16 October Tuesday

പൊതുവിതരണ രംഗത്തിന്റെ കാവലാള്‍

പന്ന്യന്‍ രവീന്ദ്രന്‍Updated: Thursday Nov 30, 2017


പൊതുപ്രവര്‍ത്തനത്തിന്റെ വിശുദ്ധി കാത്ത രാഷ്ട്രീയ നേതാവായിരുന്നു ഇ ചന്ദ്രശേഖരന്‍ നായര്‍. സൌമ്യമായ പെരുമാറ്റം, കാര്‍ക്കശ്യമില്ലാത്ത ഇടപെടല്‍ എന്നിവയിലൂടെ കടമയും ഉത്തരവാദിത്തവും നന്നായി എങ്ങനെ നിര്‍വഹിക്കാമെന്ന് കാട്ടിത്തന്നു. 1952ല്‍ സിപിഐയില്‍ അംഗത്വമെടുത്ത മുതല്‍ 90-ാം വയസ്സുവരെയും അതൊരു ജീവിതചര്യയായി നിലനിര്‍ത്തി.  പ്രസ്ഥാനം ഏല്‍പിക്കുന്ന ഏതു കടമയും സത്യസന്ധമായി നിര്‍വഹിച്ച്് ജനങ്ങളുടെ പ്രീതി നേടി. 1980ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാവാന്‍ ചന്ദ്രശേഖരന്‍ നായര്‍ക്ക് കഴിഞ്ഞു. അക്കാലത്താണ് പൊതുവിതരണ രംഗത്ത് വിപ്ളവം സൃഷ്ടിച്ച മാവേലി സ്റ്റോര്‍ ആരംഭിക്കുന്നത്. രാജ്യമെങ്ങുമുള്ള ഭക്ഷ്യ മന്ത്രിമാര്‍ മന്ത്രിയെ കാണാന്‍ സംസ്ഥാന തലസ്ഥാനത്തെത്തി. 'മാവേലി മന്ത്രി' എന്ന വിശേഷണം അക്ഷരംപ്രതി അന്വര്‍ഥമായിരുന്നു.

1957ല്‍ കൊട്ടാരക്കരയില്‍നിന്ന് ജയിച്ചാണ് ആദ്യമായി സഭയിലെത്തിയത്. ഇ എം എസ് മന്ത്രിസഭയില്‍ പ്രതിപക്ഷത്തിന്റെ വാക്ശരങ്ങളെ നേരിട്ട യുവാക്കളുടെ 'ജിഞ്ചര്‍ ഗ്രൂപ്പില്‍' അംഗം. തുടര്‍ന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരുകളില്‍ പലതവണ മന്ത്രിയായി. നിയമം, ടൂറിസം, സഹകരണം തുടങ്ങിയ വകുപ്പുകളും സമര്‍ഥമായി കൈകാര്യംചെയ്തു. ടൂറിസം മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനപ്പെടുത്തുന്നതില്‍ ഭാവനാപൂര്‍ണമായി പ്രവര്‍ത്തിച്ചു. വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ നിലവിലെ ചിട്ടകള്‍ പാലിച്ച് എസ്റ്റാബ്ളിഷ്മെന്റിന്റെ ഭാഗമായി നില്‍ക്കാതെ, സേവനത്തിന്റെ പുതിയ രീതി കണ്ടെത്തി.

സഹകരണ മേഖലയില്‍ 40 വര്‍ഷത്തെ വിവിധങ്ങളായ പ്രവര്‍ത്തനം ചന്ദ്രശേഖരന്‍ നായരുടെ കര്‍മപഥത്തിലെ തിളങ്ങുന്ന അധ്യായമാണ്. സംസ്ഥാന സഹകരണ ബാങ്ക്, നാഷണല്‍ ഫെഡറേഷന്‍, കൊല്ലം ജില്ലാബാങ്ക് എന്നിവയുടെ പ്രസിഡന്റായും നബാര്‍ഡ് അംഗമായും നടത്തിയ പ്രവര്‍ത്തനം മേഖലയുടെ സര്‍വതോന്മുഖമായ പുരോഗതിക്ക് വഴിതുറന്നു. നിക്ഷേപ സമാഹരണ  പദ്ധതി രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചു. 20 കോടി രൂപ പ്രാദേശിക സംഘങ്ങള്‍ക്ക് സൂക്ഷിക്കാമെന്ന വ്യവസ്ഥ ആദ്യമായി കൊണ്ടുവന്നു. സഹകരണ പ്രസ്ഥാനത്തെ ജനകീയമാക്കാന്‍ ആ  പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. 

രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനുവേണ്ട അനുഭവജ്ഞാനം ചന്ദ്രശേഖരന്‍ നായരുടെ കൈമുതലായിരുന്നു. പ്രതിപക്ഷത്തിനെതിരെ ശക്തമായി പ്രതികരിക്കുമ്പോഴും സമഭാവന കൈവിട്ടില്ല. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും സാത്വികഭാവം പുലര്‍ത്തിയ അദ്ദേഹത്തിന് ആരോടും ശത്രുതയില്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ  പാര്‍ടികളുടെയും നേതാക്കളുമായി സൌഹൃദം പുലര്‍ത്തി.  സ്ഥാനമാനങ്ങളോട് താല്‍പര്യം കാണിക്കാത്ത സൌമ്യനും ധീരനുമായ ആ കമ്യൂണിസ്റ്റ് 1970ല്‍ എംഎല്‍എ ആയിരുന്നപ്പോള്‍ സി അച്യുതമേനോനുവേണ്ടി സ്ഥാനം ഒഴിഞ്ഞു. അന്ന് 'ജനയുഗ'ത്തിന്റെ ചുമതല ഏറ്റെടുക്കാനുള്ള നിര്‍ദേശവും സ്വീകരിച്ചു.

പ്രസ്ഥാനം ആവശ്യപ്പെടുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യത്തിലൂന്നിയ പ്രവര്‍ത്തനം ചന്ദ്രശേഖരന്‍ നായര്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു. സിപിഐ കേന്ദ്ര- സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗംവരെയായ അദ്ദേഹം വാര്‍ധക്യത്തില്‍ കൂടുതല്‍ ചുമതല വഹിക്കാന്‍ വിസമ്മതിച്ചു. പുതിയവര്‍ക്ക് വഴിമാറുകയാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. പുതുതലമുറയിലെ രാഷ്ട്രീയക്കാര്‍ക്ക് ഏത് വിഷയത്തിലും സംശയനിവാരണത്തിന് അദ്ദേഹത്തെ സമീപിക്കാനായി. 

തന്റെ ആശയങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ച ചന്ദ്രശേഖരന്‍ നായര്‍ ഗ്രന്ഥരചനയിലും വ്യാപൃതനായി. എഴുതിയ  ആറ് പുസ്തകങ്ങളും കപട ഹിന്ദുത്വത്തിന്റെ മുഖംമൂടിയുരിഞ്ഞു. പാരമ്പര്യത്തെ കൂട്ടുപിടിച്ച്  വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഹിന്ദുത്വവാദികള്‍ എന്ന് അദ്ദേഹം സ്ഥാപിച്ചു. സംസ്കൃത ശ്ളോകങ്ങളുടെ ശരിയായ അര്‍ഥം വിശദീകരിച്ച് ദുര്‍വ്യാഖ്യാനങ്ങളെയും തുറന്നുകാട്ടി.

പ്രധാന വാർത്തകൾ
Top