21 January Monday

പുതിയ കണികകള്‍ മുതല്‍ ദ്രവ്യംവരെ - സിന്തറ്റിക് വിത്തുകോശവും

സാബു ജോസ്Updated: Thursday Dec 28, 2017

സൈ-സി-സി-പ്ളസ്-പ്ളസ്
ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തിയ കണികാപരീക്ഷണത്തില്‍ (ഘഒഇയ) പുതിയൊരു കണികകൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 2017 ജൂണില്‍. അസ്ഥിരമായ ഈ ഹെവി പാര്‍ടിക്കിളിന് തശഇഇ++ (സൈ-സി-സി-പ്ളസ്-പ്ളസ്) എന്നാണ് പേരിട്ടത്. മൂന്ന് ക്വാര്‍ക്കുകള്‍ ചേര്‍ന്നാണ് ഈ കണിക നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഒരു അപ് ക്വാര്‍ക്കും രണ്ട് ചാംഡ് ക്വാര്‍ക്കും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ കണത്തിന് പ്രോട്ടോണിന്റെ 3.8 മടങ്ങ് പിണ്ഡമുണ്ട്. ഭാരമേറിയ കണികകള്‍ക്ക് സ്ഥിരത കുറവാണ്. സെക്കന്‍ഡിന്റെ കോടിക്കോടിയില്‍ ഒരംശം സമയമാണ് ഈ കണികയുടെ സ്വതന്ത്ര നിലനില്‍പ്പ്.

ദ്രവ്യത്തിന്റെ അടിസ്ഥാന കണമാണ് ക്വാര്‍ക്കുകള്‍. ഇതുവരെ ആറ് ക്വാര്‍ക്കുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. അപ്, ഡൌണ്‍, ചാംഡ്, സ്ട്രേഞ്ച്, ടോപ്, ബോട്ടം എന്നിവയാണവ. ഇവയില്‍ ചാംഡ്, ടോപ്, ബോട്ടം എന്നീ ക്വാര്‍ക്കുകള്‍ക്ക് മറ്റ് മൂന്ന് ക്വാര്‍ക്കുകളെ അപേക്ഷിച്ച് പിണ്ഡം കൂടുതലാകും. രണ്ട് അപ് ക്വാര്‍ക്കുകളും ഒരു ഡൌണ്‍ ക്വാര്‍ക്കും ചേര്‍ന്നാണ് പ്രോട്ടോണ്‍ ഉണ്ടാകുന്നത്. രണ്ട് ഡൌണ്‍ ക്വാര്‍ക്കും ഒരു അപ് ക്വാര്‍ക്കും ചേര്‍ന്നാല്‍ ന്യൂട്രോണ്‍ രൂപപ്പെടും.

ഡബിള്‍ ചാര്‍ജ്ഡ് ഡബിള്‍ ചാംഡ് സൈ പാര്‍ടിക്കിളിന്റെ സാധ്യത മുമ്പുതന്നെ പ്രവചിക്കപ്പെട്ടതാണെങ്കിലും പരീക്ഷണശാലയില്‍ നിര്‍മിക്കുന്നത് ഇതാദ്യമാണ്. ്. പുതിയ കണികയുടെ കണ്ടെത്തല്‍ കണികാഭൌതികത്തിലും സ്റ്റാന്‍ഡേര്‍ഡ് മോഡലിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാര്‍ക്കുകളെ ചേര്‍ത്തുനിര്‍ത്തി അണുകേന്ദ്രം തകരാതെ സംരക്ഷിക്കുന്ന ശക്ത ന്യൂക്ളിയര്‍ ബലത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനും ഈ പുതിയ കണ്ടെത്തല്‍ സഹായിക്കും. അണുകേന്ദ്രവും അതിനുചുറ്റുമുള്ള ഇലക്ട്രോണ്‍ മേഘങ്ങളും ചേര്‍ന്നാണല്ലോ ആറ്റങ്ങളും പിന്നെ തന്മാത്രകളും ഒടുവില്‍ വലിയ നിര്‍മിതികളായ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഗ്യാലക്സികളും ജീവനുമെല്ലാം ഉണ്ടാകുന്നത്.

ടൈം ക്രിസ്റ്റല്‍ പുതിയ ദ്രവ്യാവസ്ഥ
പുതിയൊരു ദ്രവ്യാവസ്ഥകൂടി സ്ഥിരീകരിക്കപ്പെട്ടത് വിടപറഞ്ഞ വര്‍ഷം.ടൈം ക്രിസ്റ്റല്‍ അഥവാ സ്പേസ് - ടൈം ക്രിസ്റ്റല്‍ (സ്ഥല-കാല പരലുകള്‍) എന്നാണ് പുതിയ ദ്രവ്യാവസ്ഥയുടെപേര്.ടൈം ട്രാന്‍സ്ലേഷന്‍ സിമട്രി ബ്രേക്കിങ് (ഠഠടആ) എന്ന പ്രതിഭാസം പ്രദര്‍ശിപ്പിക്കുന്ന ഈ ദ്രവ്യരൂപത്തിന്റെ സൈദ്ധാന്തിക ഭാഷ നേരത്തെതന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. 2017 മാര്‍ച്ചിലാണ് ഈ ദ്രവ്യരൂപം പരീക്ഷണശാലയില്‍ നിര്‍മിക്കപ്പെട്ടത്. ആറ്റങ്ങളോ, അയോണുകളോ, തന്മാത്രകളോ സവിശേഷമായ രീതിയില്‍ വിന്യസിക്കപ്പെട്ട ഖരവസ്തുക്കളാണ് ക്രിസ്റ്റലുകള്‍. ഇവയിലെ ആറ്റങ്ങള്‍ ക്രമരൂപത്തില്‍ ആവര്‍ത്തിച്ചു കാണപ്പെടുന്നു. എന്നാല്‍ ടൈം ക്രിസ്റ്റലുകളില്‍ ആറ്റങ്ങള്‍ ക്രമമായല്ല കാണപ്പെടുന്നത്. സമയത്തിനനുസരിച്ച് അവ വ്യത്യസ്ത ക്രമം പാലിക്കുന്നു. ടൈം ക്രിസ്റ്റലുകളിലെ ആറ്റങ്ങള്‍ സ്ഥലത്തിലും കാലത്തിലും ക്രമീകരിക്കപ്പെടുന്നു. സമയം മാറുന്നതിനനുസരിച്ച് ഇവയുടെ ഘടനയ്ക്ക് മാറ്റംവരുന്നു.

കസീനി ചരിത്രം
കസീനി ഇനി ചരിത്രത്തിന്റെ ഭാഗമാവുകയായി. 2017 സെപ്തംബര്‍ 15ന് കസീനി ശനിയില്‍ ഇടിച്ചിറങ്ങി. ധൂളിയും ഹിമവും നിറഞ്ഞ വലയങ്ങളുടെ മറയില്ലാതെ ശനിയുടെ തനിനിറം ഇനി ശാസ്ത്രലോകത്തിനുമുന്നില്‍  അനാവരണംചെയ്യപ്പെടും. കൂടാതെ ഗ്രഹത്തിന്റെ പിണ്ഡവും കൃത്യമായി കണക്കുകൂട്ടാന്‍കഴിയും. ശനിയുടെ പിണ്ഡം ഇപ്പോള്‍  നമുക്കറിയാം. എന്നാല്‍ അത് ഗ്രഹത്തിന്റെയും അതിന്റെ വലയത്തിന്റെയും ചേര്‍ന്നുള്ള പിണ്ഡമാണ്. കസീനി പേടകം വലയത്തിനുള്ളില്‍ കടന്നതോടെ വലയങ്ങളുടെ പിണ്ഡം ഒഴികെയുള്ള ഗ്രഹപിണ്ഡം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയും.

