16 October Tuesday

അശാന്തി പടര്‍ത്തി അക്രമപരമ്പര

ആനാവൂര്‍ നാഗപ്പന്‍Updated: Saturday Nov 25, 2017

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ മേയര്‍ വി കെ പ്രശാന്ത് ആശുപത്രിയില്‍

വര്‍ഗീയശക്തികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലാകെ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്്. ആര്‍എസ്എസ് നേതൃത്വത്തില്‍ ബിജെപി അടക്കമുള്ള സംഘപരിവാര്‍സംഘടനകളും ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദം മുന്നോട്ടുവയ്ക്കുന്ന എസ്ഡിപിഐയും ആക്രമിക്കുന്നത് സിപിഐ എം പ്രവര്‍ത്തകരെയാണ്. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാന്‍ സിപിഐ എം മുന്നില്‍നില്‍ക്കുന്നുവെന്നതുകൊണ്ടാണ് ഈ സംഘടനകള്‍ക്ക് സിപിഐ എം ശത്രുവായി മാറുന്നത്.

ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തെ കുറിച്ച് പറഞ്ഞ് ആര്‍എസ്എസ് സര്‍സംഘചാലക് ഗോള്‍വര്‍ക്കര്‍ രചിച്ച വിചാരധാരയില്‍, മുസ്ളിങ്ങളെ ഉന്മൂലനം ചെയ്യേണ്ട വിഭാഗങ്ങളില്‍ ഒന്നാമതായാണ്രേഖപ്പെടുത്തിയിട്ടുള്ളത്. എസ്ഡിപിഐ ആകട്ടെ ഇസ്ളാമില്‍ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുന്നവരാണ്. ഇവര്‍ രണ്ടുപേരും പരസ്പരം വിദ്വേഷം വമിപ്പിക്കുന്നുണ്ടെങ്കിലും ഈ രണ്ട് ശക്തികളുടെയും ഉള്ളിലുള്ള വര്‍ഗീയവിഷത്തെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്ന സിപിഐ എമ്മിനെ ഇല്ലാതാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ആക്രമണം വ്യാപിപ്പിക്കാന്‍ ആര്‍ എസ്എസ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരന്തരമായി ആക്രമണം നടത്തുകയാണ്്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് തകര്‍ക്കാന്‍ ശ്രമിച്ച ആര്‍ എസ്എസ് ആഗ്രഹിക്കുന്നത് നാട് കലാപഭൂമിയാക്കുകയാണ്. സംഘികളുടെ ആക്രമണത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ മന്ദിരത്തിനു മുന്നിലുള്ള സഖാവ് പി കൃഷ്ണപിള്ള സ്മാരകസ്തൂപത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. അതിന് തൊട്ടുമുമ്പത്തെ ദിവസമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസില്‍ നുഴഞ്ഞുകയറിയ ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘവും ബിജെപി കൌണ്‍സിലര്‍മാരും ചേര്‍ന്ന് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ വധിക്കാന്‍ ശ്രമിച്ചത്. മേയര്‍ ഇപ്പോഴും ചികിത്സയിലാണ്.

ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ സന്തതസഹചാരി ആനന്ദ് എന്ന ആര്‍എസ്എസ് ക്രിമിനലിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് മേയറെ വധിക്കാന്‍ ശ്രമിച്ചത്. സംഭവത്തിനു പിന്നില്‍ ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വവും ആര്‍എസ്എസ് പ്രചാരകന്മാരും നടത്തിയ ഗൂഢാലോചനയുണ്ട്. 

ഒരേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട് പൊലീസിനെ ആശങ്കയിലാക്കുന്ന രീതിയാണ് ആര്‍എസ്എസ് നടപ്പാക്കിയത്. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം നടത്തുമ്പോള്‍ തന്നെയാണ് കരിക്കകത്ത് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പള്ളിച്ചല്‍ പ്രദേശത്തും ആര്‍എസ്എസ് ആക്രമണം നടത്തി. സിപിഐ എം വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ശ്രീകാര്യത്ത് സ്ഥാപിച്ച സ്വാഗതസംഘം ഓഫീസ് തീയിട്ടു.

