Top
19
Tuesday, December 2017
About UsE-Paper

'വിമോചന'സമരത്തിന്റെ മുറിപ്പാടുള്ള ഓര്‍മകള്‍

Thursday Nov 30, 2017
വെബ് ഡെസ്‌ക്‌
ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനൊപ്പം

1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച കുപ്രസിദ്ധമായ 'വിമോചന'സമരത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു അന്നത്തെ നിയമാസഭാംഗംകൂടിയായ ഇ ചന്ദ്രശേഖരന്‍ നായര്‍. കേരളരാഷ്ട്രീയത്തിലെ ആ കറുത്ത് ഏട് ഒരിക്കലും മറക്കാനാവാത്തതാണെന്ന് അദ്ദേഹം പലപ്പോഴായി ഓര്‍മിക്കുകയും പറയുകയുമുണ്ടായി. അഭിമുഖങ്ങളിലും ലേഖനങ്ങളിലും അത് ആവര്‍ത്തിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ പുണ്യാളന്‍ ചമഞ്ഞ കോണ്‍ഗ്രസ് ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗിച്ച് സംസ്ഥാനത്തെ ജനകീയ സര്‍ക്കാരിനെ താഴെയിറക്കി. ആ രാഷ്ട്രീയ വഞ്ചന ഏതൊരു ജനാധിപത്യവിശ്വാസിയെയും പോലെ അദ്ദേഹത്തെയും അലോസരപ്പെടുത്തി. അന്നത്തെ സഭയില്‍ ജിഞ്ചര്‍ ഗ്രൂപ്പെന്ന പേരില്‍ തിളങ്ങിയ 'ബേബി'കളില്‍ ഒരാളായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.  

പ്രതിപക്ഷത്തിന്റെ  കുതന്ത്രങ്ങളെ നേരിട്ട  ഭരണപക്ഷത്തെ ആ യുവനിരയെ പ്രതിലോമകാരികള്‍ ഭയപ്പെട്ടു. ചില പത്രക്കാര്‍ വിളിച്ച പേരായിരുന്നു ജിഞ്ചര്‍ ഗ്രൂപ്പ്. അനുഭവമില്ലാത്തവര്‍ എന്നായിരുന്നു ആദ്യ ആക്ഷേപം. പട്ടം ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ക്കെതിരെ പൊരുതിയതോടെ അവഗണിക്കാന്‍ പറ്റാതായി. അങ്ങനെയാണ് പേര് വീണത്. വാലറ്റക്കാര്‍ എന്നും ആക്ഷേപമുണ്ടായി. യുവാക്കളെങ്കിലും മഹത്തായ സ്വപ്നത്തിന്റെ ഭാഗമായ സര്‍ക്കാരിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന ബോധ്യമുള്ളവരായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ ഉള്‍പ്പെട്ട ആ സംഘം. എംഎല്‍എ ഹോസ്റ്റലില്ല. സേവ്യേഴ്സ് ലോഡ്ജിന്റെ മുകള്‍നിലയില്‍ തോപ്പില്‍ ഭാസി, എന്‍ രാജഗോപാലന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. താഴെ പി ഗോവിന്ദപ്പിള്ള, കരുനാഗപ്പള്ളി എംഎല്‍എ കാര്‍ത്തികേയന്‍, പന്തളം പി ആര്‍.  പ്രതിപക്ഷത്തെ താപ്പാനകളെ തളയ്ക്കാനുള്ള എല്ലാ വഴിയും കൂട്ടായി ആലോചിക്കും. ചോദ്യോത്തര വേളയിലെ വിഷയങ്ങള്‍ പഠിക്കും. ഉപചോദ്യങ്ങള്‍വരെ കണക്കുകൂട്ടിയ ഗൃഹപാഠങ്ങള്‍. രാത്രി വൈകുംവരെ ജിഞ്ചര്‍ഗ്രൂപ്പിന്റെ മുറിയില്‍ തയ്യാറെടുപ്പ്. അവര്‍ ഒരിടത്തും പതറിയില്ല. പയറ്റിത്തെളിഞ്ഞ പാര്‍ലമെന്റേറിയന്മാരായിരുന്നു മറുപക്ഷത്ത്. രണ്ടംഗങ്ങളുടെ ഭൂരിപക്ഷമേ സര്‍ക്കാരിനുള്ളൂ. ഇന്നത്തേതിന് സമാനമായ രീതിയില്‍ പത്രങ്ങള്‍ കമ്യുണിസ്റ്റ് വിരുദ്ധമനസ്സോടെ എഴുതി. പട്ടംതാണുപിള്ളയുടെ അടുത്ത ആളുകളായിരുന്നു പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍. സര്‍ക്കാര്‍ നയങ്ങള്‍ അവരുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് വന്നപ്പോഴാണ് വിശ്വരൂപം പുറത്തെടുത്തതെന്നും ചന്ദ്രശേഖരന്‍ നായര്‍ പറയുകയുണ്ടായി. അവര്‍ അക്രമമഴിച്ചുവിട്ടു. മാധ്യമ സഹായത്താല്‍ എല്ലാം മഹത്തായ 'വിമോചന'സമരമായി. കൊല്ലപ്പെടുകയും മര്‍ദനമേല്‍ക്കുകയും ചെയ്തവര്‍ നിരവധി. 

ഭൂപരിഷ്കരണവും വിദ്യഭ്യാസ പരിഷ്കരണവുമാണ് ഇ എം എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ആയുധമാക്കിയതെന്ന് ചന്ദ്രശേഖരന്‍ നായര്‍ ഓര്‍മിക്കുന്നുണ്ട്. ഭൂനയ ബില്ലിനായി രൂപീകരിച്ച ഒമ്പതംഗ കമ്മിറ്റിയില്‍ അദ്ദേഹവും അംഗം. 37ലക്ഷം കുടികിടപ്പുകാരുടെ സ്വപ്നങ്ങള്‍ സഫലമാക്കിയ ബില്ല്. ഒന്നിനൊന്ന് മികച്ചവരായിരുന്നു മന്ത്രിമാര്‍. ഇഎംഎസ് എന്ത് പറയുന്നുവെന്നറിയാന്‍ എല്ലാവരും ശ്രദ്ധിച്ചു. സാധാരണക്കാരന്റെ ജീവിതനിലവാരമുയര്‍ത്തിയ ആ സര്‍ക്കാരിന്റെ അടയാളങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ മായില്ല. കേരള വികസന മാതൃകയുടെ അടിത്തറ പാകിയത് താനും അംഗമായ കമ്യൂണിസ്റ്റ് പാര്‍ടിയിലൂടെയാണെല്ലോയെന്ന അഭിമാനം എന്നുമുണ്ടാകുമെന്നും അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി.