Top
24
Saturday, June 2017
About UsE-Paper

ബോളിവുഡിന്റെ അമ്മത്താരം

Friday May 19, 2017
എ സുരേഷ്

ബോളിവുഡിലെ നവതലമുറ അമ്മയായാണ് റീമ ലാഗു പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. മക്കളെച്ചൊല്ലി കണ്ണീരുമായി കഴിയുന്ന പരമ്പരാഗത അമ്മയില്‍നിന്നുള്ള മാറ്റമായിരുന്നു അത്. മക്കളുടെ സുഹൃത്തും തന്റേടിയുമായ അമ്മയായി അവര്‍ വന്നപ്പോള്‍ മാറ്റത്തിന് കാത്തിരുന്ന പ്രേക്ഷകര്‍ക്ക് അത് സ്വീകാര്യയായി. സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ആ അമ്മ കഥാപാത്രങ്ങള്‍ക്ക് കിട്ടിയ അംഗീകാരം മറാത്തി, ഹിന്ദി സിനിമകളില്‍ നിരവധി അവസരങ്ങള്‍ നേടിക്കൊടുത്തു. എണ്‍പതുകളിലും 2000ത്തിലും ഹിന്ദി സിനിമയില്‍ റീമ തിളങ്ങിനിന്ന കാലം.

മിനി സ്ക്രീനിലും ജനപ്രിയയായ റീമ ലാഗു ഇടവേളയ്ക്ക് ശേഷം പ്രത്യക്ഷപ്പെട്ട സ്റ്റാര്‍ പ്ളസിലെ 'നാംകരണ്‍' സീരിയിലില്‍ അഭിനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അന്ത്യം. മഹേഷ് ഭട്ടിന്റെ ജീവിതത്തെ പശ്ചാത്തലമാക്കിയ അതിലെ ചിത്രീകരണത്തിനിടെ മാസങ്ങള്‍ മുമ്പ് അവര്‍ക്ക് പൊള്ളലേറ്റിരുന്നു. സാരിയില്‍ തീപിടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. തീ കൂടുതലായി പടര്‍ന്നത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് പൊള്ളലേറ്റു. ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ചിത്രീകരണത്തിനെത്തി. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ ചിത്രീകരണം നടന്നു. സംപ്രേക്ഷണം തുടരുന്ന നാംകരണ്‍ മലയാളത്തില്‍ വേഴാമ്പല്‍ എന്ന പേരില്‍ സ്വകാര്യ ചാനല്‍ മൊഴിമാറ്റി യിട്ടുണ്ട്. ഹിന്ദി- മറാത്തി സിനിമകളിലെ അമ്മ വേഷങ്ങളാണ് മിനി സ്ക്രീനിലും അവരെ ജനപ്രിയയാക്കിയത്.നാടകവേദിയില്‍നിന്നാണ് എഴുപതുകളുടെ അവസാനം റീമ ലാഗു മറാത്തി സിനിമയിലും തുടര്‍ന്ന് ബോളിവുഡിലുമെത്തിയത്. അമ്മ മന്ദാകിനി ഭാട്ഭടെ നാടകനടിയായിരുന്നു. റീമയുടെ യഥാര്‍ഥ പേര് നയന്‍ ഭാട്ഭടെ. മറാത്തി നടന്‍ വിവേക് ലഗുവിനെ വിവാഹം ചെയ്തശേഷം റീമ ലാഗു എന്ന് മാറ്റുകയായിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ബന്ധം പിരിഞ്ഞു. മകള്‍ മൃണ്‍മയി ഭാട്ഭടെ നാടക പ്രവര്‍ത്തകയും ചലച്ചിത്ര നടിയുമാണ്. 1979ല്‍ സിന്‍ഹാസന്‍ എന്ന മറാത്തി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ റീമ അടുത്ത വര്‍ഷം ബോളിവുഡിലും. ഗോവിന്ദ് നിഹലാനിയുടെ ആക്രോശിലെ നര്‍ത്തകിയുടെ ആദ്യ വേഷം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന സഹനടിയായി രംഗത്തുവന്ന അവര്‍ ബോളിവുഡിലെ താരനായകന്മാരുടെയും താരറാണിമാരുടെയും സ്നേഹമയിയായ അമ്മയായി പ്രശസ്തി നേടി. 1988ല്‍ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ജൂഹി ചൌളയുടെ അമ്മയായത് ഉയരത്തിലെത്തിച്ചു. അരുണ റെജെയുടെ 'റിഹായി'യിലെ അവരുടെ റോള്‍ വിവാദമുയര്‍ത്തി.

കുടിയേറ്റ തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം സ്ത്രീ ലൈംഗികതയെ വിഷയമാക്കിയതായിരുന്നു. വാസ്തവ് എന്ന ചിത്രത്തില്‍ ഗുണ്ടാസംഘത്തിലെത്തിയ മകനെ വെടിവെച്ച് കൊല്ലുന്ന അമ്മയുടെ റോളും അവര്‍ക്ക് ശ്രദ്ധനേടിക്കൊടുത്തു. തുടര്‍ന്ന് സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഗോവിന്ദ തുടങ്ങിയവരുടെ അമ്മ വേഷത്തില്‍ നിരവധി ചിത്രങ്ങള്‍. സല്‍മാന്‍ ഖാന്റെ അമ്മ വേഷം ചെയ്ത മേയ്നെ പ്യാര്‍ കിയ ആദ്യ ബ്ളോക്ക് ബസ്റ്റര്‍ ചിത്രം.

അക്ഷയ് കുമാര്‍(ഗുംറാ), ശ്രീദേവി (ജയ് കിഷന്‍), മാധുരി ദീക്ഷിത് (ഹം ആപ്കെ ഹെയ്ന്‍ കോന്‍) എന്നിവര്‍ക്കൊപ്പമുള്ള അമ്മ വേഷങ്ങളും മികവ് പുലര്‍ത്തി. കുച്ഛ് കുച്ഛ് ഹോത്താ ഹെ, പ്യാര്‍ തോ ഹോനാ ഹി ഥാ, സാജന്‍ തുടങ്ങിയവയും സൂപ്പര്‍ ഹിറ്റുകള്‍. ശ്രീമാന്‍ ശ്രീമതി, തു തു മേന്‍ മേന്‍ എന്നീ ടെലിവിഷന്‍ പരമ്പരകളും റീമയുടെ അഭിനയപാടവത്തില്‍ ശ്രദ്ധിക്കപ്പെട്ടവ.മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നാല് തവണ റീമ ലാഗുവിനെ തേടിയെത്തി. സീരിയലിലെ കോമഡി വേഷത്തിനും പുരസ്കാരം ലഭിച്ചു.