17 January Thursday

സാന്ദ്രസംഗീതത്തിന്റെ കഥാകാരന്‍

നാരായണന്‍ കാവുമ്പായിUpdated: Thursday Dec 21, 2017


കണ്ണൂര്‍> ചെറുകഥയുടെ തലപ്പൊക്കത്തിന് തിലകക്കുറിയായി ദേശാഭിമാനി പുരസ്കാരം. എഴുത്തിന്റെ എഴുപതുവര്‍ഷം തികയുന്ന നാളിലാണ് ടി പത്മനാഭനെ തേടി ദേശാഭിമാനി പുരസ്കാരമെത്തിയത്. കഥയിലെ 'കാലഭൈരവന്' ലഭിച്ച ഈ പുരസ്കാരം മലയാള ചെറുകഥാ സാഹിത്യത്തിനുള്ള അംഗീകാരംകൂടിയായി.

മലയാള ചെറുകഥയെ ലോകവിതാനങ്ങളിലേക്കുയര്‍ത്തിയ കഥാകൃത്താണ് ടി പത്മനാഭന്‍. പ്രണയവും വിരഹവും വ്യഥിതബാല്യവും ഏകാന്തവാര്‍ധക്യവും കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങളും  ഒറ്റപ്പെടലിന്റെ ദീര്‍ഘനിശ്വാസങ്ങളും സംഗീതവും മഴയും പുഴയും മരങ്ങളുമെല്ലാം പ്രമേയമായി. ഒറ്റ വായനയിലൊതുങ്ങാത്ത ഉള്ളുപൊള്ളിക്കുന്ന അനുഭവമായി ആ രചനകള്‍ വായനക്കാരില്‍ നീറിനിന്നു. ജീവിതത്തിന്റെ മഹാദുരിതങ്ങള്‍ക്കപ്പുറത്ത് വെളിച്ചം കാണിക്കുന്ന എന്തോ ഒന്ന് ആ കഥകളിലുണ്ട്. നേര്‍ത്ത ഒരു പ്രത്യാശ, ഒരിറ്റു കാരുണ്യം, ഒരു കുമ്പിള്‍ ദയ.

ധ്വനിസാന്ദ്രമാണ് ആ കഥകള്‍. ഒരുപക്ഷേ, പത്മനാഭന്‍കഥകള്‍ക്ക് ഇത്രയേറെ ഭാവപുഷ്കലതയുണ്ടാകാനുള്ള കാരണവും അതാകാം. കവിതയോട് അടുത്തു നില്‍ക്കുന്ന ഭാഷ, ഭാവവും സംഗീതവും അസാധാരണമായ കൈയടക്കത്തോടെ കഥയില്‍ ലയിപ്പിച്ചെടുക്കുന്ന രചനാതന്ത്രം, ഒട്ടും സ്ഥൂലമാകാത്ത ശൈലി. നൊമ്പരങ്ങളെയും ദുഃഖത്തെയും മാത്രമല്ല, ആഹ്ളാദകാരിയായ വിലോലനിമിഷങ്ങളെയും അടക്കിയ ശബ്ദത്തില്‍ നമ്മളിലേക്ക് ഊഷ്മളമായ അനുഭവമായി പകര്‍ന്നുതരുന്നുണ്ട് പത്മനാഭന്‍. ഓജസ്സാര്‍ന്ന ചെറിയ ചെറിയ വാക്യങ്ങളിലൂടെ വലിയ വികാരപ്രപഞ്ചം സൃഷ്ടിക്കുക, തികച്ചും മൌലികവും വ്യത്യസ്തവും  കഥാസന്ദര്‍ഭങ്ങളിലൂടെ അനുവാചക മനസ്സിനെ അനുഭൂതിസാന്ദ്രമാക്കുക-പത്മനാഭന്‍കഥകളുടെ സവിശേഷതയാണിത്.

1948ല്‍ സ്കൂള്‍ഫൈനല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എഴുതിയ 'കുറ്റവാളി'യെന്ന ആദ്യകഥമുതല്‍ ഈയടുത്തനാളില്‍, 88ാം വയസ്സില്‍ പിറന്ന 'ഹിമവാന്‍' വരെയുള്ള കഥകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന വികാരമൊന്നുമാത്രം-സ്നേഹം.

ചിന്തിച്ചുറച്ച് എയ്തുവിടുന്ന വജ്രശരങ്ങളാണ് ഈ എഴുത്തുകാരന്റെ വാമൊഴികള്‍, നിര്‍ദയവും നിരങ്കുശവുമായ വാക്ശരങ്ങള്‍. ആ വാക്കുകള്‍ ചിലവേളകളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. അവ പലപ്പോഴും സാഹിത്യലോകത്തിന്റെ അതിരുകള്‍ കടന്ന് സാമൂഹ്യജീവിതത്തിലും ചലനങ്ങള്‍ തീര്‍ക്കുന്നവയാവും.
ജീവിതത്തിലുടനീളം പൊട്ടിത്തെറിക്കുന്ന ധീരത പുലര്‍ത്തിയ എഴുത്തുകാരനാണ് പത്മനാഭന്‍. പ്രബുദ്ധതയുടെ ധിക്കാരമുണ്ട് ആ വാക്കുകളില്‍. പ്രക്ഷുബ്ധമാണ് ആ മനസ്സ്. കേട്ടറിഞ്ഞവര്‍ക്ക് പരുക്കന്‍. അടുത്തറിഞ്ഞവര്‍ക്ക് ആര്‍ദ്രമാനസന്‍.

ദേശീയസ്വാതന്ത്യ്രസമരനാളുകളില്‍ സ്റ്റുഡന്റ്സ് കോണ്‍ഗ്രസിലൂടെ പൊതുരംഗത്തു വന്ന പത്മനാഭന്‍ സ്വാതന്ത്യ്രത്തിനുശേഷം കോണ്‍ഗ്രസ്സിനുണ്ടായ ജീര്‍ണതയെതുടര്‍ന്ന് പ്രസ്ഥാനത്തോട് വിടപറഞ്ഞു. പുതിയ ഇന്ത്യന്‍സാഹചര്യങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്ന പത്മനാഭന്‍ കമ്യൂണിസ്റ്റല്ലെങ്കിലും ഇന്നും ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രിയനേതാവ് പി കൃഷ്ണപിള്ളയാണ്.

പ്രധാന വാർത്തകൾ
Top