Top
27
Saturday, May 2017
About UsE-Paper

പ്രതിരോധം പഠിക്കാന്‍ സ്ത്രീകളും കുട്ടികളും ഇനി പൊലീസ് സ്റ്റേഷനിലേക്ക്

Friday May 19, 2017
സി എന്‍ റെജി

കൊച്ചി > വനിതകള്‍ക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ സ്വയം പ്രതിരോധത്തിനായി സൌജന്യ ആയോധന പരിശീലനവും. കായികക്ഷമതയ്ക്ക് മള്‍ട്ടി ജിമ്മും ഉണ്ടാകും. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് രാജ്യത്തെ ആദ്യവനിതാ സ്വയംപ്രതിരോധകേന്ദ്രം ഒരുങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതിപ്രകാരം അനുവദിച്ച തുക ഉപയോഗിച്ചാണ് മള്‍ട്ടി ജിമ്മും പരിശീലനകേന്ദ്രവും തുടങ്ങുന്നത്.

നോര്‍ത്ത് സ്റ്റേഷന്റെ മൂന്നാം നിലയില്‍ 1600 ചതുരശ്ര അടി സ്ഥലത്താണ് വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. മള്‍ട്ടി ജിം, കരാട്ടെ, യോഗ എന്നിവയിലായി ദിവസം 100 പേര്‍ക്ക് പരിശീലനം നല്‍കാന്‍കഴിയും. വിദഗ്ധപരിശീലകരുടെ സേവനം ഉണ്ടാകും. രണ്ടുലക്ഷം രൂപ ചെലവില്‍ ട്രെഡ് മില്‍ സ്ഥാപിച്ചിട്ടുണ്ട്. മള്‍ട്ടി ജിം കൂടാതെ മെഡിസിനല്‍ ബോള്‍, സ്ത്രീകള്‍ക്കുള്ള ഡംബെല്‍, ഇലക്ട്രിക്കല്‍ സൈക്കിള്‍, സ്കിപ്പിങ് റോപ്പ് തുടങ്ങിയ പരിശീലന ഉപകരണങ്ങളും സ്ഥാപിച്ചു.

പൊലീസ് സ്റ്റേഷനുകള്‍ സ്ത്രീസൌഹൃദമാക്കുകയെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഫന്‍സ് സെന്ററിന് തുടക്കംകുറിച്ചത്. സ്ത്രീകളുടെ ആരോഗ്യവും സ്വയംസുരക്ഷയും മുന്‍നിര്‍ത്തി സിറ്റി പൊലീസ് കമീഷണര്‍ എം പി ദിനേശാണ് വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററിന് വഴിയൊരുക്കിയത്. നോര്‍ത്ത് സ്റ്റേഷന്റെ പുതിയ കെട്ടിടത്തില്‍ സ്ഥാപിച്ച സെന്ററിലേക്ക് പ്രവേശിക്കാന്‍ പ്രത്യേകം വഴിയും സജ്ജമാക്കി. ഡ്രസിങ് റൂം, ടോയ്ലറ്റുകള്‍ എന്നിവയും സെന്ററിലുണ്ട്.

സ്ത്രീസുരക്ഷ സംബന്ധിച്ച ബോധവല്‍കരണ ക്ളാസുകളും സെന്ററില്‍ സംഘടിപ്പിക്കുമെന്ന് എറണാകുളം എസിപി കെ ലാല്‍ജി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൌജന്യമായാണ് പരിശീലനം. നോര്‍ത്ത് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ സെന്ററും പ്രവര്‍ത്തനം ആരംഭിക്കും.