1997 ഒക്ടോബര്‍ 15നാണ് കസീനി ദൌത്യം വിക്ഷേപിക്കപ്പെടുന്നത്. ഇതൊരു ഇരട്ടപേടകങ്ങളുടെ ദൌത്യമായിരുന്നു. കസീനിയെന്നും ഹൈഗന്‍സ് എന്നും പേരുള്ള രണ്ട് കൃത്രിമ ഉപഗ്രങ്ങളായിരുന്നു ദൌത്യത്തില്‍ ഉണ്ടായിരുന്നത്. ശനിഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുന്നതിനാണ് കസീനി വിക്ഷേപിച്ചതെങ്കില്‍ ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ ഇറങ്ങുകയായിരുന്നു ഹൈഗന്‍സ് ദൌത്യത്തിന്റെ ലക്ഷ്യം. ഏഴു വര്‍ഷത്തെ യാത്രയ്ക്കൊടുവില്‍ 2004ല്‍ കസീനി ശനിയുടെ സമീപമെത്തി. 2005 ജനുവരി 14ന് ഹൈഗന്‍സ് സ്പേസ്ക്രാഫറ്റ് ടൈറ്റനില്‍ ഇറങ്ങി. ശനിയിലേക്കുള്ള യാത്രയില്‍ ഈ ഇരട്ടപേടകങ്ങള്‍ ശുക്രനെ രണ്ടുതവണ സന്ദര്‍ശിച്ചു. 

ശുക്രന്റെ ഗുരുത്വാകര്‍ഷണത്തില്‍നിന്ന് അധികപ്രവേഗം ((ഏൃമ്ശ്യേ അശൈ)  ആര്‍ജിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. പിന്നീട് 1999 ആഗസ്ത് 18ന് പേടകം ചന്ദ്രന്റെ 1171 കിലോമീറ്റര്‍ അടുത്തെത്തി. ചന്ദ്രന്റെയും ശുക്രന്റെയും നിരവധി ചിത്രങ്ങളെടുത്തു. 2000 ജനുവരി 23ന് 2685 മാസര്‍സ്കി എന്ന ഛിന്നഗ്രഹത്തെ അവിചാരിതമായി സന്ദര്‍ശിച്ചു ചിത്രങ്ങളെടുത്തു. 2000 ഡിസംബര്‍ 30ന് പേടകം വ്യാഴത്തിന് സമീപമെത്തി. ശനിയിലേക്കുള്ള യാത്രയ്ക്കുവേണ്ട പ്രവേഗം വ്യാഴത്തിന്റെ

ഗുരുത്വാകര്‍ഷണത്തില്‍നിന്ന് കടമെടുത്തതുകൂടാതെ വ്യാഴത്തിന്റെയും വ്യാഴത്തിന്റെ നിരവധി ഉപഗ്രഹങ്ങളുടെയും ചിത്രങ്ങളെടുത്തു. 2004 ജൂലൈ ഒന്നിനാണ് കസീനി ശനിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. തൊട്ടടുത്തവര്‍ഷം 2005 ജനുവരി 14ന് ഹൈഗന്‍സ് പേടകം ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനില്‍ ഇറങ്ങി. മീഥേയ്ന്‍ സമുദ്രങ്ങളുള്ള ടൈറ്റനില്‍ ജീവന്‍ തെരയുകയായിരുന്നു ഉദ്ദേശ്യം.

സിന്തറ്റിക് വിത്തുകോശങ്ങള്‍
ചികിത്സക്ക് സിന്തറ്റിക് സ്റ്റെം സെല്ലുകള്‍ അഥവാ സംശ്ളേഷിത വിത്തുകോശങ്ങളും എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ കണ്ടുപിടിത്തം 2017 ജനുവരിയില്‍ നടന്നു. വിസ്മയങ്ങളുടെയും പ്രതീക്ഷകളുടെയും പുതിയ വാതിലുകളാണ് ഇവ തുറന്നിടുന്നത്. വിത്തുകോശ ചികിത്സയുമായി ബന്ധപ്പെട്ട് നിലവിലുള്ള പല വെല്ലുവിളികള്‍ക്കും പരിഹാരമാണ് സിന്തറ്റിക് സ്റ്റെം സെല്ലുകളെന്ന് ഗവേഷണത്തില്‍ പങ്കാളികളായ നോര്‍ത്ത് കരോലിന സ്റ്റേറ്റ് സര്‍വകലാശാലയിലെയും ഷെങ്ഷൂ സര്‍വകലാശാലയിലെയും ഗവേഷകര്‍ അവകാശപ്പെടുന്നു. റീജനറേറ്റീവ് മെഡിസിനില്‍ വന്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന നേട്ടമാണിത്.

