22 October Monday

അലയടിച്ചുയരുന്ന കര്‍ഷകരോഷം

സാജന്‍ എവുജിന്‍Updated: Wednesday Nov 22, 2017


ന്യൂഡല്‍ഹി > രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നു. അവരുടെ പ്രശ്നത്തിനു ഏകസ്വഭാവമാണ്. കര്‍ഷകര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. പാടങ്ങളില്‍ പൊന്ന് വിളയിക്കുന്നു. എന്നാല്‍, മാന്യമായി ജീവിക്കാനുള്ള വരുമാനം അവര്‍ക്ക് ലഭിക്കുന്നില്ല. കാലങ്ങളായി കര്‍ഷകരുടെ സ്ഥിതി അത്ര മെച്ചമായിരുന്നില്ല. ഇപ്പോള്‍ അവസ്ഥ തികച്ചും വഷളായിരിക്കുന്നു. നല്ല വിളവ് കിട്ടിയാല്‍പോലും രക്ഷയില്ല. വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത വിധത്തില്‍ വിലയിടിവ്. അതേസമയം ചില്ലറ വ്യാപാരവിപണിയില്‍ വിലക്കയറ്റം രൂക്ഷം. കര്‍ഷകരെയും ഉപയോക്താക്കളെയും ഒരേസമയം ചൂഷണം ചെയ്യുന്ന ഇടനിലക്കാര്‍ക്ക് സ്വൈരവിഹാരം നടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ബിഹാറിലെയും തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും തമിഴ്നാട്ടിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകരുടെ രോഷം രാജ്യതലസ്ഥാനത്ത് അലയടിക്കുന്നതിന് അടിസ്ഥാനകാരണം ഇതുതന്നെ. ഹരിയാനയിലെ റിവാരിയില്‍നിന്നുള്ള ബജ്റ കര്‍ഷകന്‍ രവീന്ദ്രകുമാറിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ഇക്കൊല്ലം രവീന്ദ്രകുമാറിനു 20 ക്വിന്റല്‍ ബജ്റ വിളവ് കിട്ടി. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു ക്വിന്റല്‍ ബജ്റയുടെ കൃഷിച്ചെലവ് 1,278 രൂപയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണവില ക്വിന്റലിനു 1,425 രൂപ. ഇതുപ്രകാരം ആറുമാസത്തെ അധ്വാനത്തിനും ഉപജീവനത്തിനും രവീന്ദ്രകുമാറിനു ലഭിക്കുക 28,500 രൂപ മാത്രം. എന്നാല്‍, വിപണിയില്‍നിന്ന് ഇദ്ദേഹത്തിനു ലഭിച്ചത് ക്വിന്റലിനു 1,138 രൂപ മാത്രം. കൃഷിച്ചെലവിനെക്കാള്‍ കുറവ്. അധ്വാനത്തിന്റെ പ്രതിഫലം നഷ്ടം മാത്രം. കുടുംബത്തിന്റെ ചെലവുകള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് രവീന്ദ്രകുമാര്‍ ചോദിക്കുന്നു.

നിലക്കടലയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണവില ക്വിന്റലിനു 4,450 രൂപയാണ്. കൃഷിച്ചെലവ് 4,089 രൂപ കണക്കാക്കിയാണിത്. എന്നാല്‍, 31 ക്വിന്റല്‍ നിലക്കടല വിറ്റപ്പോള്‍ അനന്ത്പുരിലെ സത്യഭാമയ്ക്ക് ലഭിച്ചത് ക്വിന്റലിനു 2,600 രൂപ വീതം മാത്രം. അനന്ത്പുരില്‍ കര്‍ഷക ആത്മഹത്യകളുടെ പരമ്പരതന്നെ ഉണ്ടായതില്‍ അത്ഭുതമില്ല.

ഉല്‍പ്പാദനച്ചെലവും അതിന്റെ കൂടെ 50 ശതമാനവും കൂടി ചേര്‍ത്ത് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് 2006ല്‍ ദേശീയ കര്‍ഷകകമീഷന്‍ ശുപാര്‍ശ ചെയ്തത്. യുപിഎ സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്രമോഡി ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ബിജെപി അധികാരത്തില്‍ വന്നാല്‍ കര്‍ഷക കമീഷന്‍ ശുപാര്‍ശ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മൂന്നരവര്‍ഷം കഴിഞ്ഞിട്ടും മോഡിസര്‍ക്കാര്‍ ഇക്കാര്യം ഓര്‍ക്കുന്നില്ല. ഇപ്പോള്‍ ഖാരിഫ് വിളവെടുപ്പ് കാലമാണ്. രാജ്യത്തുടനീളം വിളകള്‍ക്ക് വിലയിടിവ്. മോഡിസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില കിട്ടുന്നില്ലെന്ന് മാത്രമല്ല, കഴിഞ്ഞവര്‍ഷം നവംബറില്‍ ലഭിച്ച വിലപോലുമില്ല. ഇക്കൊല്ലം ഒക്ടോബറില്‍ കിട്ടിയതിനെക്കാള്‍ കുറവാണ് മിക്ക വിളകള്‍ക്കും ഇപ്പോള്‍ വില. നോട്ടുനിരോധനംമുതല്‍ ഇറക്കുമതി തീരുവ കുറച്ചതുവരെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് കാര്‍ഷികവിളകളുടെ വിലയിടിവിനു കാരണം.

പയറുവര്‍ഗങ്ങള്‍, ചോളം, സോയാബീന്‍, ബജ്റ, നിലക്കടല, പരുത്തി, സൂര്യകാന്തി വിത്ത് എന്നിവയുടെ വില ഗണ്യമായി ഇടിഞ്ഞു. ചെറുപയറിന്റെ മിനിമം താങ്ങുവില ക്വിന്റലിനു 5,575 ആയിരിക്കെ വിപണിയില്‍ 3,245 രൂപ മാത്രമാണ് കിട്ടുന്നത്. സോയാബീന്‍ ക്വിന്റലിന്1,975 രൂപയാണ് വിപണിവില. താങ്ങുവില 3,050 രൂപയും. ചോളത്തിന്റെ താങ്ങുവില 1425 രൂപയും വിപണിവില 1,031 രൂപയുമാണ്. പരുത്തിക്ക് യഥാക്രമം 4,320 രൂപ, 3,671 രൂപ വീതമാണ് താങ്ങുവിലയും വിപണിവിലയും. സൂര്യകാന്തി വിത്തിനു താങ്ങുവിലയുടെ മൂന്നിലൊന്ന് മാത്രമാണ് വിപണിവില; 4,100 രൂപ, 1,971 രൂപ വീതം.നോട്ടുനിരോധനത്തെ തുടര്‍ന്ന് ചരക്ക് എടുക്കാന്‍ വ്യാപാരികളുടെ കൈയില്‍ പണമില്ലാത്തതാണ് വിലയിടിവിനുള്ള പ്രധാനകാരണം.  കര്‍ഷകര്‍ക്കും ഇതേ പ്രശ്നമുണ്ട്. കൈവശം പണമൊന്നും ശേഷിച്ചിട്ടില്ലാത്തതിനാല്‍ വിളകള്‍ വിറ്റ് പണമാക്കാന്‍ തിരക്കുകൂട്ടുന്നു. ഈ സമര്‍ദവും വിലയിടിവിലേക്ക് നയിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരണം നടത്താനോ കര്‍ഷകരെ സഹായിക്കാനോ തയ്യാറാകുന്നില്ല.

പ്രധാന വാർത്തകൾ
Top