17 October Wednesday

സിനിമയുടെ കാമുകന്‍

സീമUpdated: Wednesday Oct 25, 2017

സിനിമയാണ് ഐ വി ശശിയുടെ കാമുകിയും ആദ്യ ഭാര്യയും. ആ കലയോടുള്ള അഭിനിവേശമാണ് കോടമ്പാക്കത്തെത്തിച്ചത്. ബാല്യത്തിലേ ആ ലോകത്ത് ജീവിച്ച ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കേട്ടിരുന്നു. കോടമ്പാക്കത്ത് പൂക്കാരത്തെരുവിലായിരുന്നു അമ്മയുമൊത്തു താമസം. വീട്ടിനടുത്താണ് മലയാളി നൃത്താധ്യാപകന്‍ തങ്കപ്പന്‍ മാസ്റ്റര്‍.

അദ്ദേഹത്തിന്റെ സംഘത്തില്‍ ഞാനും. മാസ്റ്ററുടെ പ്രിയശിഷ്യന്‍ കമലഹാസനുമായി എനിക്ക് പരിചയമുണ്ട്. ശശിയേട്ടന്റെ വലിയ കൂട്ട് അദ്ദേഹമായിരുന്നു. കമലിന്റെ വീടിനടുത്ത് സാമ ലോഡ്ജിലായിരുന്നു ശശിയുടെ താമസം. കലാസംവിധായകന്‍ എസ് കൊന്നനാട്ടിന്റെ സഹായിയായിവന്ന അദ്ദേഹം  'കവിത' എന്ന ചിത്രവുമായി സഹകരിക്കുന്നതും കമലിന്റെ പ്രേരണയില്‍. ഞാന്‍ ആദ്യം സഹനടിയായ തെലുങ്ക് ചിത്രം 'ബംഗാരക്ക'യുടെ ചിത്രീകരണം. ശ്രീദേവിയെ കാണാന്‍ ശശി വന്നു. അറിയപ്പെടുന്ന സംവിധായകനെന്ന് കേട്ടെങ്കിലും നാടുമായി ബന്ധം കുറവായിരുന്ന എനിക്ക് അറിയില്ല. 1977ലാണ് നൃത്തസംവിധായകന്‍ മാധവന്‍ മലയാളം സിനിമയുടെ ഷൂട്ടിങ്ങിന് വിളിച്ചത്. ഇതാ ഇവിടെവരെ എന്ന ശശിചിത്രം. സെറ്റില്‍ സര്‍വാധികാരിയായി ഒച്ചവച്ച അദ്ദേഹത്തോട് നീരസം തോന്നി. പിന്നാലെ 'ഈ മനോഹര തീര'ത്തില്‍ നൃത്തത്തിന് ക്ഷണം. ഡാന്‍സ് മാസ്റര്‍ വൈക്കം മൂര്‍ത്തി നിര്‍ബന്ധിച്ചപ്പോള്‍ പ്രതിഫലം ക്രമാതീതമായി ആവശ്യപ്പെട്ടാണ് ഒഴിയാന്‍ ശ്രമിച്ചത്. ചോദിച്ച പ്രതിഫലം തന്നു. 15 ദിവസം ഷൂട്ടിങ്ങ്. ആ ദിവസങ്ങളിലാണ് അടുത്തത്.

പിന്നാലെ 'അവളുടെ രാവുകളി'ലെ നായികാവേഷം. ചിത്രത്തിന്റെ വിജയം രണ്ടുപേരുടെയും കരിയറും ജീവിതവും മാറ്റിമറിച്ചു. തുടര്‍ന്ന് ഈറ്റ, അനുമോദനം, ഏഴാംകടലിനക്കരെ തുടങ്ങിയവ. 1980 ആഗസ്ത് 28ന്് വിവാഹം. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിലാണ് തുടര്‍ന്നും അഭിനയിച്ചത്. മകളെ ഗര്‍ഭംധരിച്ച് പത്തു മാസത്തോളവും സിനിമകള്‍. പി എന്‍ മേനോന്റെ 'അര്‍ച്ചന ടീച്ചര്‍ക്കു'പിന്നാലെ ശശിയുടെ 'ആരൂഢം'. അത് ദേശീയ അവാര്‍ഡ് നേടി. വീണ്ടും എം ടി തിരക്കഥയില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരം, അനുബന്ധം. സംസ്ഥാന അവാര്‍ഡുകള്‍ കൊണ്ടുവന്ന ചിത്രങ്ങള്‍. രാധയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാര്‍ത്ത, മമ്മൂട്ടി ആദ്യം നായകനായ തൃഷ്ണ എന്നിവ സൂപ്പര്‍ഹിറ്റ്. എണ്‍പതുകളുടെ അവസാനം ബിസിനസ് തകര്‍ച്ചയെ തുടര്‍ന്ന് ശശിയേട്ടന്‍ പ്രതിസന്ധിയിലായി. കലാകാരനായ അദ്ദേഹം നല്ല ബിസിനസുകാരനല്ലായിരുന്നു. കച്ചവട മനസ്സില്ലാത്തതിനാല്‍ ആരെയും കബളിപ്പിച്ചില്ല. പലരും പറ്റിച്ചു. മറ്റൊരു പരീക്ഷണഘട്ടം അദ്ദേഹത്തിന്റെ രോഗകാലം.

"എഴുന്നേല്‍ക്ക് വലിയ ഹിറ്റ്മേക്കറല്ലേ, ഒരിക്കല്‍കൂടി ജയിച്ചുകാണിക്ക്, അതിനിടയില്‍ മരിച്ചെന്ന് കേട്ടാലും കരയില്ല''- ഞാന്‍ പറഞ്ഞു.

( പഴയ ഒരു അഭിമുഖത്തില്‍ നിന്ന് )

പ്രധാന വാർത്തകൾ
Top