപത്രിയിലാക്കി'.
മറ്റൊരു ചെറുപ്പക്കാരന്‍ കൂട്ടുകാരനോട് പറഞ്ഞല്ലോ 'ഇന്നലെ നെറ്റ് തീര്‍ന്നു. ആ സമയത്ത് ഞാന്‍ വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു. അനിയത്തിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. അച്ഛന്‍ റിട്ടയര്‍ ചെയ്തു. അമ്മ വീണ് കാലൊടിഞ്ഞ് പ്ളാസ്റ്ററിട്ടിരിക്കുകയാണ്. ഓണ്‍ലൈനിലായതുകൊണ്ട് ഞാന്‍ കുറെനാളായി ഒന്നും അറിഞ്ഞിരുന്നില്ല'.
പ്രധാന വാർത്തകൾ
Top