വിത്തുകോശ (സ്റ്റെം സെല്‍) ചികിത്സയിലൂടെ കോശങ്ങളെയും കലകളെയും പുനരുജ്ജീവിപ്പിക്കുകവഴി ആന്തരികാവയവങ്ങളുടെ അറ്റകുറ്റപ്പണി നടത്താന്‍കഴിയും. എന്നാല്‍ ചിലപ്പോള്‍ സ്റ്റെം ചികിത്സയില്‍ അര്‍ബുദസാധ്യത, സ്റ്റെം സെല്ലുകളെ അന്യപദാര്‍ഥമായി കണ്ട് ശരീരം തിരസ്കരിക്കല്‍, സ്റ്റെം സെല്ലുകള്‍ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഇങ്ങനെ വെല്ലുവിളികള്‍ പലതാണ്. വിത്തുകോശ ചികിത്സയില്‍ ഇതിനൊക്കെയുള്ള പരിഹാരം എന്ന നിലയിലാണ് ഗവേഷണം സിന്തറ്റിക് സ്റ്റെം സെല്ലുകളിലേക്കു കടന്നത്. നോര്‍ത്ത് കരോലിന സ്റ്റേറ്റ് സര്‍വകലാശാലയിലെ മോളിക്യുുലാര്‍ ബയോ മെഡിക്കല്‍ സയന്‍സസില്‍ ഗവേഷകനായ കെ ചെങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തതാവട്ടെ കാര്‍ഡിയാക് സ്റ്റെം സെല്ലുകളും.

ഒറ്റവിക്ഷേപണത്തില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒക്ക് റെക്കോഡ്
ഉപഗ്രഹവിക്ഷേപണരംഗത്ത് ഐഎസ്ആര്‍ഒ 2017ല്‍ പുതു ചരിത്രം രചിച്ചു. ഒറ്റവിക്ഷേപണത്തിലൂടെ ഏറ്റവുമധികം കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതിന്റെ റെക്കോഡ് ഐഎസ്ആര്‍ഒയ്ക്ക് സ്വന്തം. 2017 ഫെബ്രുവരി 15ന് നടന്ന വിക്ഷേപണത്തില്‍ 104 കൃത്രിമ ഉപഗ്രഹങ്ങളെയാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനമായ പിഎസ്എല്‍വി- സി 37 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

ഇതില്‍ ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് - 2 സീരീസിലുള്ള 714 കിലോഗ്രാമുള്ള ഒരു വലിയ കൃത്രിമ ഉപഗ്രഹവും, 15 കിലോഗ്രാംവീതം ഭാരമുള്ള ഐഎന്‍എസ്-1അ, ഐഎന്‍എസ്-1ആ എന്നീ 2 നാനോ സാറ്റലൈറ്റുകളും ഉള്‍പ്പെടുന്നു. അവശേഷിക്കുന്ന 101 നാനോ സാറ്റലൈറ്റുകള്‍ക്ക് 634 കിലോഗ്രാം ഭാരമുാകും. ഇസ്രയേല്‍, കസാഖ്സ്ഥാന്‍, നെതര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഒന്നുവീതവും അമേരിക്കയുടെ 96 എണ്ണവുമാണ് നാനോ സാറ്റലൈറ്റുകള്‍.

ഒറ്റവിക്ഷേപണത്തില്‍ ഏറ്റവുമധികം കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചതിന്റെ റെക്കോഡ് ഇതുവരെ റഷ്യക്ക് സ്വന്തമായിരുന്നു. 2014ല്‍ ജൂണില്‍ അവര്‍ ഒറ്റവിക്ഷേപണത്തില്‍ 37 കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. 2013ല്‍ നാസ 29 ഉപഗ്രഹങ്ങളെയാണ് ഒറ്റവിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിച്ചത്. ഇക്കഴിഞ്ഞ വര്‍ഷം ഐഎസ്ആര്‍ഒ ഒറ്റദൌത്യത്തില്‍ 20 കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഈ റെക്കോഡുകളെല്ലാം ഫെബ്രുവരി 15ലെ വിക്ഷേപണത്തോടെ പഴങ്കഥയായി.

 

 

പ്രധാന വാർത്തകൾ
Top