17 November Saturday

വർണങ്ങളിലെ വിശ്രാന്തി

എം എസ് അശോകൻUpdated: Sunday Oct 1, 2017

ചിത്രകല സ്വയം അഭ്യസിക്കുകയും കുട്ടിക്കാലംമുതൽ നാളിതുവരെ അതിനോടുള്ള അഭിനിവേശം കുറയാതെ സപര്യയിൽ ഏർപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന യുവ ചിത്രകാരിയാണ് തിരുവനന്തപുരം വലിയവിള സ്വദേശി എൻ അമ്പിളി. മറ്റു ദൈനംദിന ജീവിതത്തിരക്കുകൾക്കിടയിലും മുടങ്ങാതെ ചിത്രങ്ങൾ വരയ്ക്കാൻ സമയം കണ്ടെത്തുന്ന അമ്പിളി പുതിയ മാധ്യമങ്ങൾ പരീക്ഷിക്കാനും അതിനെ ആഴത്തിൽ അറിയാനും ശ്രമിക്കുന്നു. നവീന ആശയങ്ങൾ രചനയുടെ ഭാഗമാക്കാനും രചനാസങ്കേതങ്ങൾ കണ്ടെത്താനും ഏറ്റവും ഉത്സാഹത്തോടെ പരിശ്രമിക്കുകയും ചെയ്യുന്നു.

എൻ അമ്പിളി

എൻ അമ്പിളി

വീട്ടിൽനിന്നും സുഹൃത്തുക്കളിൽനിന്നും കുട്ടിക്കാലംമുതൽ ലഭിച്ച പ്രോത്സാഹനമാണ് അമ്പിളിയെ ചിത്രംവരയിൽ എത്തിച്ചത്. സ്‌കൂൾ പഠനകാലത്ത് ലഭിച്ചതിനപ്പുറം ശിക്ഷണമൊന്നും രചനാവഴിയിൽ ലഭിച്ചിട്ടില്ല. പിന്നീട് എല്ലാം സ്വയം തേടിപ്പിടിക്കുകയായിരുന്നു. സ്‌കൂൾപഠനത്തിനുശേഷം ചിത്രകല പഠിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മറ്റു പ്രൊഫഷണൽ കോഴ്‌സുകൾക്ക് ചേരേണ്ടിവന്നു. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിബിഎയും എച്ച്ആറിൽ എംബിഎയും പൂർത്തിയാക്കി. അപ്പോഴും ചിത്രംവര പതിവായിരുന്നെങ്കിലും അക്കാദമിക്കായി പഠിക്കാനുള്ള സാഹചര്യം വന്നില്ല. വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിലേക്കും ജോലിയിലേക്കും തിരിഞ്ഞപ്പോഴും ചിത്രംവരയെ കൈവിട്ടില്ല. ഒരുവേള ഹോബിയായും മറ്റു ജീവിതത്തിരക്കുകളിൽനിന്നെല്ലാമുള്ള ആശ്വാസവഴിയായും ചിത്രംവര മാറി. അമ്പിളിയുടെ ചിത്രംവരയോടുള്ള ആഭിമുഖ്യം കണ്ടറിഞ്ഞ സുഹൃത്തുക്കളും വീട്ടുകാരും കൂടുതൽ ധൈര്യവും പ്രോത്സാഹനവും നൽകിയതോടെ രചനയെ കൂടുതൽ ഗൗരവത്തോടെയെടുത്തു. നഗരത്തിലെ ചിത്രപ്രദർശനങ്ങൾ കാണുന്നതിനുംകലാകാരന്മാരുമായി അടുത്തിടപഴകുന്നതിനുംമറ്റും സമയം കണ്ടെത്തി. അത് തന്റെ വരകളെയും കാഴ്ചപ്പാടുകളെയും വല്ലാതെ സ്വാധീനിക്കുകയും മാറ്റുകയും ചെയ്‌തെന്ന് അമ്പിളി പറഞ്ഞു.

അമ്പിളിയുടെ പെയിന്റിങ്‌

അമ്പിളിയുടെ പെയിന്റിങ്‌

ജലച്ചായത്തിലായിരുന്നു ആദ്യകാലത്ത് വര. പിന്നീട് അക്രിലിക്കിലേക്കും എണ്ണച്ചായത്തിലേക്കും മാറി. ഇപ്പോൾ എണ്ണച്ചായത്തിലാണ് രചനകൾ ഏറെയും. എപ്പോഴും പുതുതായി എന്തെങ്കിലും വരയ്ക്കണമെന്നതാണ് അമ്പിളിയുടെ രീതി. വർണങ്ങളെ വ്യത്യസ്തമായി ഉപയോഗിക്കുന്നതുപോലെ രചനകളുടെ ആവിഷ്‌കാരത്തിലും അവതരണത്തിലും എപ്പോഴും പുതുമ കൊണ്ടുവരുന്നതിൽ അമ്പിളി ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ഒന്നിനുപുറകെ ഒന്നായി ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നു. അതിൽ ലാൻഡ് സ്‌കേപ്പുകളും സീ സ്‌കേപ്പുകളുംമുതൽ പ്രമേയപരമായ രചനകൾവരെയുണ്ട്. ചിത്രങ്ങൾ പലതും നഗരത്തിലെ ഗ്യാലറികളിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം ഫെയ്‌സ്ബുക്കിലെ സ്വന്തം ഇടത്തിൽ മറ്റുള്ളവർക്കായി പോസ്റ്റുചെയ്യുകയും ചെയ്യുന്നുണ്ട്. ചിത്രങ്ങൾ വിൽക്കാൻ വേണ്ടി വരയ്ക്കാറില്ല. രചനകളോരോന്നും അത്രയേറെ പ്രിയപ്പെട്ടവയായതിനാൽ എപ്പോഴും കൂടെയുണ്ടാകണമെന്നു തന്നെയാണ് ആഗ്രഹം. എങ്കിലും പ്രദർശനങ്ങളിലൂടെ ചിത്രങ്ങൾ വിൽക്കാറുണ്ട്. ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾകണ്ട് ആവശ്യപ്പെടുന്നവരും ഏറെ. വീട് അലങ്കരിക്കാനും മറ്റുമായി വാങ്ങുന്നവരുമുണ്ട്. ചിത്രകലാ പരിഷത്ത് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വാർഷികപ്രദർശനത്തിൽ പതിവായി അമ്പിളിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്.
  ജീവിതത്തിരക്കുകളുടെപേരിൽ കലാജീവിതത്തിൽനിന്ന് പിന്മാറ്റം പ്രഖ്യാപിക്കുന്നവർക്ക് പ്രചോദനം നൽകുന്നതുകൂടിയാണ് അമ്പിളിയുടെ കലാജീവിതം. കലാകാരിയായിരിക്കുക എന്നത് ഏറ്റവും വ്യക്തിനിഷ്ഠമായ കാര്യമാണെന്നും അതിനോട് ഇഴുകിച്ചേരുമ്പോൾ അനുഭവിക്കുന്ന വിശ്രാന്തിയും സ്വാതവും ഏറ്റവും വിലപ്പെട്ടതാണെന്നുമാണ് അമ്പിളിയുടെ വിശ്വാസം. അതുതന്നെയാണ് ഈ യുവകലാകാരിയുടെ ശക്തിയും രചനകളുടെ വ്യത്യസ്തതയും. ഭർത്താവ് കൊല്ലം സ്വദേശി ഗണലാൽ.

പ്രധാന വാർത്തകൾ
Top