18 November Sunday

യുദ്ധഭാഷ തലമുറയ‌്ക്ക‌് കൈമാറി വിജയമ്മ

പി എം പ്രമോദ‌്Updated: Wednesday Jun 20, 2018



പൂച്ചാക്കൽ
ഭർത്താവ് കൈമാറിയ യുദ്ധഭാഷ തലമുറയ‌്ക്ക‌് കൈമാറി വിജയമ്മ. പാണാവള്ളി പഞ്ചായത്ത് 17‐ാം വാർഡിൽ ജാനകി മന്ദിരത്തിൽ പരേതനായ ഷൺമുഖൻ നായരുടെ ഭാര്യയാണ് രാജഭരണക്കാലത്തെ സംസാരഭാഷ മക്കൾക്കും ചെറുമക്കൾക്കുമായി പകർന്ന് നൽകുന്നത്. 

അമ്പതു വർഷം മുമ്പാണ് വിവാഹിതയായി പാണാവള്ളിയിലെത്തുന്നത്. ഹോട്ടൽ ഉടമയായ ഭർത്താവും സുഹൃത്തുക്കളും ചില കോഡുഭാഷകൾ സംസാരിക്കുന്നതും ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ട വിജയമ്മ അത‌് തന്നെ കളിയാക്കിയതാണെന്ന് വിചാരിച്ച് ഭർത്താവുമായി വഴക്കിട്ടു.

പിന്നീടാണ് അവർ സംസാരിച്ചത് യുദ്ധഭാഷയാണെന്നും ഇത് തിരുവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമയും സൈനികരും യുദ്ധക്കളത്തിൽ തങ്ങളുടെ നീക്കങ്ങൾ ചാരന്മാർ അറിയാതിരിക്കാൻ ഉപയോഗിച്ചതാണെന്നും മനസിലാക്കിയത‌്. “ അകോ ഖഗോ ഘങ്ങ ശ്ചൈപ  ച ടോ ഞാണോ തപോ നമ   യശോ രഷോ ലസ ചൈവ  വഹഷള ഴററ്റന’ എന്ന ശ്ലോകമാണ് യുദ്ധഭാഷയ‌്ക്ക‌് അടിസ്ഥാനമായി പറയുന്നത്. അ യ്ക്ക്പകരം “ക’കയ്ക്ക് പകരം “അ’ യെന്നും ഉച്ചരിക്കുകയും ചെയ്യണം. ആകാശമെന്നത് യുദ്ധഭാഷയിൽ “കാ ആയം “ എന്നും “പ’ ക്ക് പകരം “ത”യും “ റ’ യ്ക്ക് പകരം “ഴ’ യും ഉച്ചരിക്കും. ഒരോ മലയാള അക്ഷരത്തിനും യുദ്ധഭാഷയിൽ അക്ഷരങ്ങൾ മാറുന്നുണ്ട്.

ഒരു കാലത്ത് ഇന്നത്തെ അരുക്കുറ്റി തിരുവിതാംകൂറിനെയും തിരുകൊച്ചിയെയും വേർതിരിച്ചിരുന്ന സ്ഥലമായതിനാൽ വ്യാപാരത്തിനും ചുങ്കം പിരിവിനുമായി ഇവിടെ രാജാക്കന്മാർ എത്തിയിരുന്നതിനാലാകാം പാണാവള്ളിയിലും യുദ്ധഭാഷയെത്തിയത്. നാല്പത്വണ്ണീശ്വരം ക്ഷേത്രത്തിന് സമീപം ചായക്കട നടത്തിയിരുന്ന എം കെ ഷൺമുഖൻ നായരും ഇയാളുടെ സുഹൃത്ത് രാധാകൃഷണനുമാണ് വിദ്യാർഥിയായിരുന്ന കാലത്ത് വലിയ കുളക്കുഴി ഭഗീരഥിയമ്മയിൽ നിന്ന് ഭാഷ പഠിച്ചത്. നൂറ്റാണ്ട് പഴക്കമുള്ള യുദ്ധഭാഷ ഇവർക്ക് പകർന്ന് കിട്ടിയതാകട്ടെ പി കെ പട്ടമനയെന്നറിപ്പെടുന്ന നമ്പൂതിരിയിൽ നിന്നുമാണ്. തലമുറ പലതും കഴിഞ്ഞെങ്കിലും പാണാവള്ളിയിൽ വിരുന്നെത്തിയ ഭാഷയെ പുതുതലമുറയ്‌ക്ക്‌ പകർന്ന് നൽകിയിരിക്കുകയാണ് വിജയമ്മ.

മക്കൾ സന്ധ്യാനാമം (ശ്രീനാല്പത്വണ്ണിശ്വരത്തപ്പന്റെ തുണ ശ്രീ മസ്തപ്പൈ ണി യ്വഷപ്പത്തറ്റ് പൂതൈ ) ചൊല്ലുന്നത‌് ഈ  ഭാഷയിലാണ്.
മരിക്കുന്നതിന് മുമ്പ‌് വാമൊഴി  ഭാഷയെ ഷൺമുഖൻ വരമൊഴിയുമാക്കിയിട്ടുണ്ട്. ‘ദേശാഭിമാനിയുടെ പുതിയ എഡിഷന‌് യുദ്ധ ഭാഷയിലായിരുന്നു (ബേയാധി നാറ്റി ശൂ ചെ തു പിശ ലംഷധ പ്പിറ്റ് കായം ലഅക്ഷ്) ആശംസ.
 

പ്രധാന വാർത്തകൾ
Top