ആക്രമണങ്ങളിലൂടെ സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത് സിപിഐ എം പ്രവര്‍ത്തകരെയും അണികളെയും പ്രകോപിതരാക്കി തെരുവിലിറക്കുക എന്നതാണ്. സംഘര്‍ഷങ്ങളില്‍നിന്നും കലാപങ്ങളില്‍നിന്നും ശക്തിയാര്‍ജിക്കുന്നവരാണ് സംഘപരിവാരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കലാപങ്ങളിലൂടെയും വംശഹത്യകളിലൂടെയും അവരത് തെളിയിച്ചിട്ടുണ്ട്. കേരളത്തില്‍ സിപിഐ എം ജാഗരൂകരായി ഇരിക്കുമ്പോള്‍ വര്‍ഗീയകലാപമെന്നത് സംഘപരിവാറുകാര്‍ക്ക്് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്. അതിനാല്‍, സിപിഐ എം പ്രവര്‍ത്തകരില്‍ പ്രകോപനമുണ്ടാക്കുന്ന രീതിയിലുള്ള ആക്രമണം നടത്തി അവരെ തെരുവിലിറക്കി ആക്രമിക്കുക എന്നതാണ് ആര്‍എസ്എസ് കണക്കുകൂട്ടല്‍. ഈ അവസരത്തില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും പ്രകോപനങ്ങളില്‍കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുപ്രസിദ്ധ തീവ്രവാദസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെകീഴിലുള്ള രാഷ്ട്രീയ പാര്‍ടിയാണ് 2009ല്‍ രൂപീകരിച്ച സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ എന്ന എസ്ഡിപിഐ. രാജ്യമാകെ മത തീവ്രവാദത്തിന്റെ വിത്തുവിതയ്ക്കുന്ന എസ്ഡിപിഐ, അധ്യാപകന്റെ കൈ വെട്ടിയ സംഭവമടക്കമുള്ള ആക്രമണങ്ങളിലൂടെ ആര്‍എസ്എസിന്റെ പാതയിലാണ് തങ്ങളുമെന്ന് വിളിച്ചുപറഞ്ഞവരാണ്. ഇവര്‍ കാട്ടാക്കടയില്‍ വച്ചാണ് സിപിഐ എം പ്രവര്‍ത്തകനായ കെ ആര്‍ ശശികുമാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ബൈക്കില്‍ പത്രവിതരണം നടത്തവെ രണ്ട് ബൈക്കിലെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇരുമ്പുദണ്ഡും വടിവാളും ഉപയോഗിച്ച് ശശികുമാറിനെ ആക്രമിക്കുകയായിരുന്നു. ഇതോടൊപ്പം കണ്ണൂരിലും കൊല്ലത്തും എസ്ഡിപിഐ ക്രിമിനലുകള്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തി. ബൈക്കില്‍ സഞ്ചരിച്ച് തെരുവുപട്ടികളെ വെട്ടിക്കൊന്ന് മനുഷ്യരെ കൊല്ലാനുള്ള പരിശീലനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ രീതി ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അതേരീതിയിലാണ് കാട്ടാക്കടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ സാജുവിന്റെ വീടിന് കല്ലെറിയുകയും കാട്ടാക്കടയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടുകയും ചെയ്തു.

സംഘപരിവാരവും എസ്ഡിപിഐയും സിപിഐ എമ്മിനെ ആക്രമിക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ആക്രമണപരമ്പരകള്‍ തെളിയിക്കുന്നു. നാടിന്റെ ക്രമസമാധാന നില തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇവര്‍ നടത്തുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണെന്നുള്ള നിലപാടെടുത്ത് നില്‍ക്കുന്നത് പോലെയാണ് കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫും മൌനംപാലിക്കുന്നത്.

ആര്‍എസ്എസിനെയും ഹിന്ദുമഹാസഭയെയുമൊക്കെ സ്വാതന്ത്യ്രസമരനാളുകളില്‍ കൂടെനിര്‍ത്തിയിരുന്നത് സ്വാതന്ത്യ്രസമര പ്രസ്ഥാനമായിരുന്നില്ല; സാമ്രാജ്യത്വമായിരുന്നു. അതുകൊണ്ടാണ് അവര്‍ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നത്. എസ്ഡിപിഐയുടെ പിന്നിലുള്ള ചരടുപിടിച്ചുപോകുമ്പോഴും ചെന്നെത്തുക സാമ്രാജ്യത്വത്തില്‍തന്നെയാണ്. കേരളത്തിലെ എല്ലാ ജനാധിപത്യവിശ്വാസികളും മതനിരപേക്ഷവാദികളും ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തണം. നിരന്തരമായുള്ള അവരുടെ ആക്രമണങ്ങളിലും വര്‍ഗീയധ്രുവീകരണ പ്രവര്‍ത്തനങ്ങളിലും പ്രകോപിതരാകാതെ ആത്മസംയമനം പാലിച്ച് ഈ വര്‍ഗീയഭ്രാന്തരെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്

പ്രധാന വാർത്തകൾ
Top